ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/പ്രസാധകകുറിപ്പ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
പ്രസാധകകുറിപ്പ്
constructed table of contents

[ 11 ] പ്രസാധകക്കുറിപ്പ്

മലയാളത്തിന്റെ ആചാര്യന്മാരെന്നു പറയാവുന്ന
ചുരുക്കംചില മഹാന്മാരിൽപെട്ട ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ
100-ാം ചരമ വാർഷികം ആഘോഷിക്കയാണ്, 1993-ൽ.
ഇതിനുവേണ്ട ഒരുക്കങ്ങളെല്ലാം കഴിഞ്ഞവർഷം തന്നെ
ജർമനിയിൽ ആരംഭിച്ചു കഴിഞ്ഞു. ഈ ആഘോഷങ്ങളുടെ
ഭാഗമായി ഒരു ഗുണ്ടർട്ട് ഗ്രന്ഥപരമ്പര മലയാളത്തിലും ജർമൻ
ഭാഷയിലും പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചിരുന്നു. അതിലെ
ഒന്നാമത്തെ പുസ്തകമെന്ന നിലയിലാണ് ഗുണ്ടർട്ട്
നിഘണ്ടുവിന്റെ പുതിയൊരു പതിപ്പ് ഇപ്പോൾ
പ്രസിദ്ധപ്പെടുത്തുന്നത്.

ഗുണ്ടർട്ട് കേരളത്തിൽ നിന്നു സ്വദേശമായ
ജർമനിയിലേക്കു മടങ്ങിയത് 132 വർഷം മുമ്പാണ്. പതിനെട്ട്
ഭാഷകളിൽ പരിജ്ഞാനം നേടിയിരുന്ന ഗുണ്ടർട്ട് മലയാളത്തിൽ
അമ്പത് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ജർമൻ ഭാഷയിൽ
അതിലധികവും. കേരളീയർക്കുവേണ്ടി അദ്ദേഹം
തയ്യാറാക്കിയ പുസ്തകങ്ങളിൽ ഏറെ പ്രസിദ്ധമായത്
മലയാളം-ഇംഗ്ലീഷ് നിഘണ്ടുവത്രെ. മലയാളക്കരയിൽ
കഴിച്ചുകൂട്ടിയ ഇരുപതു വർഷത്തെ പഠനവും ഗവേഷണവും
മാത്രമല്ല സ്വന്തം നാട്ടിൽ പത്ത് വർഷം കൂടി
ഇക്കാര്യത്തിനുവേണ്ടി വിനിയോഗിച്ചിട്ടുണ്ട്. 1872 — ൽ
മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്നു നിഘണ്ടു
പുറത്തു വന്നു.

പിന്നെ 90 വർഷം കഴിഞ്ഞാണ് ഈ നിഘണ്ടുവിന്റെ
പുതിയൊരു പതിപ്പ് പ്രസിദ്ധപ്പെടുത്തുന്നത്. 1962 [ 12 ] ഒക്ടോബറിൽ സാഹിത്യപ്രവർത്തക സഹകരണ സംഘമാണ്,
ഈ മഹാ കൃത്യം നിർവഹിച്ചതെന്ന കാര്യം ഇവിടെ
അനുസ്മരിക്കട്ടെ. ഇതിന്റെ പ്രകാശനത്തിൽ
അപ്രധാനമല്ലാത്ത ഒരു പങ്ക് എനിക്കുമുണ്ടായിരുന്നു. ഇപ്പോൾ
ജർമനിയിലെ ഗുണ്ടർട്ട് ശതാബ്ദദിയാഘോഷ കമ്മറ്റിയുമായി
സഹകരിച്ച് ഗുണ്ടർട്ട് നിഘണ്ടുവിന്റെ കൂടുതൽ മെച്ചമായ
ഒരു പതിപ്പ് പ്രസിദ്ധപ്പെടുത്താനുള്ള ഭാഗ്യവും എനിക്കു
കൈവന്നിരിക്കുന്നു.

സാ.പ്ര. സ. സംഘംപതിപ്പിനു ശേഷം നിഘണ്ടുവിന്റെ
മറ്റു ചില പതിപ്പുകൾ കേരളത്തിൽ തന്നെ
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എങ്കിലും അവയിൽ പല
പിശകുകളും കടന്നുകൂടിയിരുന്നു. ദൽഹിയിൽ നിന്നു
പുറത്തുവന്ന മറ്റൊരു പതിപ്പിന്റെ കാര്യവും ഇവിടെ
വിസ്മരിച്ചുകൂടാ. എങ്കിലും ഏറ്റവും പ്രധാനമായത്, 1970-ൽ
ജർമനിയിലെ ഓസ്നാം ബ്രൂക്കിൽ പ്രസിദ്ധപ്പെടുത്തിയ
പതിപ്പാണ്. (310 വർഷം മുമ്പ്, അർണോസ്പാതിരി ജനിച്ച
സ്ഥലമാണിത്). ഈ പതിപ്പിന്റെ ശരിക്കുള്ള
പുനർമുദ്രണമാണ് ഡി.സി. ബുക്സ് ഇപ്പോൾ
പ്രസിദ്ധപ്പെടുത്തുന്നത്.

