നമ്മുടെ കൊച്ചാശാൻ രാജമന്ദിരത്തോട്ടത്തിൽനിന്നു യാത്ര ആരംഭിച്ചത് ഇങ്ങനെ ദുഷ്കർമ്മത്തിന് അനുകൂലമായുള്ള ഒരു ഭയങ്കരരംഗത്തിലേക്കായിരുന്നു. താൻ തിരുവനന്തപുരത്തെ സ്ത്രീലോകത്തിന് ഒരു 'ചിന്താമണി' ആണെന്നുള്ള ആശാന്റെ ഗർവം അയാളുടെ ഗുണസഞ്ചയത്തോട് ഉപാന്തവാസം തുടങ്ങിയിരുന്നു. അതിനാൽ രാത്രികാലങ്ങളിൽ സാവകാശം കിട്ടുന്ന സമയമെല്ലാം തിരുവനന്തപുരത്തെ 'ഏഴുരണ്ടു ലോക'സ്ഥിതികളും ആരായുവാൻ ആ അബലാരങ്കവിദൂഷകൻ വിനിയോഗിച്ചുവന്നു. ഇങ്ങനെയുള്ള ഒരു സഞ്ചാരത്തിനിടയിൽ നഗരത്തിന്റെ വടക്കെ അറുതിയിൽ എത്തിയ ആശാൻ ഒരു ഊടുവഴിക്കുള്ളിൽ കുടുങ്ങി. വ്യവസായാനുവർത്തനം സ്വീകരിച്ചതു മുതൽ ക്ഷാത്രവീര്യശ്രീയാൽ നിരാകൃതമായ ഒരു കുടുംബത്തിൽ ഉൾപ്പെട്ട ആ നായർ രണ്ടു കാട്ടാളസ്വരൂപികളുടെ കൈകളാൽ ഗ്രസ്തനായി. ഗുരുനാഥന്റെ വകയും രസികസഞ്ചാരത്തിലേക്ക് അപഹരിക്കപ്പെട്ടതുമായ ഉത്തരീയം കന്ദുകരൂപത്തിൽ ആശാന്റെ വക്ത്രക്കുഴലിനകത്തു നിറയാക്കപ്പെട്ടത് അയാളുടെ നിലവിളികളെ പ്രതിബന്ധിച്ചു. ബോധവിഹീനമായ ആശാന്റെ ജഡം ഒരു ചെറുഖാണ്ഡവത്തെയും, പിന്നെയും ചില വനചരന്മാരെയും ഒരു കിരാതരാജന്റെ ഛായയെയും തിമിരനിബിഡതയ്ക്കിടയിൽ കണ്ടു. അന്തകസമക്ഷം ഹാജരാക്കപ്പെട്ടു ജീവിതകാലദുഷ്കൃത്യങ്ങളെ വിളിച്ചു ചൊല്ലും പോലെ ആ രാത്രിയിലെ സന്ദർശനത്തിനിടയിൽ എന്തെന്തു പരമാർത്ഥങ്ങൾ ഛർദ്ദിച്ചുപോയി എന്ന് ആശാനുതന്നെ അപ്പോൾ രൂപമുണ്ടായില്ല. താൻ കണ്ട രഹസ്യസ്ഥിതികളെ ഗോപനംചെയ്തു കൊള്ളാമെന്നും അപ്പോഴപ്പോൾ അറിയുന്ന വിശേഷവൃത്താന്തങ്ങളെ അന്നന്നു ധരിപ്പിച്ചു കൊള്ളാമെന്നും ഉള്ള പ്രതിജ്ഞകളും അതിലേക്കുള്ള പ്രതിഗ്രഹദാനവും കഴിഞ്ഞപ്പോൾ മുതൽ ആശാൻ രാജാധികാരാംഗങ്ങളെയും രാജ്യസ്ഥിതികളെയും വലയം ചെയ്യുന്ന വിപത്തുകളെയും, ചില ഗൃഹരഹസ്യങ്ങളെയും ഗ്രഹിച്ചു. ഈ ഗൂഢസംഘത്തിലെ ചാരസ്ഥാനം കിട്ടിയപ്പോൾ മീനാക്ഷിഅമ്മയോട് സമാനഭാവം നടിപ്പാനും സാവിത്രിയുടെ പരിഗ്രഹണം അസാദ്ധ്യകർമ്മമല്ലെന്നു വിചാരിപ്പാനും ഉള്ള പ്രാധാന്യം ആശാനു കൈവശപ്പെട്ടു.
മഹാരാജാവ് തിരുവനന്തപുരത്ത് എഴുന്നള്ളിയ ദിവസം സ്വഗുരുനാഥനിൽ നിന്ന് "പെരിഞ്ചക്കോടൻ ആരാടാ?" എന്ന ചോദ്യം ഉണ്ടായതുമുതൽ ആശാൻ ആ സ്ഥലത്തേക്കുള്ള യാത്രയെ നിറുത്തിവച്ചിരുന്നു. എങ്കിലും ത്രിവിക്രമകുമാരന്റെ ഭാഗ്യം അയാളുടെ അസൂയാമർമ്മത്തെ തപിപ്പിക്കുകയാൽ കണ്ഠീരവരായരെ ബന്ധനത്തിലാക്കിയിരിക്കുന്ന വൃത്താന്തം കാട്ടാളനായകനെ ഉടനെ ധരിപ്പിക്കേണ്ടതു തന്റെ പ്രതിജ്ഞയാൽ നിർബ്ബന്ധിതമായുള്ള ഒരു കൃത്യമെന്ന ഭാവത്തിൽ അയാൾ വനപ്രദേശത്തിലേക്കു ദ്രുതഗതിയിൽ നടന്നു. ഉടനെ കനകവും അനന്തരം കാമിനിയും കിട്ടാനുള്ള വഴികൾ തെളിഞ്ഞുകണ്ടു, എങ്കിലും ആ ദുർഭൂമിയുടെ സമീപത്ത് എത്തിയപ്പോൾ ആശാന്റെ ഹൃദയം ചലിച്ചുതുടങ്ങി.