താൾ:Ramarajabahadoor.djvu/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നൃത്തം തുള്ളി, ആ ഉദ്യാനം ഭൂലോകഗതമായ സാക്ഷാൽ ചൈത്രരഥമോ എന്നുള്ള ശങ്കയെ കാണികളിൽ ജനിപ്പിക്കുന്നു.

വിവിധ വർണ്ണകഞ്ചുകങ്ങളും ഉഷ്ണീഷങ്ങളും പരസ്പരപ്രതിബിംബികളായുള്ള ആയുധങ്ങളും ധരിച്ച് ദീർഘകൂർച്ചങ്ങൾ, ഗണ്ഡശ്മശ്രുക്കൾ, കപോലകേശങ്ങൾ എന്നിതുകളാൽ ഭീഷണമുഖന്മാരായി തിരുച്ഛായാസേവനം ചെയ്തു വിശ്രമിക്കുന്ന ഭടജനസഹസ്രങ്ങൾ, അന്തർമ്മണ്ഡലസ്ഥങ്ങളായ പ്രതാപസൗന്ദര്യങ്ങളുടെ അദൃശ്യതയെ പരിരക്ഷണംചെയ്യുന്നു. ഒരു ഭാഗത്ത്, മസ്തകപ്രദേശം മാത്രം കണ്ടാൽ മഹേന്ദ്രഗജങ്ങളെന്നു തോന്നുന്ന മദഗജഗിരികൾ, സ്വശിരസ്സുകളാൽ ആകാശവീഥിയിൽ ചന്ദ്രക്കലാലേഖനംചെയ്തും കർണ്ണങ്ങളെക്കൊണ്ടു യമനടനത്തിലെ ഏകതാളത്തെ മേളിച്ചും സ്വരാജമഹത്വത്തിന്റെ ഉപഘോഷകന്മാരായി ഭയാനകഗർജ്ജനങ്ങളെ മുഖരിപ്പിച്ചു ചാഞ്ചാടുന്നു. നാസാസേതുക്കളിൽ തൊടുത്തിട്ടുള്ള ലോഹശൃംഖലകളാൽ തരുമൂലങ്ങളിൽ ബന്ധിക്കപ്പെട്ട ഒട്ടകപ്പന്തികൾ തൃണാദിമൃഷ്ടാശനംകൊണ്ടു പ്രമത്തങ്ങളായി, തങ്ങളുടെ പാദാഘാതങ്ങളാൽ അടുത്തപോലെ ധൂളീകരിക്കേണ്ട മണ്ഡലമേതെന്നു ദീർഘകണ്ഠസ്ഥങ്ങളായ വികൃതമുഖങ്ങളിലെ വിരൂപാക്ഷങ്ങൾകൊണ്ടു നോക്കി, സ്വസേനാംഗത്വത്തെ ആടോപപൂർവ്വം നിർവ്വഹിക്കുന്നു. ഈ ത്രിസേനാംഗങ്ങളെയും, വാജീകരിക്കുന്നതായ അശ്വങ്ങളുടെ മഹാനിരകൾ ആയോധനപ്രവർത്തനത്തിനുള്ള അക്ഷമയും മുഷ്ക്കും വന്മദവും പ്രകടിപ്പിച്ച് ആ സങ്കേതഭൂമിയിൽത്തന്നെ ഖുരമർദ്ദനവും ചുരമാന്തലുംകൊണ്ടു വിലമുഖങ്ങളെ സൃഷ്ടിച്ച്, ഭുജത്രസനങ്ങളോടിടചേർന്ന ഹേഷാരവപടലികളെ സാംക്രമികതയാൽ അമർഷോൽക്കർഷത്തോടെ ഘോഷിക്കുന്നു. തരുനിബിഡതകൊണ്ടു നിതാന്തഛാദിതമായ പല കേന്ദ്രങ്ങളിലും ഉറപ്പിച്ചിട്ടുള്ള പീരങ്കികൾ യമഹുങ്കാരരൂപങ്ങളായ തങ്ങളുടെ ശ്വാസങ്ങളെ സംയമനംചെയ്ത് ദക്ഷിണഭൂഖണ്ഡത്തെ കബളീകരിക്കാനുള്ള ഗ്രാഹങ്ങളെന്നവണ്ണം വിപാടിതവക്ത്രങ്ങളായി സ്ഥിതിചെയ്യുന്നു. ഈ വാഹിനീഖണ്ഡങ്ങളുടെ അനുമുഹൂർത്തചേഷ്ടകളെ ഉർജ്ജസ്വലമായി നിയന്ത്രിക്കുന്ന നായകകണ്ഠങ്ങളിൽനിന്നു പുറപ്പെടുന്നതായ ആജ്ഞകളും കാഹളധ്വനികളും മേഘാരവംപോലെ മുഴങ്ങി ആ മഹാബലം ആജ്ഞാനുസാരമുള്ള സംഹാരത്തിനു തുനിയുമ്പോൾ മേഘനാദനിരകളായി പരിവർത്തനം ചെയ്യുമെന്നു ദിഗന്തങ്ങളിൽ ഉൽഘോഷണം ചെയ്യുന്നു.

ഈ ജീവപ്രാകാരത്തിനുള്ളിൽ രജോഗുണത്തിന്റെ മനോഹാരിത്വം, തുരുഷ്കകഥാമൃതങ്ങളിലെ മഹോൽപ്രേക്ഷകളെയും സാഹിതിഗുണശൂന്യങ്ങളായി ഇദംപ്രഥമമായുള്ള ഒരു വിഭ്രാമകദർശനമെന്ന വിശ്രുതിക്ക് അവകാശപ്പെടുന്നു. സേനാനായകന്മാർ, ഉപനായകന്മാർ, രാജസഭാപ്രഭുക്കൾ എന്നിവരുടെ വേഷവിശേഷങ്ങളും ബാഹുലേയഗാംഭീര്യം, അനംഗസുഭഗത, സവ്യസാചിപ്രഭാവം, ദശഗ്രീവൗദ്ധത്യം, കീചകരസികത്വം തുടങ്ങിയുള്ള ഭാവഭേദങ്ങളും ഏതദ്വിധം സംയോജിച്ചുള്ള രംഗം

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/322&oldid=168175" എന്ന താളിൽനിന്ന് ശേഖരിച്ചത്