പ്രപഞ്ചവും മനുഷ്യനും/ജീവന്റെ ആവിർഭാവം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

[ 173 ]


16

ജീവന്റെ ആവിർഭാവം


രു സുപ്രഭാതത്തിൽ പൊട്ടിമുളച്ച ഒരത്ഭുത പ്രതിഭാസമാണ് ജീവൻ എന്ന പ്രതീതിയാണ് ഈ അദ്ധ്യായത്തിന്റെ ശീർഷകം ഉളവാക്കുന്നത്. എന്നാൽ ആ ധാരണ തെറ്റാണെന്ന് തെളിയിക്കാനാണ് ഇവിടെ ആദ്യം ശ്രമിക്കുന്നത്. ഒരു നിശ്ചിതസമയത്ത് നിശ്ചിത പരിതഃസ്ഥിതിയിൽ ഉടലെടുത്ത ഒരു പ്രതിഭാസമല്ല ജീവൻ. സുദീർഘമായ കാലയളവിൽ വൈവിധ്യമാർന്ന പരിവർത്തനങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്ന ചലനാത്മകമായ ഒരു പരിതഃസ്ഥിതിയിൽ, അതീവ സങ്കീർണ്ണമായ ഭൗതിക-രാസ പ്രക്രിയകളിലൂടെയാണ് ഇന്ന് നാം ജീവനെന്നു വിളിക്കുന്ന പ്രതിഭാസം രൂപംകൊണ്ടത്.

ജൈവപ്രതിഭാസത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെന്തെല്ലാമാണെന്നും, മൗലികമായ ജൈവപ്രക്രിയകളുടെ സങ്കീർണ്ണത എത്രത്തോളമുണ്ടെന്നും, കഴിഞ്ഞ അദ്ധ്യായങ്ങളിലായി നാം കാണുകയുണ്ടായി. ഡി.എൻ.എ. എന്ന ന്യൂക്ലിക്കമ്ലവും അതിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ.എൻ.എ. എന്ന ന്യൂക്ലിക്കമ്ലവും പ്രോട്ടീനുകളുമാണ് ജൈവനാടകത്തിലെ പ്രധാന കഥാപാത്രങ്ങളെന്ന് നാം കാണുകയുണ്ടായി. അപ്പോൾ ജൈവപ്രതിഭാസത്തിന്റെ ആവിർഭാവത്തെക്കുറിച്ചു പഠിക്കാൻ ശ്രമിക്കുമ്പോൾ, ഈ അടിസ്ഥാനഘടകങ്ങൾ എങ്ങനെ, എവിടെവെച്ച് എപ്പോൾ രൂപംകൊണ്ടു എന്നും, അവ ഒത്തുചേർന്ന് ഒരു സ്വയം പ്രവർത്തക വ്യവസ്ഥയായി തീർന്നതെങ്ങനെയാണെന്നും കണ്ടുപിടിക്കുകയാണ് ആദ്യം വേണ്ടത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, ശാസ്ത്രലോകത്ത് കോളിളക്കം സൃഷ്ടിച്ച ജൈവപരിണാമസിദ്ധാന്തം ആവിഷ്ക്കരിച്ച ഡാർവിൻപോലും, ജീവന്റെ ആരംഭത്തെക്കുറിച്ച് വ്യക്തമായിട്ടെന്തെങ്കിലും പറയാൻ ധൈര്യപ്പെട്ടില്ല. ആദ്യത്തെ ജീവരൂപങ്ങൾ ആവിർഭവിച്ചതിനുശേഷമുള്ള പരിണാമപ്രക്രിയകളെക്കുറിച്ചു മാത്രമെ അദ്ദേഹം തന്റെ സുപ്രസിദ്ധമായ ഗ്രന്ഥത്തിൽ പരാമർശിച്ചുള്ളു. ജീവന്റെ ആദ്യരൂപത്തിന്റെ കർതൃത്വം ദൈവത്തിന് വിട്ടുകൊടുക്കാനും അദ്ദേഹം തയ്യാറായിരുന്നു. അചേതനങ്ങളിൽനിന്ന് ചേതനങ്ങളിലേക്കുള്ള പരിണാമത്തേക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹം ശ്രമിച്ചില്ല.

