Jump to content

താൾ:Subhashitharathnakaram-patham-pathipp-1953.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

II

ഒന്നാം പതിപ്പിന്റെ മുഖപ്രസംഗം


ശ്രീ കേരളവൎമ്മ വലിയകോയിത്തമ്പുരാൻ, സി. എസ്. ഐ., എഫ്. എം. യൂ; എം. ആർ. എ. എസ്; എഫ്. ആർ. എച്ച്. എസ്. തിരുമനസ്സുകൊണ്ട് ൭൪ മീനം ൧൧-ാംതീയതി കല്പിച്ചയച്ച ഒരു തിരുവെഴുത്തിൽ,


"ഭാഷാപോഷിണിയിൽ" കാണുന്ന "നീതിപദ്യങ്ങൾ" വളരെ ശ്ലാഘ്യങ്ങളായിരിക്കുന്നു. എല്ലാം ചേൎത്തു പ്രത്യേകം ഒരു പുസ്തകമായി അവശ്യം അച്ചടിപ്പിക്കേണ്ടതാണു്" എന്നു പ്രസ്താവിച്ചിരുന്നു. അന്നുമുതൽക്കു് ഈ ശ്ലോകങ്ങളെയെല്ലാം ഒരു പുസ്തകമാക്കി അച്ചടിപ്പിക്കുന്നതിലേയ്ക്കായി ഞാൻ യഥാവസരം പ്രയത്നിച്ചുതുടങ്ങി. "ഭാഷാപോഷിണിയുടെ" പ്രേരണയും മുൻപറഞ്ഞ മഹാന്മാരുടെ പ്രോത്സാഹനവും ഇല്ലായിരുന്നെങ്കിൽ ഇപ്രകാരം ഒരു പുസ്തകം ഉണ്ടാകയില്ലായിരുന്നു എന്നു തീൎച്ചയാണു്. പിന്നീടു് ഇതിലേയ്ക്കായി ഞാൻ പല സംസ്കൃതഗ്രന്ഥങ്ങളേയും നോക്കി യുക്തമെന്നു തോന്നിയ ശ്ലോകങ്ങളെക്കൂടി തൎജ്ജമചെയ്തു ചേൎത്തു. വളരെനാൾ മുൻപു തുടങ്ങി കൈയിൽ കിട്ടുന്ന സദാചാരശ്ലോകങ്ങളെ എല്ലാം അപ്പപ്പോൾ ഭാഷപ്പെടുത്തി വന്നതുനിമിത്തം എല്ലാറ്റിന്റേയും മൂലഗ്രന്ഥനാമധേയങ്ങൾകൂടി അവിടവിടെ ചേൎക്കുന്നതു സൎവഥാ അസാദ്ധ്യമാകയാൽ അതിലേയ്ക്കായി തുനിഞ്ഞിട്ടില്ല. ഇവയ്ക്കുപുറമേ ഓരോ അവസരങ്ങളിൽ എഴുതീട്ടുള്ള ചുരുക്കം ചില ഇംഗ്ലീഷു പദ്യങ്ങളുടെ തൎജ്ജമകളും ഈ പുസ്തകത്തിൽ ചേൎക്കത്തക്കവയായ സമസ്യാപൂരണങ്ങൾ സ്വകീയകൃതികൾ മുതലായവയുംകൂടി ഇതിൽ ചേൎക്കയും, അവയെ പ്രത്യേകം അടയാളങ്ങളെക്കൊണ്ടു് അവിടത്തന്നെ വേർതിരിച്ചു കാണിക്കയും ചെയ്തിട്ടുണ്ട്. എല്ലാ ശ്ലോകങ്ങളേയും അകാരാദിക്രമേണ വിഷയഭാഗംചെയ്തു സമാഹരിച്ചതിന്റെ ശേഷം അവയുടെ ഗുരുലഘുത്വം അനുസരിച്ചു് രണ്ടു പ്രകരണങ്ങളാക്കി വേർതിരിച്ചും സംഖ്യാപരിച്ഛിന്നസജാതീയപദാൎത്ഥങ്ങളെക്കുറിച്ചുള്ള ശ്ലോകങ്ങളെ പ്രത്യേകം ഒരു പരിശിഷ്ടമായിട്ടും ചേൎത്തിരിക്കുന്നു. ഇതിനുപുറമേ എത്രയും സംക്ഷിപ്തമായ ഒരു വ്യാഖ്യാനവും ഒടുവിൽ എഴുതിച്ചേൎത്തിട്ടുണ്ടു്. വിസ്തരഭയം നിമിത്തം ശ്ലോകംപ്രതി അൎത്ഥവിവരണം ചെയ്യാതെ അത്യാവശ്യകമെന്നു തോന്നിയ ചില ഭാഗങ്ങളുടെ വിവരണംമാത്രമേ ഇതിൽ എഴുതിട്ടുള്ളൂ.

ഈ പുസ്തകം ഇപ്രകാരം തയ്യാറാക്കുന്നതിനു മുമ്പായി, ഇതിലെ ഏതാനും ശ്ലോകങ്ങൾ ഇംഗ്ലീഷുപള്ളിക്കൂടങ്ങളിൽ ഒന്നാം

"https://ml.wikisource.org/w/index.php?title=താൾ:Subhashitharathnakaram-patham-pathipp-1953.pdf/9&oldid=221251" എന്ന താളിൽനിന്ന് ശേഖരിച്ചത്