താൾ:Ramarajabahadoor.djvu/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹങ്ങളോടു സഹകരിക്കുന്നു. ആ ശിവാലയത്തിൽനിന്ന് അല്പം നീങ്ങി ഒരു പാർശ്വത്തിൽ കാണുന്ന ജലാശയം ഭാസ്കരപ്രഭാകേസരങ്ങളെ ഇറുത്ത് വിശ്വനാഥമൂർത്തിയുടെ ജടാകൂടത്തിന്മേൽ പുഷ്പാഞ്ജലി ചെയ്യുന്ന നിയമത്തെ, സ്വപാവനതയെ വിധ്വംസിക്കുന്ന ഹിരണ്യനേത്രങ്ങൾക്കു ഗോചരമാകരുതെന്നുള്ള സങ്കോചത്തോടെ നിർവ്വഹിക്കുന്നു. സരസ്സിന്റെ പ്രാന്തപ്രദേശത്തെ പ്രൗഢരമണീയമാക്കുന്ന രാജഹർമ്മ്യത്തിന്റെ മുഖങ്ങൾ ആ സങ്കേതഭൂമിയിൽ അകേരളീയപാദങ്ങളുടെ ആക്രമണത്തെ ദർശിച്ച് സ്വഭർത്താവിന്റെ പ്രതാപക്ഷയംകൊണ്ടുള്ള ക്ലേശത്താൽ മ്ലാനങ്ങളായിരിക്കുന്നു. ക്ഷേത്രോപസ്ഥിതങ്ങളായ നികുഞ്ജങ്ങളാൽ ഉപഗൂഢങ്ങളായ രമണീയജനവസതികൾ, പ്രത്യാസന്നമായ ധർമ്മഭ്രംശത്തെ വീക്ഷിച്ചു സന്തപ്തഹൃദയങ്ങളാവുകയാൽ സീതാദേവിയെ അനുകരിച്ച് ഭൂദേവിയുടെ പാവനോദരത്തെ ശരണംപ്രാപിക്കുകയോ എന്നു ചിന്തിച്ചുപോകുന്നു. ഉദയാസ്തമയങ്ങളിലെ ഭഗവദ്ദർശനത്തെ അഭംഗുരവ്രതമായി അനുഷ്ഠിച്ചുപോരുന്ന അവിടത്തെ വനിതാകദംബം, തങ്ങളുടെ ധർമ്മാചരണത്തിനു നേരിട്ടിരിക്കുന്ന പ്രതിബന്ധം നിമിത്തം, ശ്ലാഘ്യമായ പരഗതിയുടെ നഷ്ടത്തെ ആശങ്കിച്ചുതുടങ്ങിയിരിക്കുന്നു.

ബഹുനാഴിക ചതുരശ്രത്തിലുള്ള ഈ ലതാഗൃഹനിചയത്തിന്റെ ഗോപുരഭാഗത്ത് ഉന്നതങ്ങളായ മകരതോരണശ്രേണികളെ സംഘടിപ്പിച്ചു നിർമ്മിച്ചിട്ടുള്ള ഒരു ഹർമ്മ്യത്തിന്റെ മുകളിൽനിന്ന് ഒരു മഹാമണ്ഡലാധിപകേസരിയുടെ 'പ്രതാപരുദ്രത'യെ ഗജഭേരീയുഗ്മങ്ങൾ 'ധിമിദ്ധിമി'ഘോഷത്താൽ പ്രസിദ്ധീകരിക്കുന്നു. ഈ ചണ്ഡദ്ധ്വനികൾ ശതമഖം നിർവ്വഹിക്കേണ്ട ക്ലേശം കൂടാതെ, ഇന്ദ്രാണീകാന്തത്വം അപഹരിപ്പാൻ ഉദ്യോഗിക്കുന്ന ഒരു ദാനവേന്ദ്രവൃത്താന്തത്തെ സുധർമ്മാസോപാനത്തിങ്കൽ എത്തിക്കുന്നു. ഭുവനസുഷമാസാകല്യത്തെയും സംഗ്രഹിച്ചുള്ള ആ ചെറുപ്രപഞ്ചത്തെ രക്ഷിക്കുന്ന അഷ്ടദിഗ്ഗജങ്ങളായി നിലകൊള്ളുന്ന വൈതാളികന്മാർ മാന്ധാതാ മുതല്ക്കുള്ള മഹീശമണ്ഡലത്തിൽവച്ചു ദൈവപ്രിയോത്തംസം, ഈശതത്ത്വരഹസ്യജ്ഞതയിൽ ശ്രീസനകസനന്ദകപ്രഭൃതികളുടെ സംയോഗാവതാരം, ഭൂമണ്ഡലവിജയം സാധിപ്പാൻ സഹസ്രകവചനായി നിയോഗിക്കപ്പെട്ട ഭഗവൽപ്രതിനിധി, അഷ്ടവിഭൂതികളോടമരുന്ന വിരാട് പുരുഷന്റെ സർവ്വാംശകരണങ്ങൾ, ടിപ്പു ഫ്ട്ടി ആലിഖാൻ ബഹദൂർ പാദുഷാ എന്നുള്ള സ്തോത്രങ്ങളെ പാഞ്ചജന്യധ്വനിയിൽ മുഴക്കുന്നു. ഒരു മഹാനഗരത്തിന്റെ ആരവസമ്മേളനം തരുനിരകളെയും ലതാസഞ്ചയങ്ങളെയും കിടുക്കി നൃത്തം തുള്ളിക്കുന്നതിൽ ദൃശ്യമാകുന്ന പ്രഭാവപടലി, മുകിലചക്രവർത്തിയുടെ മണിഗൃഹനിരകളെ തിളങ്ങിച്ചു പോന്നിരുന്ന രാജസധാടിയെയും അധഃകരിക്കുന്നു. തിരുശിരസ്സുകളിലെ രമണീയമായ പ്രകൃതിവിലാസത്തിൽ കാണപ്പെടുന്ന പ്രശാന്തപ്രഭകളെ വിജയിച്ചു ശോഭിക്കുന്ന ഹരിതശോണാംബരപതാകകൾ, തങ്ങളാൽ സേവ്യനായുള്ള മഹാരഥന്റെ പ്രതാപമുദ്രകളായി പ്രമോദ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/321&oldid=168174" എന്ന താളിൽനിന്ന് ശേഖരിച്ചത്