അതിപ്രാചീനകാലം മുതൽക്കേ ജീവനെക്കുറിച്ചുള്ള ആത്മീയസിദ്ധാന്തങ്ങൾ നിലനിന്നിരുന്നു. ജീവികൾ പ്രകൃതിയിൽ സദാ സ്വയംഭൂവായിക്കൊണ്ടിരിക്കുകയാണെന്ന് ഭൗതികവാദികൾ കരുതിയിരുന്നു. ചീഞ്ഞഴുകുന്ന [ 174 ] ജൈവസ്തുക്കളിൽനിന്നും പ്രത്യക്ഷപ്പെടുന്ന പുഴുക്കളും ഈച്ചകളും തങ്ങളുടെ സിദ്ധാന്തത്തിന് ഉപോൽബലകമായി അവർ ചൂണ്ടിക്കാണിച്ചിരിക്കുന്നു. എന്നാൽ ലൂയി പാസ്ചറുടെ സുപ്രസിദ്ധമായ ഗവേഷണങ്ങളാണ് ഈ ധാരണ തെറ്റാണെന്ന് ആദ്യമായി വസ്തുനിഷ്ഠമായി തെളിയിച്ചത്. ജീവികൾ എപ്പോഴും എവിടെയും താനെ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന ധാരണ അതോടെ തകർന്നു.

ഇന്നു നിലവിലുള്ള എല്ലാ ജീവജാതികളും മുമ്പു നിലനിന്നിരുന്നവയിൽ നിന്നു പരിണമിച്ചുണ്ടായതാണെന്ന് വ്യക്തമായതോടെ ഈ പരിണാമങ്ങൾക്കെല്ലാം ആരംഭമിട്ട ആ ആദിമജീവരൂപം എങ്ങനെ ഉടലെടുത്തു എന്നതായി പിന്നത്തെ ചിന്ത. ഒട്ടേറെ ശാസ്ത്രീയ വസ്തുതകളെ അടിസ്ഥാനമാക്കിക്കൊണ്ട് ഈ പ്രശ്നത്തിനുത്തരം കണ്ടെത്താനുള്ള ശ്രമത്തിൽ താത്വികമായിട്ടെങ്കിലും ആദ്യമായി വിജയിച്ചത് റഷ്യൻ ശാസ്ത്രജ്ഞനായ എ.ഐ. ഒപാരിനാണ്. ജീവന്റെ ആവിർഭാവത്തെക്കുറിച്ച് ഇന്നു നിലനില്ക്കുന്ന പല സിദ്ധാന്തങ്ങൾക്കും അടിസ്ഥാനമായി തീർന്ന അദ്ദേഹത്തിന്റെ നിഗമനങ്ങൾ ആദ്യമായി പ്രസിദ്ധീകൃതമായതു 1924-ൽ ആണ്. ഇതേക്കുറിച്ച് അറിയാതെ തന്നെ ഏറെക്കുറെ സമാനങ്ങളായ ആശയങ്ങൾ 1929-ൽ ജെ.ബി.എസ്. ഹാൽഡേനും പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രാചീന ഭൂഗോളാന്തരീക്ഷത്തിൽ നിലവിലുണ്ടായിരുന്ന സാഹചര്യങ്ങളിൽ നിന്ന് ജീവന്റെ അനിവാര്യമായ രാസഗുണങ്ങൾ ഉടലെടുക്കുവാനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുകയാണ് അവർ രണ്ടുപേരും ചെയ്തത്. അന്നു നിലനിന്നിരുന്ന ലളിത രാസസംയുക്തങ്ങളിൽ നിന്ന് ജീവികളിൽ ഇന്നു നിലനില്ക്കുന്ന സങ്കീർണ്ണങ്ങളായ ജൈവരാസ സംയുക്തങ്ങൾ രൂപം കൊണ്ടതിനെക്കുറിച്ച് പരികല്പന നടത്താൻ മാത്രമേ അവർക്കു കഴിഞ്ഞുള്ളു.

ഈ പരികല്പനകൾക്കു സാധൂകരണം നൽകാനുതകുന്ന ശ്രദ്ധേയമായ ഒരു പരീക്ഷണം 1953-ൽ എസ്.എൻ. മില്ലർ നടത്തുകയുണ്ടായി. അമോണിയ, മീതേൻ, ജലം, ഹൈഡ്രജൻ എന്നിവ വിവിധതരത്തിലുള്ള വൈദ്യുതോത്തേജനത്തിനു വിധേയമാക്കിയപ്പോൾ അമിനോ അമ്ളങ്ങൾ തുടങ്ങിയ ജൈവരാസ സംയുക്തങ്ങൾ രൂപം കൊണ്ടു. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ഇത്തരം പരീക്ഷണങ്ങളുടെ ഫലമായി മിക്ക ജൈവരാസ സംയുക്തങ്ങളും ഇങ്ങനെ കൃത്രിമമായി സംശ്ലേഷണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

