പ്രപഞ്ചവും മനുഷ്യനും/ജീവൻ എന്ന പ്രതിഭാസം
[ 116 ]
10
ജീവൻ എന്ന പ്രതിഭാസം
ആദ്യകാലങ്ങളിൽ ജൈവപ്രതിഭാസത്തെക്കുറിച്ചുള്ള കൂലങ്കുഷമായ വിശകലനങ്ങളെല്ലാം തത്ത്വചിന്തകരുടെ കുത്തകയായിരുന്നു. ഭൗതികവസ്തുക്കളിൽനിന്നു ഭിന്നമായി ജീവികളിൽ പ്രവർത്തിച്ചിരുന്നുവെന്നു കരുതപ്പെട്ടിരുന്ന ‘ജീവശക്തി’, വസ്തുനിഷ്ഠ വിശകലനങ്ങൾക്കു വിധേയമാവില്ലെന്ന ധാരണ പ്രബലമായിരുന്നു. അതുകൊണ്ടുതന്നെ വസ്തുനിഷ്ഠ ശാസ്ത്രത്തിന്റെ പിടിയിലൊതുങ്ങാത്ത ഒന്നാണ് ‘ജീവൻ’ എന്നു കരുതപ്പെട്ടു പോന്നു. എന്നാൽ ഇന്നു സ്ഥിതി തികച്ചും വ്യത്യസ്തമാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്കു ജീവശാസ്ത്രരംഗത്തുണ്ടായിട്ടുള്ള അത്ഭുതാവഹമായ നേട്ടങ്ങൾ കഴിഞ്ഞകാലത്തു നിലനിന്നിരുന്ന സങ്കല്പങ്ങളെയെല്ലാം തകർത്തുകളഞ്ഞിരിക്കുന്നു. അഭേദ്യങ്ങളെന്നു കരുതപ്പെട്ടിരുന്ന അനവധി ആവരണങ്ങളാൽ വലയം ചെയ്യപ്പെട്ടിരുന്ന ജീവരഹസ്യം ഇന്നു പരീക്ഷണശാലയിൽ ഏറെക്കുറെ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ആധുനികശാസ്ത്രം വെളിച്ചത്തു കൊണ്ടുവന്നിട്ടുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ ‘ജീവൻ’ എന്ന പദത്തിന്റെ അർത്ഥശൂന്യത തന്നെ ചില ശാസ്ത്രഞ്ജന്മാരും ചിന്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഭൗതികവസ്തുക്കളെ അപേക്ഷിച്ച് തികച്ചും വിഭിന്നമായി ജന്തുക്കളിലും സസ്യങ്ങളിലും നിലനിന്നിരുന്നതെന്നു കരുതപ്പെട്ടിരുന്ന ഒരു ശക്തി വിശേഷത്തെ പ്രതിനിധാനം ചെയ്തുകൊണ്ടാണ് ‘ജീവൻ’ എന്ന പദം ഉടലെടുത്തത്. എന്നാൽ മറ്റെല്ലാ അചേതനവസ്തുക്കളിലും അടങ്ങിയിരിക്കുന്ന അതേ പദാർത്ഥരൂപങ്ങൾ തന്നെയാണ് ചേതനങ്ങളിലുമുള്ളതെന്നും അവയുടെ രചനാപരമായ സങ്കീർണ്ണതയാണ് ജൈവസ്വഭാവങ്ങൾക്കു കാരണമെന്നും തെളിഞ്ഞതോടെ ‘ജീവൻ’ എന്ന പദത്തിന്റെ അർത്ഥകല്പന മൗലികമായി മാറിയിരിക്കുന്നു.
