താൾ:Ramarajabahadoor.djvu/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്വാഗതക്കമ്മിറ്റിയും കരനാഥനായ കുറുങ്ങോട്ടു കൃഷ്ണക്കുറുപ്പിന്റെ ആജ്ഞാനുസാരം പുറപ്പാടായി. സന്ധ്യാസമയത്തെ സ്നാനത്തിനായി സാവിത്രി കിഴക്കെ ചിറയിലേക്കും യാത്രയായി. ചെറുതോട്ടിൽ കളിയാടി സ്വർഗ്ഗാനന്ദം ആസ്വദിക്കുന്ന അല്പായുസ്സുകളായ ചെറുമത്സ്യക്കൂട്ടങ്ങൾ, മനുഷ്യസഞ്ചാരം കണ്ടപ്പോൾ കൂട്ടത്തോടെ ഇളകി ഒഴുക്കുമുറിച്ചു മേല്പോട്ടു നീന്തിയ സാമർത്ഥ്യം അത്യുഗ്രമായ ലോകവിദ്വേഷഭാവത്തിൽ നടതുടങ്ങിയിരിക്കുന്ന ആ കന്യകയുടെ ദൃഷ്ടികളിൽ പതിയുന്നില്ല. സരസ്തീരത്തിലുള്ള കുന്നിന്റെ മുകളിൽനിന്നു തല ചരിച്ചും, നിവർത്തും കാലുകൾ എറിഞ്ഞും തുടിച്ചും താഴ്വരയിലോട്ടു കുതിച്ചുപായുന്ന അജ്അകിശോരങ്ങളുടെ നൃത്തങ്ങളും പ്രകൃതിദേവിയെ മാത്രം രസിപ്പിക്കുന്ന രംഗപ്രകടനം ആയിക്കഴിയുന്നു. കുളക്കരയിൽ കുളിച്ചുകൊണ്ടുനിന്ന ബാലസംഘങ്ങൾ ഗൃഹപ്രദേശങ്ങളുടെ സമ്രാട്ടായ മഹാപുരുഷന്റെ പുത്രിക്കു കടവും കരയും ഒഴിച്ചുകൊടുപ്പാനായി ഓടിത്തുടങ്ങുന്നതിനിടയിൽ പുറപ്പെടുവിച്ച കൂക്കുവിളികളും സാവിത്രിയുടെ ശ്രദ്ധയ്ക്കു വിഷയീഭവിക്കുന്നില്ല. സരസ്സിന്റെ കരയിലുള്ള തെങ്ങിൻകൂട്ടങ്ങളുടെ ചുവട്ടിൽ എത്തി അവൾ ചുറ്റിനോക്കി. ആ ദേശത്തിന്റെ പ്രകൃതിവിലാസത്തിനു സ്വകമിതാവിന്റെ ദേഹസ്വഭാവങ്ങളുടെ സൗഭാഗ്യത്തോടുള്ള താരതമ്യത്തെ ചിന്തിച്ച് ഒട്ടുനേരം നീരാട്ടിന് ഇറങ്ങാതെ നിന്നുപോയി. കുഞ്ഞിയുടെ അംഗവല്ലി അനിയന്ത്രിതമായവിധത്തിൽ ചാഞ്ചാടി ആ ചിന്താനുഭൂതിയെ നിരോധിച്ചു. തിരിഞ്ഞുനോക്കിയപ്പോൾ കുഞ്ഞി പരവശഭാവം അവലംബിച്ചുനിന്നതിനാൽ അതിനെക്കുറിച്ച് അന്വേഷിക്കുവാൻ അധികൃതയായ സാവിത്രി ഭൂതദയാധീനയായി അവളുടെ ക്ലേശകാരണം ആരാഞ്ഞു. കുഞ്ഞി ആനന്ദസാഗരത്തിലെ ലവണജലധാരയെത്തന്നെ സ്വനേത്രങ്ങളിൽക്കൂടി വർഷിക്കുന്നതിന് ആരംഭിച്ചു. എതരചേഷ്ടകൾ കണ്ട് ആ അശ്രധാര സന്താപത്താലല്ല സന്തോഷംകൊണ്ടാണെന്ന് ഊഹിക്കുകയാൽ സാവിത്രി അല്പം മനസ്സമാധാനത്തോടെ ചോദിച്ചു: "എന്തു നിധി കിട്ടി കുഞ്ഞീ? നിന്നെ എങ്കിലും ദൈവം അനുഗ്രഹിക്കുന്നല്ലോ?"

കുഞ്ഞിപ്പെണ്ണ്: (ഭുജങ്ങളെ സങ്കോചിപ്പിച്ചു തുള്ളിച്ചുകൊണ്ടു) "എന്തരു ചൊല്ലണതുഞ്ഞമ്മാ! എവക്കൊന്നുമരിഞ്ഞുകൂരാ. ഞ്ഞമ്മേലെ പെരവരെയെന്ന്, ഞ്ഞിക്കും-"

കുഞ്ഞിപ്പെണ്ണിന്റെ കൈകൾ ചില പാമ്പാട്ടങ്ങൾ ആടിയിട്ടു താടിക്കിടയിൽ മറഞ്ഞു.

സാവിത്രി: "പുടകൊടയുടെ അന്ന് എന്തോന്ന്? ആ ശനിപിടിച്ച ദിവസം നാളെയാണല്ലോ."

കുഞ്ഞിപ്പെണ്ണ്: "യ്യോ ഞ്ഞമ്മ! അന്നെഴുന്നെല്ലിയ പൊന്നും തമ്പിരാനല്യോ നമുക്കു വരിണത്? പിന്നെന്തിന് ഞമ്മ മൊവം ഇരിറ്റിച്ചോന്റു നരക്കിനത്?"

സാവിത്രി: "ഫാ ജന്തു! നീ കൂറില്ലാത്ത പെണ്ണാണ്. അച്ഛനെയും അമ്മയെയും വിട്ടിട്ട് അത്ര ദൂരത്തെങ്ങനെ പോകും?"

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/136&oldid=167968" എന്ന താളിൽനിന്ന് ശേഖരിച്ചത്