ഭാഷാഭൂഷണം/പേജ് 35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


"ക്കൊണ്ടൽക്കാർവർണ്ണമെന്തേ തവ?" "മഷികലരും
മാളവീബാഷ്പസംഗം -
കൊണ്ടത്രേ!" "എന്തവർക്കിന്നൊരഴൽ" "അയി,
കയർത്തീടിനാൻ കുന്തളേന്ദ്രൻ ! - സ്വ

ഇതിൽ നാലാം പാദത്തിൽ മാളവികൾക്കു് എന്തൊരാപത്തുണ്ടായി എന്ന ചോദ്യത്തിനു് ഉത്തരം, "വൈധവ്യദുഃഖം" എന്നുള്ള സാക്ഷാൽ കാരണം പറയാതെ അതിനും കാരണമായ കുന്തളരാജാവിന്റെ കോപത്തെപ്പറ്റി പറഞ്ഞിരിക്കുന്നു. 'കുന്തളരാജാവു് മാളവദേശത്തെ ആക്രമിച്ചതിനു ശേഷം ആ ദേശം പിടിച്ചോ' എന്ന ചോദ്യത്തിനുത്തരമായ ഈ ശ്ലോകം ജയാനന്തരമുണ്ടായ സമുദ്രനർമ്മദാസംഭാഷണരൂപമാകയാൽ കാര്യത്തിന്റെ കാര്യം നിബന്ധിക്കുന്നതിനും ഇതു് ഉദാഹരണമാകുന്നു.

പ്രസ്തുതം കൊണ്ട് വേറെ ഒരു പ്രസ്തുതത്തെ ദ്യോതിപ്പിക്കുന്നതു് ’പ്രസ്തുതാങ്കുരം‘ എന്നൊരലങ്കാരം എന്നു് അപ്പയ്യദീക്ഷിതർ* പറയുന്നതു് വാസ്തവത്തിൽ അപ്രസ്തുതപ്രശംസയിൽ തന്നെ അന്തർഭവിക്കുന്നതാണ്.


അതിശയോക്തിവിഭാഗം

സാമ്യോക്ത്യലങ്കാരങ്ങളെ വിവരിച്ചതിനു ശേഷം അതിശയോക്ത്യലങ്കാരങ്ങളെ എടുക്കുന്നു. അതിശയോക്തിയുടെ സ്വഭാവം മുൻപുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഇനി അതിന്റെ വകഭേദങ്ങളെച്ചൊല്ലുന്നു:

ഇഹഭേദമഭേദത്തിൽ
ഭേദത്തിങ്കലഭേദവും
തഥായോഗമയോഗത്തിൽ
യോഗത്തിങ്കലയോഗവും 44
കാര്യഹേതുക്കളൊന്നിക്ക
ക്രമദേശങ്ങൾ തെറ്റുക
ഇത്യാദ്യതിശയോക്തിക്കു
പല ഭേദങ്ങൾ വന്നിടും 45

(1) ഭേദമില്ലാത്തിടത്ത് ഭേദം കൽ‌പ്പിക്കുക; (2) ഭേദമുള്ളിടത്തു് ഭേദത്തെ ഗണിക്കാതിരിക്കുക; (3) ഉള്ളതിനെ ഇല്ലാതാക്കുക; (4) ഇല്ലാത്തതിനെ ഉണ്ടെന്നു് സിദ്ധാന്തിക്കുക; (5) കാര്യകാരണങ്ങൾക്കു് ഒന്നിച്ചു് പ്രവൃത്തി; (6) അവയ്ക്കു് പൗർവാപര്യക്രമം ഭേദപ്പെടുക ( എന്നുവച്ചാൽ കാര്യം മുൻപിലും കാരണം പിൻപിലും ജനിക്കുക); (7) അവയ്ക്ക് ദേശഭേദം വരിക (എന്നു വച്ചാൽ കാരണമൊരിടത്തും കാര്യമൊരിടത്തുമായിപ്പോവുക) എന്ന മാതിരി പലമട്ടിൽ അതിശയോക്തി ഉളവാകും.


പദ്യം 59. നദികളെല്ലാം കടലിന്റെ ഭാര്യമാർ എന്നു കവിസങ്കല്പം. അഗസ്ത്യൻ സമുദ്രത്തെ കൈക്കോട്ടിലെടുത്തു കുടിച്ചു എന്നു പുരാണം. 'കാളിന്ദീ' എന്നു വിളിച്ചതു സമുദ്രം. 'അഗസ്ത്യാ കാര്യമെന്താണെന്നു പറയൂ' എന്നു മറുപടി പറഞ്ഞതു നർമ്മദ. ഈ ക്രമത്തിൽ സംഭാഷണം തുടരുന്നു.

*പ്രസ്തുതം രണ്ടിലൊന്നായാൽ
ദ്യോതിക്കിൽ പ്രസ്തുതാങ്കുരം,
വണ്ടേ, മാലതിയുള്ളപ്പോൾ
കണ്ടകിക്കൈതയെന്തിനോ! (കുവാലയാനന്ദം)

രണ്ടു പ്രസ്തുതങ്ങളുണ്ടായിരിക്കേ ഒന്നുകൊണ്ടു മറ്റേതു സൂചിപ്പിക്കപ്പെട്ടാൽ പ്രസ്തുതാങ്കുരം. കലഹാന്തരിതയായ സപത്നിയിൽ ആഭിമുഖ്യം വിടാത്ത നായകനുമൊത്തു് ഉദ്യാനവിഹാരം നടത്തുന്ന നായിക വണ്ടിനോടു പറയുന്നതാണു് ഉദാഹരണവാക്യം. ഉദ്യാനസ്ഥിതിയിൽ ഭൃംഗവൃത്താന്തം പ്രസ്തുതം. നായികാവചനമായതിനാൽ നായകവൃത്താന്തവും പ്രസ്തുതം.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_35&oldid=81927" എന്ന താളിൽനിന്ന് ശേഖരിച്ചത്