പിള്ളത്താലോലിപ്പ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പിള്ളത്താലോലിപ്പ് (താരാട്ടുപാട്ട്)

രചന:ചട്ടമ്പിസ്വാമികൾ
"ചട്ടമ്പിസ്വാമികൾ രചിച്ച താരാട്ടുപാട്ട് "

ചട്ടമ്പിസ്വാമികളുടെ
കൃതികൾ

ചട്ടമ്പിസ്വാമികൾ
കൃതികൾ

 · ക്രിസ്തുമതനിരൂപണം
 · പ്രാചീനമലയാളം
 · പ്രാചീനമലയാളം 2
 · വേദാധികാരനിരൂപണം
 · അദ്വൈതചിന്താപദ്ധതി
 · നിജാനന്ദവിലാസം
 · ജീവകാരുണ്യനിരൂപണം
 · ആദിഭാഷ
 · ശ്രീചക്രപൂജാകല്പം
 · പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം
 · ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം
 · ദേവീമാനസപൂജാസ്തോത്രം
 · പ്രണവവും സംഖ്യാദർശനവും
 · ഭാഷാപത്മപുരാണാഭിപ്രായം
 · കേരളത്തിലെ ദേശനാമങ്ങൾ
 · മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ
 · കവിതകൾ
 · കത്തുകൾ
 · തിരുമൊഴികൾ
 · തമിഴകവും ദ്രാവിഡമാഹാത്മ്യവും
 · കേരളചരിത്രവും തച്ചുടയ കയ്മളും


