"ചില നീതിവാക്യങ്ങൾ" എന്നു പേരോടുകൂടി തുടൎച്ചയായി ഞാൻ "ഭാഷാപോഷിണി"യിൽ എഴുതിക്കൊണ്ടിരുന്ന സദാചാരശ്ലോകങ്ങൾ വായനക്കാരിൽ പലരും കണ്ടിരിക്കുമല്ലോ. എന്നാൽ ആവക ഏതാനും ശ്ലോകങ്ങൾ ആദ്യമായി ആ പത്രത്തിലേക്കു് അയച്ചപ്പോൾ വീണ്ടും തുടർച്ചയായി ആമാതിരി ശ്ലോകങ്ങളെ എഴുതുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്യണമെന്നു ഞാൻ വിചാരിച്ചിരുന്നില്ല. "ഭാഷാപോഷിണി" അവയെ സ്വീകരിച്ചു പ്രസിദ്ധപ്പെടുത്തുകയും വീണ്ടും അപ്രകാരമുള്ള സുഭാഷിതശ്ലോകങ്ങളെ അയച്ചുകൊടുക്കണമെന്നു് എന്നോടാവശ്യപ്പെടുകയും ചെയ്തപ്പോൾ എനിക്കു് ഇതിൽ സ്വല്പം ഉത്സാഹം തോന്നുകയും, ആമാതിരി ശ്ലോകങ്ങളെ പല സംസ്കൃതഗ്രന്ഥങ്ങളിൽനിന്നു യഥാവസരം തർജ്ജമചെയ്തു ഞാൻ ആ പത്രത്തിലേക്കു് അയയ്ക്കയും ചെയ്തുതുടങ്ങി. ഇങ്ങനെയിരിക്കെ ഒരുദിവസം (൭൪ മീനം ൧-ാം൹) കൊല്ലം ജില്ലാക്കോടതിയിൽ ഒന്നാം ജഡ്ജി മ. രാ. രാ. കേ. പി ശങ്കരമേനോൻ, ബി. എ; ബി. എൽ; എഫ്. എം. യു. അവർകൾ പ്രസംഗവശാൽ ഈ ശ്ലോകങ്ങളുടെ ആവശ്യകതയെക്കുറിച്ചു എന്നോടു പ്രസ്താവിച്ചു.
"ഇങ്ങനെയുള്ള സദാചാരശ്ലോകങ്ങൾ ബാല്യത്തിൽ വിദ്യാൎത്ഥികളെ അഭ്യസിപ്പിക്കേണ്ടതു് വളരെ ആവശ്യമാണ്. ഞാൻ ഇംഗ്ലീഷുപഠിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ ഗുരുനാഥനായ ഡാക്ടർ ഹാവി എനിക്കു് ഇങ്ങനെയുള്ള പല സദുപദേശങ്ങളും പറഞ്ഞുതന്നിട്ടുണ്ടു്. അക്കാലത്തു് ഞാൻ അവയെ അത്ര സാരമുള്ളവയായി തീരെ ഗണിച്ചിരുന്നില്ല; എന്നാൽ ഇപ്പോൾ അവയിൽ ഓരോന്നിനും ഒരായിരം പവൻ വീതം വിലയുണ്ടെന്നു് ഞാൻ വിചാരിക്കുന്നു. അതിനാൽ നിങ്ങൾ ഈ ഉദ്യമത്തിൽനിന്നും പിൻവാങ്ങരുതു്."
ഇത്യാദിയായിരുന്നു അദ്ദേഹം എന്നോടുപദേശിച്ചതു്. ഈ അഭിനന്ദനം പ്രകൃതവിഷയത്തിൽ എനിക്കു് അത്യുത്സാഹത്തെ ഉണ്ടാക്കിയ അവസരത്തിൽ കേരള കാളിദാസനായ മഹാമഹിമ