ഭാഷാഭൂഷണം/പേജ് 12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


ഉപമേയധർമ്മവും വർഷാനനന്തരജാതമായ കാശപുഷ്പധാരണവും അത്യന്തസാമ്യത്തിൽ ഭിന്നമല്ലെന്ന് സങ്കല്പിക്കപ്പെട്ടിരിക്കുന്നു.

വസ്തുപ്രതിവസ്തുഭാവമെന്നത് സാദൃശ്യത്താലുള്ള അഭേദവിവക്ഷ കൂടാതെ ഉപമാനത്തിന്റെ അവസ്ഥകൾക്ക് എതിരായി ഉപമേയത്തിനും അവസ്ഥകളെ കല്പിക്കയാകുന്നു. ഉദാഹരണം :

3.പാടേ നാളം പിരിഞ്ഞുള്ളൊരു സരസിജമൊക്കുന്ന മുഗ്ദ്ധാനനത്തെ
കൂടെക്കൂടെത്തിരിച്ചഗ്ഗതിയതിലുമഹോ! ദക്ഷയാം പക്ഷ്മളാക്ഷി
ബാഢം പീയൂഷവും വൻവിഷവുമധികമായ് തേച്ചെടുത്താക്കടാക്ഷം
ഗാഢം മന്മാനസത്തിൽ കഠിനമിഹ കഴിച്ചിട്ടതിന്മട്ടിലാക്കീ -മാലതീമാധവം

ഇവിടെ മാലതീമുഖത്തെ താമരയോട് ഉപമിക്കുന്നതിൽ ‘തണ്ട് പിരിഞ്ഞിരിക്കുന്നു’ എന്നുള്ള ഉപമാനാവസ്ഥയുടെ സ്ഥാനത്തു് ‘കഴുത്തു തിരിച്ചിരിക്കുന്നു’ എന്ന അവസ്ഥ ഉമമേയത്തിലും നിബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിൽ കഴുത്തിനും തണ്ടിനും തമ്മിൽ ബിംബപ്രതിബിംബഭാവം കൂടി ഉണ്ട്. ശുദ്ധമായ വസ്തുപ്രതുവസ്തുഭാവത്തിന് വേറെ ഉദാഹരണം :

4.വിമലപ്രഭയാലേറെ
ക്കോമളം തന്വീ! നിൻ മുഖം
ശ്യാമലക്ഷ്മവിനിർമുക്ത
സോമബിംബസമാനമാം. -സ്വ

ഇവിടെ വിമലപ്രഭ കൊണ്ടുള്ള കോമളത്വത്തിനും ശ്യാമലക്ഷ്മവിനിർമുക്തതയ്ക്കും വസ്തുപ്രതിവസ്തുഭാവം മാത്രമേ ഉള്ളൂ.

വാസ്തവത്തിൽ ഉപമാനപക്ഷത്തിലും ഉപമേയപക്ഷത്തിലും അർത്ഥം രണ്ടാണെങ്കിലും രണ്ടിനെയും പറയുന്ന ശബ്ദം ഒന്നാകയാൽ രണ്ടും ഒന്നു തന്നെ എന്നു കൽ‌പ്പിക്കുകയാകുന്നു ശ്ലേഷം. ഉദാഹരണം :

5. പ്രാർത്ഥിച്ചാൽ പദമേകമെങ്കിലുമഹോ! മുന്നോട്ടെടുക്കാ ദൃഢം,
ക്രോധിച്ചൽ വിറയാർന്നിടും പുനരുടൻ വൈവർണ്ണ്യവും കാട്ടീടും
കൂട്ടാക്കാതെ പിടിച്ചിഴച്ചിടുകിലോ സ്തംഭം പിടിച്ചീടുമേ
കഷ്ടം! മൂഢനു വാണിയാര്യസഭയിൽ കേഴും നവോഢാസമം. -സ്വ

ഇവിടെ വാണിക്കു നവോഢയായുള്ള സ്ത്രീയോടുള്ള ഉപമയിൽ വസ്തുതോഭിന്നങ്ങളായ ധർമ്മങ്ങൾ ഒരേ പദങ്ങളാൽ പ്രതിപാദിക്കപ്പെടുന്നവയാകയാൽ അഭിന്നങ്ങളായി ഗണിക്കപ്പെട്ടിരിക്കുന്നു. എങ്ങനെ? വാണി, പ്രാർത്ഥിച്ചാൽ പദം മുന്നോട്ടെടുക്കാതിരിക്കുന്നതു്, എത്ര മനസ്സിരുത്തി നോക്കിയാലും ശബ്ദം വെളിയിലേക്കു് പുറപ്പെടാതിരിക്കുകയാകുന്നു; നവോഢയാകട്ടെ, വിളിച്ചാലൊരടി പോലും അടുത്തുവരാതിരിക്കുകയാകുന്നു. വിറയാർന്നിടുകയെന്നതു് രണ്ടിനും തുല്യം തന്നെ. വാണിക്കു വൈവർണ്ണ്യം വർണ്ണങ്ങളാകുന്ന അക്ഷരങ്ങൾക്കുള്ള വികാരമാകുന്നു; നവോഢയ്ക്കാകട്ടെ നിറം പകരുകയാണ്. വാണി സ്തംഭം പിടിക്കുക എന്നത് സ്തംഭിച്ചു നിന്നു പോവുക; നവോഢ തൂണിൽ കെട്ടിപ്പിടിക്കുകയും.

ഉപമയ്ക്കു പലമാതിരിയിൽ വകഭേദങ്ങളുണ്ടാകും; അതിൽ പ്രധാനപ്പെട്ടവയെ ഇവിടെ വിവരിക്കാം:


പദ്യം 3. മാധവന്റെ അനുസ്മരണം. ഉത്സവസ്ഥലത്തു് മുമ്പോട്ടു നടന്നു നീങ്ങുന്ന ആനയുടെ പുറത്തിരുന്നു മാലതി മാധവനെ കണ്ടു. കണ്ണു മറയുന്നത് വരെ അവൾ അവനെ തിരിഞ്ഞുതിരിഞ്ഞുനോക്കി. ദക്ഷ = സമർത്ഥ. പക്ഷ്മളാക്ഷി = സുന്ദരി. പദ്യം 4. നായികാമുഖവർണ്ണന. ശ്യാമ...മുക്തം = കറുത്ത പാടു മാഞ്ഞുപോയ

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_12&oldid=81802" എന്ന താളിൽനിന്ന് ശേഖരിച്ചത്