താൾ:Ramarajabahadoor.djvu/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സിംഹൻ ഗുരുനാഥനു പിടികൊടുക്കാതെ വഴുതിക്കളയുമെന്നു സംശയിച്ചിരുന്ന ആശാൻ വിവാഹസംഭാരങ്ങളുടെ സമ്പൂരണത്തിൽ വസ്ത്രദാനപീഠത്തിൽ സംസ്ഥിതിചെയ്യുന്നതു താൻതന്നെ ആകുമെന്നു നിശ്ചയിച്ച് അന്നന്നു ക്ഷുരകകർമ്മപരമായുള്ള അവഭൃഥസ്നാനങ്ങൾ കഴിക്കുന്നു. എന്നാൽ വിവഹത്തിനുമുമ്പു ഹൃദയാനുരക്തി ഉണ്ടാകാത്ത ദാമ്പത്യം അസ്വാരസ്യത്തോടെ കഴിയും എന്നുള്ള സ്മരകാര്യബോധത്താൽ ആശാന് സാവിത്രിയോട് അല്പനേരത്തെ എങ്കിലും സ്വൈരഭാഷണത്തിനു പല വിദ്യകളും എടുത്തു. അവസരം കിട്ടാഴികയാൽ ആ തോന്ന്യാസക്കാരിയെ പഞ്ചാക്ഷരഗ്രഹണം ചെയ്യിക്കുന്നതിനുള്ള അവകാശം വിവാഹദിവസത്തിൽ തനിക്കു സംപ്രാപ്തമാകുമാറ് അജിതസിംഹശിശുപാലനു വല്ല ആപത്തും സംഭവിപ്പിക്കുവാൻ സ്വദേശപരദേവതയായുള്ള ഗണേശനു വാർപ്പുവാർപ്പുകണക്കായി അപ്പനിവേദ്യം കഴിക്കാമെന്നു നേർച്ചകൾ നേർന്നു. ഈ ഹൃദ്‌രസനാദാനംകൊണ്ടും ഗണേശൻ പ്രസാദിക്കുന്ന പ്രത്യക്ഷലക്ഷണം ഒന്നും കാണാത്തതിനാൽ ഏവംവിധമായ വിപത്സന്ധികളിൽ ഏവംവിധക്കാരായ കാമുകന്മാർ ദാസീചരണങ്ങളെ ശരണംപ്രാപിക്കുന്ന ഉപായത്തെത്തന്നെ ആശാൻ അനുഷ്ഠിച്ചു. ആ പ്രദേശത്തെ സാധുജനമണ്ഡലത്തിലെ നാഗരികശശാങ്കനായ ആശാൻ പല കാലം സ്വഗൃഹത്തിലെ കുക്കുടകുടുംബങ്ങളുടെ ദാമഗ്രന്ഥിയും ആയിരുന്നു. ബാല്യത്തിലെ മനോധർമ്മലബ്ധികളെത്തുടർന്ന് അയാൾ ഇടതുചിറകു താഴ്ത്തി, കണ്ഠം ഇളക്കി, കാലുകൾകൊണ്ട് ഒരു ത്രിപുടതാളം ചവിട്ടി കുഞ്ഞിപ്പെണ്ണിനെ അല്പം ഒന്ന് ഓടിച്ചു പിടിച്ചു തന്റെ അഭിലാഷത്തെ കൂകി.

കുഞ്ഞി കോപാവേശത്തോടെ തിരിഞ്ഞുനിന്നു ശണ്ഠയ്ക്കു തുടങ്ങിയപ്പോൾ അവളുടെ വക്ഷസ്സിൽ ആ സരസൻ "പങ്കജകോരകം പമ്പരം പന്തു ചെംകുങ്കുമാലംകൃതകുംഭികുംഭദ്വയം" സന്ദർശിച്ച് അതുകളെ വർണ്ണിച്ചു ചില ശ്ലോകശകലങ്ങൾ പ്രലപിച്ചു.

കുഞ്ഞിപ്പെണ്ണ്, തന്റെ വെണ്മാടവക്ഷസ്സിൽ ഹസ്തങ്ങളാൽ ഗുണനചിഹ്നത്തെ രചിച്ചുകൊണ്ട് "ഇതെന്തെരായാനെ ഈ ഗണാട്‌ഠങ്ങള്? വല്യങ്ങത്തേടെ നിമ്പിച്ചെന്നു വായ്പാര കൊരുക്കനം" എന്ന് ഉപദേശിച്ചു.

കൊടന്തആശാൻ: "അയ്യോ! ഓമൽക്കുഞ്ഞീ! ശ്രീരാമൻ സീതയെ പരിഗ്രഹിച്ചില്ലേ? ആ ദേവി അന്നു കാതുകുത്തിയിട്ടില്ലാത്ത കുഞ്ഞായിരുന്നില്ലേ? ഇവനും ഗൃഹസ്ഥാശ്രമിയായിക്കൊള്ളട്ടെ. സപത്നികനായി ആ വാനപ്രസ്ഥം ആരംഭിക്കാൻ അനുമതിക്കൂ."

കുഞ്ഞിപ്പെണ്ണ്: "ഇതെന്തരായാനേ! പന്നിയും പരണിയുമൊന്നും കുഞ്ഞിയല്ല."

കൊടന്തആശാൻ: "ഈ തടസ്ഥം സാധുവല്ലാ. മരുന്നിനെന്നു പറയുമ്പോൾ തുള്ളിക്കു പണം നാലാക്കരുതേ. കണ്ടില്ലേ പുരകെട്ട്, കോപ്പുവരവ്? ഇതെല്ലാം സഫലമാകണമെങ്കിൽ കുഞ്ഞി കനിയണം. പാർക്കാൻ ചെറിയൊരു വീടുണ്ട്. സഹവസിപ്പാൻ സോദരികളുണ്ട്. നിത്യതയ്ക്കോ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/134&oldid=167966" എന്ന താളിൽനിന്ന് ശേഖരിച്ചത്