ബ്രഹ്മമേ, സത്യം കിളിയേ,- കുട്ടീ,
എൻമകനേ, നിൻ പിതാവും;
നന്മുല നിത്യം നിനക്കു – നൽകും
അമ്മയും, ആ സ്വാമി തന്നെ,
നിൻ മുതലും അവൻ തന്നെ – അപ്പാ
ഞങ്ങൾക്കവൻ തന്നെ രക്ഷ.
ഇമ്മഹി വാമ്പും, മറ്റെല്ലാം – അവൻ-
നിർമ്മിച്ച തമ്പുരാനല്ലോ.
എന്നോമനേ, അവൻതന്നെ – നിന്നെ-
തന്നതെനിക്കെന്നരുമേ,
വന്ദിച്ചികൊൾകിലവനെ – മുത്തേ,
വന്നിടും വേണ്ടുന്ന ഭാഗ്യം.
തങ്കമ്മേ, എൻറെ കിടാവേ, – തത്തേ,
സങ്കടവൻകടൽ താണ്ടാൻ;
ശങ്കരൻ തൻ കൃപാതോണി – എന്നു-
നിൻ കരളിൽ നീ ധരിക്ക.
ആയതില്ലതായാലാരാ – യാലും
മായാസമുദ്രത്തിൽ മുങ്ങി;
നായിനെപ്പോലെ അലയും – അഹോ!
പേയിനെപോലെ തിരിയും.
തേനേ, കുയിലേ, എൻകുട്ടീ, – ദൈവം
താനെ പ്രസാദിക്കും നിന്നിൽ.
ഞാനതിനുള്ള വഴിയേ – ചൊല്ലാം
ദീനനായ് നീ കരയല്ലെ.
മുട്ടുകുത്തും പ്രായം വിട്ടാൽ – പിന്നെ
ദുഷ്ടക്കൂട്ടത്തിൽ കൂടാതെ
കഷ്ടപ്രവൃത്തി ചെയ്യാതെ – സത്യം-
വിട്ടുനടക്കാതെ തെല്ലും.
കൊല്ലാതെറുമ്പിനെക്കൂടി – കുഞ്ഞ്
തല്ലാതെ പട്ടിയെക്കൂടി.
എല്ലാറ്റിലും ബ്രഹ്മമുണ്ട് – അവ-
നല്ലയോ, ദ്രോഹങ്ങൾ പാർത്താൽ.
മറ്റൊരു പ്രാണിക്കു ദുഃഖം – തെല്ലും-
പറ്റാതവണ്ണം നടന്നാൽ,
കുറ്റം നിനക്കില്ലതാനും – കുഞ്ഞേ,
തെറ്റെന്ന് ദൈവം തുണയ്ക്കും.
ധർമ്മശാസ്ത്രത്തിൻറെ സാരം – എല്ലാം
ഇമ്മൊഴി തന്നിലൊടുങ്ങി.
പൊന്മകനേ, വിസ്തരിപ്പാൻ – ഇപ്പോൾ
അമ്മയ്ക്കിടയില്ല തെല്ലും.
തത്ത്വമെല്ലാം അറിയേണം – എന്നാൽ
നിത്യം നീ വിദ്യ പഠിക്ക.
തത്ര സകലം ഗ്രഹിക്കാം – തങ്കം,
വിദ്യയാൽ, ആയതുകാലം.
അപ്പാ, നീ വിദ്യപഠിച്ചി –ല്ലെങ്കിൽ
കുപ്പയ്ക്കു തുല്യം നീ കുഞ്ഞേ,
കുപ്പായം തൊപ്പിയും ഒന്നും – അല്ല
ഇപ്പാരിൽ ഭൂഷണം; “വിദ്യ”
ഇന്നി ഉറങ്ങുക ഉണ്ണീ, – വേഗം
ഉണ്ണീ, കരയാതെ ഇന്ന്.
നിന്നെ നിധിയായിതന്ന – ദൈവം-
തന്നെ, ഭജിക്കുവാൻ വൈകി.
അപ്പാ, നീ വേഗം ഉറങ്ങി – എന്നാൽ-
അപ്പവും പാലും പഴവും;
അപ്പരമാത്മാവാം ദൈവം – തവ
സ്വപ്നത്തിൽ നൽകും നിനക്ക്.
പേശേ, അരുമേ, എൻകുഞ്ഞേ, – ഇത്
ആശപ്പെടുത്തുകയല്ല.
ഈശൻറെ കാരുണ്യമുണ്ടാം – നമ്മിൽ
ആശുകിടന്നുറങ്ങുണ്ണീ,
“പൂരണാനന്ദമേ, ദേവാ –ജഗത്-
ക്കാരണാ, ഉണ്ണിക്കുള്ളിഷ്ടം.
പൂരിച്ചുകൊള്ളണെ സ്വാമീ – ഇനി
പാരാതുറങ്ങ് – ഉറങ്ങുണ്ണീ,
ആശ്ചര്യമേറും കഥയെ – ചൊല്ലാം
ആയതു കേട്ടുറങ്ങുണ്ണീ,
ആനന്ദമുണ്ടാം അതിനെ – കേട്ടാൽ
ആർക്കും അതിനില്ല വാദം.
ഓമനേ, എൻറെ അരുമേ, – മഹാ-
കേമനായുണ്ടൊരു ദൈവം;
സോമ സൂര്യാദിയാം ലോകം – എല്ലാം
ആ മഹാൻ സൃഷ്ടിച്ചതല്ലോ.
എന്നിലും നിന്നിലും ഉണ്ട് – അവൻ
മന്നിലും വിണ്ണിലും ഉണ്ട്.
എന്നല്ല, എങ്ങും നിറഞ്ഞോൻ – അവൻ
എന്നാലും കാണില്ല ആരും.
ആരെയും കാണുമവൻ എ – ന്നുണ്ണീ,
നേരാണിതെന്നുടെ കുഞ്ഞാ.
പാരം പ്രസാദം അവന്നു – വന്നാൽ
പാരാതെ മോക്ഷം ലഭിക്കും.
ചെല്ലമേ, തങ്കമേ, ഉണ്ണീ, – അവൻ
എല്ലാറ്റിലും വലിയോനും;
എല്ലാറ്റിലും ചെറിയോനും – ഉണ്ണീ,
അല്ലയോ വ്സ്മയം പാർത്താൽ
കാതുകൂടാതവൻ കേൾക്കും – ഉണ്ണീ-
കണ്ണുകൂടാതവൻ കാണും;
കാലുകൂടാതവൻ ഉണ്ണീ, – ഏക-
കാലത്തിൽ എങ്ങുമേ എത്തും.
നാസിക കൂടാതെ ഉണ്ണീ, – അവൻ
വാസനയൊക്കെ ഗ്രഹിക്കും;
നാവുകൂടാതെ വചിക്കും – അവ-
ന്നാ – വതില്ലാത്തതി – ല്ലൊന്നും.
കൈകൾ കൂടാതവൻ ചെയ്യും – ഉണ്ണീ,
കൈകാര്യം വേണ്ടുന്നതൊക്കെ.
കൈതൊഴാറായി അവനെ – വൈകി
കൈതവം അല്ലുറങ്ങുണ്ണീ,
കണ്ണടച്ചീടുകിലുണ്ണീ, – അവൻ
വെണ്ണയും പാലും പഴവും;
തിണ്ണം നിനക്കുതന്നീടും – തിന്നാൻ-
ഉണ്ണീ, ഉറങ്ങുറങ്ങുണ്ണീ,
അമ്മയും പ്രാർത്ഥിച്ചുകൊള്ളാം – അതി-
നെൻമകനേ, നീ ഉറങ്ങ്.
“ബ്രഹ്മമേ, ഉണ്ണിക്കു നൽകീ – ടിഷ്ടം”
എൻമൊഴികേട്ടുറങ്ങുണ്ണീ.

-ശുഭം-

"https://ml.wikisource.org/w/index.php?title=പിള്ളത്താലോലിപ്പ്&oldid=57488" എന്ന താളിൽനിന്ന് ശേഖരിച്ചത്