Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രസതന്ത്രത്തിന്റെയും ജൈവരസതന്ത്രത്തിന്റെയും അടിസ്ഥാനത്തിൽ പദാർത്ഥത്തെ നിർവ്വചിക്കാം. എന്നാൽ ജൈവപ്രതിഭാസത്തെ നിർവ്വചിക്കാൻ അതുപോരാ. അത് കുറേക്കൂടി വ്യത്യസ്തമായ ഒരു മേഖലയാണ്. ഉദാഹരണത്തിന്, നാം ആഹരിക്കുന്ന നിർജീവമായ ഭക്ഷണപദാർത്ഥം ശരീരത്തിൽ ഏതു നിമിഷത്തിലാണ് സജീവമായിത്തീരുന്നത്. നമ്മുടെ ആഹാരത്തിലെ ഒരു മുഖ്യഘടകമായ സ്റ്റാർച്ചിന്റെ കാര്യം തന്നെയെടുക്കാം. അന്നപഥത്തിൽ വെച്ച് അത് ഗ്ലൂക്കോസായി വിശ്ലേഷണം ചെയ്യപ്പെടുകയും, രക്തത്തിൽ ലയിച്ചുചേരുകയും ചെയ്യുന്നു. പിന്നീട് ചാക്രികമായ ശ്വസനപ്രക്രിയകളുടെ ഫലമായി ഓരോ ഗ്ലൂക്കോസ് തന്മാത്രയും വിശ്ലേഷിക്കപ്പെട്ട് ഓക്സിജന്റെ സഹായത്തോടെ ജലവും കാർബൺ ഡയോക്സൈഡും ആയി മാറുന്നു. ഇവ പിന്നീട് പല രീതിയിൽ വിസർജിക്കപ്പെടുകയും ചെയ്യുന്നു. ഈ സങ്കീർണ്ണമായ പ്രവർത്തനശൃംഖലയിൽ ഒരവസരത്തിൽ പോലും സ്റ്റാർച്ചിന്റെ ഒരു തന്മാത്ര പോലും സജീവമായിത്തീർന്നു എന്നു പറയാൻ കഴിയില്ല. വാസ്തവത്തിൽ അതൊരിക്കലും സജീവമാകുന്നില്ല. ഇങ്ങനെ ജൈവശരീരത്തിൽ പ്രവർത്തിക്കുന്ന ഓരോ ഘടകത്തെയും വേറെ വേറെ പരിശോധിച്ചുനോക്കുമ്പോൾ അവ ശരീരത്തിൽ വെച്ച് ഒരിക്കലും സജീവമായിത്തീരുന്നില്ലെന്നു കാണാം. അതായത് എല്ലായ്പോഴും ഇവ ഭൗതികനിയമങ്ങളെ ആസ്പദമാക്കി മാത്രമാണു പ്രവർത്തിക്കുന്നത്. ഇതിൽനിന്നെല്ലാം സുപ്രധാനമായ ഒരു വസ്തുത വ്യക്തമായി വരുന്നുണ്ട്. ജൈവപ്രതിഭാസത്തെ നിയന്ത്രിക്കുന്നത്, അതിൽ പങ്കെടുക്കുന്ന ഘടകങ്ങളല്ല, മറിച്ച് അവ പങ്കുകൊള്ളുന്ന പ്രക്രിയയാണ്. ആ നിലയ്ക്കു ജൈവപ്രതിഭാസത്തിന്റെ അന്തസ്സത്തയെ കണ്ടെത്തേണ്ടതു ജൈവപ്രക്രിയയിലാണ്, ജീവകോശങ്ങളുടെ ഘടകങ്ങളിലല്ല എന്നു വ്യക്തമാകുന്നു.

ഈ പ്രക്രിയകളുടെ സങ്കീർണ്ണത, രചനാപരമായ സങ്കീർണ്ണതയുടെ വിവിധ നിലവാരങ്ങൾക്കനിസരിച്ചു വർദ്ധിക്കുന്നു. അണുവിൽ ന്യൂക്ലിയസ്സും ഉപന്യൂക്ലിയസ്സും അവയുടെ ഘടകങ്ങളുമുണ്ട്. തന്മാത്രയിൽ അണുക്കളും. തന്മാത്രകൾ ചേർന്ന് അടുക്കും ചിട്ടയിലും പ്രവർത്തിക്കുന്ന തന്മാത്രാവിഭാഗങ്ങളുണ്ടാകുന്നു. ഇവ ചേർന്ന് വിവിധ പ്രവർത്തനവ്യവസ്ഥകളുണ്ടാകുന്നു. ഈ വ്യവസ്ഥകളുടെ പരസ്പരബദ്ധമായ പ്രവർത്തനം ഒരു പ്രത്യേക നിലവാരത്തിലെത്തുമ്പോൾ മാത്രമേ അതു സജീവമാണ് എന്നു നാം പറയുകയുള്ളു. സജീവം എന്ന വിശേഷണത്തിനർഹമാകുന്ന പ്രവർത്തനവ്യവസ്ഥ അതിന്റെ തനതായ പൂർണ്ണത്വം നിലനിറുത്താൻ കഴിവുള്ളതായിരിക്കണം. പദാർത്ഥം അകത്തോട്ടും ഊർജം സ്ഥിരമായി പുറത്തോട്ടും പൊയ്ക്കൊണ്ടിരിക്കുകയും, അതോടൊപ്പം സംതുലനാവസ്ഥ താറുമാറാകാതിരിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയാണ് ജൈവവ്യവസ്ഥ. ഒരു തരം ഗതിക സംതുലനം അതിൽ നിലനിൽക്കുന്നു. ഈ സംതുലനം പരിതഃസ്ഥിതിയുടെ സമ്മർദ്ദം മൂലം തകരാറിലാകുമ്പോൾ അതിനെ പുനഃസ്ഥാപിക്കാനുള്ള കഴിവുകൂടി അതിനുണ്ടായിരിക്കണം.