Jump to content

ഭാഷാഭൂഷണം/പേജ് 18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


ഇവിടെ ‘നീയാം തൊടുകുറി‘ എന്ന് രാജാവിനെ ഭൂമിയുടെ തിലകമാക്കി രൂപണം ചെയ്തിരിക്കുന്നു.

(1) നിരവയവം (2) സാവയവം (3) പരംപരിതം എന്നു് രൂപകം മൂന്നുവിധം. ഉപമാനോപമേയങ്ങൾക്കു് അവയവവിഭാഗം ചെയ്യാതെ മൊത്തത്തിൽ ഒന്നിനെ മറ്റേതാക്കി രൂപണം ചെയ്യുന്നതു് നിരവയവം. ‘സംസാരമാം സാഗരത്തിൽ’ എന്നും ‘നീയാം തൊടുകുറി’ എന്നും ഇവിടെ കാണിച്ചവ തന്നെ നിരവയവത്തിനു് ഉദാഹരണങ്ങൾ. ഉപമയിൽ കാണിച്ചതുപോലെ അവയവങ്ങൾ കല്പിച്ചു് ഓരോന്നിനും രൂപണം ചെയ്യുന്നതു് സാവയവം. അതിന്നു് ഉദാഹരണം :

17. നൽ‌പ്പൂങ്കുലക്കൊങ്കകളൂന്നി മേന്മേൽ
ചേലോടു ചേർത്തും നവപല്ലവോഷ്ഠം
ശാഖാഭുജം വീശി ലതാവധുക്കൾ
പുണർന്നുപോൽ വൃക്ഷമണാളരേയും -കുമാരസംഭവം

ലതകളെ സ്ത്രീകളാക്കി രൂപണം ചെയ്യുന്ന ഈ ഉദാഹരണത്തിൽ എല്ലാ അവയവങ്ങൾക്കും പ്രത്യേകം രൂപണം ശബ്ദം കൊണ്ടു പറഞ്ഞിരിക്കുന്നതിനാൽ ഇതു് സമസ്തവസ്തുവിഷയമായ സാവയവരൂപകം; ഇതു തന്നെ,

18. ഭൃംഗാഞ്ജനച്ചാർത്തൊടു ചേർത്തു ചാർത്തീ
മുഖത്തിലോമൽത്തിലകം മധുശ്രീ
ചേലൊത്തചെഞ്ചായമുഴിഞ്ഞു മെല്ലെ
മിനുക്കിനാൾ മാന്തളിരാകുമോഷ്ഠം -കു. സം

ഇത്യാദികളിലെ പോലെ ഏതാനും അവയവങ്ങളിൽ രൂപണം അർത്ഥസിദ്ധമായിരുന്നാൽ ‘ഏകദേശവിവർത്തി’ എന്നു് പറയപ്പെടുന്നു. ഇവിടെ മധുശ്രീയാകുന്ന സ്ത്രീയെന്നു ശബ്ദം കൊണ്ടു പറഞ്ഞിട്ടില്ല. ‘തിലകം’ എന്നിടത്തു തിലകം (തിലകപുഷ്പം) ആകുന്ന തിലകം (പൊട്ട്) എന്നു് ശ്ലിഷ്ടരൂപകം.

ഒരു രൂപകത്തെ സാധിപ്പാൻ വേണ്ടി വേറൊരു രൂപകം ചെയ്യുന്നത് ‘പരംപരിതം’. താരിൽത്തന്വീകടാക്ഷാഞ്ചല മധുപകുലാരാമ’ എന്നും ‘വൈരാകരനികരതമോമണ്ഡലീ ചണ്ഡഭാനോ’ എന്നും പൂർവോക്തശ്ലോകത്തിൽത്തന്നെ ഇതിന്നു് ഉദാഹരണം കാൺക.

ഇച്ചൊന്ന മൂന്നുവിധം രൂപകങ്ങൾക്കും യഥാസംഭവം ഉപമയിൽ കാണിച്ചതുപോലെ ഒന്നിനെത്തന്നെ പലതായി രൂപണം ചെയ്താൽ മാലാരൂപകതയുണ്ടാകും. അതിൽ പരംപരിതമാലാരൂപകത്തിനു് ‘താരിൽത്തന്വീ’ത്യാദി ശ്ലോകം തന്നെ ഉദാഹരണം. ശേഷത്തിനും ഇതുപോലെ ഊഹിച്ചു കൊൾക.

ഉൾപ്പൂമുഖാരവിന്ദാദി
തുച്ഛമാഭാസരൂപകം 22 (a)

വിശേഷചമൽക്കാരമൊന്നും വിവക്ഷിക്കാതെ ഉൾപ്പൂ, മനക്കുരുന്നു്, അടിമലർ, കാൽത്താർ, ചില്ലിക്കൊടി, അംഗയഷ്ടി, മുഖാരവിന്ദം മുതലായി കവികൾ ചിലപ്പോൾ പാദപൂരണത്തിനു വേണ്ടി ചെയ്യുന്ന രൂപകത്തിന് ‘ആഭാസരൂപകം‘ എന്നു പേർ.

കാത്തിടട്ടെന്നെ നിൻ കാൽത്താ-
രിത്യാദി പരിണാമമാം. 22 (b)

ഉപമാനം രൂപണംകൊണ്ടു് ഉപമേയാവസ്ഥയെ പ്രാപിച്ചു് തനിക്ക് പൂർവാവസ്ഥയിൽ ദുഷ്കരമായിരുന്ന ഒരു ക്രിയയെ നടത്തുന്നതായാൽ അവിടെ ഉള്ള രൂപകത്തിനു് ‘പരിണാമം’ എന്നു പേർ. കാത്തിടുന്നതിനു് സ്വയമേ അശക്ത


പദ്യം 18. ശിവതപോവനം വർണ്യം. അനംഗാഗമനത്തോടെ അവിടെ വസന്താവിലാസം ഉണ്ടായി. മധുശ്രീ = വസന്തശോഭ. സ്ത്രീലിംഗയോഗത്താൽ വസന്തശോഭയാകുന്ന സ്ത്രീ എന്നു വ്യഞ്ജിക്കുന്നു.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_18&oldid=81787" എന്ന താളിൽനിന്ന് ശേഖരിച്ചത്