താൾ:Ramarajabahadoor.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാളിയശംഖാദികളായ നാഗരാജാക്കന്മാരുടെ ഫണസമുച്ചയങ്ങൾപോലെ ഓരോ സ്ഥലങ്ങളിൽനിന്നും ധൂമം പൊങ്ങുന്നതു വലുതായ ജനസംഘങ്ങളെ ഊട്ടാനുള്ള പാചകകർമ്മത്തെ ലക്ഷീകരിക്കുന്നു എന്ന് ആശാനു ബോദ്ധ്യമായി. രാജാധികാരത്തിന്റെയും വിശേഷിച്ച് ദിവാൻജിയുടെയും നേർക്കു സംജാതമാകാൻ പോകുന്ന ഒരു ദ്രോഹകർമ്മത്തിന്റെ സൂതികാഗൃഹം ആണ് ആ വനപ്രദേശമെന്ന് ആശാൻ ഗ്രഹിച്ചിരുന്നു. ആ പ്രസവത്തിന്റെ ഫലമായി ബഹുശതം നൂറ്റുപേർ ആ സ്ഥലത്തു സഞ്ചരിച്ചിരിക്കുന്നു എന്ന് ഊഹിച്ചിട്ട് ആശാന്റെ ഉള്ളം ഒന്നു കിടുങ്ങി. അവിടത്തെ ജന്തുസഞ്ചയങ്ങൾ ജീവഭയത്താൽ പ്രവാസമനുഷ്ഠിച്ചിരിക്കുന്നു. ഏതു ധീരകേസരികളുടെയും ഞരമ്പുകളെ കിടുക്കുന്നതായ ഒരു നിശബ്ദത ആ സ്ഥലത്തിന്റെ ഭയാനകതയെ പ്രവൃദ്ധമാക്കുന്നു. ആ കുദുർഗ്ഗത്തിൽ സമാരാധിക്കപ്പെടുന്ന സംഹാരകാളിയുടെ ദർശനത്തെ പ്രതിബന്ധിപ്പാനെന്നപോലെ ആകാശതരണം ചെയ്യുന്ന ദക്ഷപുത്രികളും സഖീജനങ്ങളും മേഘയവനികയാലുള്ള തിരോഹിതിയെ അവലംബിച്ചിരിക്കുന്നു. അഗ്നികുണ്ഡപ്രവേശത്തിനെന്നപോലെ ശ്വാസംപിടിച്ചുകൊണ്ട് ആശാൻ ആദ്യത്തെ ചുവടിളക്കി കുറ്റിക്കാട്ടിലോട്ടു വെച്ചപ്പോൾ അക്ഷരവിലോപംകൊണ്ടു വ്യക്തമാകാത്ത ഒരു ശബ്ദം ആശാന്റെ കർണ്ണത്തിൽ സംഘട്ടനം ചെയ്തു. സംഘനിയമങ്ങൾ ഹൃദിസ്ഥമാക്കിയിരുന്ന ആശാന്റെ ശിരഃപ്രദേശം സംഭ്രമക്ഷീണത്താൽ തൽക്കാലം അനുഷ്ഠേയമായിട്ടുള്ള കൃത്യത്തെ വിസ്മരിച്ച് ഒരു തോക്കിന്റെ കാഞ്ചി പുറകോട്ടു വലിക്കപ്പെടുന്ന ശബ്ദം മുൾച്ചെടികൾക്കിടയിൽനിന്നു പുറപ്പെട്ടത് ആശാന്റെ സജ്വരമായ കർണ്ണത്തിൽ പതിയുകയാൽ പ്രാണഭീതിയായ വിദ്യുത്പ്രതാപം അയാളെ സ്ഥിരബോധവാനാക്കി, 'പള്ളികൊണ്ടാൻ' എന്നൊരു അടയാളവാക്യത്തെ അയാളെക്കൊണ്ട് ആക്രോശിപ്പിച്ചു. 'പൊങ്കാണോം' എന്നു നാഞ്ചിനാടൻ ധ്വനിയിലും അവിടത്തെ ഭാഷാരീതിയോടടുത്തും ഉള്ള ഒരു ഉഗ്രാജ്ഞ അയാളെ പൊയ്ക്കൊള്ളുന്നതിന് അനുവദിക്കുകയാൽ ആശാൻ മുന്നോട്ടു നടന്ന് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ചിലടത്ത് 'യാരെമ്പരാ?' എന്നു രൂപാന്തരപ്പെട്ടു കേട്ടും, അതിനെല്ലാം ഉത്തരമായി മുമ്പിൽ പ്രയോഗിച്ച പദത്തെ തൊണ്ട ഇടറി ഉച്ചരിച്ചും നടന്ന്, അയാൾ വനമദ്ധ്യത്തിലെ ഒരു തരുക്കൂട്ടത്തിന്റെ മുമ്പിൽ എത്തിയപ്പോൾ ചില മഹിഷകായന്മാർ അയാളെ പിടികൂടി ദ്രോഹകരമായുള്ള സാധനങ്ങളൊന്നും വഹിക്കുന്നില്ലെന്നു നിശ്ചയപ്പെടുത്താൻ ഒരു ദേഹപരിശോധന കഴിച്ചു. ഒരു കിങ്കരൻ ആ കൂട്ടത്തിൽനിന്നു പിരിഞ്ഞു സംഘനായകന്റെ നിലയനമുറപ്പിച്ചിരുന്ന ചൂതവനത്തിലേക്ക് നടകൊണ്ടു.

പരിശോധനാനന്തരം ദ്വാസ്ഥസംഘത്താൽ സൗഹാർദ്ദത്തോടെ ഉപചരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്ന ആശാൻ, ആ വനതലത്തിലെ ഓരോ ചെടിയും ആയുധപാണിയായ ഓരോ രാക്ഷസന്റെ സാന്നിദ്ധ്യത്തെ ഗോപനം ചെയ്യുന്നു എന്നു വിശ്വസിക്കുകയാൽ രാജശക്തിയും മന്ത്രശ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/58&oldid=168317" എന്ന താളിൽനിന്ന് ശേഖരിച്ചത്