താൾ:Ramarajabahadoor.djvu/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുഞ്ഞമ്മ കനിഞ്ഞാൽ ദിവാന്യേമാൻ പിടിപ്പതു വല്ലതു തരും. എന്റെ ദേവിയല്ലേ? കനിഞ്ഞു രക്ഷിക്കൂ."

കുഞ്ഞിപ്പെണ്ണ്: "അയ്യോ! എവളെന്തരു കനിയുണു ഇനിയുണു? ഇഞ്ഞമ്മേലെ അടുത്തു ചെന്നിപ്പോ എല്ലാം ചൊല്ലിക്കൊരുക്കനേ. മൂക്കീലിരികൊള്ളാൻ മൊവംതൊരച്ചോന്റു നിക്കനം."

കൊടന്തആശാൻ: "അരുതരുത്. ആ സിംഹരാജാവ് കുഞ്ഞമ്മയെ അമ്മച്ചിയാക്കുമ്പോൾ കൂടിയങ്ങോട്ടു പോവാൻ ഒരു കാര്യസ്ഥനും ദാസിയും വേണ്ടയോ? അതിന് ആ മുഹൂർത്തത്തിൽത്തന്നെ ഒരു തുണി വാങ്ങിക്കളയൂ. വേണങ്കിൽ ചക്ക വേരിന്മേലും കായ്ക്കും."

ഹാ! ന്യായമായ ഒരു വിവാഹത്തിനാണ് ആശാൻ പ്രാർത്ഥിക്കുന്നത്. സ്വസ്വാമിനിയുടെ പരിചരണത്തിനു പരിചയിച്ച പരിജനങ്ങൾത്തന്നെ ഉണ്ടായിരുന്നാൽ സുഖവും സൗകര്യവും വളരെ കൂടും. ആ ചെറുപ്രായത്തിൽ ഒരു ഭർത്താവുണ്ടാകുന്നതു സാമാന്യകമനികൾക്കു കിട്ടാത്ത ഒരു ഭാഗ്യവും ആണ്. അതിനാൽ പരിഹാസം, ശണ്ഠ എന്നീ ആയുധങ്ങൾ ദൂരത്തിരിക്കട്ടെ താൻ ഇതാ നമസ്കരിക്കുന്നു. ഈ ചിന്തകളോട്ലുകൂടി കുഞ്ഞിപ്പെണ്ണു പെരുവിരൽ‌കൊണ്ടു ഭൂമിയിൽ ലേഖനംചെയ്തും മുഖത്തേ നമ്രമാക്കിയും ശരീരത്തെ ചാഞ്ചാടിച്ചും നിരർത്ഥങ്ങളായ മൂഷികസ്വനങ്ങൾ പ്രയോഗിച്ചും യഥാശാസ്ത്രം പ്രണയിനീ വേഷം ആടിത്തുടങ്ങി.

കുഞ്ഞിപ്പെണ്ണ്: "വീറ്റുകാരു തമ്മതിച്ചാ, ങ്യാ, ങ്യാ" (വിവാഹം കഴിഞ്ഞ നാട്യത്തിൽ) "അപ്പപ്പിന്നെ കൊച്ചമ്മേലെ കൂരി ഇങ്ങേരും പപ്പിളിത്തമ്പുരാന്റെ രാച്യത്തു പോരൂല്യോ?"

കൊടന്തആശാൻ: (ഇതു കേട്ടുണ്ടായ ചിരി അമർത്താനായി ഒരു വിശേഷവീര്യം നടിച്ചുകൊണ്ടു സ്വഹസ്തഗതയായ ഹംസികയെ അല്ല, കോകിനിയെ ഇങ്ങനെ ആശ്വസിപ്പിച്ചു) "അതല്ലേ രസം! കൊണ്ടുപിടിച്ച രസം! കുഞ്ഞിപ്പെണ്ണിന്റെ കണവനെ-അതായതു ഭർത്താവിനെ-ആ കോലോഹത്തെ കാര്യക്കാരായി വാഴിക്കാമെന്ന് ആ തിരുമനസ്സുകൊണ്ടു തന്നെ കല്പിച്ചിട്ടുണ്ട്."

കുഞ്ഞിപ്പെണ്ണ്: (ഭാര്യാസ്ഥാനം ദൃഢീകരിക്കാനുള്ള പ്രണയകലഹമായി) "നുയ്മ്പിനിന്നോന്റു പൂരായങ്ങളു വെളയല്ലെ."

കൊടന്തആശാൻ: "എന്റെ ജീവനാഥയാണെ സത്യം." ഈ സത്യവാചകത്തെ സമർത്ഥിക്കുവാൻ ആശാൻ അംഗുലീദലങ്ങൾകൊണ്ട് കുഞ്ഞിപ്പെണ്ണിന്റെ കേശപല്ലവത്തിൽ ചില ചുംബനക്രിയകൾ കഴിച്ചു. ചാരിത്രഭഞ്ജകമായുള്ള ഈ ക്രിയയിൽ പാരുഷ്യത്തോടുകൂടി കുഞ്ഞിപ്പെണ്ണ് ആശാന്റെ ഹസ്തദണ്ഡത്തിന്മേൽ ചില നിർദ്ദയശുശ്രൂഷകൾ ചെയ്തപ്പോൾ അവരുടെ പ്രണയബന്ധം യഥാവിധി ഘടിതമായി.

വിവാഹം അടുത്ത ദിവസം രാത്രിയിലെ രണ്ടാംരാശിയിൽ ആകയാൽ കരക്കാർ കറിക്കു നുറുക്കാനും മറ്റും തിക്കിത്തിരക്കി സംഘംകൂടിത്തുടങ്ങി. ബബ്‌ലേശ്വരനെ എതിരേല്ക്കാനുള്ള മഞ്ചൽക്കാരും പക്ഷേ, അല്പം ഇരുട്ടിപ്പോകുന്നെങ്കിൽ വെളിച്ചം കാട്ടാനുള്ള തീവെട്ടിക്കാരും ഒരു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/135&oldid=167967" എന്ന താളിൽനിന്ന് ശേഖരിച്ചത്