താൾ:Ramarajabahadoor.djvu/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദേശനടപ്പനുസരിച്ചു പരിസരചാരികളെ എല്ലാം ശ്വാനസന്താനങ്ങളാക്കി ഭർത്സിക്കുന്നു. കൊടന്തയാശാൻ കൊട്ടാരക്കര പള്ളിയമർന്നെഴും ഗണനാഥനുള്ള കൈക്കാണങ്ങൾ ദശഗുണമാക്കാമെന്നു പ്രതിജ്ഞചെയ്യുന്നു.

നാഴിക ഏഴ്-എട്ട്. കഷ്ടം! മുഹൂർത്തസമയം അതിക്രമിച്ചു. സന്നിഹിതജനങ്ങൾ മുഖത്തോടുമുഖം നോക്കിത്തുടങ്ങി. അർദ്ധരാത്രി കഴിഞ്ഞു വേറൊരു മുഹൂർത്തം കൂടി അന്നുതന്നെ ഉണ്ടെന്നു ദക്ഷിണയും ഇലവയ്പുകഴിഞ്ഞുള്ള ഓഹരിയും കിട്ടുവാൻ കാത്തുനിന്നിരുന്ന കണിയാർ, ചുമച്ചും "അറാൻ" വിളിച്ചും കൃഷ്ണക്കുറുപ്പുതമ്പുരാന്റെ കർണ്ണത്തെ ആകർഷിച്ച് അറിയിച്ചു. ഉടനെയാരംഭിച്ച ഇലവയ്പു നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ഓരോരുത്തർ എത്തി "എഴുന്നള്ളുന്നു", അടുത്തുവരുന്നവർ "ഇല്ലില്ല", മറ്റു ചിലർ "ആരോ സാമദ്രോഹികൾ വഴിതെറ്റിച്ചു" എന്നെല്ലാം അറിവുകൾ കൊടുത്തുകൊണ്ടിരുന്നു. ആശാൻ ഒരു വിശേഷചാരിതാർത്ഥ്യം നടിച്ചു, രണ്ടു കൈകളാലും മുലകളിന്മേൽ താളം പിടിച്ചും തല ഒന്നു പുറകോട്ടു ചരിച്ച് ഇമകളെ "പൊരുപൊരെ" ചലിപ്പിച്ചും സാവിത്രി ഇരിക്കുന്ന കെട്ടിനെ ചുറ്റി പ്രദക്ഷിണംവച്ചു. കരക്കാരുടെ ഊണുകഴിഞ്ഞു സാമാന്യപ്രമാണികൾ ചിലർ സാധുക്കൾക്കു ഇലവയ്പാൻ പറമ്പുകളിലും വൻപ്രമാണികൾ നന്തിയത്തുഭവനത്തിനും ഉണ്ണിത്താനും ഉണ്ടാകുന്ന അവമാനത്തിന്റെ പരിഹാരമാർഗ്ഗങ്ങളാലോചിപ്പാൻ പന്തലിലും സഞ്ചയിച്ചു. യുവരസികന്മാർ, ആ കാര്യാലോചനസഭയെച്ചുറ്റി വൃദ്ധകാരണവന്മാർ, വിഡ്ഢികളാകുന്നതു കണ്ടു രസിക്കാൻ വട്ടംകൂട്ടി വട്ടമിട്ടുകൂടി. ഒരു രസികൻ "എന്താ കൂവേ! താൻ ആയാലെന്താ?" എന്ന് കൊടന്തയാശാന്റെ വാരിയെല്ലിന്മേൽ ചുണ്ടുവിരൽ കൊണ്ടു ചോദ്യം ചെയ്തു. "ഓഹോ! ആകാമേ" എന്നുള്ള മറുപടി കൊടന്തയാശാൻ നാലു വിരലുകൾ ആട്ടി സൂചിപ്പിച്ചു. സൂക്ഷ്മനേത്രനും ആ ദേശത്തീലെ സർവ്വാധിപനും ആയ കൃഷ്ണക്കുറുപ്പിന്റെ കണ്ണുകൾ ഈ മൂകഭാഷാപ്രയോഗത്തെ ആശാന്റെ ഭാഗ്യദോഷത്താൽ സൂക്ഷ്മമായി കണ്ടു. തന്റെ കരയ്ക്കും കരപ്രമാണികൾക്കുമുണ്ടാകുന്ന അവമാനത്തെ ചിന്തിച്ച് അത്യന്തം വ്യസനിച്ചുകൊണ്ടിരുന്ന അദ്ദേഹം ഈ യുവചാപല്യം കണ്ടുണ്ടായ ദേഷ്യത്തോടെ "പിടിക്കട്ടെ അവനെ, ആ കൊടന്തക്കന്നിനെ" എന്നു വിളികൂട്ടിയപ്പോൾ "അതേതേ, ആ തെമ്മാടി പറ്റിച്ചതു തന്നെ" എന്നു പല കേന്ദ്രങ്ങളിൽനിന്ന് അഭിപ്രായാക്രോശങ്ങൾ തെരുതെരെ പൊങ്ങി. "പിടിച്ചു ആഞ്ചാലിൽ കെട്ടി തോലുവാർന്നു വിടട്ടെ" എന്നു ചില യുവരസികന്മാർ കുംഭോദരനായ കരനാഥന്റെ ഊർജ്ജിതോഷ്മാവെ വർദ്ധിപ്പിപ്പാൻ ഐകകണ്ഠ്യേന നിലവിളികൂട്ടി. കൊടന്തയാശാൻ തന്റെനേർക്കു മുക്തങ്ങളാകുന്ന ബഹുവിധികളുടെ ഉദ്ഘോഷങ്ങളിൽനിന്നൊഴിയുവാൻ ഒന്നു പുറകോട്ടു കുതിച്ചു. "ഇതാ ചാടി" എന്ന് കൊടന്തയുടെ വലതുകൈ ബന്ധുവും, "ഈ പോക്കിരി പറ്റിച്ചതുതന്നെ" എന്ന് ഇടതുകൈ ബന്ധുവും, "ഇനമറിയാണ്ടു ചോറുകൊടുത്താൽ ഇങ്ങനെതന്നെ" എന്നു മറ്റു നാട്ടുനിലബന്ധുക്കളും ഘോഷിച്ചുകൊണ്ട് ഓടി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/139&oldid=167971" എന്ന താളിൽനിന്ന് ശേഖരിച്ചത്