ഫ്ളോറിഡാ യൂണിവേഴ്സിറ്റിയിലെ പ്രൊ. ഡബ്ള്യു.എസ്. ഫോക്സ് വ്യത്യസ്തമായ മറ്റൊരു ചിത്രമവതരിപ്പിക്കുന്നു. 100°C മുതൽ 210°C വരെയുള്ള താപനിലയിൽ വെച്ച് രാസവസ്തുക്കൾ ചൂടാക്കുന്നതുവഴി ആദ്യം അമിനോ അമ്ളങ്ങളും പിന്നെ കൂടുതൽ സങ്കീർണ്ണമായ പ്രോട്ടിനോയിഡുകളും സംശ്ലേഷണം ചെയ്തെടുക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ഒപാരിൻ-ഹാൽഡേൻ സിദ്ധാന്തത്തിൽ നിന്നു ഭിന്നമായ രീതിയിലാണ് പ്രാചീന [ 175 ] ഭൂമിയുടെ അന്തരീക്ഷത്തിൽ രാസപരിണാമങ്ങൾ നടന്നിരുന്നതെന്ന് ഇതു സൂചിപ്പിക്കുന്നു.

ഇതിൽനിന്നെല്ലാം തികച്ചും ഭിന്നമായ ഒരു ചിന്താഗതി പുലർത്തുന്നവരും ഇല്ലാതില്ല. ജീവൻ മൗലികമായി ഉടലെടുത്തത് പ്രപഞ്ചത്തിൻറ മറ്റേതോ ഭാഗത്താണെന്നും, പിന്നീടത് ഉൽക്കകൾ വഴിയോ മറ്റോ ഭൂമിയിൽ എത്തിച്ചേർന്നതാണെന്നും അവർ കരുതുന്നു. ചില ഉൽക്കകളിൽ പല ജൈവയൗഗികങ്ങളും നിലനില്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഉണങ്ങിയ അവസ്ഥയിലുള്ള ജീവികൾ തന്നെ ഉൽക്കകളിലുണ്ടെന്ന വാദഗതികളും അടുത്ത കാലത്തുണ്ടായിട്ടുണ്ട്. പക്ഷെ, ഇവയിൽ ചിലത് ഭൂമിയിൽ വന്നതിനുശേഷം ഇവിടെനിന്നും സംക്രമിക്കപ്പെട്ടതാണെന്നും, മറ്റുള്ളവ അജൈവ രാസസംയുക്തങ്ങളാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉൽക്കകളിലും മറ്റും കാണുന്ന പ്രാഥമിക ജൈവയൗഗികങ്ങൾ വ്യക്തമാക്കുന്നത് ഈ രാസവസ്തുക്കൾ പ്രപഞ്ചത്തിന്റെ വിവിധ മേഖലകളിൽ പരിണമിച്ചുണ്ടായിട്ടുണ്ടെന്നു മാത്രമാണ്. പ്രപഞ്ചത്തിന്റെ മറ്റു ഭാഗങ്ങളിലാണ് ജീവൻ ഉണ്ടായതെന്നതിന് അതു തെളിവാകുന്നില്ല. മാത്രമല്ല, ഈ വാദഗതി പ്രശ്നത്തെ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നു മാറ്റി മറ്റെവിടെയോ സ്ഥാപിക്കുന്നു എന്നല്ലാതെ ജീവന്റെ ആവിർഭാവത്തിന് ഒരു പരിഹാരമാകുന്നില്ല.

വിവിധ ഘട്ടങ്ങൾ[തിരുത്തുക]

ജീവന്റെ ആവിർഭാവത്തിലേയ്ക്കു നയിച്ച സുദീർഘമായ രാസപരിണാമങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പൊതുവായ ഒരു പരിണാമഗതിയുടെ കാര്യത്തിൽ ഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും യോജിക്കുന്നു. ഈ പൊതുവീക്ഷണമനുസരിച്ച് ഈ പരിണാമത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. അണുവിൽനിന്നു തന്മാത്രയിലേയ്ക്ക്, തന്മാത്രയിൽ നിന്നു പോളിമറിലേയ്ക്ക്, പോളിമറിൽനിന്ന് ജീവിയിലേയ്ക്ക്.

