Jump to content

കേശവീയം/എട്ടാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കേശവീയം
രചന:കെ.സി. കേശവപിള്ള
എട്ടാം സർഗം


എട്ടാം സർഗം

നിശയ്ക്കെഴുന്നോരു ഗഭീരമായ
നിശ്ശബ് ദഭാവത്തെയുമന്ത്യയാമേ
പടാലയം തന്നുടൈ നിദ്രയേയും
പൂങ്കോഴിതൻ കൂവലപാകരിച്ചു. 1

പെട്ടെന്നെഴുന്നേററനുയായിവർഗം
വട്ടങ്ങൾ യാത്രയ്ക്കുതുടങ്ങി ശീഘ്രം
മിത്രാഗമം പാർത്തഥ വിശ്രമിപ്പാ-
നസ്താചലത്തിൽ ശശിയും ഗമിച്ചു. 2

മുകുന്ദയാത്രോത്സവമത്ര കാണ്മാൻ
മുതിർന്നുടൻ കൂരിരുളായ കേശം
ഒതുക്കിമെല്ലന്നു മുഖംമിനുക്കി-
ത്തുടങ്ങി സംക്രന്ദനദിങ് നതാംഗി. 3

ഉടൻ ദ്വിജശ്രേണി മുനീശ്വരർക്കും
സുദുർല്ലഭം മാധവസന്നിധാനം
അറിഞ്ഞു പാരം ത്വരയോടുകുടി
സ്തവങ്ങൾ ചെയ്താർ കളനാദരമ്യം.

ഗമിക്കുമിപ്പോളിവനില്ല വാദം
കനക്കെയുണ്ടാമതുകണ്ടു ഖേദം
നയിക്കയുൾക്കണ്ണിനെയെന്നുനണ്ണി-
ക്കുമുദ്വതീകാമിനി കണ്ണടച്ചാൾ. 5

ജഡാത്മകൻ ചന്ദ്രനൊടൊത്തു ശോഭി-
ച്ചിടുന്ന നക്ഷത്രസമൂഹമെല്ലാം
സൂര്യാഗമത്തിൻവിഭാവം വിളങ്ങി-
ത്തുടങ്ങാവേ നിഷ് പ്രഭമായ് ചമഞ്ഞു. 6

സ്വരത്നജം ശ്രീരമണാപവാദം
നിനച്ചു നാണിച്ചു ദിനേശനപ്പോൾ
അണഞ്ഞു പൂർവാചലസാനുവിങ്കൽ
മറഞ്ഞു മന്ദം തലപൊക്കിനോക്കി. 7

നിർദോഷനാകുന്ന ഭവാനിൽ വൈരം
നീതിജ്ഞനാം ദേവനുദിക്കയില്ല
ഉദിക്ക നിസ്സംശയ 'മെന്നു ചൊന്നാർ
വനസ് പതിശ്രേണി ഖഗസ്വനത്താൽ . 8

തദീരിതം കേട്ടഥ യാത്രയിങ്കൽ
താപിഞ് ഛവർണ്ണന്നുളവാം ഫലത്തെ
ത്രയീമയൻ കണ്ടു കൃതാർത്ഥനായി-
ത്തെളിഞ്ഞുദിച്ചാൻ തടവേതുമെന്യേ.. 9

നിജപ്രിയൻ തന്നുദയപ്രഭാവം
നിരീക്ഷണം ചെയ്തൊരു വേളയിങ്കൽ
പുരുപ്രഭം പത്മിനിയുല്ലസിച്ചാൾ,
വരാനുകാരം വനിതാധികാരം. 10

രാവാതെയപ്പൂന്ിതരുമെയ്തെളിഞ്ഞു
സേവിച്ച ദീപാവലികേവലാത്മാ
പോവാൻ തുടങ്ങുംപൊഴുതങ്ങുഷസ്സിൽ
ഭാവം പകർന്നേറെ മയങ്ങി മങ്ങി. 11

ശ്രീകാന്തശുശ്രൂഷ ശുഭം നടത്തും
ശ്രീഗാരുകാദ്യാശ്രിതരിൽത്തദാനീം
ആകാശദേശസ്ഥിരതാം സുരന്മ-
രസൂയയുൽക്കണ്ഠയൊടേ വഹിച്ചാർ. 12

സത്രാജിതൻതൻ കമനീയരത്ന-
സത്യാഗമേ സത്വനായ കൃഷ്ണൻ
പ്രത്യൂഷകൃത്യങ്ങൾ നടത്തിവേഗാൾ
പ്രസ്ഥാനമാസ്ഥാസഹിതം തുടർന്നാൻ. 13