‘ജീവൻ’ എന്ന പദത്തിനും അത് പ്രതിനിധാനം ചെയ്യുന്ന ആശയത്തിനും മാത്രമല്ല ഈ പരിണാമം സംഭവിച്ചിട്ടുള്ളത്. മനുഷ്യർ ഇതുവരെ പുലർത്തിക്കൊണ്ടു വന്നിരുന്ന മൗലികമായ പല ധാരണകൾക്കും ഇത്തരത്തിൽ മാറ്റം ഉണ്ടായിട്ടുണ്ട്. അതിനുള്ള കാരണം വ്യക്തമാണ്. ഓരോ ഭാഷയും ഉടലെടുത്ത ഘട്ടങ്ങളിൽ ഭാഷാപദങ്ങൾ ഓരോരോ ആശയങ്ങളുടെ പ്രതിനിധികളായി അവരോധിക്കപ്പെട്ടു. അന്ന്, അടിസ്ഥാനപരമായ പ്രാപഞ്ചികപ്രശ്നങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ ധാരണകൾ രൂപീകരിക്കാൻ സാധ്യതകളില്ലാതിരുന്ന ഒരു കാലത്ത് തികച്ചും സാങ്കല്പികങ്ങളായ പല ആശയങ്ങളെയുമാണ് ആ ഭാഷാപദങ്ങൾ പ്രതിനിധാനം ചെയ്തത്. യുഗാന്തരങ്ങളിലൂടെ ഊനംതട്ടാതെ നിലനിന്നുപോന്ന ആ ആശയങ്ങളുടെ സാധു [ 117 ] തയെയും അവയെ പ്രതിനിധാനം ചെയ്യുന്ന പദങ്ങളുടെ അർത്ഥകല്പനയെയും കുറിച്ച് നിരന്തരം സമാർജിക്കപ്പെട്ടുകൊണ്ടിരുന്ന നൂതന വിജ്ഞാനസമ്പത്തിന്റെ വെളിച്ചത്തിൽ പുനഃപരിശോധന നടത്താൻ ആരും തയ്യാറായില്ല. തന്മൂലം പ്രാചീന സാങ്കല്പികമേഖലകളിൽ ഉദിച്ചുയർന്ന ഒട്ടേറെ ആശയങ്ങൾ ആധുനിക ശാസ്ത്രീയതയ്ക്കു മുന്നിൽ മരിച്ചുവീണെങ്കിലും, അവയുടെ ശുഷ്ക്കിച്ച പ്രേതങ്ങൾ കണക്കേ അർത്ഥകല്പന മാറിയ പദങ്ങൾ ഇന്നും നമ്മുടെയിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ട് അലഞ്ഞുതിരിയുന്നു. പദാർത്ഥം, ജീവൻ, മനസ്സ് തുടങ്ങിയവ അത്തരത്തിൽപ്പെടുന്നു.
സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും നമുക്കീ പദങ്ങളെ ഉപേക്ഷിക്കാൻ പെട്ടെന്നു കഴിയില്ല. ഭാഷയിൽ ഇഴുകിച്ചേർന്നുപോയ പദങ്ങളെ ഉന്മൂലനം ചെയ്യുക എളുപ്പമല്ല. സാർവത്രികമായ അംഗീകരണത്തോടുകൂടി പുതിയ പദങ്ങൾ വളർന്നുവരേണ്ടതുണ്ട്. അതുവരെ നമ്മുടെ പുതിയ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന് ഈ പഴകിയ പദങ്ങൾതന്നെ ഉപയോഗിക്കേണ്ടിവരുന്നു. പുതിയ വീഞ്ഞ് പഴയ കുപ്പിയിൽതന്നെ നിറയ്ക്കാൻ നാം നിർബ്ബന്ധിതരാണ്. ഈ പശ്ചാത്തലത്തിൽ, ഇത്തരം പദങ്ങളുടെ പഴയ അർത്ഥങ്ങളെ നിരാകരിക്കുകയും പുതിയ അർത്ഥം അവയ്ക്കു കല്പിച്ചുകൊടുക്കുകയും ചെയ്യാനേ നമുക്കു കഴിയുന്നുള്ളു. ജീവന്റെ കാര്യത്തിൽ നാമിവിടെ ആ നിലപാടാണ് സ്വീകരിക്കുന്നത്. ഇനിയും ജീവനെന്ന പദം ഉപയോഗിക്കുമ്പോൾ, ഭൗതികവസ്തുക്കളിൽനിന്ന് വ്യത്യസ്തമായി ജീവികളിൽ പ്രവർത്തിക്കുന്ന ഒരു അതിഭൗതികശക്തിയെന്ന പഴയ ആശയമല്ല പ്രതിബിംബിക്കപ്പെടുന്നത്. മറിച്ച്, സ്വയം പുനരാവർത്തിക്കാനും പരിതഃസ്ഥിതിക്കനുയോജ്യമായി നിലനില്ക്കാനും കഴിവുള്ള സങ്കീർണ്ണമായ ഒരു രാസ-ഭൗതികവ്യവസ്ഥയുടെ പ്രവർത്തനഫലമായുണ്ടാകുന്ന സ്വഭാവത്തെയാണ് ഇവിടെ ജീവൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ശാസ്ത്രത്തിന്റെ പരിധിക്കുള്ളിൽ