ഒന്നാംഘട്ടത്തിൽ അമോണിയ, മീതേൻ, ജലം തുടങ്ങിയ പ്രാഥമിക ഘടകങ്ങളിൽനിന്നു അമിനോ അമ്ളങ്ങൾ തുടങ്ങിയ ജൈവ ഏകകങ്ങൾ അഥവാ മോണോമറുകൾ നിർമ്മിക്കപ്പെടുന്നു. അടുത്ത ഘട്ടത്തിൽ അമിനോ അമ്ളങ്ങളുടെയും മറ്റും നിരവധി തന്മാത്രകൾ ഒത്തുചേർന്ന് ദീർഘങ്ങളായ വലിയതും സങ്കീർണ്ണവുമായ പ്രോട്ടീനുകളെയും ന്യൂക്ളിക്കമ്ലങ്ങളെയും പോലുള്ള തന്മാത്രകൾ സംശ്ലേഷിക്കപ്പെടുന്നു. ഇങ്ങനെ ഒട്ടേറെ ഒരേപോലുള്ള ചെറുതന്മാത്രകൾ അഥവാ മോണോമറുകൾ ചേർന്ന് സുദീർഘ തന്മാത്രകൾ അഥവാ പോളിമറുകൾ ഉണ്ടാകുന്ന പ്രക്രിയയെ പോളിമറീകരണം എന്നു പറയുന്നു. ഇങ്ങനെ നിർമ്മിക്കപ്പെടുന്ന ജൈവരാസവസ്തുക്കളെല്ലാം നിയതമായ രീതിയിൽ ഒത്തുചേർന്ന് ജീവിയായിത്തീരുന്ന ഘട്ടമാണ് മൂന്നാമത്തേത്. [ 176 ]
ഒന്നാം ഘട്ടം

ജീവന്റെ ആവിർഭാവത്തിലേയ്‌ക്കു നയിക്കുന്ന രാസപരിണാമങ്ങളുടെ ഒന്നാംഘട്ടം, ഭൂമിയുടെ ആവിർഭാവത്തെ തുടർന്നുള്ള കാലങ്ങളിലാണ് നടക്കുന്നത്. സൗരയൂഥവും അതേ തുടർന്ന് ഭൂമിയും എങ്ങനെയാണ് രൂപംകൊണ്ടതെന്ന് ഒന്നാം ഭാഗത്തിൽനിന്ന് നാം കാണുകയുണ്ടായി. ഒരു വാതകഗോളമായി ആരംഭിച്ച ഭൂമി ഉറപ്പുവന്നതോടെ ഭാരം കൂടിയ മൂലകങ്ങൾ ഉള്ളിലോട്ടും കുറഞ്ഞവ പുറത്തോട്ടും എന്ന ക്രമത്തിൽ ക്രമീകരിക്കപ്പെടുകയുണ്ടായി. അങ്ങനെ ഇരുമ്പും നിക്കലും മറ്റും ഭൂമിയുടെ ഉൾത്തട്ടിലേയ്‌ക്കു പോയപ്പോൾ അവയെക്കാൾ ഭാരം കുറഞ്ഞ സിലിക്കോൺ, സൾഫർ, ഫോസ്‌ഫറസ്, അലൂമിനിയം തുടങ്ങിയവ മധ്യപാളിയിൽ അഥവാ ഭൂമിയുടെ പുറംതട്ടിൽ സ്ഥലം പിടിച്ചു. അതേസമയം ഏറ്റവും ഭാരം കുറഞ്ഞ ഹൈഡ്രജൻ, ഓക്സിജൻ, നൈഡ്രജൻ, കാർബൺ തുടങ്ങിയ മൂലകങ്ങൾ ഉപരിതലത്തിൽ അഥവാ അന്തരീക്ഷത്തിൽ സമാഹരിക്കപ്പെട്ടു.

ജീവവസ്തുക്കളുടെ നിർമ്മിതിയിൽ പ്രധാന പങ്കു വഹിക്കുന്ന മൂലകങ്ങൾക്കു മൗലികമായ രണ്ടു ഗുണങ്ങളുണ്ടായിരിക്കണം. അണുകേന്ദ്രഘടകങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ ഈ മൂലകങ്ങൾ നിലനിന്നെങ്കിലേ ജൈവരൂപീകരണത്തിനാവശ്യമായ സങ്കീർണ്ണ രാസപ്രക്രിയകൾ യഥേഷ്ടം നടക്കുകയുള്ളൂ. രണ്ടാമതായി സങ്കീർണ്ണ രാസയൗഗികങ്ങൾ രൂപീകരിക്കാനുള്ള കഴിവും ഇവയ്‌ക്കുണ്ടായിരിക്കണം. അണുക്കളിലെ ഇലക്ട്രോണുകളുടെ ക്രമീകരണമാണ് ഈ സവിശേഷ ഗുണത്തിനാധാരം. ഭാരം കുറഞ്ഞ മൂലകങ്ങൾക്ക് ഈ രണ്ടു ഗുണങ്ങളുമുണ്ട്. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ എന്നിവയാണ് ഈ പ്രധാന മൂലകങ്ങൾ. സങ്കീർണ്ണയൗഗികങ്ങൾ രൂപീകരിക്കാനുള്ള കാർബണിന്റെ കഴിവ് അപാരമാണ്. ഹൈഡ്രജനും ഓക്സിജനുമായും മറ്റു കാർബൺ അണുക്കളുമായും ചേർന്ന് സങ്കീർണ്ണവിധത്തിൽ അസംഖ്യം യൗഗികങ്ങൾ രൂപീകരിക്കാനുള്ള കഴിവ് കാർബണുണ്ട്.

