ഭാഷാഭൂഷണം/പേജ് 17
←പേജ് 16 | ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം) രചന: അലങ്കാരപ്രകരണം |
പേജ് 18→ |
സ്ഥിതിയ്ക്ക് സൂര്യനും നിഷ്ഫലമാണെന്നു് ബ്രഹ്മാവ് വിചാരിക്കുന്നതായി നിബന്ധിക്കപ്പെട്ടിരിക്കുന്നു. ചന്ദ്രസൂര്യന്മാർക്ക് ചില സമയം പരിവേഷം കാണുന്നതു് ഈ വിചാരം വരുമ്പോൾ ബ്രഹ്മാവ് അവരെ ചുറ്റി വരയ്ക്കുന്ന കുണ്ഡലരേഖ എന്ന് കൽപ്പിക്കപ്പെട്ടിരിക്കുന്നു. പണ്ട് ഗ്രന്ഥമെഴുത്തുകാർ വീഴക്ഷരങ്ങളെ വെട്ടുന്നതിന് അതിനെ ചുറ്റി ഒരു വട്ടം ഇട്ടു വന്നു. അതിന്റെ മട്ടു്.
പ്ര~ദീ~തീപം
പ്രതീപം അല്പാല്പവൈചിത്ര്യഭേദത്താൽ ഇനിയും പലമാതിരിയിൽ വരാം; എന്നാൽ അതെല്ലാം ആദ്യം പറഞ്ഞ ലക്ഷണത്തിൽ ഉൾപ്പെടുന്നതാകയാൽ വേറെ ലക്ഷണം ഇവിടെ ചെയ്യപ്പെടുന്നില്ല.
അനന്വയം, ഉപമേയോപമ, പ്രതീപം ഈ മൂന്നും ഉപമയുടെ തന്നെ വകഭേദങ്ങളെന്ന് ചില ആലങ്കാരികന്മാർ അഭിപ്രായപ്പെടുന്നു.
- അവർണ്ണ്യത്തോടു വർണ്ണ്യത്തി-
- ന്നഭേദം ചൊൽക രൂപകം;
- സംസാരമാം സാഗരത്തി-
- ലംസാന്തം മുങ്ങലാ സഖേ! 21
ഉപമാനവും ഉപമേയവും രണ്ടു വസ്തുക്കളല്ല ഒന്നുതന്നെ എന്നു് അഭേദം കല്പിച്ചു് ഉപമാനധർമ്മത്തെ എടുത്തു് ഉപമേയത്തിൽ വയ്ക്കുന്നതു് ‘രൂപകം’. ഒന്നിന്റെ രൂപം മറ്റൊന്നിനു കൊടുക്കുന്നതു എന്നു് രൂപകശബ്ദത്തിനു് അർത്ഥയോജന. ഉപമയിൽ ഉപമാനമെന്നും ഉപമേയമെന്നും രണ്ടായിട്ടു് കാണപ്പെടുന്ന വസ്തുക്കളിൽ ഉള്ള ഭേദബുദ്ധിയെ ഉപേക്ഷിച്ചാൽ അതു് രൂപകമാവും. രൂപകം ഉപമേയമാകുന്ന ഭിത്തിയിൽ ഉപമാനത്തിന്റെ ചിത്രമെഴുതുന്നു എന്നു് പറയാം. ഉദാഹരണത്തിൽ, പല ധർമ്മങ്ങളെ കൊണ്ടുള്ള സാദൃശ്യം പ്രമാണിച്ച് സംസാരം എന്നു പറയുന്നതു് ഒരു സാഗരം തന്നെ എന്നു് അഭേദം കൽപ്പിക്കപ്പെട്ടിരിക്കുന്നു. സാഗരത്തിലെന്നപോലെ സംസാരത്തിൽ മുങ്ങൊലാ എന്നു പറഞ്ഞാൽ ഇതുതന്നെ ഉപമയാകും. വേറെ ഉദാഹരണം :
- 16. താരിൽത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
- നീരിൽത്താർബാണ! വൈരാകരനികരതമോമണ്ഡലീചണ്ഡഭാനോ!
- നേരെത്താതോരു നീയാംതൊടുകുറി കളയായ്കെന്നുമേഷാ കുളിക്കും-
- നേരത്തിന്നിപ്പുറം വിക്രമനൃവര! ധരാ ഹന്ത! കല്പാന്തതോയേ. -പുനം നമ്പൂതിരി
പദ്യം 16. രാജസ്തുതി. വിക്രമനൃവര! എഷാധാരാ കാല്പാന്തതോയേ കളിക്കുന്നേരത്തിന്നിപ്പുറം എന്നും നീയാം തൊടുകുറി ഹന്ത! കളയായ്ക എന്നു് ഉത്തരാർദ്ധത്തിൽ അന്വയം. പൂർവാർദ്ധം വിക്രമനൃവരന്റെ വിശേഷണങ്ങൾ------ -- സംബോധനകൾ. ഏഷാ ധരാ = ഈ ഭൂമി. താരിൽത്തന്വി = ലക്ഷ്മീ ദേവി. താരിൽ .......ലാരാമൻ = ലക്ഷ്മീദേവിയുടെ കടക്കൺമുനയാകുന്ന വണ്ടിൻകൂട്ടത്തിനു് ആരാമമായിട്ടുള്ളവൻ, രാമാജനം = സ്ത്രീകൾ, നീരിൽത്താർബാണൻ = കാമദേവൻ, വൈരാകാരൻ = (വൈരത്തിനു് ആകാരമായവൻ) ശത്രു, നികരം = കൂട്ടം, ചണ്ഡഭാനു = ഉഗ്രകിരണങ്ങൾ പൊഴിക്കുന്ന സൂര്യൻ, വൈരാ.....ഭാനു = ശത്രുക്കൂട്ടമാകുന്ന ഇരുട്ടിനു് ചണ്ഡഭാനു ആയിട്ടുള്ളവൻ, നേരെത്താതൊരു = തുല്യതയില്ലാത്ത, (പരമ്പിരിതരൂപകം നോക്കുക.) ഈ പദ്യത്തിലെ 'ഹന്ത'യ്ക്കാണു് 'അന്ത ഹന്തയ്ക്കിന്തപ്പട്ടു' കിട്ടിയതു്.