Jump to content

താൾ:പ്രപഞ്ചവും മനുഷ്യനും.djvu/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112 പ്രപഞ്ചവും മനുഷ്യനും

ഏറ്റവും അടുത്തുനിന്നിരുന്ന മനുഷ്യനിൽനിന്നാരംഭിച്ച് പൂർണ്ണതയുടെ മേഖലയിൽനിന്ന് അകന്നകന്നു വരുന്നതിനനുസരിച്ച്, അഥവാ അപൂർണ്ണതയുടെ തോത് വർദ്ധിക്കുന്നതിനനുസരിച്ച്, കീഴോട്ടാണ് മറ്റു ജന്തുക്കളെ തരംതിരിച്ചിരുന്നത്. ഈ സ്ഥിതിക്ക് പാടെ മാറ്റം വരുത്തിയത് ചാൾസ് ഡാർവിനായിരുന്നു. ഇന്ന് ജീവശാസ്ത്രജ്ഞന്മാർ പഠനമാരംഭിക്കുന്നത് ഏകകോശജീവികളിൽനിന്ന് അല്ലെങ്കിൽ ബാക്ടീരിയങ്ങളിൽ നിന്നും വൈറസിൽനിന്നുമാണ്. അവിടെനിന്നുമാണ് പരിണാമപരമ്പരയുടെ ഉയർന്ന തലങ്ങളിലേയ്ക്ക് പഠനം നീങ്ങുന്നത്.

പക്ഷേ, നമ്മുടെ ഏറ്റവും പ്രാചീന പൂർവജ പരമ്പരയെക്കുറിച്ചുള്ള അന്വേഷണം ഏകകോശജീവികളിലോ വൈറസിലോ ചെന്നവസാനിക്കുന്നില്ല. ആ അന്വേഷണം ജൈവപരിണാമത്തെ പ്രാഥമികമായ അജൈവപരിണാമത്തിന്റെ മേഖലകളിലേക്കെത്തിക്കുന്നു. അവിടെ ജൈവപരിണാമതത്വങ്ങൾ അപര്യാപ്തങ്ങളായിത്തീരുന്നു. തികച്ചും ഭൗതികനിയമങ്ങളെ ആസ്പദമാക്കിക്കൊണ്ടുതന്നെ, അജൈവ പരിണാമത്തിൽനിന്ന് ജൈവപരിണാമത്തിലേക്കുള്ള പ്രക്രിയ വിശദീകരിക്കപ്പെടേണ്ടിയിരിക്കുന്നു. അങ്ങനെ ജീവലോകത്തിന്റെ മുഴുവൻ പ്രശ്നങ്ങളും ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠ പരീക്ഷണ നിരീക്ഷണങ്ങളുടെ മേഖലയിൽതന്നെ വന്നു ചേർന്നിരിക്കുന്നു.

ജീവകോശത്തെ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും ഇന്ന് പരിഹൃതമായിട്ടില്ല. പക്ഷേ അവ അജ്ഞാതങ്ങളാണെന്ന് ഇന്നു ആരും കരുതുന്നില്ല. പല പ്രശ്നങ്ങളും ഇന്ന് അജ്ഞാതങ്ങളായി നിലനില്ക്കുന്നത് അവയുടെ സങ്കീർണ്ണതകൊണ്ടു മാത്രമാണ്. ആ സങ്കീർണ്ണതകളെല്ലാം കെട്ടഴിഞ്ഞു വരുന്നതിന് സമയമെടുക്കുമെന്നു മാത്രം.

ജൈവസ്വഭാവം

വ്യക്തമായ ഒരു നിർവചനത്തിൽ ഒതുക്കിനിറുത്താൻ പറ്റാത്ത ഒന്നാണ് ജൈവസ്വഭാവമെന്നംഗീകരിച്ചേ തീരൂ. എങ്കിലും ജീവലോകത്തിന്റെ മൗലികസ്വഭാവങ്ങൾ എന്തൊക്കെയാണെന്ന് കണ്ടുപിടിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയും. ചേതനങ്ങൾക്കും അചേതനങ്ങൾക്കും തമ്മിലുള്ള അടിസ്ഥാനപരമായ അന്തരമെന്താണെന്നു കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ജീവികളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകൾ പ്രത്യുല്പാദനവും വളർച്ചയുമാണ്. ഓരോ ജാതിയിലുംപെട്ട ജീവികൾ അതേ തരത്തിലുള്ള സന്തതി പരമ്പരകളെ സൃഷ്ടിച്ച് വംശവർദ്ധനവ് നടത്തുന്നു. അതുപോലെ ഓരോ ജീവിയും അതെത്രവലുതായിരുന്നാലും ഏകഭ്രൂണകോശത്തിൽനിന്ന് വളർന്നാണ് പൂർണ്ണരൂപം പ്രാപിക്കുന്നത്. അചേതനവസ്തുക്കൾക്കൊന്നും തന്നെയില്ലാത്ത രണ്ടു സവിശേഷതകളാണ് പ്രത്യുല്പാദനവും വളർച്ചയും. ഈ രണ്ട് സവിശേഷതകളും അഭേദ്യമാംവിധം ബന്ധപ്പെട്ടവയുമാണ്. വളർച്ചയുടെയും പ്രത്യുല്പാദനത്തിന്റെയും അടിസ്ഥാനം കോശവിഭജനമാണ്. ഈ പ്രക്രിയയ്ക്കിടയിൽ ഒരു കോശം സമാനങ്ങളായ രണ്ടു