ക്തിയും തന്റെ പ്രസാദദീക്ഷകന്മാരായി വർത്തിക്കുന്നു എന്ന് ഒരു സ്വപ്നം ദർശിച്ചു പ്രമോദിച്ചു. സംഘത്തിൽനിന്നു പിരിഞ്ഞ കിങ്കരൻ ക്ഷണംകൊണ്ടു മടങ്ങിയെത്തി പ്രമാണിയുടെ മുമ്പിൽ പ്രവേശിച്ചുകൊള്ളുവാൻ ആ ലോകവാർത്ത വാഹകന് അനുമതികൊടുത്തു.
കൊടന്ത ആശാൻ കുലദൈവങ്ങളെ എല്ലാം പ്രാർത്ഥിച്ചുകൊണ്ടു നീങ്ങി. മരക്കൂട്ടത്തിനിടയിൽ നിന്നിരുന്ന ഒരു ഓലപ്പുരയ്ക്കകത്തു കടന്നു. ഏകദീപമെങ്കിലും കൊണ്ടു പ്രശോഭിപ്പിക്കപ്പെട്ടിട്ടില്ലാത്ത ആ മുറിയിലെ കൂരിരുട്ടിൽ എത്തിയപ്പോൾ ആശാന്റെ ശരീരം ഒന്നുകൂടി ശുഷ്കിച്ചു ഹ്രസ്വവുമായി. ആ പുരയ്ക്കകത്തു ജലശൂന്യമായ ഒരു പൂർവ്വയുഗകൂപം സർപ്പങ്ങളുടെ പ്രത്യേക ആവാസമായി ഉണ്ടെന്നുള്ള വസ്തുത അറിഞ്ഞിരുന്ന ആശാൻ നിലംമുട്ടിത്താണും വിറച്ചു തുള്ളിക്കൊണ്ടും ആ ഗർഭഗൃഹവാസിയായ അന്ധകാരമൂർത്തിയുടെ വെളിപാടു പ്രതീക്ഷിച്ചു നിന്നു. കാളിദാസനും മഹാമാന്ത്രികനും എന്തോ ദുർദ്ദേവതാസ്വാധീനത്താൽ ജ്യൗതിഷിയും ദക്ഷിണദിക്കിലെ ഒരു തസ്കരസംഘത്തിലെ തുംബീരനും ആയുള്ള ഒരു ചണ്ഡാലന്റെ ആശരസാന്നിദ്ധ്യം ആ മഹാന്ധകാരത്തിനിടയിൽ ഉണ്ടെന്നറിഞ്ഞിരുന്ന ആശാന്റെ നാവ് ഈ ധ്യാനസ്ഥിതിയിൽ വരണ്ടു ശൂന്യശബ്ദവുമായി. പരദ്രോഹവും പരവഞ്ചനയും എന്നുള്ള അഘതാമിസ്രതകൾ ആ സ്ഥലത്തെ വായുവിൽ പ്രസരിച്ച് ആശാന്റെ ശ്വാസനാളത്തിൽ ഒരു സ്വരസാദവും ഉത്പാദിപ്പിച്ചു. താൻ സന്നിഹിതനായിരിക്കുന്ന ഗൂഢസമിതിയിലെ നായകനായ ആ ക്ഷേത്രമൂർത്തി ആശാനെ ബന്ധുവാക്കി വരിച്ചിട്ടുണ്ടെങ്കിലും ആ മൂർത്തിയുടെ പ്രത്യക്ഷദർശനം ആശാന് ഇതുവരെ സംപ്രാപ്തമായിട്ടില്ല. മൃതിസാമീപ്യത്തിൽ എന്നപോലെ പ്രാണൻ ത്രസിച്ച് ആശാൻ നില്ക്കുന്നതിനിടയിൽ ചില ആയുധങ്ങൾ നീക്കിവയ്ക്കുന്നതിന്റെ ശബ്ദം അതിനകത്തുള്ള പുരുഷൻ സുരക്ഷിതൻ ആണെന്ന് ആശാന് അറിവുകൊടുത്തു. അത്യഗാധമായ ആ കിണറ്റിൽനിന്നു പൊങ്ങുന്നതുപോലെ ഒരു ചോദ്യവും തന്റെ പുരോഭാഗത്തിൽനിന്നു പുറപ്പെട്ടു: "ഏപ്പാ! എന്ന പുതുവാർത്തൈ?" ആശാൻ വഹിച്ചുകൊണ്ടുവന്നിരുന്ന വൃത്താന്തത്തെ പണിപ്പെട്ടു ധരിപ്പിച്ചു.
ചണ്ഡാലൻ: "രായർ തമ്പുരാക്കളെ തീട്ടിപ്പോടുവാരാ? ഏമക്കൈവായ് പീര? (രായരെ കൊന്നുകളയുമോ ദണ്ഡിക്കുമോ?) തെരിയപ്പണിയാ? തുളുത്താൻ പടൈ എവ്വഴി വാറാർ?" എന്ന് ശിലകൾ തമ്മിലുരുമ്മുന്ന ശബ്ദത്തിൽ പുറപ്പെട്ട ചോദ്യത്തിനും ആശാൻ മിണ്ടാതെ നിന്നു.
ചണ്ഡാലൻ: "പിറകാൽ എന്ന കോൾ തമ്പിരാ?" (വേറെ എന്തു കൗശലങ്ങൾ ആലോചിക്കപ്പെടുന്നു?)
തന്റെ ഗുരുനാഥൻ പെരിഞ്ചക്കോട് എന്ന ഭവനം ഏതെന്നു ചോദിച്ചുവെന്നും അദ്ദേഹവും ദിവാൻജിയും തമ്മിൽ ആന്തരാൽ ശത്രുക്കൾതന്നെ എന്നും അദ്ദേഹത്തിന്റെ പുത്രിയെ ത്രിവിക്രമകുമാരനു കൊടുക്കയില്ലെന്നു ശപഥം ചെയ്തിരിക്കുന്നു എന്നും ആശാൻ ധൈര്യം സജ്ജീക