[തിരുത്തുക]അചേതന വസ്തുക്കൾതന്നെ പുതിയ രീതിയിൽ സംശ്ലേഷിക്കപ്പെട്ടതിന്റെ ഫലമാണ് സചേതനവസ്തുക്കൾ എന്നു ബോദ്ധ്യമായതോടെ ജീവനും അതോടു ബന്ധപ്പെട്ട പ്രശ്നങ്ങളും ശാസ്ത്രത്തിന്റെ പിടിയിലൊതുങ്ങാൻ തുടങ്ങി. എന്നാൽ നൂറിൽപരം വർഷങ്ങൾക്കുമുമ്പ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാൻപോലും ജീവശാസ്ത്രജ്ഞന്മാർ ഒരുമ്പെട്ടിരുന്നില്ല. അന്നു ജീവലോകത്തെ വിലയിരുത്തിയിരുന്നതും പഠിച്ചിരുന്നതും സങ്കീർണ്ണതയുടെ തോതിൽ വരുന്ന വ്യത്യാസമനുസരിച്ചായിരുന്നു. തികച്ചും സാങ്കല്പികമായ മേഖലകളിൽ പൂർണ്ണതയെക്കുറിച്ചുള്ള ഒരു ചിത്രം നിലനിർത്താൻ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. ഭാവനാമാത്രസന്തതികളായ ദൈവങ്ങളെയും മാലാഖമാരെയും ആ പൂർണ്ണതയുടെ മേഖലകളിൽ പ്രതിഷ്ഠിക്കാൻ അവർക്കു മടിയുണ്ടായിരുന്നില്ല. ആ മാലാഖമാരോട് ഏറ്റവും അടുത്തുനിന്നിരുന്ന മനുഷ്യനിൽ നിന്നാരംഭിച്ച് പൂർണ്ണതയുടെ മേഖലകളിൽ പ്രതിഷ്ഠിക്കാൻ അവർക്കു മടിയുണ്ടായിരുന്നില്ല. ആ മാലാഖമാരോട് [ 118 ] ഏറ്റവും അടുത്തുനിന്നിരുന്ന മനുഷ്യനിൽനിന്നാരംഭിച്ച് പൂർണ്ണതയുടെ മേഖലയിൽനിന്ന് അകന്നകന്നു വരുന്നതിനനുസരിച്ച്, അഥവാ അപൂർണ്ണതയുടെ തോത് വർദ്ധിക്കുന്നതിനനുസരിച്ച്, കീഴോട്ടാണ് മറ്റു ജന്തുക്കളെ തരംതിരിച്ചിരുന്നത്. ഈ സ്ഥിതിക്ക് പാടെ മാറ്റം വരുത്തിയത് ചാൾസ് ഡാർവിനായിരുന്നു. ഇന്ന് ജീവശാസ്ത്രജ്ഞന്മാർ പഠനമാരംഭിക്കുന്നത് ഏകകോശജീവികളിൽനിന്ന് അല്ലെങ്കിൽ ബാക്ടീരിയങ്ങളിൽ നിന്നും വൈറസിൽനിന്നുമാണ്. അവിടെനിന്നുമാണ് പരിണാമപരമ്പരയുടെ ഉയർന്ന തലങ്ങളിലേയ്ക്ക് പഠനം നീങ്ങുന്നത്.
പക്ഷേ, നമ്മുടെ ഏറ്റവും പ്രാചീന പൂർവജ പരമ്പരയെക്കുറിച്ചുള്ള അന്വേഷണം ഏകകോശജീവികളിലോ വൈറസിലോ ചെന്നവസാനിക്കുന്നില്ല. ആ അന്വേഷണം ജൈവപരിണാമത്തെ പ്രാഥമികമായ അജൈവപരിണാമത്തിന്റെ മേഖലകളിലേക്കെത്തിക്കുന്നു. അവിടെ ജൈവപരിണാമതത്വങ്ങൾ അപര്യാപ്തങ്ങളായിത്തീരുന്നു. തികച്ചും ഭൗതികനിയമങ്ങളെ ആസ്പദമാക്കിക്കൊണ്ടുതന്നെ, അജൈവ പരിണാമത്തിൽനിന്ന് ജൈവപരിണാമത്തിലേക്കുള്ള പ്രക്രിയ വിശദീകരിക്കപ്പെടേണ്ടിയിരിക്കുന്നു. അങ്ങനെ ജീവലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളും ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠ പരീക്ഷണ നിരീക്ഷണങ്ങളുടെ മേഖലയിൽതന്നെ വന്നു ചേർന്നിരിക്കുന്നു.
ജീവകോശത്തെ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ഇന്ന് പരിഹൃതമായിട്ടില്ല. പക്ഷേ അവ അജ്ഞാതങ്ങളാണെന്ന് ഇന്നു ആരും കരുതുന്നില്ല. പല പ്രശ്നങ്ങളും ഇന്ന് അജ്ഞാതങ്ങളായി നിലനില്ക്കുന്നത് അവയുടെ സങ്കീർണ്ണതകൊണ്ടു മാത്രമാണ്. ആ സങ്കീർണ്ണതകളെല്ലാം കെട്ടഴിഞ്ഞു വരുന്നതിന് സമയമെടുക്കുമെന്നു മാത്രം.
