ഭൂമിയുടെ അന്തരീക്ഷത്തിൽ രാസപരിണാമങ്ങൾ നടന്നിരുന്നതെന്ന് ഇതു സൂചിപ്പിക്കുന്നു.
ഇതിൽനിന്നെല്ലാം തികച്ചും ഭിന്നമായ ഒരു ചിന്താഗതി പുലർത്തുന്നവരും ഇല്ലാതില്ല. ജീവൻ മൗലികമായി ഉടലെടുത്തത് പ്രപഞ്ചത്തിൻറ മറ്റേതോ ഭാഗത്താണെന്നും, പിന്നീടത് ഉൽക്കകൾ വഴിയോ മറ്റോ ഭൂമിയിൽ എത്തിച്ചേർന്നതാണെന്നും അവർ കരുതുന്നു. ചില ഉൽക്കകളിൽ പല ജൈവയൗഗികങ്ങളും നിലനില്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഉണങ്ങിയ അവസ്ഥയിലുള്ള ജീവികൾ തന്നെ ഉൽക്കകളിലുണ്ടെന്ന വാദഗതികളും അടുത്ത കാലത്തുണ്ടായിട്ടുണ്ട്. പക്ഷെ, ഇവയിൽ ചിലത് ഭൂമിയിൽ വന്നതിനുശേഷം ഇവിടെനിന്നും സംക്രമിക്കപ്പെട്ടതാണെന്നും, മറ്റുള്ളവ അജൈവ രാസസംയുക്തങ്ങളാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉൽക്കകളിലും മറ്റും കാണുന്ന പ്രാഥമിക ജൈവയൗഗികങ്ങൾ വ്യക്തമാക്കുന്നത് ഈ രാസവസ്തുക്കൾ പ്രപഞ്ചത്തിന്റെ വിവിധ മേഖലകളിൽ പരിണമിച്ചുണ്ടായിട്ടുണ്ടെന്നു മാത്രമാണ്. പ്രപഞ്ചത്തിന്റെ മറ്റു ഭാഗങ്ങളിലാണ് ജീവൻ ഉണ്ടായതെന്നതിന് അതു തെളിവാകുന്നില്ല. മാത്രമല്ല, ഈ വാദഗതി പ്രശ്നത്തെ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നു മാറ്റി മറ്റെവിടെയോ സ്ഥാപിക്കുന്നു എന്നല്ലാതെ ജീവന്റെ ആവിർഭാവത്തിന് ഒരു പരിഹാരമാകുന്നില്ല.
വിവിധ ഘട്ടങ്ങൾ
ജീവന്റെ ആവിർഭാവത്തിലേയ്ക്കു നയിച്ച സുദീർഘമായ രാസപരിണാമങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പൊതുവായ ഒരു പരിണാമഗതിയുടെ കാര്യത്തിൽ ഭൂരിപക്ഷം ശാസ്ത്രജ്ഞന്മാരും യോജിക്കുന്നു. ഈ പൊതുവീക്ഷണമനുസരിച്ച് ഈ പരിണാമത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം. അണുവിൽനിന്നു തന്മാത്രയിലേയ്ക്ക്, തന്മാത്രയിൽ നിന്നു പോളിമറിലേയ്ക്ക്, പോളിമറിൽനിന്ന് ജീവിയിലേയ്ക്ക്.
ഒന്നാംഘട്ടത്തിൽ അമോണിയ, മീതേൻ, ജലം തുടങ്ങിയ പ്രാഥമിക ഘടകങ്ങളിൽനിന്നു അമിനോ അമ്ളങ്ങൾ തുടങ്ങിയ ജൈവ ഏകകങ്ങൾ അഥവാ മോണോമറുകൾ നിർമ്മിക്കപ്പെടുന്നു. അടുത്ത ഘട്ടത്തിൽ അമിനോ അമ്ളങ്ങളുടെയും മറ്റും നിരവധി തന്മാത്രകൾ ഒത്തുചേർന്ന് ദീർഘങ്ങളായ വലിയതും സങ്കീർണ്ണവുമായ പ്രോട്ടീനുകളെയും ന്യൂക്ളിക്കമ്ലങ്ങളെയും പോലുള്ള തന്മാത്രകൾ സംശ്ലേഷിക്കപ്പെടുന്നു. ഇങ്ങനെ ഒട്ടേറെ ഒരേപോലുള്ള ചെറുതന്മാത്രകൾ അഥവാ മോണോമറുകൾ ചേർന്ന് സുദീർഘ തന്മാത്രകൾ അഥവാ പോളിമറുകൾ ഉണ്ടാകുന്ന പ്രക്രിയയെ പോളിമറീകരണം എന്നു പറയുന്നു. ഇങ്ങനെ നിർമ്മിക്കപ്പെടുന്ന ജൈവരാസവസ്തുക്കളെല്ലാം നിയതമായ രീതിയിൽ ഒത്തുചേർന്ന് ജീവിയായിത്തീരുന്ന ഘട്ടമാണ് മൂന്നാമത്തേത്.