താൾ:Ramarajabahadoor.djvu/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബലദേവനെപ്പോലെ തീർത്ഥാടനത്തെ അവലംബിക്കുകയോ ചെയ്യുന്നു. എന്നാൽ നമ്മുടെ ഉണ്ണിത്താൻ ചിദംബരമൂർത്തിത്വം കൈക്കൊണ്ടപ്പോൾ ആ പുരാണകഥാഭിജ്ഞൻ പക്ഷപാതം കൗശലത്തിൽ പ്രകടിപ്പിച്ചുള്ള സാരഥ്യമോ കാശിയാത്രയോ അനുഷ്ഠിപ്പാൻ സ്വപത്നിയെ അനുവദിച്ചില്ല. യുദ്ധരംഗത്തിലേക്കുള്ള യാത്രാസന്നാഹങ്ങൾ കൂട്ടുന്നതിനിടയിൽത്തന്നെ പുത്രീവിവാഹത്തിനുള്ള ദിവസം നിശ്ചയിക്കപ്പെട്ട് സംഭാരസമാർജ്ജനങ്ങൾക്കും മഞ്ചങ്ങളുടെ നിർമ്മാണത്തിനും വേണ്ട ദൂതന്മാർ ലേഖനസമേതം കൊട്ടാരക്കരയ്ക്കു നിയുക്തന്മാരുമായി. യാത്രാരംഭത്തിൽ ഭാര്യാപുത്രികളോടൊന്നിച്ചു പുറപ്പെട്ട ഉണ്ണീത്താൻ ചിലമ്പിനേത്തു പാർത്തു വൈധവ്യം അഭ്യസിപ്പാൻ ഭാര്യയെ നിഷ്കൃപം ഉപേക്ഷിച്ചു. ദേശിംഗനാട്ടുദേശത്തിന്റെ തലസ്ഥാനനഗരത്തിൽനിന്ന് ഏതാനും നാഴിക തെക്ക് ഒരു പയോഷ്ണീതീരത്തിൽ എത്തിയപ്പോൾ പുത്രി കൊടന്തയാശാന്റെ സംരക്ഷണയിൽ ഏൾപ്പിക്കപ്പെട്ടു മറ്റു പരിവാരങ്ങളോടും ഒന്നിച്ചു കൊട്ടാരക്കരയാകുന്ന തന്റെ വിദർഭമണ്ഡലത്തിലേക്കു യാത്രയാക്കപ്പെട്ടു.

നന്തിയത്തുഗൃഹത്തിലെ പ്രധാന ഭവനം കിഴക്കുവശത്തു ഭണ്ഡാരമുറിയും ഗൃഹനായകന്റെയും ഉപനായകന്റെയും അറകളും മദ്ധ്യത്തിൽക്കൂടി ഒരു ഇടനാഴിയും പടിഞ്ഞാറുഭാഗം അരമനയും സംഘടിപ്പീച്ച് ഉത്തരക്കെട്ടിന്റെ കണക്കിരുത്തി ഊക്കേറുന്ന ശ്വാസകോശങ്ങൾ ഉള്ള ഒരു കണക്കൻ പണിചെയ്തതായിരുന്നു. പരിചാരകസംഖ്യയോളം തന്നെ എണ്ണത്തിൽ പെരുതായുള്ള ഉപഗൃഹങ്ങളാൽ പരിസേവ്യമായുള്ള ഈ ഭവനം ഒരു കുന്നിന്റെ കിഴക്കേഭാഗമായുള്ള മുതുകിനെ വെട്ടിത്താഴ്ത്തി സമഭൂമിയാക്കിയിട്ടുള്ള നിരപ്പിൽ സ്ഥാപിക്കപ്പെട്ടതായിരുന്നു. എങ്ങോട്ടു ചുറ്റിനോക്കിയാലും ഉള്ള ഐശ്വര്യചിഹ്നങ്ങൾ അവാച്യം ആയിരുന്നു. തെങ്ങുകൾ എന്ന പച്ചക്കുടകളുടെ നിബിഡത കാണ്മാനില്ലെങ്കിലും ബഹുവിധതരുക്കൾ, രംഭാകദംബങ്ങൾ, ബഹുതരകന്ദവല്ലികൾ ഇവ ചേർന്ന് ആ ലക്ഷ്മീസങ്കേതത്തെ മനോജ്ഞമാക്കാനുള്ള ഹരിതച്ഛവിയെ പരിപുഷ്ടമാക്കുന്നു. ഗ്രഹപ്രാകാരത്തിന്റെ മുൻഭാഗത്തായിക്കാണുന്ന പുൽത്തളിമവും അതിന്റെ താഴ്‌വരയോടു ചേർന്നു ബ്രഹ്മദേവനോടു സമാനകാലീനത്വം വഹിക്കുന്നതും പ്രാരബ്ധപുലമ്പലുകളോടെ ഒഴുകുന്നതും ആയ ഒരു ചെറുതോടും അതിന്റെ മുൻഭാഗത്തു പരിപക്വദശയിലുള്ള ധാന്യാവലികൊണ്ടു നീരാളം പോലെ പ്രകാശമാനമായിരിക്കുന്ന കേദാരപരമ്പരകളും അതിന്റെ പൂർവ്വഭാഗത്ത് ഉന്നതവും വിസ്താരമുള്ളതും ആയ ചിറയോടു ചേർന്ന ഒരു താമരത്തടാകവും ഈ ലക്ഷ്മീസങ്കേതത്തിനു ചുറ്റും ചതുരമായിരിക്കുന്ന ഗിരിപോതങ്ങളും ചേർന്നുള്ള മനോഹരത സാമ്രാജ്യാധിപന്മാരുടെ നിധിസമുച്ചയങ്ങളാലും സൃഷ്ടം ആകാവുന്നതല്ല. കിഴക്കേ കുന്നിൻചുവട്ടിലുള്ള പുഷ്കരണി പണ്ടു രാവണനിഗ്രഹാർത്ഥം പുറപ്പെട്ട രാമലക്ഷ്മണന്മാരും സീതാദേവിയും തോയപാനം ചെയ്‌‌വാനും വിശ്രാന്തരാകാനും അനുകൂലിച്ച അച്ഛസ്ഫടികസംകാശം കലർന്ന തടാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/131&oldid=167963" എന്ന താളിൽനിന്ന് ശേഖരിച്ചത്