ജൈവസ്വഭാവം
[തിരുത്തുക]വ്യക്തമായ ഒരു നിർവചനത്തിൽ ഒതുക്കിനിറുത്താൻ പറ്റാത്ത ഒന്നാണ് ജൈവസ്വഭാവമെന്നംഗീകരിച്ചേ തീരൂ. എങ്കിലും ജീവലോകത്തിന്റെ മൗലികസ്വഭാവങ്ങൾ എന്തൊക്കെയാണെന്ന് കണ്ടുപിടിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയും. ചേതനങ്ങൾക്കും അചേതനങ്ങൾക്കും തമ്മിലുള്ള അടിസ്ഥാനപരമായ അന്തരമെന്താണെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ജീവികളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ പ്രത്യുല്പാദനവും വളർച്ചയുമാണ്. ഓരോ ജാതിയിലുംപെട്ട ജീവികൾ അതേ തരത്തിലുള്ള സന്തതി പരമ്പരകളെ സൃഷ്ടിച്ച് വംശവർദ്ധനവ് നടത്തുന്നു. അതുപോലെ ഓരോ ജീവിയും അതെത്രവലുതായിരുന്നാലും ഏകഭ്രൂണകോശത്തിൽനിന്ന് വളർന്നാണ് പൂർണ്ണരൂപം പ്രാപിക്കുന്നത്. അചേതനവസ്തുക്കൾക്കൊന്നും തന്നെയില്ലാത്ത രണ്ടു സവിശേഷതകളാണ് പ്രത്യുല്പാദനവും വളർച്ചയും. ഈ രണ്ട് സവിശേഷതകളും അഭേദ്യമാംവിധം ബന്ധപ്പെട്ടവയുമാണ്. വളർച്ചയുടെയും പ്രത്യുല്പാദനത്തിന്റെയും അടിസ്ഥാനം കോശവിഭജനമാണ്. ഈ പ്രക്രിയയ്ക്കിടയിൽ ഒരു കോശം സമാനങ്ങളായ രണ്ടു [ 119 ] കോശങ്ങളായി മാറുന്നു. ഈ കോശവിഭജനപ്രക്രിയയിൽ നിർണ്ണായക പങ്കുവഹിക്കുന്നത് കോശങ്ങളിലെ ക്രോമസങ്ങളാണ്. ഓരോ ക്രോമസവും സമാനരൂപഘടനകളോടുകൂടിയ രണ്ടു ക്രോമസങ്ങളായി ഇരട്ടിക്കുന്നു. ക്രോമസങ്ങളിലെ പ്രധാനഘടകമായ ഡി.എൻ.ഏ.യുടെ സമാന മാതൃകകൾ സ്വയം പകർത്താനുള്ള ഈ കഴിവാണ് എല്ലാ ജൈവപ്രതിഭാസങ്ങൾക്കും നിദാനമായി വർത്തിക്കുന്നത്.
ജൈവപ്രതിഭാസത്തിന്റെ മൗലികസ്വഭാവമിതാണെങ്കിലും, കഴിഞ്ഞ 300 കോടിയിൽ പരം വർഷങ്ങളായിട്ട് ജീവലോകം ഭൂമുഖത്ത് നിലനില്ക്കുന്നതിനും നിരന്തരമായ പരിണാമപ്രക്രിയയിലൂടെ മനുഷ്യൻ വരെ പുരോഗമിക്കുന്നതിനും നിദാനമായ മറ്റൊരു സവിശേഷത കൂടിയുണ്ട്. ഒരു മാറ്റവും കൂടാതെ, തികച്ചും യാന്ത്രികമായി നിരന്തരം പുനരാവർത്തിക്കുകമാത്രം, അഥവാ ഇരട്ടിക്കുക മാത്രമാണ് ആദിമകാലം മുതൽ ജീവികൾ ചെയ്തിരുന്നതെങ്കിൽ അവ ആ കാലഘട്ടങ്ങളിൽ തന്നെ മാറി വന്ന പരിതഃസ്ഥിതികളിൽ നശിച്ചുപോകുമായിരുന്നു. ഒരു തരത്തിലുള്ള പരിണാമവും സാദ്ധ്യമാവുകയുമില്ലായിരുന്നു. ഇങ്ങനെ ഒരു ആദിജീവരൂപത്തോടുകൂടി തുടർന്നുള്ള പരിണാമം നിലച്ചുപോകാതിരിക്കാൻ തക്കവിധത്തിലുള്ള ഒരു സ്വഭാവവിശേഷം ജീവലോകം കരസ്ഥമാക്കിയിരുന്നു. തത്സ്വരൂപങ്ങളെ പ്രത്യുൽപ്പാദിപ്പിക്കുമ്പോൾ അതിൽ പുതുമ കലർത്താനുള്ള കഴിവാണിത്. എങ്ങനെയാണീ പുതുമകലർത്തുന്നത്? എല്ലാ ജൈവസ്വഭാവങ്ങളുടെയും മൗലികമായ കേന്ദ്രനിയന്ത്രണം കോശകേന്ദ്രങ്ങളിലെ ക്രോമസങ്ങളിലെ ഡി.