കൊടന്തയാശാന്റെ ലേഖനം സാവിത്രിക്കുട്ടിക്കുതന്നെ സംബുദ്ധമായ ഒരു പ്രണയസന്ദേശമായിരുന്നു. അതിനെ വഹിപ്പാനുള്ള ഹംസി ആകുവാൻ മാത്രം ആ കുടിലബുദ്ധി കുഞ്ഞിപ്പെണ്ണിനെ പ്രണയവലവീശി കുടുക്കിലാക്കിയതായിരുന്നു. ശ്ലോകം മറ്റൊരാളെക്കൊണ്ട് എഴുതിച്ചിട്ടുള്ളതാണെന്നുകൂടി കണ്ട്, തന്നെ സൂക്ഷിച്ചുകൊള്ളുവാനുള്ള ഭാരം അച്ഛനാൽ നിക്ഷേപിക്കപ്പെട്ട കാര്യസ്ഥനു കാരാഗൃഹംതന്നെ സമുചിതഗൃഹം എന്ന് ആ കന്യക ചിന്തിച്ചുനിന്നു. ഈ കുടിലൻ അജിതസിഹനോടു ചേർന്ന് അച്ഛനും രക്ഷിതാവായ ദിവാൻജിക്കും തന്റെ പ്രണയദേവനായുള്ള ത്രിവിക്രമകുമാരനും എന്തെല്ലാം അനർത്ഥങ്ങൾ മേലിലും സംഭവിപ്പിക്കുമെന്നു ചിന്തിച്ചു നിലകൊണ്ടു. ആകാശത്തിൽ ഒട്ടുയർന്നിട്ടുള്ള ചന്ദ്രന്റെ പ്രതിഫലനം സരഃസ്ഫടികത്തിൽ സുസ്ഥിരമായി പ്രകാശിച്ചു തിളങ്ങുന്നതു കണ്ടു വിശ്വത്തിന്റെ വിമോഹകശക്തിയാൽ അവളുടെ ഭയചിന്തകൾ അസ്തമിതമായി.
ശ്രീ രാമവർമ്മ കുലശേഖരപ്പെരുമാൾ ശ്രീപത്മനാഭനായ വിശ്വപ്പെരുമാളുടെ പാദകമലങ്ങളെയും കന്യകയുടെ അഭയദാതാവായുള്ള മഹാനുഭാവൻ അവിടത്തെ തൃപ്പാദങ്ങളെയും സാവിത്രി ആ രാജഭക്തന്റെ പാദങ്ങളെയും പരമാവലംബമായി കരുതിയിരുന്നു. ശങ്കരജടയിൽ പ്രശോഭിച്ചുവളർന്നിട്ടുള്ള ശശാങ്കശകലത്തിന്റെ ദർശനത്താൽ ശിഥിലമാക്കപ്പെട്ട വിഭ്രമം പുനഃസ്വരൂപീകരണം ചെയ്യുന്നതിനുമുമ്പ് ശംഖമുദ്രാങ്കിതമായ ചെറുവേത്രം ധരിക്കുന്ന ഒരു പുരുഷൻ സരസ്തീരം പവേശിച്ച് അത്യാദരഭാവത്തോടെ നിലകൊണ്ടു. വേത്രദർശനത്തിലുണ്ടായ ആത്മോദയത്തെ അനുസരിച്ച് സാവിത്രി കുഞ്ഞിയോടു ദൂരത്തു വാങ്ങിനില്പാൻ ആജ്ഞാപിച്ചു. ആ ദൂതൻ താൻ വഹിക്കുന്ന സന്ദേശത്തെ അതിശീഘ്രം ധരിപ്പിച്ചിട്ടു പുറകോട്ടുതന്നെ അല്പനേരം നടന്നു യാത്രയായി. സാവിത്രിയുടെ ഹൃദയം ഒരു വിശ്വാസവെൺനിലാവിനാൽ പ്രശോഭിതമായപ്പോൾ ബഹിർലോകം സഹസ്രചന്ദ്രദ്യുതി ചേർന്നു പ്രകാശിക്കുന്നു എന്ന് അവൾക്കു തോന്നി.
രാജാധികാരപ്രയോക്താക്കളിൽ ക്രിയാധീരന്മാരായവരുടെ മൈത്രി സാക്ഷാൽ വൈഷ്ണവചക്രംപോലെ രക്ഷാനിപുണമായിരിക്കുമെന്നു ധൈര്യപ്പെട്ട് അവൾ സ്നാനത്തിനു സരസ്സിലോട്ടിറങ്ങി.
വിവാഹദിവസം അസ്തമിച്ചു നാഴിക ആറാകുന്നു. എഴുന്നള്ളത്തിന്റെ കോലാഹലം ഒന്നും കേൾക്കുന്നില്ല. അജിതസിംഹന്റെ അമൃതേത്തിന് ഒരുക്കിയിട്ടുള്ള പായസങ്ങളും ആ പുണ്യവാന്റെ കരസമ്പർക്കമുണ്ടാകുന്നില്ലല്ലോ എന്നു വ്യസനിച്ചു നഷ്ടോഷ്ണങ്ങളാകുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം തലസ്ഥാനരീതി അനുസരിച്ചു തയ്യാറായിരിക്കുന്നുവെങ്കിലും മണവാളന്റെ അണുമാത്രമാകട്ടെ ഗൃഹപ്രവേശം ചെയ്യുന്നില്ല. കൃഷ്ണക്കുറുപ്പ് അത്യുഗ്രമായി വീശിത്തുടങ്ങുന്നു. രാജസിംഹന്റെ എഴുന്നള്ളത്തിനു താമസം നേരിടീക്കുന്ന അപരാധികൾ തന്റെ മുമ്പിൽ എത്തുന്ന ഓരോരുത്തരുമാണെന്നു വിചാരിച്ച് അദ്ദേഹം