Jump to content

ഭാഷാഭൂഷണം/പേജ് 36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


ഇവയ്ക്കെല്ലാറ്റിനും പ്രത്യേകം പേർ കൊടുക്കപ്പെട്ടിട്ടില്ല. പേരുള്ളവയ്ക്കു് ലക്ഷ്യലക്ഷണങ്ങളെ പറയുന്നു:


1. ഭേദകാതിശയോക്തി
ഭേദം ചൊന്നാലഭേദത്തിൽ
ഭേദകാതിശയോക്തിയാം:
അന്യാദൃശം തന്നെയോർത്താ-
നിന്നൃപന്റെ പരാക്രമം (46)

ഇവിടെ പ്രസ്തുതനായ നൃപനിലുള്ള പരാക്രമം മറ്റു നൃപന്മാരിലുള്ളതിനെക്കാൾ വാസ്തവത്തിൽ വ്യത്യസ്തമല്ലെങ്കിലും അനന്യസാധാരണമാണെന്ന് പറയുകയാൽ ഭേദമില്ലാത്തിടത്ത് ഭേദകൽ‌പ്പന. വേറെ ഉദാഹരണം :

60. ഓജസ്സൂർജ്ജസ്വലമുലകിലില്ലേവമന്യാംഗനാനാം
തേജസ്സോടൊത്തുടലിനിതുപോലാർക്കു സൗന്ദര്യമോർക്കിൽ
സൗജന്യത്തെപ്പറകിലതസാധാരണം തന്നെയാണേ,
രാജന്യസ്ത്രീമണിയുടെ ഗുണൌഘങ്ങളന്യാദൃശങ്ങൾ - മ.സ

വേറെയും ഉദാഹരണം :

61.സൃഷ്ടിക്കപ്പെട്ടു പെട്ടെന്നിവളുരുതരശൃംഗാരനാം മാരനാലോ
പുഷ്ടശ്രീസോമനാലോ പുനരിഹ മധുമാസത്തിനാലോ നിനച്ചാൽ
മുട്ടാതീ വേദപാഠാൽ വിഷയരുചി കുറഞ്ഞുള്ളോരാദ്യന്മുനിക്കീ-
മട്ടൊക്കും ചാരുരൂപം മഹിമയൊടു ചമച്ചീടുവാൻ പ്രൌഢിയുണ്ടോ? - കൊട്ടാരത്തിൽ ശങ്കുണ്ണി (വിക്രമോർവശീയം)

ഇവിടെ ഉർവശിയുടെ രൂപലാവണ്യം കണ്ടിട്ടു് അവളെ സൃഷ്ടിച്ച ബ്രഹ്മാവു് സാധാരണബ്രഹ്മാവല്ല, ചന്ദ്രാദികളിലൊരുവനായിരിക്കണമെന്നു് സന്ദേഹിക്കുന്നതിനാൽ ഭേദമില്ലാത്തിടത്തു് ഭേദം കല്പിക്കപ്പെട്ടിരിക്കുന്നു.


2. രൂപകാതിശയോക്തി
നിഗീര്യാധ്യവസാനം താൻ
രൂപകാതിശയോക്തിയാം:
സരോജയുഗളം കാൺക
ശരങ്ങൾ ചൊരിയുന്നിതാ (47)

ഉപമാനോപമേയങ്ങൾക്കു് അഭേദം കല്പിച്ചു് ഉപമേയത്തെ കാണിക്കാതെ അതിന്റെ സ്ഥാനത്തു് ഉപമാനത്തെ തന്നെ പ്രയോഗിക്കുന്നതിനു് നിഗീര്യധ്യവസാനം എന്നു പേർ.* ഉപമാനോപമേയങ്ങൾക്കുള്ള ഭേദത്തെ വകവയ്ക്കായ്ക കൊണ്ടു് ഇതു് ഭേദത്തിങ്കലഭേദമാകുന്നു. ഉദാഹരണത്തിൽ നേത്രസരോജയുഗളം കടാക്ഷശരങ്ങളെ ചൊരിയുന്നു എന്നു പറയേണ്ടെടത്തു്


പദ്യം 60. (1) ഏവം ഉലകിലില്ല. (2) ഇതുപോൽ ആർക്കു്? (ആർക്കുമില്ല.) (3) അസാധാരണം; (4) അന്യാദൃശം; ഇവയാണു് യഥാക്രമം നാലു പാദങ്ങളിലേയും ഭേദകല്പനകൾ...

* ഈ നിഗീരാധ്യവസാനം തന്നെ രൂപകാതിശയോക്തി.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_36&oldid=81922" എന്ന താളിൽനിന്ന് ശേഖരിച്ചത്