ഹൈഡ്രജനും ഓക്സിജനും ജലത്തിന്റെ രൂപത്തിൽ സംയോജിച്ചിട്ടാണ് അന്നു നിലനിന്നിരുന്നതധികവും. മറ്റു മൂലകങ്ങളെല്ലാം ചേർന്നുള്ള വിവിധ രാസപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു മാധ്യമമായിരുന്നു ഈ ജലം. സാധാരണ ഗതിയിൽ 10°C യ്‌ക്കും 40°Cയ്‌ക്കും ഇടയിൽ നിലനില്ക്കുന്ന ജലത്തിന്റെ ഭൗതികാവസ്ഥയും ഇതിന് അത്യന്തം സഹായകമായിരുന്നു. ജലമാണ് ജീവന്റെ ഉത്ഭവസ്ഥാനമെന്ന നിഗമനത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്.

ജീവന്റെ ആവിർഭാവത്തിന് അനിവാര്യമായിരുന്നു ഇത്തരം സാഹചര്യങ്ങൾ സൗരയൂഥത്തിൽ മറ്റു ഗ്രഹങ്ങളിലുണ്ടായിരുന്നില്ല. സൂര്യനിൽനിന്നു 10-20 കോടി മൈലുകൾക്കകലെ നിലനില്‌ക്കുന്ന ഗ്രഹത്തിൽ മാത്രമേ [ 177 ] ജലത്തിന് ഈ അവസ്ഥയിൽ സ്ഥിതിചെയ്യാനാവൂ. സൂര്യനോടു കൂടുതൽ അടുക്കുകയാണെങ്കിൽ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ജലം ഉറഞ്ഞു കട്ടിയാവുകയും ചെയ്യും. സൗരയൂഥത്തിൽ ഈ ഉപാധികളെല്ലാം തികച്ചും പരിഹൃതമായിരിക്കുന്നത് ഭൂമിയിൽ മാത്രമാണ്.

ആദ്യഘട്ടത്തിലെ ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവുമധികമുണ്ടായിരുന്ന ഹൈഡ്രജൻ, ഓക്സിജൻ, കാർബൺ, നൈട്രജൻ എന്നിവയാണ് ഇന്നത്തെ ജീവശരീരങ്ങളുടെ 95 ശതമാനത്തിലുമുള്ളത്. ഈ നാലു മൂലകങ്ങൾക്കും വളരെ എളുപ്പത്തിൽ കൂട്ടുചേർന്ന് വ്യത്യസ്തയൗഗികങ്ങളായി തീരാൻ കഴിയും. ജലം (H2O) മീതേൻ (CH4) അമോണിയ (NH3) കാർബൺ ഡയോക്സൈഡ് (CO2), ഹൈഡ്രജൻ സയനൈഡ് (HCN) എന്നിവയും ഹൈഡ്രജൻ തന്മാത്ര (H2)കളും. ഇവയിൽ ചുരുങ്ങിയ പക്ഷം ആദ്യത്തെ മൂന്നു യൗഗികങ്ങളെങ്കിലും മറ്റു പല ഗ്രഹങ്ങളിലും നിലവിൽ വന്നിട്ടുണ്ട്. ഉദാഹരണത്തിനു വ്യാഴത്തിന്റെ ഉപരിതലം മുഴുവനും ജലം, മീതേൻ, അമോണിയ എന്നീ യൗഗികങ്ങൾ ചിരസ്ഥായിയായി ഉറഞ്ഞു കട്ടിയായ അടുക്കുകളായി സ്ഥിതിചെയ്യുന്നു. സൂര്യനിൽ നിന്നു വളരെ അകന്നു നിൽക്കയാലാണ് വ്യാഴത്തിൽ ഈ യൗഗികങ്ങൾ ഉടനടി ഘനീഭവിച്ച് തുടർന്നുള്ള പ്രവർത്തനങ്ങൾക്കു സാധ്യമല്ലാത്ത വിധത്തിലായത്. അതേസമയം താരതമ്യേന ചൂട് കൂടുതലേൽക്കുന്ന ഭൂമിയിൽ ഈ യൗഗികങ്ങൾക്കു പിന്നെയും പ്രതിപ്രവർത്തിക്കാനും പുതിയ യൗഗികങ്ങൾക്കു ജന്മമേകാനും പറ്റിയ അന്തരീക്ഷമാണുണ്ടായിരുന്നത്. ആ നിലയ്ക്കു മുകളിൽ പറഞ്ഞ എല്ലാ യൗഗികങ്ങളും ഇവിടെ രൂപം കൊള്ളാനുള്ള സാധ്യതകളുണ്ടായിരുന്നു. അങ്ങേ അറ്റം ഭാരം കുറഞ്ഞ ഹൈഡ്രജനെപ്പോലുള്ള വസ്തുക്കളെ പിടിച്ചു നിറുത്തത്തക്ക ഗുരുത്വാകർഷണം ഈ കൊച്ചു ഗ്രഹത്തിനില്ലാതിരുന്നതുകൊണ്ട് സ്വതന്ത്ര ഹൈഡ്രജൻ തന്മാത്രകളും അണുക്കളും ഭൂമിയുടെ ഉപരിതലത്തിൽ നിന്നും രക്ഷപ്പെട്ടുപോയിരിക്കണം.