എൻ.ഏ. ഘടകങ്ങളിൽ അഥവാ ജീനുകളിൽ ആണ് അർപ്പിതമായിരിക്കുന്നത്. സ്വയം ഇരട്ടിക്കുകവഴി തത്സ്വരൂപങ്ങൾ പ്രത്യുൽപ്പാദിപ്പിക്കുന്നതിൽ നിയന്ത്രണം ചെലുത്തുന്നതും ഈ ഡി.എൻ.ഏ. തന്നെയാണല്ലൊ. ഇത് എല്ലായ്പോഴും ഒരു മാറ്റവും കൂടാതെ പ്രത്യുൽപ്പാദനപ്രക്രിയ നടത്തുകയാണെങ്കിൽ, ഒരു ജീവിയുടെ സന്തതിപരമ്പരകളിൽ ഒരിക്കലും ഒരു മാറ്റവുമുണ്ടായിരിക്കുകയില്ല. എന്നാൽ വാസ്തവത്തിൽ സംഭവിക്കുന്നതതല്ല. കോശവിഭജനസമയത്ത് ജീനുകൾ വിവിധരീതിയിൽ സംയോജിക്കുന്നതുവഴി, അവയുടെ പ്രകടസ്വഭാവത്തിൽ അന്തരമുണ്ടാകാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല, കോശാന്തരീക്ഷത്തിലെ രാസഘടനയിൽ ബാഹ്യപരിതസ്ഥിതികളുടെ സ്വാധീനം മൂലം മാറ്റമുണ്ടാവുകയാണെങ്കിൽ, അത് ഡി.എൻ.എ. ഘടനയിലും മാറ്റമുണ്ടാക്കാനിടയുണ്ട്. ഇതിനെല്ലാം പുറമെ, ബാഹ്യലോകത്തുനിന്നു വരുന്ന പ്രപഞ്ചരശ്മികളും അൾട്രാവയലറ്റ് രശ്മികളും മറ്റും ഡി.എൻ.എ. ഘടനയിൽ മാറ്റമുണ്ടാക്കാൻ പര്യാപ്തമാണ്. ഇങ്ങനെ ഏതുവിധത്തിലായാലും ഡി.എൻ.ഏ. ഘടനയിലുണ്ടാകുന്ന മാറ്റം, അത് നിയന്ത്രിക്കുന്ന ജൈവ സ്വഭാവത്തിലും മാറ്റമുണ്ടാക്കുന്നു. ഇങ്ങനെയുള്ള മാറ്റത്തെയാണ് ഉൽപരിവർത്തനം അഥവാ മ്യൂട്ടേഷൻ എന്നു വിളിക്കുന്നത്. ഡി.എൻ.ഏ. യിലുണ്ടാകുന്ന ഘടനാപരമായ ഈ മാറ്റത്തെ അതേപടി പുനരാവർത്തിക്കാനുള്ള കഴിവും അതിനുണ്ട്. ഈ മാറ്റങ്ങളിൽ പലതും വിനാശകാരികളായേക്കാം. പക്ഷേ, അവയിൽ ചിലത് മാറിവരുന്ന പരിതഃ [ 120 ] രസതന്ത്രത്തിന്റെയും ജൈവരസതന്ത്രത്തിന്റെയും അടിസ്ഥാനത്തിൽ പദാർത്ഥത്തെ നിർവ്വചിക്കാം. എന്നാൽ ജൈവപ്രതിഭാസത്തെ നിർവ്വചിക്കാൻ അതുപോരാ. അത് കുറേക്കൂടി വ്യത്യസ്തമായ ഒരു മേഖലയാണ്. ഉദാഹരണത്തിന്, നാം ആഹരിക്കുന്ന നിർജീവമായ ഭക്ഷണപദാർത്ഥം ശരീരത്തിൽ ഏതു നിമിഷത്തിലാണ് സജീവമായിത്തീരുന്നത്. നമ്മുടെ ആഹാരത്തിലെ ഒരു മുഖ്യഘടകമായ സ്റ്റാർച്ചിന്റെ കാര്യം തന്നെയെടുക്കാം. അന്നപഥത്തിൽ വെച്ച് അത് ഗ്ലൂക്കോസായി വിശ്ലേഷണം ചെയ്യപ്പെടുകയും, രക്തത്തിൽ ലയിച്ചുചേരുകയും ചെയ്യുന്നു. പിന്നീട് ചാക്രികമായ ശ്വസനപ്രക്രിയകളുടെ ഫലമായി ഓരോ ഗ്ലൂക്കോസ് തന്മാത്രയും വിശ്ലേഷിക്കപ്പെട്ട് ഓക്സിജന്റെ സഹായത്തോടെ ജലവും കാർബൺ ഡയോക്സൈഡും ആയി മാറുന്നു. ഇവ പിന്നീട് പല രീതിയിൽ വിസർജിക്കപ്പെടുകയും ചെയ്യുന്നു. ഈ സങ്കീർണ്ണമായ പ്രവർത്തനശൃംഖലയിൽ ഒരവസരത്തിൽ പോലും സ്റ്റാർച്ചിന്റെ ഒരു തന്മാത്ര പോലും സജീവമായിത്തീർന്നു എന്നു പറയാൻ കഴിയില്ല. വാസ്തവത്തിൽ അതൊരിക്കലും സജീവമാകുന്നില്ല. ഇങ്ങനെ ജൈവശരീരത്തിൽ പ്രവർത്തിക്കുന്ന ഓരോ ഘടകത്തെയും വേറെ വേറെ പരിശോധിച്ചുനോക്കുമ്പോൾ അവ ശരീരത്തിൽ വെച്ച് ഒരിക്കലും സജീവമായിത്തീരുന്നില്ലെന്നു കാണാം. അതായത് എല്ലായ്പോഴും ഇവ ഭൗതികനിയമങ്ങളെ ആസ്പദമാക്കി മാത്രമാണു പ്രവർത്തിക്കുന്നത്. ഇതിൽനിന്നെല്ലാം സുപ്രധാനമായ ഒരു വസ്തുത വ്യക്തമായി വരുന്നുണ്ട്. ജൈവപ്രതിഭാസത്തെ നിയന്ത്രിക്കുന്നത്, അതിൽ പങ്കെടുക്കുന്ന ഘടകങ്ങളല്ല, മറിച്ച് അവ പങ്കുകൊള്ളുന്ന പ്രക്രിയയാണ്. ആ നിലയ്ക്കു ജൈവപ്രതിഭാസത്തിന്റെ അന്തസ്സത്തയെ കണ്ടെത്തേണ്ടതു ജൈവപ്രക്രിയയിലാണ്, ജീവകോശങ്ങളുടെ ഘടകങ്ങളിലല്ല എന്നു വ്യക്തമാകുന്നു.
ഈ പ്രക്രിയകളുടെ സങ്കീർണ്ണത, രചനാപരമായ സങ്കീർണ്ണതയുടെ വിവിധ നിലവാരങ്ങൾക്കനിസരിച്ചു വർദ്ധിക്കുന്നു. അണുവിൽ ന്യൂക്ലിയസ്സും ഉപന്യൂക്ലിയസ്സും അവയുടെ ഘടകങ്ങളുമുണ്ട്. തന്മാത്രയിൽ അണുക്കളും. തന്മാത്രകൾ ചേർന്ന് അടുക്കും ചിട്ടയിലും പ്രവർത്തിക്കുന്ന തന്മാത്രാവിഭാഗങ്ങളുണ്ടാകുന്നു. ഇവ ചേർന്ന് വിവിധ പ്രവർത്തനവ്യവസ്ഥകളുണ്ടാകുന്നു. ഈ വ്യവസ്ഥകളുടെ പരസ്പരബദ്ധമായ പ്രവർത്തനം ഒരു പ്രത്യേക നിലവാരത്തിലെത്തുമ്പോൾ മാത്രമേ അതു സജീവമാണ് എന്നു നാം പറയുകയുള്ളു. സജീവം എന്ന വിശേഷണത്തിനർഹമാകുന്ന പ്രവർത്തനവ്യവസ്ഥ അതിന്റെ തനതായ പൂർണ്ണത്വം നിലനിറുത്താൻ കഴിവുള്ളതായിരിക്കണം. പദാർത്ഥം അകത്തോട്ടും ഊർജം സ്ഥിരമായി പുറത്തോട്ടും പൊയ്ക്കൊണ്ടിരിക്കുകയും, അതോടൊപ്പം സംതുലനാവസ്ഥ താറുമാറാകാതിരിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയാണ് ജൈവവ്യവസ്ഥ. ഒരു തരം ഗതിക സംതുലനം അതിൽ നിലനിൽക്കുന്നു. ഈ സംതുലനം പരിതഃസ്ഥിതിയുടെ സമ്മർദ്ദം മൂലം തകരാറിലാകുമ്പോൾ അതിനെ പുനഃസ്ഥാപിക്കാനുള്ള കഴിവുകൂടി അതിനുണ്ടായിരിക്കണം. [ 121 ] പക്ഷേ, ഇത്തരം കഴിവുകളെല്ലാം വളരെക്കാലത്തെ പരിണാമത്തിലൂടെ അഥവാ പ്രകൃതി നിർദ്ധാരണപ്രക്രിയയിലൂടെ കരഗതമായതാണെന്നു കരുതാവുന്നതാണ്.
