Jump to content

ഭാഷാഭൂഷണം/പേജ് 13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം
(i) ലുപ്തോപമകൾ

ഉപമാനോപമേയോപമാവാചകസാധാരണധർമ്മങ്ങൾ നാലും തികഞ്ഞുള്ളത് ‘പൂർണ്ണോപമ’ എന്നു മുൻപുതന്നെ പ്രസ്താവിച്ചുവല്ലോ. ഇവയിൽ ചിലതിനു ലോപംവന്നാലും വിരോധമില്ല; അങ്ങനെയുള്ള ഉപമയ്ക്കു് ‘ലുപ്തോപമ’ എന്നുപേർ.

ധർമ്മോപമാനോപമേയ-
വാചകങ്ങളിലൊന്നിനോ,
രണ്ടിനോ മൂന്നിനോ ലോപം
വന്നാലുപമലുപ്തയാം. 11

1. വാചകലുപ്ത 2. ഉപമാനലുപ്ത 3. ധർമ്മലുപ്ത 4. ധർമ്മോപമാനലുപ്ത 5. ധർമ്മവാചകലുപ്ത 6. ധർമ്മോപമാനവാചകലുപ്ത -ഇങ്ങനെ ആറുവിധത്തിൽ ലുപ്തോപമകൾ സംഭവിക്കും. ഉപമേയലുപ്തകൾ സംസ്കൃതത്തിലുണ്ട്. ഉദാഹരണം :

6. (1) ഉർവ്വശീലളിതയാമിവൾക്കു
(2) സമയില്ല സുന്ദരി ജഗത്ത്രയേ
(3) ശർവ്വരീശസദൃശാസ്യയാൾക്ക്
(4) ശരിയായൊരുത്തിയിഹ നാസ്തിയാം
(5) പല്ലവാധരി മനോഹരാംഗിയിവൾ
(6) പേടമാന്മിഴി പടുത്വമോ-
ടുല്ലസിച്ചൊരു വിലാസഭംഗിയതുകൊണ്ടു
(7) മന്മഥവധൂയതി - സ്വ

ഇതിൽ (1) വാചകലുപ്ത: 'ഇവൾ' ഉപമേയം; ഉർവ്വശി ഉപമാനം; ലളിതത്വം ധർമ്മം. വാചകത്തെക്കുറിക്കുന്നതിനു ശബ്ദമില്ല; അത് സമാസത്താലുണ്ടാകുന്നു. (2) ഉപമാനലുപ്ത: 'ഇവൾ' ഉപമേയം; 'സൗന്ദര്യം' ധർമ്മം; 'സമ' വാചകം; ഉപമാനം ശൂന്യം. (3) ധർമ്മലുപ്ത:'ആസ്യം' ഉപമേയം; 'ശർവരീശൻ' ഉപമാനം; 'സദൃശം' വാചകം; സൗന്ദര്യം എന്ന ധർമ്മം സ്പഷ്ടമാകയാൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. (4) ധർമ്മോപമാനലുപ്ത: 'ഇവൾ' ഉപമേയം; 'ശരി' വാചകം; (5) ധർമ്മവാചകലുപ്ത : 'അധരം' ഉപമേയം; 'പല്ലവം' ഉപമാനം; ശേഷമില്ല. (6) ധർമ്മോപമാനവാചകലുപ്ത : ഇതിൽ പേടമാനിന്റെ മിഴി ഉള്ളവൾ എന്നു പറയേണ്ടതിൽ ഉപമാനമായ പേടമാനിന്റെ മിഴിയും മനോഹരമെന്ന ധർമ്മവും, പോലെ എന്ന വാചകവും ലോപിച്ചിരിക്കുന്നു.

ഈ ആറുവക ലുപ്തകളേ മലയാളത്തിൽ സംഭവിക്കൂ. ‘ഉപമേയലുപ്ത’, ‘ധർമ്മോപമേയലുപ്ത’ എന്ന് ഉപമേയലോപമുള്ള രണ്ടു വകഭേദങ്ങൾ കൂടി സംസ്കൃതത്തിലുണ്ടാവും. അതിഉദാഹരണം ‘മന്മഥവധൂയതി’ എന്നു്. ഇവിടെ ആത്മാവിനെ മന്മഥവധൂവിനെപ്പോലെ ആചരിക്കുന്നു എന്നുള്ള വിഗ്രഹത്തിൽ ആത്മാവാകുന്ന ഉപമേയത്തിനു് ലോപം; ‘യ’ എന്ന് കേൾക്കുന്ന പ്രത്യയം വാചകം; മന്മഥവധൂ ഉപമാനം; വിലാസഭംഗി ധർമ്മം; ആ ധർമ്മത്തെ പറയാതിരുന്നാൽ ഇതു തന്നെ ധർമ്മോപമേയലുപ്തയും ആകും.

(ii) മാലോപമ

ഒരു ഉപമേയത്തെ തന്നെ പല ഉപമാനങ്ങളോട് ഉപമിക്കുന്നത് ‘മാലോപമ’. ഉദാഹരണം :

7. കാർകൊണ്ടു മിണ്ടാതൊരു കൊണ്ടൽപോലെ
കല്ലോലമില്ലാതെഴുമാഴിപോലെ
കാറ്റിൽ‌പ്പെടാദ്ദീപവുമെന്നപോലെ
നിഷ്പന്ദമായ് പ്രാണനടക്കിവെച്ചും. -കു.സം.

ഇതിൽ പ്രാണായാമസ്ഥിതനായ ദക്ഷിണാമൂർത്തിക്ക് മൂന്നുപമാനങ്ങൾ നിബന്ധിക്കപ്പെട്ടിരിക്കുന്നു.


പദ്യം 7. ശിവന്റെ തപഃസ്ഥിതി വർണ്യം: കാർകൊണ്ടുമിണ്ടാത്ത = പെയ്യാറായിട്ടും ഇടികുടുങ്ങാത്ത

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_13&oldid=81784" എന്ന താളിൽനിന്ന് ശേഖരിച്ചത്