ആദ്യഘട്ടത്തിൽ ഹൈഡ്രജനും ഓക്സിജനും ചേർന്നുണ്ടായ ജലം മുഴുവനും അന്തരീക്ഷത്തിൽ തങ്ങിനില്ക്കുകയായിരുന്നു. അനേകം മൈലുകൾ കനത്തിലുള്ള മേഘപാളികളായിട്ടായിരുന്നിരിക്കണം അത് നിലനിന്നിരുന്നത്. എന്നാൽ ഭൂബാഹ്യപടലം ആവശ്യമായത്ര തണുത്തുവന്നതോടെ, ഇതെല്ലാം ഘനീഭവിച്ച സമുദ്രങ്ങളായി തീരുകയും, അന്തരീക്ഷത്തിലുണ്ടായിരുന്ന യൗഗികങ്ങൾ പലതും ഇതിൽ ലയിക്കുകയും ചെയ്തു. തുടർന്ന് നദികൾ വഴിയായും, കടലോരങ്ങളിൽ തിരമാലകളുടെ പ്രവർത്തനം മൂലമായും കരയിലും കടലിലുമുള്ള അഗ്നിപർവ്വതങ്ങളിൽനിന്ന് നിർഗ്ഗമിക്കുന്ന ലാവയിലൂടെയും മറ്റും ലവണങ്ങളും ഖനിജങ്ങളും നിരന്തരമായി സമുദ്രത്തിൽ വന്നുകൂടിക്കൊണ്ടിരുന്നു. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നുണ്ട്. ചെറിയ തോതിലാണെങ്കിലും ഇവയെ കൂടാതെ, ജീവശരീരത്തിലെ മൗലികഘടകങ്ങളായി വർത്തിക്കുന്ന ഫോസ്ഫറസ്, സൾഫർ, സോഡിയം, പൊട്ടാസ്യം, മാംഗനീസ്, ഇരുമ്പ്, കോബാൾട്ട്, ചെമ്പ്, നിക്കൽ തുടങ്ങിയ [ 178 ] മൂലകങ്ങളും ഭൂമിയുടെ പല ഭാഗങ്ങളിൽ നിന്ന് പലവിധത്തിൽ സമുദ്രത്തിൽ വന്നു ചേർന്നുകൊണ്ടിരുന്നു.

ഇങ്ങനെ, ജൈവിക പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ രാസഘടകങ്ങളും അടങ്ങുന്ന വിധത്തിൽ രൂപീകൃതമായ ആദ്യകാലസമുദ്രത്തെ ഒപാരിനും ഹാൽഡേനും, ജീവന്റെ ആവിർഭാവത്തെക്കുറിച്ചുള്ള തങ്ങളുടെ സിദ്ധാന്തങ്ങളിൽ 'ആദിമസൂപ്പ്' എന്നു വിളിക്കുന്നു. സങ്കീർണ്ണങ്ങളായ എല്ലാ ജൈവയൗഗികങ്ങളും ഉടലെടുക്കുന്നത് ഈ ആദിമ സൂപ്പിൽനിന്നാണ്. ഇങ്ങനെ രൂപംകൊള്ളുന്ന ജൈവ യൗഗികങ്ങളിലെല്ലാം തന്നെ കാർബണാണ് സുപ്രധാനമായ ഘടകം. മീതേനെപ്പോലുള്ള യൗഗികങ്ങൾ മറ്റു പല ലളിത യൗഗികങ്ങളുമായി പ്രതിപ്രവർത്തിക്കുകയും തൽഫലമായി ഒട്ടേറെ പുതിയ യൗഗികങ്ങളുണ്ടാവുകയും ചെയ്യാനുള്ള സാദ്ധ്യത അന്നുണ്ടായിരുന്നു. ഇത് ഒന്നിലധികം കാർബൺ അണുക്കൾ സംയോജിച്ചുകൊണ്ടുള്ള പുതിയ യൗഗികങ്ങൾക്ക് ജന്മമേകി. ആദ്യകാല സമുദ്രത്തിൽ രൂപംകൊണ്ട അസംഖ്യം കാർബണിക പദാർത്ഥങ്ങളിൽ, പിൽക്കാലത്ത് ജൈവപ്രതിഭാസത്തിന്റെ ആവിർഭാവത്തിലും പരിണാമത്തിലും നിർണ്ണായകപങ്കു വഹിച്ച അഞ്ചു പ്രത്യേകതരം യൗഗികവിഭാഗങ്ങളിവയാണ്. പഞ്ചസാര, ഗ്ലിസറിൻ കൊഴുപ്പുകൾ, അമിനോ അമ്ളങ്ങൾ, നൈട്രജൻ ബേസുകൾ. ഇവയിലെല്ലാംതന്നെ ചങ്ങലയായിട്ടോ വലയമായിട്ടോ യോജിച്ചിട്ടുള്ള കാർബൺ അണുക്കളാണ് പ്രധാന ഘടകമായി വർത്തിക്കുന്നത്. അടിസ്ഥാനപരങ്ങളായ ജൈവപ്രവർത്തനങ്ങളിൽ ഇവ വഹിക്കുന്ന പങ്ക് കഴിഞ്ഞ അദ്ധ്യായങ്ങളിൽ നാം കാണുകയുണ്ടായി.

