താൾ:പ്രപഞ്ചവും മനുഷ്യനും.djvu/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

124 പ്രപഞ്ചവും മനുഷ്യനും

സ്ഥിതികളെ അതിജീവിക്കാനുപകരിക്കുന്നവയായി തീരുമ്പോൾ പുതിയ ജീവസ്വഭാവങ്ങളുടെ പരിണാമത്തിലേയ്ക്ക് അതു വഴി തെളിക്കുന്നു. അതോടെ പ്രകൃതിനിർദ്ധാരണം വഴി വിവിധ പരിതഃസ്ഥിതികളിലും ജീവികളുടെ നിലനിൽപ്പ് സുരക്ഷിതമായിത്തീരുന്നു.

ചുരുക്കത്തിൽ, നിരന്തരമായി സ്വയം പുനരാവർത്തിക്കാനും, നിരന്തരം പുതുമകൾ സൃഷ്ടിച്ച് ആ പുതുമകളെ കൂടി തുടർന്നുള്ള തലമുറകളിലേയ്ക്കു പകർത്താനുമുള്ള കഴിവാണ് ജൈവപ്രതിഭാസത്തിന്റെ മൗലിക സ്വഭാവം. ഈ സ്വഭാവം പ്രധാനമായും നിലനില്ക്കുന്നത് ഡി.എൻ.ഏ. എന്ന ന്യൂക്ലിക്ക് അമ്ലത്തിലാണ്. എന്നാൽ ഡി.എൻ.ഏ. മാത്രമുണ്ടായാൽ അതൊരു ജീവവസ്തുവാകുന്നില്ല. ഡി.എൻ.ഏ. പ്രവർത്തനനിരതമാകണമെങ്കിൽ അതോടു ചേർന്നു പ്രവർത്തിക്കാവുന്ന ഒട്ടേറെ സഹായവസ്തുക്കളും മാധ്യമങ്ങളും ആവശ്യമാണ്. ഇവയിലേതെങ്കിലും ഒരു പ്രത്യേക വസ്തു ജൈവസ്വഭാവത്തെ പ്രതിനിധാനം ചെയ്യുന്നില്ല. എന്നാൽ ഇവയെല്ലാം കൂടി നിയതമായ രീതിയിൽ പരസ്പരബദ്ധമായ ഒരു പ്രവർത്തനവ്യവസ്ഥയായി വർത്തിക്കുമ്പോൾ അത് ജൈവസ്വഭാവം പ്രകടമാക്കുകയും ചെയ്യുന്നു.

ജൈവവസ്തുവിന്റെയെല്ലാം അടിസ്ഥാനഘടകങ്ങൾ ഭൗതികം തന്നെയായിരിക്കേ, മറ്റു ഭൗതികശാസ്ത്രങ്ങളുടെ അതേ സൂക്ഷ്മതയോടും യഥാതഥത്വത്തോടും കൂടി ജീവശാസ്ത്രപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാത്തതെന്തുകൊണ്ട് എന്ന ചോദ്യം ശ്രദ്ധേയമാണ്. പക്ഷേ, ഇതിന്റെ പേരിൽ ജൈവപ്രതിഭാസത്തെ ഭൗതികാതീത മേഖലയിലേയ്ക്കു കൊണ്ടുപോകാനുള്ള ശ്രമം നിരർത്ഥകമാണ്. എന്തുകൊണ്ടെന്നാൽ, അടിസ്ഥാനപരമായി നോക്കുമ്പോൾ ഭൗതിക വസ്തുക്കളുടെ മൗലികഘടകങ്ങളിൽ നിലനിൽക്കുന്ന മൗലിക സ്വഭാവവിശേഷം തന്നെയാണ് പുതിയ രീതിയിലും രൂപത്തിലുമുള്ള പരസ്പര ക്രിയകളുടെ ഫലമായി ജീവികളിൽ സങ്കീർണ്ണമായ വിധത്തിൽ പ്രകടമാവുന്നതെന്നു കാണാവുന്നതാണ്. ഉദാഹരണത്തിന്, ഡി.എൻ.എ - യുടെയും മറ്റു രാസസംയുക്തങ്ങളുടെയും നിയതമായ എല്ലാ പ്രവർത്തനങ്ങളിലും രസതന്ത്ര നിയമങ്ങൾ തന്നെയാണ് വർത്തിയ്ക്കുന്നത്. ഈ നിയമങ്ങളാകട്ടെ, ആ രാസവസ്തുക്കളിലെ മൗലികഘടകങ്ങളുടെ സവിശേഷതകളെ ആസ്പദമാക്കി പ്രവർത്തിയ്ക്കുന്നവയാണ്. ഇങ്ങനെ ജൈവശരീരത്തിന്റെ എല്ലാ മേഖലകളിലും നടക്കുന്ന പ്രവർത്തനങ്ങളുടെ ഉറവിടം അന്വേഷിച്ചു ചെല്ലുമ്പോൾ അവയിൽ ഭാഗഭാക്കുകളാകുന്ന പദാർത്ഥത്തിന്റെ മൗലികഘടകങ്ങളുടെ പ്രവർത്തന വിശേഷങ്ങളിലാണ് നാം ചെന്നെത്തുക. അപ്പോൾ, മറ്റെല്ലാ പ്രാപഞ്ചിക പ്രതിഭാസങ്ങൾക്കുമെന്ന പോലെ ജീവ പ്രപഞ്ചത്തിന്റെയും മൗലികമായ അടിത്തറ ഭൗതികവസ്തുവിന്റെ അഥവാ പദാർത്ഥത്തിന്റെ മൗലികഘടകങ്ങളിൽ തന്നെയാണ് ഉറപ്പിയ്ക്കപ്പെട്ടിട്ടുള്ളതെന്നു കാണാം.

ഈ വാദഗതിയ്ക്കൊരു മറുപുറമുണ്ട്. ഭൗതികവിജ്ഞാനത്തിന്റെയും