ഭാഷാഭൂഷണം/പേജ് 11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


1. ഉപമ
ഒന്നിനൊന്നോടു സാദൃശ്യം
ചൊന്നാലുപമയാമതു്;
മന്നവേന്ദ്ര! വിളങ്ങുന്നു
ചന്ദ്രനെപ്പോലെ നിൻ മുഖം 9

ഒരു വസ്തുവിന് മറ്റൊന്നിനോടു് ചമൽക്കാരകാരകമായ സാദൃശ്യം ചൊല്ലുന്നത് ഉപമാലങ്കാരം. ഉത്തരാർദ്ധം ഉദാഹരണം. ഇവിടെ മുഖത്തിന് ‘വിളങ്ങുക’ എന്ന ക്രിയ കൊണ്ട് ചന്ദ്രനോട് സാമ്യം പറയപ്പെട്ടിരിക്കുന്നു. അങ്ങനെ ചെയ്യുന്നതിൽ ചമൽക്കാരവും ഉണ്ടു്. അതിനാൽ ഇത് ഉപമാലങ്കാരമായി. ഉപമ ചെയ്യുന്നതിൽ നാലെണ്ണങ്ങൾ ആവശ്യപ്പെടുന്നു:

(1) ഏതിനെ മറ്റൊന്നിനോട് ഉപമിക്കുന്നുവോ അത് ‘ഉപമേയം’; (2) ഉപമേയം ഏതിനോട് തുല്യമെന്നു പറയപ്പെടുന്നുവോ അത് ‘ഉപമാനം’; (3) ഉപമാനോപമേയങ്ങൾ രണ്ടിലും തുല്യമായിരിക്കുന്ന ധർമ്മം ‘സാധാരണ ധർമ്മം’; (4) സാദൃശ്യത്തെക്കുറിക്കുന്ന ശബ്ദം ‘ഉപമാവാചകം’.

പ്രകൃതോദാഹരണത്തിൽ ‘മുഖം’ ഉപമേയം; ‘ചന്ദ്രൻ’ ഉപമാനം; ‘വിളങ്ങുക’ സാധാരണ ധർമ്മം; ‘പോലെ’ ഉപമാവാചകം. ഇവ നാലും തികഞ്ഞിട്ടുള്ള ഉപമയ്ക്ക് ‘പൂർണ്ണോപമ’ എന്നു പേർ. വേറെ ഉദാഹരണം:

1.ദൈത്ത്യൻ മത്തൻ നിൻ വരത്താ-
ലൊരുത്തൻ താരകാഭിധൻ
ജഗത്തിന്നു വിപത്തിന്നായ്
ജനിച്ചാൻ ധൂമകേതുപോൽ -കുമാരസംഭവം

ഇതിൽ താരകാസുരൻ ‘ജഗത്തിന്നു വിപത്തിന്നായിത്തീരുക’ എന്ന ധർമ്മം പുരസ്കരിച്ച് ധൂമകേതുവിനോട് ഉപമിക്കപ്പെട്ടിരിക്കുന്നു.

സാധാരണ ധർമ്മം ചിലേടത്തു് ‘ബിംബപ്രതിബിംബഭാവം’ കൊണ്ടും ചിലേടത്ത് ‘വസ്തുപ്രതിവസ്തുഭാവം’ കൊണ്ടും മറ്റു ചിലേടത്തു് ‘ശ്ലേഷം’ കൊണ്ടും സാധിക്കേണ്ടതായിരിക്കും. ബിംബപ്രതിബിംബഭാവത്തിനു ലക്ഷണം.

വർണ്ണ്യാവർണ്ണ്യങ്ങൾതൻ ധർമ്മ-
മുണ്മയിൽ ഭിന്നമെങ്കിലും
ബിംബത്തിൻ പ്രതിബിംബം പോ-
ലൊന്നുതാനെന്നു സാമ്യതഃ
സങ്കൽ‌പ്പിപ്പതു താൻ ബിംബ-
പ്രതിബിംബത്വമായതു്. 10

വർണ്ണ്യാവർണ്ണ്യങ്ങൾ ഉപമാനോപമേയങ്ങൾ. അവയ്ക്കുള്ള ധർമ്മങ്ങൾ വാസ്തവത്തിൽ വേറെയായിരുന്നാലും സാദൃശ്യാതിരേകത്താൽ ഒരു വസ്തുവിന്റെ വാസ്തവശരീരവും പ്രതിഫലിച്ച ശരീരവും പോലെ ഭിന്നമല്ലെന്നുള്ള സങ്കൽ‌പ്പത്തിൽ രണ്ടാക്കിക്കാണിക്കുകയാകുന്നു ബിംബപ്രതിബിംബഭാവം. ഉദാഹരണം :

2.വിവാഹദീക്ഷാകലശം കഴിഞ്ഞുടൻ
വെളുത്തപൂഞ്ചേല ധരിച്ചു കന്യക;
നിലയ്ക്കവേ മാരികളൂഴിദേവിയാൾ
നിരന്തരം പൂത്തിടുമാറ്റുദർഭപോൽ. -കുമാരസംഭവം

ഇവിടെ ദീക്ഷാകലശം കഴിഞ്ഞ് പൂഞ്ചേല ധരിച്ച പാർവതിയെ മാരി നിലച്ച ഉടനെ പൂത്തിരിക്കുന്ന ആറ്റു ദർഭകളോടു കൂടിയ ഊഴിദേവിയോടു് ഉപമിച്ചിരിക്കുന്നു. ഇതിൽ ഉപമേയമായ പാർവതിക്കും ഉപമാനമായ ഊഴിദേവിക്കും ധർമ്മങ്ങൾ വിഭിന്നങ്ങളാകുന്നു; എന്നാൽ ദീക്ഷാസ്നാനാനന്തരകൃതമായ പൂഞ്ചേലാധാരണമാകുന്ന

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_11&oldid=81775" എന്ന താളിൽനിന്ന് ശേഖരിച്ചത്