ഭാഷാഭൂഷണം/പേജ് 19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം

മായ താരിന് നിന്റെ കാലായി പരിണമിച്ചിട്ടുള്ള അവസ്ഥയിൽ അതിലേയ്കു ശേഷിയുണ്ടാകുന്നു.

പരിണാമത്തെ അലങ്കാരസർവസ്വകാരാദികൾ ഒരു സ്വതന്ത്രാലങ്കാരമായി സ്വീകരിക്കുന്നു: കാവ്യപ്രകാശകാരാദികളുടെ മതമനുസരിച്ച് രൂപകത്തേക്കാൾ പ്രകടമായ വിച്ഛിത്തിവിശേഷമൊന്നുമില്ലാത്ത പരിണാമം ഇവിടെ രൂപകഭേദമായിട്ടേ ഗണിക്കപ്പെടുന്നുള്ളൂ.

6. അപഹ്നുതി
സ്വധർമ്മത്തെമറച്ചന്യ-
ധർമ്മാരോപമപഹ്നുതിഃ
തിങ്കളല്ലിതു വിൺഗംഗാ-
പങ്കജം വികസിച്ചത്. 23

വർണ്ണ്യവസ്തുവിനെ അതല്ലെന്നു് ശബ്ദം കൊണ്ടു തന്നെയോ അർത്ഥം കൊണ്ടോ നിഷേധിച്ചിട്ട് അതിനോട് സദൃശമെന്നു തോന്നുന്ന മറ്റൊരു വസ്തുവാണെന്ന് പറയുന്നത് അപഹ്നുതി. ഒന്നിനെ അതല്ലെന്നു് മറയ്ക്കുക എന്നു് അർത്ഥയോജന. രൂപകത്തിൽ വർണ്ണ്യത്തിനെ നിഷേധിക്ക എന്ന അംശമില്ലെന്നു ഭേദം. ഉദാഹരണത്തിൽ ആകാശഗംഗാപങ്കജത്തിന്റെ ധർമ്മത്തെ ആരോപിക്കാൻ വേണ്ടി ചന്ദ്രനെ ചന്ദ്രനല്ലെന്നു് നിഷേധിച്ചിരിക്കുന്നു. വേറെ ഉദാഹരണം :

19. നീരന്ധ്രനീലമിതു വിണ്ടലമല്ല സിന്ധു;
താരങ്ങളല്ലിവ നുരക്കഷണങ്ങളത്രേ;
അല്ലേ ശശാങ്കനിതു സങ്കുചിതൻ ഫണീന്ദ്രൻ;
അല്ലേ കളങ്കമിതു തല്പഗതൻ മുരാരി. -സ്വ

രണ്ടുദാഹരണങ്ങളിലും നിഷേധം ശബ്ദകൃതമായിത്തന്നെ ഉണ്ടു്. അർത്ഥകൃതമായി വരുന്നതിനു് ‘തവകീർത്തിയും ദ്യുതിയും...’ എന്നു് മുൻ പ്രതീപപ്രകരണത്തിൽ കാണിച്ച ശ്ലോകം നോക്കുക. അതിൽ കുണ്ഡലമിടുന്നതു് പരിവേഷം എന്നുള്ള ഒരു വ്യാജേനയാകുന്നു എന്നു പറഞ്ഞിരിക്കുന്നു. അപ്പോൾ പരിവേഷം എന്നു പറയുന്നതു് ഒരു വ്യാജമേ ഉള്ളൂ. വാസ്തവത്തിൽ കുണ്ഡലരേഖയാണു് എന്നു് അർത്ഥത്താൽ സിദ്ധിക്കുന്നു. ഇങ്ങനെ മിഷം, ഛലം, വ്യാജം, കൈതവം മുതലായ ശബ്ദങ്ങളെക്കൊണ്ടു ചെയ്യുന്ന ‘അപഹ്നുതിയ്ക്ക്‘ കൈതവാപഹ്നുതി എന്നു പേർ.

20. വിഷമല്ല കാളകൂടം
വിഷമായതു ലക്ഷ്മി; തെറ്റു ജനബോധം;
ഹരനതു സേവിച്ചു സുഖം,
ഹരിയവളെത്തൊട്ടപോതു മൂർച്ഛിച്ചു - സ്വ

ഇത്യാദികലെപ്പോലെ പ്രകൃതവസ്തുവിൽ ആരോപിക്കാൻ വേണ്ടി അപ്രകൃതവസ്തുവിന്റെ ധർമ്മനിഹ്നവം ചെയ്യുന്നതു് ‘പര്യസ്താപഹ്നുതി’ എന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ അത് വാസ്തവത്തിൽ ‘പരിസംഖ്യാ‘ലങ്കാരത്തിന്റെ വകഭേദമാവുന്നു. 'ഛേകാപഹ്നുതി', 'ഭ്രാന്താപഹ്നുതി' എന്നു രണ്ടു വകഭേദം കല്പിച്ചിട്ടുള്ളതു് സാമാന്യലക്ഷണത്താൽത്തന്നെ സിദ്ധിക്കുന്നവയും അധികം ഉപയോഗത്തിലില്ലാത്തവയും ആകയാൽ ഇവിടെ ഉപേക്ഷിക്കപ്പെട്ടിരിക്കു


പദ്യം 19.ശരൽക്കാല പൗർണ്ണമിയിലെ ആകാശം വർണ്യം. നീർന്ധ്രം = ഇടതിങ്ങിയ. സിന്ധു = സമുദ്രം. സങ്കുചിതൻ = ചുരുണ്ടു കിടക്കുന്നവൻ. മുരാരി = വിഷ്ണു.

പദ്യം 20. പാലാഴിമഥനസന്ദർഭം അനുസ്മരിക്കപ്പെടുന്നു. ഹരൻ കാളകൂടം സേവിച്ചിട്ടു് മൂർച്ഛിച്ചില്ല. ഹരി ലക്ഷ്മിയെ തൊട്ടപ്പോൾ മൂർച്ഛിച്ചു (മോഹിച്ചു). (അതുകൊണ്ടു് വിശത്തെക്കുറിച്ചുള്ള) ജനബോധം തെറ്റു്.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_19&oldid=81789" എന്ന താളിൽനിന്ന് ശേഖരിച്ചത്