താൾ:Ramarajabahadoor.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


യങ്ങളാൽ ആശാന്റെ ശിരസ്സു വഹിച്ചിരുന്ന ചിന്താഭാരം ലഘുവാക്കപ്പെട്ടപ്പോൾ ആ മതിമാന്റെ പാദങ്ങൾ ബുദ്ധിപൂർവ്വതയാലുള്ള അനുശാസനത്തെ നിർവഹിപ്പാൻ ദ്രുതപ്രവർത്തനം തുടങ്ങി.

തിരുവിതാംകൂർ രാജ്യത്തിന്റെ ഭൂമിശാസ്ത്രജ്ഞന്മാർ ആ രാജ്യം സഹ്യാദ്രിയുടെ അധിത്യകമുതൽ പശ്ചിമസമുദ്രപരിധിവരെ ഹരിതച്ഛവി കലർന്നുള്ള ഉന്നതപ്രദേശങ്ങളാലും, കൃഷിക്കുപയുക്തങ്ങളായ ഉപത്യകകളാലും അനുക്രമത്തിൽ സങ്കീർണ്ണമായ ഒരു മനോഹരോദ്യാനമാണെന്നു വർണ്ണിച്ചിട്ടുണ്ട്. ഈ കഥാകാലത്ത് വഞ്ചിയൂർ പാടത്തിന്റെ പൂർവോത്തരഭാഗങ്ങളായ ചെറുകുന്നുകൾ തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശമായിരുന്നുവെങ്കിലും അകാലമൃതന്മാരുടെ ശവകുടീരങ്ങൾ നിറഞ്ഞുള്ള ഒരു ദുർഭൂമിയായിരുന്നു. പാടത്തിന്റെ പടിഞ്ഞാറെക്കരയിൽ നഗരത്തിലെ പല ഭൂസ്വത്തുക്കളുടെയും, ഉടമസ്ഥനായ ഒരു തെക്കൻ പ്രഭു ഭവനം സ്ഥാപിച്ചു പാർത്തിരുന്നതിനാൽ അദ്ദേഹത്തിന്റെ ആശ്രിതന്മാരായ ചില ചെട്ടികളും ചാന്നാന്മാരും ഈ കാട്ടിന്റെ ഓരോ അതിരുകളിൽ കുടിലുകൾ കെട്ടി വസിച്ചിരുന്നു. ഇക്കാലത്തു രാജസ്വമായുള്ള വാസമന്ദിരങ്ങളിലും കാര്യനിലയനങ്ങളിലും വച്ചു പ്രഥമഗണനീയമായി വിലസുന്ന പുത്തൻകച്ചേരി എന്ന ഗംഭീരഹർമ്മ്യം നിലകൊള്ളുന്നത് ഈ വനത്തിന്റെ കിഴക്കെ ഖണ്ഡത്തിലാണ്. കാട്ടുമാർജ്ജാരന്മാരും പുഷ്ടശരീരികളായ ജംബുകക്കൂട്ടവും അധിവസിച്ചിരുന്ന ഈ പ്രദേശത്തെ ആപത്കേന്ദ്രങ്ങളായ ചില കാട്ടുവഴികളും തലസ്ഥാനത്തെ പീഡിപ്പിച്ചുവരുന്ന കള്ളന്മാർക്കും മാത്രം പരിചിതങ്ങളായിരുന്ന ചില ഊടുവഴികളും വിലങ്ങിയിരുന്നു. ഈ വനത്തിന്റെ വിസ്താരം കൂടിയ മദ്ധ്യഭാഗം, ആക്രമിക്കാൻ ആഗ്രഹിക്കുന്നവരെ ദണ്ഡിപ്പിക്കുമാറുള്ള വിധത്തിൽ കൂർത്തുമൂർത്തുള്ള ശരങ്ങളും വഹിച്ചു തഴച്ചുനില്ക്കുന്ന പുരമ്പ്, ഈന്ത മുതലായ മുൾച്ചെടികളാൽ രക്ഷിക്കപ്പെട്ടിരുന്നതിനാൽ, അവിടം സാമാന്യജനങ്ങൾക്ക് ദുഷ്പ്രാപമായിരുന്നു. ദ്രോഹകാരികളായ ഈ ചെറുതരുകൂട്ടങ്ങളുടെ നിബിഡതകൊണ്ടുള്ള അരമ്യതയെ നീക്കാനെന്നപോലെ വനമദ്ധ്യത്തിൽ അവിടവിടെയായി ഉന്നതവൃക്ഷങ്ങളുടെ സംയോജനത്താൽ നിർമ്മിതങ്ങളായിട്ടുള്ള കാവുകളും കാണ്മാനുണ്ട്. സ്ത്രീപുരുഷവർഗങ്ങളിൽ രണ്ടിലുമുള്ള ദേവതമാരുടെ താണ്ഡവമണ്ഡപങ്ങളായി ആ വൃക്ഷകദംബങ്ങൾ ഗണിക്കപ്പെട്ടുവന്നതിനാലും ആ വനപ്രദേശം പൗരജനങ്ങളാൽ വർജ്ജിക്കപ്പെട്ടുവന്നു. ശവശരീരങ്ങളുടെ ഭക്ഷകന്മാരായ കാട്ടുനായ്ക്കളുടെ വിശന്നുള്ള മോങ്ങലുകൾ പരിസരദേശവാസികളെ സാമാന്യേന പൈശാചാരവങ്ങളായി ഭയപ്പെടുത്തിവന്നു. ഗൃഹകുശലങ്ങൾ പരസ്പരം ആരായുവാൻ എന്നപോലെ കാവുകളിൽനിന്ന് അങ്ങോട്ടും ഇങ്ങോട്ടും നിശാകാലങ്ങളിൽ പറന്നു ക്ഷീണിച്ച മൂങ്ങക്കൂട്ടങ്ങൾ യുദ്ധകാലത്തുണ്ടാകാവുന്ന ബഹുമരണങ്ങളുടെ സൂചകമായി പ്രലപനം ചെയ്യുന്നതും ആ സ്ഥലത്തെ സമീപവാസികളെക്കൊണ്ടു വിദ്വേഷിപ്പിച്ചുവന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/56&oldid=168315" എന്ന താളിൽനിന്ന് ശേഖരിച്ചത്