ജൈവസ്വഭാവം അടിസ്ഥാനപരമായ ഭൗതികകണികകളുടെ സ്വഭാവത്തിൽത്തന്നെ അന്തർഗതമായിട്ടുള്ളതാണെന്നും, സവിശേഷമായ രീതിയിൽ അവ പ്രതിപ്രവർത്തിക്കുമ്പോൾ അത് പ്രകടമാവുകയാണു ചെയ്യുന്നതെന്നുമുള്ള ചിന്താഗതിയെ ചോദ്യം ചെയ്യുന്ന മറ്റൊരു വീക്ഷണമുണ്ട്. നിർഗതഗുണങ്ങളെക്കുറിച്ചുള്ള സിദ്ധാന്തമാണത്. ഈ സിദ്ധാന്തപ്രകാരം രചനാപരമായ സങ്കീർണ്ണത വർദ്ധിക്കുന്ന ഓരോ തലത്തിലും പുതിയ ഗുണങ്ങൾ നിർഗമിക്കുന്നു. ഘടകങ്ങളിൽ നിന്നു വ്യത്യസ്തമായ ഗുണങ്ങൾ ഓരോ തലത്തിലും പ്രത്യക്ഷപ്പെടുന്നു. ഒരു തന്മാത്രയിലെ ഘടകങ്ങളായ അണുക്കളിൽനിന്ന് വ്യത്യസ്തമായ ഗുണങ്ങൾ ആ തന്മാത്രയ്ക്കുണ്ടായിരിക്കും. രണ്ടു വ്യത്യസ്ത തന്മാത്രകൾ തമ്മിൽ കൂടിച്ചേരുമ്പോളുണ്ടാകുന്ന പുതിയ വസ്തുവിന് ആ തന്മാത്രകളിൽനിന്നു വ്യത്യസ്തമായ ഗുണവിശേഷങ്ങളുണ്ടാകുന്നു. ഓക്സിജനും ഹൈഡ്രജനും ചേർന്നുണ്ടാകുന്ന ജലം ഓക്സിജനിൽനിന്നും ഹൈഡ്രജനിൽനിന്നും മൗലികമായി വ്യത്യസ്തമാണ്. അതുപോലെ അസംഖ്യം അമിനോ അമ്ലങ്ങൾ ചേർന്നുണ്ടാകുന്ന ഒരു പ്രോട്ടീൻ തന്മാത്ര ആ അമിനോ അമ്ലങ്ങളിൽനിന്നെല്ലാം വ്യത്യസ്തമാണ്. ആയിരക്കണക്കിനു ന്യൂക്ലിയോടൈഡുകൾ അണിനിരന്നുണ്ടാകുന്ന ഡി.എൻ.എ. തന്മാത്ര ആ ന്യൂക്ലിയോടൈഡുകളിൽ നിന്നെല്ലാം വ്യത്യസ്തമാണ്. അതുപോലെതന്നെയാണ് ജൈവപ്രതിഭാസത്തിന്റെയും സവിശേഷതയെന്നു കാണാവുന്നതാണ്. ജീവകോശത്തിന്റെ നിർമ്മിതിക്കുപയോഗിച്ചിട്ടുള്ള എല്ലാ ഘടകങ്ങളിൽനിന്നും വ്യത്യസ്തമായ പുതിയൊരു സ്വഭാവം ആ കോശം പ്രദർശിപ്പിക്കുന്നു. പദാർത്ഥത്തിന്റെ മൗലികമായ പ്രവർത്തനരീതിയിലുള്ള ഒരു സവിശേഷതയാണ് നിർഗതഗുണങ്ങളെന്നു അംഗീകരിക്കുകയാണെങ്കിൽ വിവിധ വസ്തുക്കൾ സവിശേഷമായ ഒരു രീതിയിൽ ഒത്തുചേരുമ്പോൾ ഒരു പുതിയ ഗുണം അഥവാ ജൈവസ്വഭാവം ആവിർഭവിക്കുന്നതിൽ അത്ഭുതത്തിനവകാശമില്ല.
ഈ അടിസ്ഥാനത്തിൽ ജലത്തിന്റെ ഗുണങ്ങൾ ഓക്സിജനിലും ഹൈഡ്രജനിലുമടങ്ങിയിട്ടില്ല. പ്രോട്ടീനിന്റെ ഗുണങ്ങൾ അമിനോ അമ്ലങ്ങളിലുമില്ല. ആ നിലയ്ക്കു ജൈവസ്വഭാവങ്ങൾ അവയുടെ ജൈവവസ്തുവിന്റെ ഘടകങ്ങളിലും അടങ്ങിയിട്ടില്ല; മറിച്ച് ആ ഘടകങ്ങൾ സവിശേഷമായ രീതിയിൽ ഒത്തുചേരുമ്പോൾ നിർഗതമാവുന്നതാണത്. [ 122 ] സ്ഥിതികളെ അതിജീവിക്കാനുപകരിക്കുന്നവയായി തീരുമ്പോൾ പുതിയ ജീവസ്വഭാവങ്ങളുടെ പരിണാമത്തിലേയ്ക്ക് അതു വഴി തെളിക്കുന്നു. അതോടെ പ്രകൃതിനിർദ്ധാരണം വഴി വിവിധ പരിതഃസ്ഥിതികളിലും ജീവികളുടെ നിലനിൽപ്പ് സുരക്ഷിതമായിത്തീരുന്നു.
