ഭാഷാഭൂഷണം/പേജ് 21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


ങ്ങളോടു വേർപെടുകയും ചെയ്യുന്നു. ഇരുട്ടിനും പുകയ്ക്കും സാമ്യമുണ്ട്. കവികൾ വിരഹതാപത്തെ അഗ്നിയാക്കി പറയാറുണ്ടു്. ഇതെല്ലാം കൂടി ആലോചിച്ചിട്ടു് കവി സൂര്യാസ്തമയത്തോടു കൂടി വ്യാപിക്കുന്ന തമസ്സു് കോകസ്ത്രീഹൃദയങ്ങളിൽ ജ്വലിക്കുവാൻ പോകുന്ന വിരഹാഗ്നിയുടെ പുകയായിരിക്കണമെന്നു് ഊഹിക്കുന്നു. തമസ്സു്, കറുപ്പു് മുതലായ ഗുണങ്ങളുള്ള ഒരു വസ്തുവാകയാൽ ഇതു് ധർമ്മ്യുൽപ്രേക്ഷ. ഉപമ, വർണ്ണ്യത്തിൽ അവർണ്ണ്യത്തിന്റെ ഏതാനും ധർമ്മങ്ങൾ കാൺകയാൽ ഒന്നിനെ മറ്റൊന്നിനോടു് സാദൃശ്യപ്പെടുത്തുന്നതേയുള്ളൂ.; ഉൽപ്രേക്ഷയാകട്ടെ, ഒരു പടി കൂടി അധികം കടന്നു് അവർണ്ണ്യം പ്രകൃതസ്ഥലത്തു് വരാനുള്ള കാരണങ്ങളെക്കൂടി കാണിച്ചു് ആ അവർണ്ണ്യം തന്നെയായിരിക്കുകയില്ലയോ വർണ്ണ്യം എന്നു് ബലമായി ശങ്കിക്കുന്നു. ഇരുട്ടിനെ വെറും പുകയോടു് സാദൃശ്യപ്പെടുത്തിയാൽ ഉപമ; കോകസ്ത്രീവിരഹത്തീയായി ശങ്കിച്ചാൽ ധർമ്മ്യുൽപ്രേക്ഷ; അന്യധർമ്മത്തെ ശങ്കിക്കയല്ലാതെ ആരോപിക്കായ്കയാൽ ഇതു് രൂപകത്തിൽ നിന്നും ഭേദിക്കുന്നു.

ഇരുട്ടു വ്യാപിക്കുന്ന ക്രിയയെ വ്യാപിക്കുന്നതായി ശങ്കിച്ചതു് ധർമ്മോൽപ്രേക്ഷ. ‘കരം നീട്ടുന്നു’ എന്നതിന് രശ്മികളെ പ്രസരിപ്പിക്കുന്നു എന്നും കൈ നീട്ടുന്നുവെന്നും ശ്ലേഷം കൊണ്ട രണ്ടർത്ഥം. ചന്ദ്രൻ കരം നീട്ടിയ ഉടൻ കമലത്തിന്റെ ശ്രീ നശിക്കയാൽ ചന്ദ്രകരപ്രസരണത്തിന്റെ ഫലം കമശ്രീഹരണമെന്നു് ഉൽപ്രേക്ഷിക്കപ്പെടുന്നു. ‘വാരുണീസേവ’ ശ്ലേഷം കൊണ്ട് പടിഞ്ഞറേദിക്കിൽ ചെല്ലുകയും മദ്യപാനവും; വാരുണീസേവ ചെയ്ത ഉടൻ സൂര്യനു പതനം ( അസ്തമയവും വീഴുകയും) കാൺകയാൽ രണ്ടിനും തങ്ങളിൽ കാര്യകാരണഭാവം കല്പിച്ചത് ഹേതൂൽപ്രേക്ഷ. വേറെ ഉദാഹരണം :

(a) ധർമ്മ്യുൽപ്രേക്ഷ
22. ചുമന്നു ചന്ദ്രക്കലപോൽ വളഞ്ഞും
വിളങ്ങിപൂമൊട്ടുടനെ പിലാശിൽ
വനാന്തലക്ഷ്മിക്കു നഖക്ഷതങ്ങൾ
വസന്തയോഗത്തിലുദിച്ചപോലെ - കുമാരസംഭവം

ചുവന്നു വളഞ്ഞിരിക്കുന്ന പ്ലാശിൻ മൊട്ടിനു്‌ ഏതുവിധ നഖക്ഷതത്തോടും സാമ്യമിരിക്കെ വസന്തനായകസംഗമത്തിൽ വനാന്തലക്ഷ്മീനായികയ്ക്കുണ്ടായ നഖക്ഷതം എന്ന സംഗതികൂടി പ്രതിപാദിക്കയാൽ ഇത് ഉൽപ്രേക്ഷ തന്നെ. ‘പോലെ’ എന്ന നിപാതം ഉപമയെയും ഉത്പ്രേക്ഷയെയും ഒരു പോലെ കുറിക്കുന്നതാകുന്നു.

(b) ധർമ്മോൽപ്രേക്ഷ
23. അയ്യയ്യോ ! പിളരുന്നു ദേവി! ഹൃദയം കത്തുന്നു ചിത്തം സദാ
മെയ്യിൽ സന്ധികൾ വേറ്പെടുന്നു ഭുവനം തോന്നുന്നു മേ ശൂന്യമായ്
എന്നാത്മാവു മയങ്ങി മങ്ങിയിരുളിൽ താഴുന്നുവോ മൂർച്ഛയാ-
ലിന്നെല്ലാം മറയുന്നു ഭാഗ്യരഹിതൻ ഞാനെന്തു ചെയ്യേണ്ടു ഹാ! - ഉത്തരരാമചരിതം

ഇവിടെ മോഹാലസ്യത്തിന്റെ ആവിർഭാവത്തെ ആത്മാവു് മങ്ങിമയങ്ങി ഇരുളിൽ താഴുന്നതായി ഉൽപ്രേക്ഷിച്ചിരിക്കുന്നു.

(c) ഫലോൽപ്രേക്ഷ
24. വിബുധപതിയൊടു നിശിചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
അഹമഹമികാധിയാ പാവകജ്വാലക-
ളംബരത്തോളമുയർന്നുചെന്നൂ മുദാ! - അദ്ധ്യാത്മരാമായണം

പദ്യം 24. ലങ്കാദഹനം സന്ദർഭം. അഹമഹാമികാ + ധിയാ = അഹ ... ധിയാ. അഹ ... മിക = ഞാൻ മുമ്പേ, ഞാൻ മുമ്പേ. ധിയാ = ധീ(ബുദ്ധി)യോടു കൂടി.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_21&oldid=81805" എന്ന താളിൽനിന്ന് ശേഖരിച്ചത്