താൾ:Ramarajabahadoor.djvu/323

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദക്ഷിണാപഥത്തിൽ നിസ്സംശയം ഒരു അലഭ്യദർശനംതന്നെ ആയിരുന്നു. ഈ നരമേധഹോത്രികളുടെ കൂടാരങ്ങൾ വിവിധ വർണ്ണം കലർന്നുള്ള പട്ടുകൊടിക്കൂറകളാലും സ്തൂപികകളുടെ രജതൗജ്ജ്വല്യപ്രസരണത്താലും അവയുടെ അന്തഃപ്രദേശങ്ങൾ സംഭാരനിചയങ്ങളുടെ പ്രഭാവസമ്മേളനങ്ങളാലും ഭാസമാനമായി, പ്രേക്ഷകജനങ്ങളെക്കൊണ്ടു ഹൗണീകാലത്തിലെ ഒരു ദാശരഥീപട്ടാഭിഷേകമഹോത്സവത്തെ സന്ദർശിപ്പിക്കുന്നു. ഈ സഭാവലയം നിരവധി ആസുരപ്രഭാവന്മാരുടെ നിതാന്തോന്മേഷപ്രവർത്തനങ്ങളുടെ രംഗമായിരുന്നിട്ടും ദാക്ഷിണ്യഹീനമായ ഒരു ചന്ദ്രഹാസത്തിന്റെ നിയന്ത്രണത്താൽ കേവലം സാലഭഞ്ജികാലയങ്ങളുടെ മൂകതയോടെ വർത്തിക്കുന്നു.

ഇങ്ങനെയുള്ള പടമണ്ഡപാവലികളാൽ വലയിതമായുള്ള പ്രതിഷ്ഠാഗേഹം രാജസവിഭൂതികളുടെ നിസ്സീമതയ്കു ചേർന്നുള്ള ഗർഭഗൃഹങ്ങളാൽ അനുബന്ധിതമായിരുന്നു. ചന്ദ്രികാമൃതത്തിൽ സ്നാതമായി, താരഹാരാവലികളാൽ അലംകൃതമായി കാഴ്ചവയ്ക്കപ്പെട്ട ബഹുപുഷ്പകങ്ങൾതന്നെ അതുകളുടെ ഉജ്ജ്വലസമ്മേളനത്തോടെ കുബേരകുലസേവ്യനായ ടിപ്പുമഹാരാജാവിന്റെ ദിഗ്ജയസഞ്ചാരങ്ങളിൽ തിരുവുളം അറിഞ്ഞു പരിചരണം ചെയ്യുന്നു. വൈകുണ്ഠകൈലാസങ്ങളെയും ധനദേന്ദ്രമന്ദിരങ്ങളേയും അനുഗ്രഹിച്ചിട്ടില്ലാത്ത ഒരു കാന്തികകലാപം വിയൽപഥികരായ ഗ്രഹതാരാവലികളെയും ന്യൂനപ്രഭന്മാരാക്കുന്നു. ഈ ഉപകാരികാനിചയത്തിന്റെ സ്ഥൂണമകുടങ്ങളിൽ ചാഞ്ചാടുന്ന കനകരചിതമായുള്ള ശശാങ്കകലകൾ ഉപാന്തസ്ഥമായുള്ള ഭഗവൽക്ഷേത്രത്തിലെ ചന്ദ്രകലാധരനെ ദർപ്പകദാഹത്തിനു പൂർവ്വമായുള്ള സമാധിസ്ഥിതിയിൽ ലീനനാക്കിയിരിക്കുന്നു.

ഈ കൂടാരപ്പന്തിയുടെ മുൻഭാഗത്ത് അതിൽ അധിവസിക്കുന്ന സമ്രാട്ടിന്റെ തിരുവുള്ളവും സാവകാശവും പ്രതീക്ഷിച്ച് നെറ്റിപ്പട്ടവും അതിരുചിപ്രചുരങ്ങളായ കായകവചങ്ങളും, നാദസത്വത്തെ സംഗ്രഹിച്ചുള്ള ഘണ്ടാദ്വന്ദ്വങ്ങളും കനകകണ്ഠഹാരങ്ങളും അണിഞ്ഞുള്ള ഗജേന്ദ്രന്മാരും സമാനഭാസുരതയെ പ്രസ്ഫുരണം ചെയ്യുന്ന വസ്ത്രാദ്യലങ്കാരങ്ങളോടുകൂടിയ ഹസ്തിപന്മാരും കാത്തുനില്ക്കുന്നു. ഉപകാരികകളെ വലയം ചെയ്തു ശോണാക്ഷന്മാരായ അതികായന്മാർ അവസരവീക്ഷകനായി മൃദുസഞ്ചരണം ചെയ്തുകൊള്ളുന്ന മന്ദപവനനെയും ശൂലാരോഹം ചെയ്യിച്ച് ശിലാവിഗ്രഹങ്ങളെന്നപോലെ മഹത്സമക്ഷസംരക്ഷണം നിവർത്തിക്കുന്നു. കൂടാരങ്ങളുടെ ദ്വാരപ്രദേശം സേവിക്കാനുള്ള ഭാഗധേയത്താൽ അനുഗ്രഹിക്കപ്പെട്ട സേനാംഗപ്രമാണികൾ, ഓരോ സിംഹാസനം ഭരിക്കാൻ വേണ്ട ആഡംബരത്തിൽ കനകഭൂഷാദികൾ അണിഞ്ഞുള്ള കമനീയാങ്കന്മാരായിരന്നു. താലവൃന്തങ്ങൾ, ആതപത്രങ്ങൾ, ചാമരങ്ങൾ, ആലവട്ടങ്ങൾ എന്നിത്യാദി രാജചിഹ്നസാമഗ്രികൾ കനകമയങ്ങളും അതുകളുടെ വാഹകന്മാർ ഇന്ദ്രദാസതുല്യം ഭൂഷോജ്ജ്വലന്മാരും ആയി, ഒരു സുവർണ്ണമയമണ്ഡപത്തിന്റെ ഗോപുരാങ്കണത്തിലെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/323&oldid=168176" എന്ന താളിൽനിന്ന് ശേഖരിച്ചത്