ഈ വിവിധ കാർബണിക യൗഗികങ്ങൾ, ഏതേതു രീതിയിലാണ് ആദ്യം രൂപംകൊണ്ടത് എന്നതിനെപ്പറ്റിയും ചിന്തിക്കേണ്ടതുണ്ട്. മീതേൻ തമ്മിൽ തന്നെയും ജലവുമായിട്ടും പ്രവർത്തിക്കുന്നതിന്റെ ഫലമായി ചങ്ങലയൗഗികങ്ങളായ പഞ്ചസാരകളും ഗ്ലിസറിനും കൊഴുപ്പമ്ളങ്ങളും രൂപം കൊള്ളാൻ സാദ്ധ്യതയുണ്ട്. അതുപോലെ മീതേൻ, ജലം, അമോണിയ എന്നിവ തമ്മിൽ തമ്മിലുള്ള പ്രവർത്തനങ്ങൾ അമിനോ അമ്ളങ്ങൾക്കും നൈട്രജൻ ബേസുകൾക്കും ജന്മമേകാൻ പര്യാപ്തമാണ്. സയനൈഡുകൾ സംയോജിക്കുകയാണെങ്കിൽ, നൈട്രജൻ ബേസുകളുടെ രൂപീകരണം കൂടുതൽ സുഗമമാവും.

ഈ രാസപ്രവർത്തനങ്ങൾക്കെല്ലാം ആവശ്യമായ ഊർജം എങ്ങനെ ലഭ്യമായി എന്നത് അടിസ്ഥാനപരമായ ഒരു പ്രശ്നമാണ്. ഇന്നത്തെപ്പോലെ അന്നും ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഉറവിടം സൂര്യനായിരുന്നു. പ്രകാശരശ്മികളെ കൂടാതെ ഭൂതലത്തിൽ എത്തിച്ചേർന്നിരുന്ന അൾട്രാവയലറ്റ് രശ്മികളും എക്സ്റേകളും റേഡിയോ പ്രസരണങ്ങളും വിവിധ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം പ്രദാനം ചെയ്തു. ആദ്യകാല മേഘാവൃതാന്തരീക്ഷത്തിൽ സർവ്വസാധാരണമായിരുന്ന ഇടിമിന്നലും അത്യധികം ഊർജ്ജം നൽകിയിരുന്ന ഒരു ഉപാധിയായിരുന്നു. റേഡിയേഷൻ പ്രവർത്തനങ്ങ [ 179 ] ളുടെയും ഇടിമിന്നലിന്റെയും മറ്റു സാന്നിദ്ധ്യത്തിൽ 'ആദിമ സൂപ്പിൽ' നടന്നിരിക്കാവുന്ന രാസപ്രവർത്തനങ്ങളെക്കുറിച്ചുള്ള നിഗമനങ്ങൾ ഇന്ന് വെറും പരികല്പനയല്ല. 1953-ൽ മില്ലർ നടത്തിയ വിജയകരമായ പരീക്ഷണങ്ങൾ ഈ നിഗമനങ്ങളെ വസ്തുതകളുടെ നിലവാരത്തിലേക്കുയർത്തി. വിവിധ രാസസംയുക്തങ്ങൾ ഇപ്രകാരം, ഏതേതു രീതിയിലും അനുപാ തത്തിലും മറ്റുമാണ് രൂപംകൊള്ളുന്നതെന്നതിനെക്കുറിച്ച് ഒട്ടേറെ വിശദാംശങ്ങൾ പിൽക്കാല ഗവേഷണങ്ങൾ വഴി സമാഹരിക്കപ്പെട്ടിട്ടുണ്ട്.

