താൾ:Ramarajabahadoor.djvu/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കംതന്നെ ആയിരിക്കാം. അതിന്റെ പ്രാന്തപ്രദേശത്തിലുള്ള വൃക്ഷശാഖകളിലെ കളകൂജനാലാപികളായുള്ള ക്രൗഞ്ചാദിമിഥുനങ്ങളുടെ വിഹാരം ആദികവിയുടെ ദിവ്യപാദങ്ങൾ തരണംചെയ്ത തമസാപ്രാന്തത്തെ സ്മരിപ്പിക്കുന്നു. പ്രാകാരനിരയ്ക്കിടയിൽ കാണുന്ന കൊടുമുടികൾ രാമായണകഥയെ കേരളവാണിയിൽ നാട്യപ്രബന്ധം ആക്കിത്തീർത്ത ശ്രീമൽ കേരളവർമ്മരാജശേഖരനാൽ ഭരിക്കപ്പെട്ട മഹനീയക്ഷേത്രത്തിലെ ഐശ്വര്യനിധികളെ കവചംചെയ്തുള്ള ഗോപുരങ്ങളത്രെ. തരുകായങ്ങളിൽ തളയ്ക്കപ്പെട്ടിരിക്കുന്ന പുഷ്ടശരീരികളായ കന്നുകാലികളുടെ മുക്കുറകൾ ദുർജ്ജനസമാഗമത്തെ ദൂരീകരിക്കുന്നതായ നന്ദിയുടെ ഹുങ്കാരധ്വനികൾപോലെ ചതുർമ്മേഖലകളിലും സംഘടിച്ചു പ്രതിധ്വനിക്കുന്നു. ചെറുചെടികൾക്കിടയിൽ മേഞ്ഞു സഞ്ചരിക്കുന്ന അജസഞ്ചയത്തിന്റെ 'ബാ'കാരാലാപങ്ങളും കൊടന്തയാശാൻ മുതലായവരുടെ കനകദാണ്ഡദായകരായ കുക്കുടസംഘങ്ങൾ മേളിക്കുന്ന കാഹളധ്വനികളും വിശന്നല്ലെങ്കിലും അഹങ്കാരത്താൽ സ്തന്യം കാംക്ഷിച്ചു മാതൃസമീപത്തിലേക്കു കുതികൊണ്ടു മണ്ടുന്ന ഗോകിശോരങ്ങളുടെ 'അംബാ'പ്രാർത്ഥനകളും, പാടത്തിലെ കനകചാമരശിഖകൾ കവർന്നുകൊണ്ട് അംബരത്തിലോട്ടുയർന്നു മറയുന്ന ദ്വിജാളിയുടെ പക്ഷപുട പ്രപാതധ്വനികളും കാട്ടിൻചരിവുകളിൽ പാർക്കുന്ന ചെറുമകുടുംബങ്ങളിലെ ബാലതതികൾ ഉന്മേഷസഹിതം പ്രകടിപ്പിക്കുന്ന അനിയന്ത്രിതബഹളങ്ങളും കർഷകചര്യയുടെ അധിഷ്ഠാനദേവതയായ കമലാംബികയുടെ മനോജ്ഞസാന്നിദ്ധ്യത്തെ ഉദീരണംചെയ്യുന്നു.

കിഴക്കെനന്തിയത്തുഭവനം പൊടിതകൃതി ആകുന്ന സന്ദർഭത്തിലാണ് സാവിത്രിയും സഖിയും സഹചരസംഘങ്ങളും ചേർന്നു വിവാഹാഘോഷത്തിനായി ഗൃഹപ്രവേശംചെയ്തത്. നമ്മുടെ നായികയായ കന്യകയുടെ സമാഗമം കണ്ടപ്പോൾത്തന്നെ അച്ഛന്റെയും പിതാമഹന്റെയും ഭാഗിനീഭാഗിനേയികളായ കെട്ടിലമ്മമാർ ആ വിശേഷസന്ദർഭത്തിലെങ്കിലും പവനദേവനെ പുണർന്നുപോകുന്നതിലുള്ള പാതിവ്രത്യവിലോപത്തെ ഗണിക്കാതെ സല്ക്കാരകൗതുകകളായി ദ്വാരപ്രദേശത്തുതന്നെ സംഘംകൂടി എതിരേല്പുകഴിച്ചു. സൽകൃതയായ കന്യക ആകാരത്തിലും തേജസ്സിലും സ്വഭാവത്തിലും അല്പം മുമ്പ് നാം കണ്ട സ്വാതന്ത്ര്യശീലയും വിഹാരപ്രിയയും, പുരുഷസ്വഭാവിനിയും എന്ന വന്യനിലകളിൽനിന്നു ഖരഹൃദയങ്ങളെയും വശീകരിക്കുമാറുള്ള ഒരു സാധ്വീമാധ്വീകതയെ അവലംബിച്ചിരിക്കുന്നു. യാദവവംശശശാങ്കനോടൊന്നിച്ചു രഥാരോഹണം ചെയ്ത വൈദർഭിയുടെ സ്ത്രീധർമ്മത്തെത്തന്നെയും സ്വമാതൃകയായി അനുകരിപ്പാൻ ഈ കന്യക സന്നദ്ധയായിരുന്നില്ല. ഈ മഹാകുലീനയുടെ ഹൃദയകോരകം വാഞ്ഛിക്കുന്നത് ആരാമവാസവും രാജസങ്ങളായ മഹാഭോഗങ്ങളും അല്ലായിരുന്നു. സ്വാന്തത്തിൽ സ്വബാല്യത്തിലെ ബന്ധുവോടു തോന്നിയ ഗാഢബന്ധം അല്പം ഒന്നു രൂപാന്തരപ്പെട്ടിരിക്കുന്നത് ഐശ്വര്യമായ ഒരു ബന്ധത്തിലേക്ക് അവളെ ക്ഷണി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/132&oldid=167964" എന്ന താളിൽനിന്ന് ശേഖരിച്ചത്