1986 ഒക്ടോബർ ആദ്യം ബർലിനിൽ നടന്ന മലയാള
മഹാസമ്മേളനത്തിൽ ഞങ്ങളോടൊപ്പമുണ്ടായിരുന്ന പ്രൊഫ.
സ്കറിയാ സക്കറിയ, രണ്ടു മൂന്നാഴ്ചക്കാലം ട്യൂബിങ്ങൻ
സർവകലാശാലയുടെ ഗ്രന്ഥാലയത്തിൽ ചെറിയൊരു
ഗവേഷണം നടത്തിയതിനിടയിൽ തന്നെ മലയാളഭാഷയെയും
സാഹിത്യത്തെയും മാത്രമല്ല കേരള ചരിത്രത്തെയും
സംബന്ധിക്കുന്ന ഒട്ടു വളരെ രേഖകൾ കണ്ടെടുത്തിരുന്നു.
അതിനു ശേഷം 1990–91 കാലത്ത് ട്യൂബിങ്ങനിലും
ഗുണ്ടർട്ടിനോടു ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും അദ്ദേഹം
നടത്തിയ ഗവേഷണം കൂടുതൽ വെളിച്ചം
വീശുന്നവയായിരുന്നു. ഇതിന്റെ ഫലമായി അദ്ദേഹം
തയ്യാറാക്കിയ സമഗ്രമായ പഠനം ഈ പതിപ്പിൽ
ചേർത്തിരിക്കുന്നു. ഇതു തന്നെയാണ് ഈ ഡി.സി. ബി.
പതിപ്പിന്റെ സവിശേഷതയും. ഇത്, ഗുണ്ടർട്ടിനെപ്പറ്റി കൂടുതൽ [ 13 ] പഠിക്കാനാഗ്രഹിക്കുന്നവർക്ക് അത്യധികം പ്രയോജന
കരമായിരിക്കും.

ഏതാണ്ട്, അരനൂറ്റാണ്ടു മുമ്പ് ഉള്ളൂരും ഹരിശർമയും
മറ്റും നല്കിയ വിവരങ്ങൾമാത്രമാണ്, ഗുണ്ടർട്ടിനെ
സംബന്ധിച്ചു നമുക്കു ലഭിച്ചിരുന്നത്. അതിലെ വിവരങ്ങൾ
അപൂർണവും കുറച്ചൊക്കെ സത്യവിരുദ്ധവുമായിരുന്നു.
ഇനിയും കൂടുതൽ ഗവേഷണങ്ങൾ ഇക്കാര്യത്തിൽ
ആവശ്യമാണ്. അത്, പ്രശസ്ത ഇൻഡോളജിസ്റ്റും
ശതാബ്ദി യാഘോഷക്കമ്മറ്റിയുടെ കൺവീനറുമായ ഡോ.
ആൽബ്രഷ്ട് ഫ്രൻസിന്റെ മേൽനോട്ടത്തിൽ ജർമനിയിൽ
നടന്നു വരുന്നുണ്ട്.

ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിൽ നാലു പുസ്തകങ്ങളാണ്
ഇന്നു പ്രസിദ്ധപ്പെടുത്തുന്നത് — നിഘണ്ടു, വ്യാകരണം,
ജീവചരിത്രം (മലയാളവും ജർമനും). ഇതിൽ ജർമനിലുള്ള
ജീവചരിത്രം പ്രസിദ്ധപ്പെടുത്തുന്നത് ജർമനിയിലെ
സ്യൂസ്ഡോയിച്ചെ ഫെർലാഗ്സ് ഗെസൽഷാഫ്റ്റ് (ഉൽമ്)
ആണ്. മറ്റു മൂന്നും ഡി.സി. ബുക്സ്സും. 1992-ലും 93-ലും ഡി.
സി. ബുക്സ് ഈ പരമ്പരയിൽ കൂടുതൽ പുസ്തകങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇക്കാര്യത്തിൽ ഞങ്ങളോടു
സഹകരിച്ചു പ്രവർത്തിക്കുന്ന ജർമനിയിലെ സാംസ്കാരിക
സ്ഥാപനങ്ങളോടു ഞങ്ങൾ കൃതജ്ഞരാണ്.
ഡോ. ഫ്രൻസിനോടും പ്രൊഫ. സ്കറിയാ സക്കറിയയോടും
ഞങ്ങൾക്കുള്ള കടപ്പാട് വാക്കുകളിൽ ഒതുക്കാവുന്നതല്ല.