ഉൽക്കകളിലും മറ്റും പല ജൈവയൗഗികങ്ങളും നിലനിൽക്കുന്നുണ്ട് എന്നതുമൂലം, പ്രാചീന സമുദ്രത്തിൽവെച്ച് മാത്രമല്ല, ഭൂമിക്ക് വെളിയിലുള്ള മണ്ഡലങ്ങളിലും വിഭിന്നാന്തരീക്ഷങ്ങളിലും ഈ പ്രാഥമിക പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. എച്ച്.ഇ. ഹിന്റന്റെ അഭിപ്രായത്തിൽ, ചെറിയ കുളങ്ങളിലോ, പാറകളുടെ വിള്ളലുകളിലോ, മറ്റോ വെച്ചായിരിക്കാം ഇത്തരം ജൈവപ്രവർത്തനങ്ങൾ നടന്നിട്ടുണ്ടായിരിക്കുക. കാരണം അത് ജൈവയൗഗികങ്ങളെ കൂടുതൽ സാന്ദ്രമാക്കാനും, അങ്ങനെ രാസപ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുവാനും സഹായിക്കുമല്ലോ.

രണ്ടാം ഘട്ടം[തിരുത്തുക]

ആദ്യമുടലെടുത്ത ലളിതതന്മാത്രകളിൽ നിന്ന് കൂടുതൽ വലിയ തന്മാത്രകൾ രൂപംകൊണ്ടത് ഈ ഘട്ടത്തിലാണ്. ജൈവപരിണാമ പ്രക്രിയയിലെ ഈ വിവിധ ഘട്ടങ്ങൾ ഇങ്ങനെ പ്രത്യേകം പ്രത്യേകം വേർതിരിക്കാവുന്നതല്ല. അവ അനുസ്യൂതം തുടർന്നുകൊണ്ടിരുന്നവയാണ് വിവരിക്കാനുള്ള സൗകര്യത്തിനുവേണ്ടി ഇവിടെ ഘട്ടങ്ങളായി തിരിച്ചിരിക്കുന്നുവെന്നേയുള്ളു.

പ്രാഥമിക മോണോമറുകളിൽനിന്ന് വിവിധതരത്തിലുള്ള സംയോജനങ്ങൾ വഴി പുതിയ യൗഗികങ്ങളുടെ അഞ്ചു പ്രധാന വിഭാഗങ്ങളും അനേകം ചെറുവിഭാഗങ്ങളും രൂപീകരിക്കാനിടയുണ്ട്. അഡനോസിൻ ഫോസ്ഫേറ്റുകൾ, പോളിസാക്കറൈഡുകൾ, കൊഴുപ്പുകൾ, പ്രോട്ടീനുകൾ, ന്യൂക്ളിക് അമ്ളങ്ങൾ എന്നിവയാണ് ആ അഞ്ചു പ്രധാന വിഭാഗങ്ങൾ. ഈ സങ്കീർണ്ണ ജൈവരാസയൗഗികങ്ങൾ ജൈവപ്രവർത്തനങ്ങളിൽ വിവരിക്കുകയുണ്ടായല്ലോ. ക്രമവൽകൃതങ്ങളായ ഈ സങ്കീർണ്ണ തന്മാത്രകൾ എങ്ങനെയാണ് രൂപീകൃതമായതെന്നും, അതിനു തക്ക ഭൗതിക-രാസ പരിതഃസ്ഥിതികൾ എന്തായിരുന്നുവെന്നും പരിശോധിക്കേണ്ടതുണ്ട്. ജൈവപ്രതിഭാസത്തിന്റെ ആവിർഭാവത്തിന് വഴിയൊരുക്കിയ സാഹചര്യങ്ങളെക്കുറിച്ച് വിവിധ വീക്ഷണഗതികൾ ഇന്നു നിലവിലുണ്ട്. അവയിൽ പ്രധാനപ്പെട്ടവയെക്കുറിച്ച് ഇവിടെ പ്രതിപാദിക്കാം.

കൊയാസർവേറ്റ് സിദ്ധാന്തം[തിരുത്തുക]

ഒപാരിന്റെ ഈ സിദ്ധാന്തമാണ് ഏറ്റവും പ്രധാനപ്പെട്ടത്. പ്രാഥമിക യൗഗികങ്ങൾ ചേർന്ന് പോളിമറുകളുണ്ടാകാനുള്ള സാഹചര്യങ്ങൾ പ്രാചീന സമുദ്രാന്തരീക്ഷത്തിലോ മറ്റു ജലാശയങ്ങളിലോ ഉണ്ടായിരുന്നുവെന്ന്