ഭാഷാഭൂഷണം/പേജ് 14
ദൃശ്യരൂപം
←പേജ് 13 | ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം) രചന: അലങ്കാരപ്രകരണം |
പേജ് 15→ |
പൂർവോപമയിലെ ഉപമാനത്തെ ഉത്തരോപമയിൽ ഉപമേയമാക്കി അനേകം ഉപമകളെ മെടഞ്ഞുകോർത്തതുപോലെ നിബന്ധിച്ചാൽ ‘രശനോപമ’. ഉദാഹരണം :
- 8. മൊഴിയധരംപോൽ മധുരം
- മൊഴിപോലത്യച്ഛവർണ്ണമാം മേനി
- മിഴിമേനിപോലതിരതി
- മിഴിപോലത്യന്തദുസ്സഹം വിരഹം -സ്വ
ഉപമാനോപമേയങ്ങൾക്ക് അവയവം കല്പിച്ചു് പ്രത്യേകം ഉപമിച്ചാൽ സാവയവോപമ. ഉദാഹരണം :
- 9. തളിരുപോലധരം സുമനോഹരം
- ലളിതശാഖകൾ പോലെ ഭുജദ്വയം
- കിളിമൊഴിക്കു തനൌ കുസുമോപമം
- മിളിതമുജ്ജ്വലമാം നവയൗവനം -ഭാഷാശാകുന്തളം
ഇവിടെ ശകുന്തളയെ ലതയോടുപമിക്കുന്നതിൽ ഓരോ അവയവത്തിനും ഉപമ ചെയ്യപ്പെട്ടിരിക്കുന്നു.
ഉപമാബീജമായ സാദൃശ്യാർത്ഥത്തെ കവികൾ പലവിധമായി സമ്പാദിക്കാറുണ്ട്. മാർഗ്ഗപ്രദർശനത്തിനായി അതിൽ പ്രധാനങ്ങളെ കാണിക്കുന്നു :
- സമം സമാനം സദൃശം
- തുല്യം പോൽ പോലെയെന്നപോൽ 12
- ഒപ്പം നിഭം സന്നിഭം ച
- കല്പം ദേശ്യമിവാദികൾ
- വിരോധി ബന്ധു ചങ്ങാതി
- സജാതീയം സഹോദരം 13
- എതിരന്യൂനമധികം
- പ്രതിപക്ഷം സപക്ഷവും
- പൊരുന്നു പടവെട്ടുന്നു
- നിന്ദിക്കുന്നു ഹസിച്ചിടും 14
- സ്പർദ്ധിക്കുന്നു ജയിക്കുന്നു
- ദ്രോഹിക്കുന്നു സഹിച്ചിടാ
- അതിന്റെ ശോഭ നേടുന്നു
- അതിൻ കാന്തി ഹരിച്ചിടും 15
- അതിൻ സ്ഥാനത്തിനുചിതം
- അതിനാൽ കുമ്പിടപ്പെടും
- ഉപമാർത്ഥങ്ങളുണ്ടാകു-
- മിങ്ങനെ പല ഭംഗിയിൽ 16
പദ്യം 8. വിരഹിവാക്യം: അതുച്ഛവർണ്ണം - മൊഴിപക്ഷത്തിൽ ശുദ്ധ വർണ്ണോച്ചാരങ്ങളുള്ളതു്; മേനിപക്ഷത്തിൽ നല്ലനിറം. അതിരതി - മിഴിപക്ഷത്തിൽ അധികം താത്പര്യം ജനിപ്പിക്കുന്നതു്; മേനിപക്ഷത്തിൽ രതിയെ അതിശയിക്കുന്നതു്.
കാരിക 13. കല്പം, ദേശ്യം ഇവ ആദികൾ എന്നു പദച്ഛേദം. ഇവ തുടങ്ങിയ സംസ്കൃതവാക്കുകളും വാചകപദമായി വരും എന്നർത്ഥം.