താൾ:പ്രപഞ്ചവും മനുഷ്യനും.djvu/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുഒന്നാം ഘട്ടം

ജീവന്റെ ആവിർഭാവത്തിലേയ്‌ക്കു നയിക്കുന്ന രാസപരിണാമങ്ങളുടെ ഒന്നാംഘട്ടം, ഭൂമിയുടെ ആവിർഭാവത്തെ തുടർന്നുള്ള കാലങ്ങളിലാണ് നടക്കുന്നത്. സൗരയൂഥവും അതേ തുടർന്ന് ഭൂമിയും എങ്ങനെയാണ് രൂപംകൊണ്ടതെന്ന് ഒന്നാം ഭാഗത്തിൽനിന്ന് നാം കാണുകയുണ്ടായി. ഒരു വാതകഗോളമായി ആരംഭിച്ച ഭൂമി ഉറപ്പുവന്നതോടെ ഭാരം കൂടിയ മൂലകങ്ങൾ ഉള്ളിലോട്ടും കുറഞ്ഞവ പുറത്തോട്ടും എന്ന ക്രമത്തിൽ ക്രമീകരിക്കപ്പെടുകയുണ്ടായി. അങ്ങനെ ഇരുമ്പും നിക്കലും മറ്റും ഭൂമിയുടെ ഉൾത്തട്ടിലേയ്‌ക്കു പോയപ്പോൾ അവയെക്കാൾ ഭാരം കുറഞ്ഞ സിലിക്കോൺ, സൾഫർ, ഫോസ്‌ഫറസ്, അലൂമിനിയം തുടങ്ങിയവ മധ്യപാളിയിൽ അഥവാ ഭൂമിയുടെ പുറംതട്ടിൽ സ്ഥലം പിടിച്ചു. അതേസമയം ഏറ്റവും ഭാരം കുറഞ്ഞ ഹൈഡ്രജൻ, ഓക്സിജൻ, നൈഡ്രജൻ, കാർബൺ തുടങ്ങിയ മൂലകങ്ങൾ ഉപരിതലത്തിൽ അഥവാ അന്തരീക്ഷത്തിൽ സമാഹരിക്കപ്പെട്ടു.

ജീവവസ്തുക്കളുടെ നിർമ്മിതിയിൽ പ്രധാന പങ്കു വഹിക്കുന്ന മൂലകങ്ങൾക്കു മൗലികമായ രണ്ടു ഗുണങ്ങളുണ്ടായിരിക്കണം. അണുകേന്ദ്രഘടകങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ ഈ മൂലകങ്ങൾ നിലനിന്നെങ്കിലേ ജൈവരൂപീകരണത്തിനാവശ്യമായ സങ്കീർണ്ണ രാസപ്രക്രിയകൾ യഥേഷ്ടം നടക്കുകയുള്ളൂ. രണ്ടാമതായി സങ്കീർണ്ണ രാസയൗഗികങ്ങൾ രൂപീകരിക്കാനുള്ള കഴിവും ഇവയ്‌ക്കുണ്ടായിരിക്കണം. അണുക്കളിലെ ഇലക്ട്രോണുകളുടെ ക്രമീകരണമാണ് ഈ സവിശേഷ ഗുണത്തിനാധാരം. ഭാരം കുറഞ്ഞ മൂലകങ്ങൾക്ക് ഈ രണ്ടു ഗുണങ്ങളുമുണ്ട്. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ എന്നിവയാണ് ഈ പ്രധാന മൂലകങ്ങൾ. സങ്കീർണ്ണയൗഗികങ്ങൾ രൂപീകരിക്കാനുള്ള കാർബണിന്റെ കഴിവ് അപാരമാണ്. ഹൈഡ്രജനും ഓക്സിജനുമായും മറ്റു കാർബൺ അണുക്കളുമായും ചേർന്ന് സങ്കീർണ്ണവിധത്തിൽ അസംഖ്യം യൗഗികങ്ങൾ രൂപീകരിക്കാനുള്ള കഴിവ് കാർബണുണ്ട്.

ഹൈഡ്രജനും ഓക്സിജനും ജലത്തിന്റെ രൂപത്തിൽ സംയോജിച്ചിട്ടാണ് അന്നു നിലനിന്നിരുന്നതധികവും. മറ്റു മൂലകങ്ങളെല്ലാം ചേർന്നുള്ള വിവിധ രാസപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ഒരു മാധ്യമമായിരുന്നു ഈ ജലം. സാധാരണ ഗതിയിൽ 10°C യ്‌ക്കും 40°Cയ്‌ക്കും ഇടയിൽ നിലനില്ക്കുന്ന ജലത്തിന്റെ ഭൗതികാവസ്ഥയും ഇതിന് അത്യന്തം സഹായകമായിരുന്നു. ജലമാണ് ജീവന്റെ ഉത്ഭവസ്ഥാനമെന്ന നിഗമനത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്.

ജീവന്റെ ആവിർഭാവത്തിന് അനിവാര്യമായിരുന്നു ഇത്തരം സാഹചര്യങ്ങൾ സൗരയൂഥത്തിൽ മറ്റു ഗ്രഹങ്ങളിലുണ്ടായിരുന്നില്ല. സൂര്യനിൽനിന്നു 10-20 കോടി മൈലുകൾക്കകലെ നിലനില്‌ക്കുന്ന ഗ്രഹത്തിൽ മാത്രമേ