താൾ:പ്രപഞ്ചവും മനുഷ്യനും.djvu/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജൈവസ്തുക്കളിൽനിന്നും പ്രത്യക്ഷപ്പെടുന്ന പുഴുക്കളും ഈച്ചകളും തങ്ങളുടെ സിദ്ധാന്തത്തിന് ഉപോൽബലകമായി അവർ ചൂണ്ടിക്കാണിച്ചിരിക്കുന്നു. എന്നാൽ ലൂയി പാസ്ചറുടെ സുപ്രസിദ്ധമായ ഗവേഷണങ്ങളാണ് ഈ ധാരണ തെറ്റാണെന്ന് ആദ്യമായി വസ്തുനിഷ്ഠമായി തെളിയിച്ചത്. ജീവികൾ എപ്പോഴും എവിടെയും താനെ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന ധാരണ അതോടെ തകർന്നു.

ഇന്നു നിലവിലുള്ള എല്ലാ ജീവജാതികളും മുമ്പു നിലനിന്നിരുന്നവയിൽ നിന്നു പരിണമിച്ചുണ്ടായതാണെന്ന് വ്യക്തമായതോടെ ഈ പരിണാമങ്ങൾക്കെല്ലാം ആരംഭമിട്ട ആ ആദിമജീവരൂപം എങ്ങനെ ഉടലെടുത്തു എന്നതായി പിന്നത്തെ ചിന്ത. ഒട്ടേറെ ശാസ്ത്രീയ വസ്തുതകളെ അടിസ്ഥാനമാക്കിക്കൊണ്ട് ഈ പ്രശ്നത്തിനുത്തരം കണ്ടെത്താനുള്ള ശ്രമത്തിൽ താത്വികമായിട്ടെങ്കിലും ആദ്യമായി വിജയിച്ചത് റഷ്യൻ ശാസ്ത്രജ്ഞനായ എ.ഐ. ഒപാരിനാണ്. ജീവന്റെ ആവിർഭാവത്തെക്കുറിച്ച് ഇന്നു നിലനില്ക്കുന്ന പല സിദ്ധാന്തങ്ങൾക്കും അടിസ്ഥാനമായി തീർന്ന അദ്ദേഹത്തിന്റെ നിഗമനങ്ങൾ ആദ്യമായി പ്രസിദ്ധീകൃതമായതു 1924-ൽ ആണ്. ഇതേക്കുറിച്ച് അറിയാതെ തന്നെ ഏറെക്കുറെ സമാനങ്ങളായ ആശയങ്ങൾ 1929-ൽ ജെ.ബി.എസ്. ഹാൽഡേനും പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രാചീന ഭൂഗോളാന്തരീക്ഷത്തിൽ നിലവിലുണ്ടായിരുന്ന സാഹചര്യങ്ങളിൽ നിന്ന് ജീവന്റെ അനിവാര്യമായ രാസഗുണങ്ങൾ ഉടലെടുക്കുവാനുള്ള സാധ്യതകളിലേക്കു വിരൽചൂണ്ടുകയാണ് അവർ രണ്ടുപേരും ചെയ്തത്. അന്നു നിലനിന്നിരുന്ന ലളിത രാസസംയുക്തങ്ങളിൽ നിന്ന് ജീവികളിൽ ഇന്നു നിലനില്ക്കുന്ന സങ്കീർണ്ണങ്ങളായ ജൈവരാസ സംയുക്തങ്ങൾ രൂപം കൊണ്ടതിനെക്കുറിച്ച് പരികല്പന നടത്താൻ മാത്രമേ അവർക്കു കഴിഞ്ഞുള്ളു.

ഈ പരികല്പനകൾക്കു സാധൂകരണം നൽകാനുതകുന്ന ശ്രദ്ധേയമായ ഒരു പരീക്ഷണം 1953-ൽ എസ്.എൻ. മില്ലർ നടത്തുകയുണ്ടായി. അമോണിയ, മീതേൻ, ജലം, ഹൈഡ്രജൻ എന്നിവ വിവിധതരത്തിലുള്ള വൈദ്യുതോത്തേജനത്തിനു വിധേയമാക്കിയപ്പോൾ അമിനോ അമ്ളങ്ങൾ തുടങ്ങിയ ജൈവരാസ സംയുക്തങ്ങൾ രൂപം കൊണ്ടു. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ഇത്തരം പരീക്ഷണങ്ങളുടെ ഫലമായി മിക്ക ജൈവരാസ സംയുക്തങ്ങളും ഇങ്ങനെ കൃത്രിമമായി സംശ്ലേഷണം ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.

ഫ്ളോറിഡാ യൂണിവേഴ്സിറ്റിയിലെ പ്രൊ. ഡബ്ള്യു.എസ്. ഫോക്സ് വ്യത്യസ്തമായ മറ്റൊരു ചിത്രമവതരിപ്പിക്കുന്നു. 100°C മുതൽ 210°C വരെയുള്ള താപനിലയിൽ വെച്ച് രാസവസ്തുക്കൾ ചൂടാക്കുന്നതുവഴി ആദ്യം അമിനോ അമ്ളങ്ങളും പിന്നെ കൂടുതൽ സങ്കീർണ്ണമായ പ്രോട്ടിനോയിഡുകളും സംശ്ലേഷണം ചെയ്തെടുക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ഒപാരിൻ-ഹാൽഡേൻ സിദ്ധാന്തത്തിൽ നിന്നു ഭിന്നമായ രീതിയിലാണ് പ്രാചീന