കുഞ്ഞിപ്പെണ്ണ്: "യതിനെന്തെരന്നേ? ഞ്ഞമ്മേലെ ഞ്ഞിപ്പെണ്ണും (ശൃംഗാരനാട്യത്തിൽ) നമ്മരെ ലദ്യവും (ചില സീല്ക്കാരങ്ങളോടെ) ച്ചായാനേ- ആദ്യം കൂരി ഹ്, ഹ്, പൊന്നിഞ്ഞമ്മയല്യോ, ഒന്നും വെലീച്ചൊല്ലല്ലേ."
സാവിത്രി: "അതെന്തോന്നടീ? തൊണ്ടകൊണ്ടു കഷായം കുറുക്കാതെ അയാൾ വരുന്നതിൽ സന്തോഷമെന്തെന്നു പറഞ്ഞേക്ക്."
കുഞ്ഞിപ്പെണ്ണ്: (തല വെട്ടിത്തിരിച്ച്) "അതല്യേ ഞ്ഞമ്മ ചൊല്ലണത്? (ആ നിലയിൽനിന്നു രണ്ടു കൈയും കമഴ്‌ത്തി താടിക്ക് ഊന്നായിക്കൊടുത്തുകൊണ്ട്) ഞ്ഞിക്കും ആദ്യം ഒരു തുണി തരാമെന്നൊക്കെ എന്തരോ ചൊല്ലിക്കൊന്റിരിക്കണാ. ഞ്യാൻ ഞ്യാൻ എന്തരു ചൊല്ലണന്നേ?"
സാവിത്രി: "ആശാൻന്നിനക്കു മുണ്ടുതരാൻന്നിശ്ചയിച്ചിരിക്കുന്നോ?"
കുഞ്ഞിപ്പെണ്ണ്: "പിന്നല്യേ ഞ്ഞമ്മേ! രാമായനം മുച്ചൂരും കേറ്റേച്ചു ചിതേലമാപ്പിള്ള ആരെന്നു കേക്കുമ്പോലല്യോ ഞ്ഞമ്മ തൊരങ്ങുന്നത്?"
സാവിത്രി: "ഛേ ഭ്രാന്തിപ്പെണ്ണേ! നിന്നെ അയാൾ കളിയാക്കുകയാണ്."
കുഞ്ഞിപ്പെണ്ണ്: "ഞ്ഞി പന്റും കളിച്ചുപോണ പെണ്ണുതന്നെ ഇന്നോക്കണം ഞ്ഞമ്മ അദ്യംതന്നെ ഒരു ശ്ലോകം."
സാവിത്രി: "ശ്ലോകമോ? നിനക്കു വായിക്കാനറിയാമോ?"
കുഞ്ഞിപ്പെണ്ണ്: "എവരെ ലഹസ്ത്യങ്ങള് ഞ്ഞമ്മേരരുത്തെന്തര്? വായിച്ചുതരാൻ വേരെ പേരാര്?"
അവൾ തന്റെ മുണ്ടിനിടയിൽ മറവുചെയ്തിരുന്ന ഒരു ലേഖനമെടുത്ത് സാവിത്രിയുടെ കൈയിൽ ഏല്പിച്ചു. അതിനെ വാങ്ങിച്ച് സാവിത്രി ഒന്നു വായിച്ചുനോക്കിയപ്പോൾ, ആ ഓലക്കഷണം നൂറു തരികളായി സരസ്സിലോട്ടു പറക്കുകയും ചെയ്തു. സാവിത്രിയുടെ മുഖകമലം ശോണച്ഛവി കലർന്ന്, ആ സന്ധ്യാപ്രഭയിൽ രക്തകാളിയുടെ പ്രഭാവത്തോടു ജ്വലിച്ചു. ഇതു കണ്ടപ്പോൾ കുഞ്ഞിപ്പെണ്ണ് ആ ശ്ലോകത്തിൽ എന്തോ ആപത്തുണ്ടെന്നു ഗ്രഹിച്ചു കണ്ണുനീർ തൂകി. ഒരു ദിവസത്ത ദാമ്പത്യവിഭൂതികൾ മനോരാജ്യത്തിൽ അനുഭവിച്ചത് ശിഥിലമായിത്തീർന്നു എന്നു കണ്ടപ്പോൾ ദുഃഖാശ്രുക്കൾത്തന്നെ ആ സാധു പ്രവഹിപ്പിച്ചു. തന്റെമേൽ അപരാധം വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണമെന്നും മര്യാദയ്ക്കു വിരുദ്ധമായ ഒരു ബന്ധത്തെ താൻ കാംക്ഷിക്കുകയോ അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും അവൾ തന്റെ നായികയുടെ പാദങ്ങൾതൊട്ടു ഭക്തിപൂർവ്വം സത്യംചെയ്തു. സ്ത്യവതിയും സമർത്ഥയുമായുള്ള ആ ദാസിയുടെ നിഷ്കളങ്കതിയിൽ പ്രസാദിച്ച് സാവിത്രി ഇങ്ങനെ പറഞ്ഞു: "നീ കരയാനെന്തു സംഗതി? അയാൾ നിന്നെ കുഴിയിൽ ചാടിക്കാൻ നോക്കിയാൽത്തന്നെ ഞാൻ വിടുമായിരുന്നോ? നിന്റെ മേൽ കുറ്റമൊന്നുമില്ല. ആ ഭ്രാന്തന്റെയടുത്തു പെരുമാറുന്നത് ഇനി സൂക്ഷിച്ചുവേണം."