താൾ:Ramarajabahadoor.djvu/133

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ക്കുന്നു എന്ന് അവൾ അഭിമാനിച്ചു. നവം ആയുള്ള ഒരു കൃത്യഭാരം ചുമലുന്നതിന്റെ ബോധവും അത് ആരാൽത്തന്നെ പ്രതിരോധിതം ആയാലും ജന്മാന്തരം വരെ അഭംഗുരനിലയിൽ വർത്തിക്കും എന്നുള്ള ഒരു സ്ഥൈര്യവും അവളുടെ ഹൃദയത്തിൽ സുസ്ഥിരപ്രശാന്തത ചേർത്തിരുന്നു. അവളുടെ കാമുകനോടുള്ള വിക്രീഡാരംഗം മുൻപറഞ്ഞതു പോലെ ആരാമനികുഞ്ജങ്ങളോ ഭവനത്തിലെ ഏകാന്തതളിമങ്ങളോ ആയിരുന്നില്ല. അനന്തവിസ്തൃതിയോടുകൂടിയ വിശ്വരംഗത്തിൽ ആ കാമുകദേഹിയും തന്റെ തുല്യപാവനമായ ദേഹിയും ഭൂതസഞ്ചയപ്രവർത്തനങ്ങളാൽ സംഘടിതമായിരിക്കുമ്പോൾ, ദൂരത എന്നതു കേവലം നിരർത്ഥസ്ഥിതി എന്നു മാത്രമേ അവൾക്കു തോന്നിയുള്ളു. ആഭരണസഞ്ചയങ്ങളെ പെട്ടിയിലും ലംബമാനമായി കിടന്നിരുന്ന സമൃദ്ധകേശത്തെ അതിന്റെ ചില അംശങ്ങൾകൊണ്ടുള്ള വലയങ്ങളിലും ബന്ധിച്ചിരിക്കുന്നതു താൻ കാമുകവക്ഷസ്സിൽ ലീനയായി അവലംബിസ്ഥിതിയെ ജീവാന്തംവരെ സ്വീകരിച്ചിരിക്കുന്നതിനെ മാത്രം സാക്ഷീകരിക്കുന്നു. തന്റെ ദേഹിയുടെ നാഥനും നിയന്താവും ആയുള്ള ചൈതന്യസത്വം തന്റെ ദക്ഷിണാർദ്ധമായി അശ്രാന്തവാസം അനുഷ്ഠിക്കുന്ന സ്ഥിതിയിൽ ആ സാന്നിദ്ധ്യത്തിന് അനുരൂപം ആയുള്ള വിധത്തിൽ തന്റെ ക്രിയാപദ്ധതികളെ നിയമനം ചെയ്യേണ്ടതാണെന്നുള്ള ബോധത്താൽ അവളുടെ അതിഗംഭീരയായ മാതൃമാതാമഹിയുടെ നിലയെത്തന്നെ ഈ കന്യദശയിലും അവൾ അവലംബിച്ചുപോയിരിക്കുന്നു. സ്വസംബന്ധികളുടെ കുശലപ്രശ്നങ്ങൾക്കു ഏകപദപ്രയോഗങ്ങൾകൊണ്ടു പ്രത്യുപചാരം ചെയ്യുന്നതും ഏകാന്തതയെ ആഗ്രഹിച്ച് ഉന്മേഷസംഘങ്ങളിൽനിന്നു പിരിഞ്ഞുകളയുന്നതും വിവാഹശ്രമങ്ങളെ കണ്ടുകൊണ്ടാടുവാൻ ക്ഷണിക്കുന്ന മുത്തശ്ശികളെ അവർക്കു വ്യാഖ്യാനിക്കുവാൻ കഴിയാത്ത ഒരു നേത്രനിപാതത്താൽ പായിക്കുന്നതും അച്ഛന്റെ നിയോഗാനുസാരം സംബന്ധികളും കരനാഥന്മാരും എടുത്തുതുടങ്ങിയിരിക്കുന്ന കലാശത്തിന്റെ പരിണാമത്തെ ചിന്തിച്ചുള്ള ലജ്ജാവ്യസനങ്ങൾകൊണ്ടായിരുന്നു. എന്നാൽ ധർമ്മാനുവർത്തകരുടെ പരിത്രാണനത്തിൽ പരമപടുവായുള്ള ഭഗവാന്റെ കാരുണ്യത്തിലോ രക്ഷാപ്രതിജ്ഞയെ അരുൾചെയ്ത ഭരണപടുവിന്റെ ഏർപ്പാടുകളാലോ ആ ലജ്ജയ്ക്കും വ്യസനത്തിനും സംഗതിവരുകയില്ലെന്നും അവൾ ധൈര്യപ്പെട്ടിരുന്നു.

സാവിത്രിയിൽ നാം ചില അവസ്ഥാന്തരങ്ങൾ കാണുന്നു എങ്കിൽ, കൊടന്തയാശാനിൽ പലതും വഴിയെ പോകുന്നവരെയും ക്ഷണിച്ചു കാട്ടുമാറ് പ്രത്യക്ഷപ്പെടുന്നു. കായദൈർഘ്യംതന്നെ ഒട്ടൊന്നു വർദ്ധിച്ചു പൂർവ്വശിഖാവിസ്തൃതിയും പരിമാണവിഷയത്തിൽ ദത്തുകർമ്മത്താലും മറ്റും ആ അഭിവൃദ്ധിയെ പുരോഗമനം ചെയ്യുന്നു. ഉണ്ണിത്താന്റെ സ്ഥാനപതിസ്ഥാനം യഥാധികാരം പ്രയോഗിപ്പാൻ യുവലോകം നേത്രനിമീലനങ്ങളാൽ ആ സരസനെ 'ചെത്തക്കൊമ്പിൽ' ആരോഹിപ്പിക്കുവാൻ കാപ്പുകെട്ടുന്നു. പരമാർത്ഥത്തിൽ മഹാരാജാവിന്റെ ശത്രുവായുള്ള അജിത

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/133&oldid=167965" എന്ന താളിൽനിന്ന് ശേഖരിച്ചത്