Jump to content
Reading Problems? Click here



ദേവ്യപരാധക്ഷമാപണസ്തോത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവ്യപരാധക്ഷമാപണസ്തോത്രം

രചന:എൻ. കുമാരനാശാൻ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ



അമ്മേ! നിന്മന്ത്രമോ, നിന്മഹിമ തടവിടും
യന്ത്രമോ, സ്തോത്രമോ, നിൻ-
സമ്മോദേഅഹ്വാനമോ, നിൻ സ്തുതികഥകളതോ,
ധ്യാനമോ ഞാനറിഞ്ഞോ?
നിന്മുദ്രാബന്ധമോ നിൻ കഥനസരണിയോ
ഞാനറിഞ്ഞോ മഹേശീ!
നിന്മാർഗ്ഗത്തിങ്കൽ നിന്നാൽ ദുരിതമവനു പോ-
മെന്നു ഞാനൊന്നറിഞ്ഞു.        1

ഓരാഞ്ഞിട്ടോ, ധനത്തിൻ കുറവു, മടിയിവ-
റ്റാലയോ ശക്തി ചെയ്‌വാൻ
പോരാഞ്ഞിട്ടോ ഭവത്സേവയിലടിയനു കു-
റ്റങ്ങൾ പറ്റാം ഭവാനീ!
സ്വൈരം നീതന്നെയേതാകിലുമതുകൾ പൊറു-
ക്കേണ്ടയോ ലോകധാത്രീ!
പാരിൽ ദുഷ്പുത്രരുണ്ടാം പറക തനയരിൽ
ദുഷ്ടയാമമ്മയുണ്ടോ?       2

യോഗ്യന്മാരുണ്ടു വേണ്ടോളവുമിഹ തനയ-
ന്മാർ നിനക്കൂഴിതന്നിൽ
ഭാഗ്യംകെട്ടോരു ഞാനും ജനനിയവരിലൊ-
ന്നാണു സന്ദേഹമില്ല
നീക്കീനീയെന്നെയേവം നിയതമിതു നിന-
ക്കിന്നു നന്നല്ല ദേവീ!
പാർക്കിൽ ദുഷ്പുത്രരുണ്ടാം പറക തനയരിൽ
ദുഷയാമമ്മയുണ്ടോ?        3

നിൻപാദം സേവചെയ്തില്ലയി ജനനി ജഗ-
ദ്ധാത്രി ഞാൻ നല്ലപോലി-
ങ്ങൻപിൽ കാണിക്കയിട്ടില്ലണുവളവഥവാ
പോന്നു ഞൻ നിന്നടിക്കായ്
എൻപേരിൽ പ്രേമമെന്നാകിലുമനവധി കാ-
ട്ടുന്നുവല്ലോ ശിവേ! നീ-
യമ്പോ! ദുഷ്പുത്രരുണ്ടാം ജഗതി തനയരിൽ
ദുഷ്ടയാമമ്മയുണ്ടോ?        4

എൺപത്തഞ്ചിന്നു മേലായ് ജനനി മമ വയ-
സ്സന്യദൈവങ്ങളെപ്പോയ്
കുമ്പിട്ടിട്ടില്ലയെന്നാൽ ബഹുവിധപരിച-
ര്യാദിയിൽ ഖേദിയായ് ഞാൻ
എൻപേരിൽ പ്രീതിയിന്നും തവ മനസി വരി-
ല്ലെങ്കിൽ ഞാനെന്തു ചെയ്യു-
ന്നൻപോടാരോടിരക്കുന്നിഭമുഖജനനീ-
യോർക്ക പോക്കറ്റുപോം ഞാൻ.        5

ചണ്ഡാളൻ ചാരുപൂന്തേൻ ചടുലമൊഴി പൊഴി-
ക്കുന്ന വാചാലനാകു-
ന്നുണ്ണാനില്ലാത്തിരപ്പാളിയുമുടനെ ഭരി-
ക്കുന്നു ലക്ഷപ്രഭുത്വം
കർണ്ണത്തിൽ ദേവി! മന്ത്രാക്ഷരമതു തവ പു-
ക്കാലതിൻ കാര്യമേവം
വർണ്ണം വർണ്ണ്യേ ജപിക്കേണ്ടതു ജനനി ജഗ-
ത്താരണീയാരറിഞ്ഞു?        6

സാപ്പിട്ടും കാളകൂടം ചുടലയിൽ മരുവി-
ച്ചാമ്പലും‌പൂണ്ടു സർപ്പ-
ക്കോപ്പിട്ടും കൂറകൂടാതുഴറി ജട പിരി-
ച്ചും ചിരിച്ചും മഹേശീ,
ആർപ്പിൽ ഭൂതങ്ങൾ മേയ്ക്കും പശുപതി തലയോ-
ടേന്തി സർവ്വേശനായി-
പ്പാർപ്പാൻ ഹാ നിന്റെ പാണിഗ്രഹണമഹിമയ-
ത്രേ പവിത്രേയിതെല്ലാം.        7

വേണ്ടാ മോക്ഷം മഹേശീ! മമ വിഭവമതും
വേണ്ടാ വേണ്ടാ വിവേകം
വേണ്ടാ വെൺചന്ദ്രബിംബദ്യുതിമുഖി! സുഖഭോ-
ഗങ്ങൾ യാതൊന്നുമെന്നാൽ
"ചണ്ഡീ! രുദ്രാണി! ദാക്ഷയണി! ഭഗവതി! ശ-
ൎവ്വാണി! ഗൗരീ" തിയോതി-
ദ്ദണ്ണം കൈവിട്ടു കാലംകഴികിൽ മതിയിതെ-
ന്നത്രതാൻ പ്രാർത്ഥിതം മേ.        8

ആരാധിച്ചില്ല നിന്നെജ്ജനനി! വിവിധമാ-
യാഗമം ചൊന്നപോൽ ഞാൻ
പാരുഷ്യംപൂണ്ടൊരെൻ വാക്കുകൾ തവ ചരിതം
പാവനം പാടിയില്ല
കാരുണ്യം ദേവിയെന്നിൽ സപദി ഭവതി കാ-
ട്ടുന്നുവെന്നാലുമെന്നാൽ
പരം ശോഭാവഹംതന്നതു തവ നിലയിൽ
ഗോത്രജേയത്രതന്നെ.        9

ക്ഷ്ടം വരുമ്പൊഴിഹ ഞാൻ കരുതുന്നു നിന്നെ
തുഷ്ട്യാ പൊറുക്കയതു ദേവി! കൃപാംബുരാശേ,
ഒട്ടെന്റെ കുറ്റവുമിതല്ലയുമേ!വിശപ്പു
തട്ടുമ്പൊഴേ കരുതുവമ്മയെയർഭകന്മാർ.        10

എന്തിന്നു ചിത്രമതിലീശ്വരിയെന്നിലൻപു-
ചിന്തുന്നു ചേതസി നിനക്കു കനക്കയെങ്കിൽ
എന്തൊക്കെയോ വലിയ കുറ്റമിരിക്കുമെന്നാൽ
തൻ തോകകത്തെയൊരു തള്ള വിടില്ലയല്ലോ.        11

എന്നോടു തുല്യമൊരു പാതകിയെങ്ങുമില്ല
നിന്നോടു തുല്യമൊരു പാവനിതാനുമില്ല
എന്നുള്ളതെൻ ജനനിയുള്ളിൽ നിനയ്ക്കയെന്നി-
ലിന്നേതു യോഗ്യയമതു ചെയ്യുക ദേവദേവീ!        12