Jump to content

ഭാഷാഭൂഷണം/പേജ് 24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം

ഇത്താരാട്ടിൽ പ്രകൃതമായ ശിശുവിങ്കൽ തിങ്കൾക്കിടാവു മുതലായ സദൃശവസ്തുക്കളോ എന്നു സന്ദേഹം നിബന്ധിക്കപ്പെട്ടിരിക്കുന്നു. ഇവിടെ കാണിച്ച ഉദാഹരണം രണ്ടും ശുദ്ധസന്ദേഹത്തിനുള്ളതാകുന്നു. സന്ദേഹം ‘നിശ്ചയാന്ത’മായും ‘നിശ്ചയഗർഭ’മായും വരാം. നിശ്ചയഗർഭത്തിനു് ഉദാഹരണം :

30. കനകമയമായീടും കമലവാഹനമതിലി-
ക്കനത്തോരു കാന്തിയൊടു ഗമിക്കുന്നതാരിവനോ!
കളഭഗതേ! കുളിർമതിയോ? കനിവോടേ വിലസുന്നൂ?
കുളുർമതിയെന്നാകിലുള്ളിലുളവാകുമങ്കമെങ്ങോ?
ഗൗരീനായകനാകും കൈലാസാധീശ്വരനോ?-
കൈലാസാധീശനെന്നാൽ കമനി മൂന്നാംകണ്ണുമെങ്ങോ?
വലമഥനൻ വിഭവമൊടേ വസുധയിൽ സഞ്ചരിച്ചിടുന്നോ?
വലമഥനനാകിലെങ്ങോ വിലസും നേത്രസഹസ്രം ?
അതിമഹസാ വിലസീടും കതിരോനോ വദ ബാലേ!
കതിരോനെന്നാകിലിവൻ കഥമേവം ശാന്തനാവൂ?
താരിൽത്തേന്മൊഴി ! ബാലേ! ധനപതിയോ വിലസുന്നൂ?
ഭൂരി വിരൂപാംഗനവൻ; നീരജനാഭൻ നൂനം. - ഉത്സവ പ്രബന്ധം

സന്ദേഹങ്ങൾക്കു് ഉടനുടൻ പരിഹാരങ്ങൾ കൂടി പറകയാൽ ഇത് നിശ്ചയഗർഭമായി. നിശ്ചയാന്തത്തിനു് ഉദാഹരണം :

31. പങ്കജമോ ജലമെവിടെ?
തിങ്കളിതോ എങ്ങൊളിച്ചിതു കളങ്കം?
ശങ്കിച്ചിത്ഥമുറച്ചേൻ
പൈങ്കിളിമൊഴി വക്ത്രമെന്നു വാക്കുകളാൽ. - സ്വ

ചിലേടത്ത് സന്ദേഹത്തിന്റെ കോടികൾ കവി കല്പിതങ്ങളായിക്കാണും. എങ്ങനെ:

32. കിഴിയും ജീവനം നേറ്റാൻ
ഞെളിയും നേടിയാലുടൻ
ഘടീയന്ത്രത്തിനു ഖലൻ
ജ്യേഷ്ഠനോ അല്ല തമ്പിയോ. - സ്വ

ജീവനം (1) കാലക്ഷേപോപായം (2) ജലം എന്നു ശ്ലേഷം. കിഴിയുകയും ഞെളിയുകയും വാസ്തവവും ഔപചാരികവും. ഘടീയന്ത്രം കിണറ്റിൽ നിന്നു വെള്ളമെടുക്കുന്നതിനു് ഒരു എഴയിൽ ഒരു തുലാം വിലങ്ങത്തിൽ ചേർത്തുണ്ടാക്കുന്ന യന്ത്രം. ഇവിടെ ജ്യേഷ്ഠനോ അനുജനോ എന്ന് കവികല്പിതകോടികമായ സന്ദേഹം.

സസന്ദേഹത്തിൽ സന്ദേഹത്തിന്റെ കോടികൾക്കു പ്രാധാന്യം സമം; ഉത്പ്രേക്ഷയിൽ ഒരു കോടിക്കു് പ്രാധാന്യമധികം. സസന്ദേഹം അതോ ഇതോ എന്നൊന്നുപോലെ ശങ്കിക്കുന്നു;


പദ്യം 30. രാജസ്തുതി. വലമഥനൻ = ദേവേന്ദ്രൻ. മഹാസാ = ശോഭയോടെ. വദ = പറയൂ. കഥം = എങ്ങനെ. ധനപതി = കുബേരൻ (മൂന്നു കാലും എട്ടുപല്ലും ഒരുകാലുമുള്ള വിരൂപനാണദ്ദേഹം. പലരായി ശങ്കിച്ചിട്ടു് ഒടുവിൽ വിഷ്ണു എന്നുറപ്പിക്കുന്നു.

പദ്യം 31. നായികാമുഖപ്രശംസ. പൈങ്കിളിമൊഴി = സുന്ദരി. വക്ത്രം = മുഖം. ഈ ഉദാഹരണത്തിലും സന്ദേഹങ്ങൾക്കു് ഉടനുടൻ പരിഹാരങ്ങൾ പറഞ്ഞിട്ടുണ്ടു്. എന്നാൽ മുന്നുദാഹരണത്തിൽ സന്ദേഹം അവസാനിപ്പിക്കുന്നിടത്തെ നീരജനാഭകല്പനയും വേണമെങ്കി മറ്റൊരു സന്ദേഹമാക്കാവുന്നതേയുള്ളൂ. ഈ ഉദാഹരണത്തിലാകട്ടെ വക്ത്രബോധം യാഥാർത്ഥ്യമാണു്. ഇതായിരിക്കണം നിശ്ചയഗർഭ _ നിശ്ചയാന്തങ്ങൾക്കുള്ള ഭേദം.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_24&oldid=81967" എന്ന താളിൽനിന്ന് ശേഖരിച്ചത്