കോട്ടയം

ഒക്ടോബർ 7-1991 ഡി.സി.കിഴക്കെമുറി [ 15 ] ഹെർമൻ ഗുണ്ടർട്ട്

1814 ഫെബ്രുവരി 4 — ന് ജർമനിയിലെ ബാദൻവ്യൂട്ടൻബർഗു
രാജ്യത്തു സ്റ്റുട്ഗാർട് നഗരത്തിൽ ജനിച്ചു. മരിച്ചതും ജർമനിയിൽ
തന്നെ-1893 ഏപ്രിൽ 25 —ന് സ്റ്റുട്ഗാർട് സമീപമുള്ള കാൽവ് എന്ന
കൊച്ചു പട്ടണത്തിൽ. ഇതിനിടയിൽ ഇരുപത്തി മൂന്നു വർഷം (1836 –
1859) ദക്ഷിണ ഭാരതത്തിൽ ക്രിസ്തുമത പ്രചാരകനായി പ്രവർത്തിച്ചു.
ഇതിൽ ഇരുപതു വർഷം (12.4.1839 – 11.4.1859) തലശ്ശേരി, ചിറയ്ക്കൽ
എന്നിവിടങ്ങളിലായിരുന്നു താമസം. അതു മലയാളത്തിന്റെ ഭാഗ്യമായി.

മലയാളഭാഷയുടെ കരുത്തും വഴക്കങ്ങളും വെളിവാക്കുന്ന
വ്യാകരണവും (1851) നിഘണ്ടുവും (1872) അദ്ദേഹംവിരചിച്ചു. കരുത്തുറ്റ
ഈ ഭാഷാശാസ്ത്രരചനകൾ ഭാരതീയ ഭാഷാമണ്ഡലത്തിലെ
മുൻനിരയിലേക്കു കൈരളിയെ കൈപിടിച്ചു കയറ്റി നിർത്തി.
ഗുണ്ടർട്ടിന്റെ അമ്പതോളം മലയാളകൃതികളിൽ കേരളോൽപത്തി,
കേരളപ്പഴമ, പഴഞ്ചൊൽമാലകൾ, ബൈബിൾ തുടങ്ങിയവ
കാലംകൊണ്ടു നിറം കെടാത്തവയാണ്.

കേരളത്തിൽ രാജസദസ്സുകൾ മുതൽ പണിശാലകൾ വരെ
കയറിയിറങ്ങി നടന്നു ഗുണ്ടർട്ട് ശേഖരിച്ച മലയാള കൃതികൾ
ഗവേഷകർക്കു നിധികുംഭമാണ്. അവ ഗുണ്ടർട്ടു ഗ്രന്ഥശേഖരമായി
ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുന്നു.
പയ്യന്നൂർപ്പാട്ട്, തലശ്ശേരി രേഖകൾ എന്നിങ്ങനെ മറ്റൊരിടത്തും
ലഭ്യമല്ലാത്ത കൈയെഴുത്തുകൾപലതുണ്ട്ഗുണ്ടർട്ട്ഗ്രന്ഥശേഖരത്തിൽ.

ജർമനിയിലെ പ്രശസ്തങ്ങളായ വിദ്യാശാലകളിലായിരുന്നു
വിദ്യാഭ്യാസം. മൗൾബ്രോണിൽ സ്കൂൾ വിദ്യാഭ്യാസം. പ്രശസ്തമായ
ട്യൂബിങ്ങൻ സർവകലാശാലയിൽ നിന്ന് ഡോക്ടർ ബിരുദം നേടി.
മലബാറിലെ വിദ്യാഭ്യാസ പുരോഗതിക്ക് ഗുണ്ടർട്ട് സാരമായ
സംഭാവനകൾ നൽകി. പുതിയ പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും
നടപ്പിലാക്കി. മലബാറിലെ ആദ്യത്തെ സ്കൂൾ ഇൻസ്പെക്ടറായി
അദ്ദേഹം പ്രവർത്തിച്ചു.

സ്വിസ് വംശജയും ഫ്രഞ്ചുകാരിയുമായ ജൂലിയായിരുന്നു ഭാര്യ.
ഗുണ്ടർട്ട് ദമ്പതികളുടെ മക്കളെല്ലാം കേരളത്തിൽ ജനിച്ചവരാണ്. പുത്രി
മാറിയുടെ മകനാണ് വിശ്രുത സാഹിത്യകാരനും നോബൽ സമ്മാന
ജേതാവുമായ ഹെർമൻ ഹെസ്സെ. [ 17 ]

ഹെർമൻ ഗുണ്ടർട്ട്
1814–1893 [ 18 ] ഗുണ്ടർട്ടിന്റെ പുത്രി മാറി, വിശ്രുത ജർമൻ സാഹിത്യകാരനും നോബൽ സമ്മാന
ജേതാവുമായ ഹെർമൻ ഹെസ്സേയുടെ അമ്മ,1870

ഹെർമൻ ഗുണ്ടർട്ട് പുത്രന്മാരായ സാമുവേൽ, ഡേവിഡ്, ഫ്രീഡറിക്, ഹെർമൻ, പൗൽ
എന്നിവരോടോപ്പം,1859 [ 19 ] ഹെർമൻ ഗുണ്ടർട്ടും ജൂലി ഗുണ്ടർട്ടും,1840 [ 20 ] കാല്വിൽ ഗുണ്ടർട്ടിന്റെ ശവകുടീരം