ചുരുക്കത്തിൽ, നിരന്തരമായി സ്വയം പുനരാവർത്തിക്കാനും, നിരന്തരം പുതുമകൾ സൃഷ്ടിച്ച് ആ പുതുമകളെ കൂടി തുടർന്നുള്ള തലമുറകളിലേയ്ക്കു പകർത്താനുമുള്ള കഴിവാണ് ജൈവപ്രതിഭാസത്തിന്റെ മൗലിക സ്വഭാവം. ഈ സ്വഭാവം പ്രധാനമായും നിലനില്ക്കുന്നത് ഡി.എൻ.ഏ. എന്ന ന്യൂക്ലിക്ക് അമ്ലത്തിലാണ്. എന്നാൽ ഡി.എൻ.ഏ. മാത്രമുണ്ടായാൽ അതൊരു ജീവവസ്തുവാകുന്നില്ല. ഡി.എൻ.ഏ. പ്രവർത്തനനിരതമാകണമെങ്കിൽ അതോടു ചേർന്നു പ്രവർത്തിക്കാവുന്ന ഒട്ടേറെ സഹായവസ്തുക്കളും മാധ്യമങ്ങളും ആവശ്യമാണ്. ഇവയിലേതെങ്കിലും ഒരു പ്രത്യേക വസ്തു ജൈവസ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നില്ല. എന്നാൽ ഇവയെല്ലാം കൂടി നിയതമായ രീതിയിൽ പരസ്പരബദ്ധമായ ഒരു പ്രവർത്തനവ്യവസ്ഥയായി വർത്തിക്കുമ്പോൾ അത് ജൈവസ്വഭാവം പ്രകടമാക്കുകയും ചെയ്യുന്നു.
ജൈവവസ്തുവിന്റെയെല്ലാം അടിസ്ഥാനഘടകങ്ങൾ ഭൗതികം തന്നെയായിരിക്കേ, മറ്റു ഭൗതികശാസ്ത്രങ്ങളുടെ അതേ സൂക്ഷ്മതയോടും യഥാതഥത്വത്തോടും കൂടി ജീവശാസ്ത്രപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്തതെന്തുകൊണ്ട് എന്ന ചോദ്യം ശ്രദ്ധേയമാണ്. പക്ഷേ, ഇതിന്റെ പേരിൽ ജൈവപ്രതിഭാസത്തെ ഭൗതികാതീത മേഖലയിലേയ്ക്കു കൊണ്ടുപോകാനുള്ള ശ്രമം നിരർത്ഥകമാണ്. എന്തുകൊണ്ടെന്നാൽ, അടിസ്ഥാനപരമായി നോക്കുമ്പോൾ ഭൗതിക വസ്തുക്കളുടെ മൗലികഘടകങ്ങളിൽ നിലനിൽക്കുന്ന മൗലിക സ്വഭാവവിശേഷം തന്നെയാണ് പുതിയ രീതിയിലും രൂപത്തിലുമുള്ള പരസ്പര ക്രിയകളുടെ ഫലമായി ജീവികളിൽ സങ്കീർണ്ണമായ വിധത്തിൽ പ്രകടമാവുന്നതെന്നു കാണാവുന്നതാണ്. ഉദാഹരണത്തിന്, ഡി.എൻ.എ - യുടെയും മറ്റു രാസസംയുക്തങ്ങളുടെയും നിയതമായ എല്ലാ പ്രവർത്തനങ്ങളിലും രസതന്ത്ര നിയമങ്ങൾ തന്നെയാണ് വർത്തിയ്ക്കുന്നത്. ഈ നിയമങ്ങളാകട്ടെ, ആ രാസവസ്തുക്കളിലെ മൗലികഘടകങ്ങളുടെ സവിശേഷതകളെ ആസ്പദമാക്കി പ്രവർത്തിയ്ക്കുന്നവയാണ്. ഇങ്ങനെ ജൈവശരീരത്തിന്റെ എല്ലാ മേഖലകളിലും നടക്കുന്ന പ്രവർത്തനങ്ങളുടെ ഉറവിടം അന്വേഷിച്ചു ചെല്ലുമ്പോൾ അവയിൽ ഭാഗഭാക്കുകളാകുന്ന പദാർത്ഥത്തിന്റെ മൗലികഘടകങ്ങളുടെ പ്രവർത്തന വിശേഷങ്ങളിലാണ് നാം ചെന്നെത്തുക. അപ്പോൾ, മറ്റെല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങൾക്കുമെന്ന പോലെ ജീവ പ്രപഞ്ചത്തിന്റെയും മൗലികമായ അടിത്തറ ഭൗതികവസ്തുവിന്റെ അഥവാ പദാർത്ഥത്തിന്റെ മൗലികഘടകങ്ങളിൽ തന്നെയാണ് ഉറപ്പിയ്ക്കപ്പെട്ടിട്ടുള്ളതെന്നു കാണാം.
ഈ വാദഗതിയ്ക്കൊരു മറുപുറമുണ്ട്. ഭൗതികവിജ്ഞാനത്തിന്റെയും