താൾ:Ramarajabahadoor.djvu/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കുള്ള 'കുണ്ഡിനം ചേർന്നു' കൊള്ളുവാനായി 'ചതുരംഗ'ഭൃത്യരോടൊന്നിച്ച് എഴുന്നള്ളത്ത് ആരംഭിച്ചു.

അജിതസിംഹന്റെ യാത്രാരംഭത്തിന് അടുത്തുള്ള പകലുകൊണ്ട് മാണിക്യഗൗണ്ഡൻ തന്റെ പാളയത്തെ ഇളക്കി അദ്ദേഹത്തിന്റെ അനുചരസംഘത്തെ വടക്കോട്ടേക്കു നീക്കി. അത്താഴഭുക്തിയും കഴിഞ്ഞ് ഗൗണ്ഡൻ തന്റെ മഞ്ചൽസ്യന്ദനത്തിൽക്കയറി. അനുചരവേതാളങ്ങൾ മഞ്ചൽത്തണ്ടു തോളേന്തിനിന്നപ്പോൾ തന്റെയും പാണ്ടയുടെയും അനുയായികളോടൊന്നിച്ചു പുറകെ പെരുമ്പടപ്പിൽ എത്തിക്കൊള്ളാമെന്നു പ്രതിജ്ഞചെയ്തു നിന്ന പെരിഞ്ചക്കോടൻ ടിപ്പുവിനും ഗൗണ്ഡനും സകല വിജയങ്ങളും ആശംസിച്ചുകൊണ്ടു വിടവാങ്ങി.

പെരിഞ്ചക്കോടൻ യാത്രയ്ക്കു മുഖംതിരിച്ചത് പറപാണ്ടയുടെ വഞ്ചിയൂർ സങ്കേതത്തിലോട്ടായിരുന്നു. അന്തസ്സന്തോഷത്താൽ അമ്ലീകരിച്ചു ലഘുവാക്കപ്പെട്ട അദ്ദേഹത്തിന്റെ ശരീരം വായുവിൽ വ്യാപൃതങ്ങളായ പരമാണുക്കളോടു സമ്മേളിച്ചു കേവലം തരംഗം മാത്രമായതുപോലെ യാത്ര തുടർന്നു. ഗൗണ്ഡനോട് ഇടപെടാതിരുന്നെങ്കിൽ പക്ഷേ, രാജസേവതന്നെ സമ്പാദിക്കാമായിരുന്നുവെന്നു പശ്ചാത്തപിച്ചും തൽക്കാലലഘിമാത്വത്തെത്തുടർന്നു സർവ്വതോന്മുഖമായ ഈശിത്വം സമ്പാദിപ്പാൻ വഴിനോക്കുന്നതു ബുദ്ധിയാണെന്നു കരുതിയും എന്തായാലും സാവിത്രിയെ അജിതസിംഹൻ വേൾക്കുന്നതു തനിക്ക് അത്യനുകൂലമായ ഒരു സൗകര്യമുണ്ടാക്കുന്നു എന്ന് അആനന്ദിച്ചുന്മേഷിച്ചും പറപാണ്ടയുടെ സങ്കേതത്തിൽ എത്തിയപ്പോൾ മോഹവീര്യങ്ങളുടെ ബൃഹത്കോശമായുള്ള ആ ഹൃദയകുട്ടിമം ഒരു കല്പാന്തഭൂകമ്പത്താൽ എന്നപോലെ തകർന്നു, പാണ്ടക്ഷേത്രം ഭാരതസമരാനന്തരമുള്ള കുരുക്ഷേത്രം ആയിത്തീർന്നിരിക്കുന്നു. കുടിലുകൾ എരിഞ്ഞുള്ള ചാമ്പൽക്കുന്നുകളും വീരസ്വർഗ്ഗം പ്രാപിച്ച യോദ്ധാക്കളുടെ ശവക്കുന്നുക്കുന്നുകളും കടുനിണം പെരുകിയുള്ള സരസ്സുകളും ക്ഷതാംഗന്മാരുടെ അഭയസ്ഥലമായിത്തീർന്നിട്ടുള്ള കൂപവും ആമിഷാഗ്രഹികളായുള്ള ജംബുകാദി മൃഗങ്ങളുടെ നിർഭയസഞ്ചാരങ്ങളും കണ്ടപ്പോൾ പെരിഞ്ചക്കോടൻ ചതുർദ്ദശലോകങ്ങളെയും അയാളുടെ ഉദരത്തിൽ തത്തിത്തുടങ്ങിയ കല്പാന്താഗ്നിയിലോട്ട് ആവാഹിക്കുമാറുള്ള ഊക്കോടെ ഒന്നു നിശ്വസിച്ചു. ആ മഹാദുഷ്കൃത്യത്തെ കണ്ടിട്ടും രക്ഷാകരങ്ങളെ നീട്ടുവാൻ ദാക്ഷിണ്യം തോന്നാത്ത നക്ഷത്രങ്ങളായ കൃപണസംഘത്തെ ഭസ്മീകരിപ്പാൻ എന്നപോലെ ആകാശവീഥിയിലോട്ടു ദത്തവീക്ഷണൻ ആവുകയും ചെയ്തു.

പിതൃകൃത്യവും സ്വാർത്ഥതയും തമ്മിൽ ദേവാസുരസംബന്ധത്തിൽ ആകുമ്പോൾ അനേകസന്ദർഭങ്ങളിൽ ആസുരകക്ഷിക്കു വിജയലബ്ധി ഉണ്ടാകുന്നു. കൃത്യം എന്ന 'തില്ല' രാക്ഷസിയുടെ ശിരഃപ്രദേശത്തു സ്വാർത്ഥം ചിദംബരേശനായി നൃത്തംചെയ്യുന്നു. പിതാവും സന്താനങ്ങളും തമ്മിലുണ്ടാകുന്ന പാണ്ഡവകൗരവമത്സരങ്ങളിൽ അമ്മമാർ ശ്രീകൃഷ്ണനെപ്പോലെ നിരായുധസാരഥ്യം വഹിക്കുകയോ അല്ലെങ്കിൽ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/130&oldid=167962" എന്ന താളിൽനിന്ന് ശേഖരിച്ചത്