കളം നിനാദം കളകണ്ഠചഞ്ചൂ-
നാഗസ്വരാളീഗളിതം മനോജ്ഞം
ഓളങ്ങൾ തൻ താഡനമായഭേരീ-
മേളങ്ങളോടങ്ങു മുഴങ്ങിയപ്പോൾ. 14

ഹരീശ്വരൻ തൻപദപങ്പക്തി നന്നായ്
നിരീക്ഷണംചെയ്തു ചരിച്ചിടുമ്പോൾ
ഹരിക്ക കാണായുടനന്തരംഗം
ഹരിച്ചിടും മാമല ഹേമശൃംഗം. 15

ഉയർന്നഹംപൂർവിക പൂണ്ടവണ്ണം
നിരന്ന നൽപൊന്മയ ശൃംഗജാലം
പോരാളുമപ്പർവതനായകൻ തൻ-
പേരാർക്കുമന്വർത്ഥകമെന്നുറച്ചു. 16

നിരന്നൊരേമട്ടിലെഴുന്ന പുത്തൻ-
തൃണങ്ങളാം പച്ചയുടുപ്പുചാർത്തി
ശിരസ്സിൽ വെണ്മേഘസമൂഹമായോ-
രുഷ്ണീഷവും പൂണ്ടവനുജ്ജ്വലിച്ചു. 17

അടുത്തിടുംതോറുമജന്റെ മാർഗം
അടുത്തുകൊള്ളുന്നതിനാത്മദേഹം
പടുത്വമോടേ ധരണീധരേന്ദ്രൻ
വിടുർത്തിടുന്നെന്നവിധം വിളങ്ങി. 18

ദൂരേക്ഷണത്തിൽ സുഖഗമ്യമായു-
മടുത്തിടുംതോറുമഗമ്യമായും
വർത്തിച്ചിടും ഗാത്രമവൻ വഹിച്ചാൻ
ശാസ്ത്രപ്രബോധം ബുധനെന്നവണ്ണം. 19

അവങ്കൽമേളിച്ചൊരിളം തൃണാളി-
ക്കഗ്രത്തിൽ നിന്നുള്ള പയഃകണങ്ങൾ
മുത്തിൻപ്രഭാവം രവിദത്തമാർന്നി-
ട്ടാഗന്തുകന്മാർക്കതുതന്നെ നല്കി. 20

ഗോവർദ്ധനത്തെക്കുടയായ് ധരിച്ചോ-
രിവന്നു നല് കീടുകതന്നെ മാർഗം
ഏവംനിനച്ചെന്നവിധം പതുക്കെ-
പ്പാർശ്വസ്ഥനായാനഥ പർവതേന്ദ്രൻ. 21

മുൻപേ മഹത്വം ഗ്രഹിയാതെതിർത്തും
പിൻപേ മഹത്വത്തെയറിഞ്ഞൊഴിഞ്ഞും
വരാനിരിക്കുന്നതു മുന്നമേതാൻ
ധരാധരേന്ദ്രൻ ഹരിയോടുചൊന്നാൻ. 22

കാറ്റിൽച്ചലിക്കും ഘനരാശിപെട്ടെ-
ന്നൂർദ്ധ്വം ഗമിക്കുന്നതു പാർത്തുകണ്ടാൽ
അവൻ ധരാധീശസമാഗമം ക-
ണ്ടുഷ്ണീമൂരീടുകയെന്നുതോന്നും. 23


ധരാധരേന്ദ്രപ്രഭകണ്ടിവണ്ണം
നരാധിനാഥൻ നടകൊണ്ടിടുമ്പോൾ
കണ്ഠം ഞെരിഞ്ഞങ്ങു കിടന്നിടുന്ന
കണ്ഠീരവൻതന്നുടൽ കണ്ടു മാർഗേ. 24

മരിച്ചതെന്നാലുമവന്റെ മെയ്യിൽ
സ്ഫുരിച്ച ഗംഭീരിമകണ്ടടുക്കൽ
ചരിച്ചു ജ്ജീകൃതമായ ശസ്ത്രം
ധരിച്ചു താനന്നനുയായിവർഗം. 25

അനന്തരം വാനരപാദചിഹ്നം
തെളിഞ്ഞു തൽസ്വാന്തമൊടൊത്തു മാർഗേ
ഉടൻ ഗമിച്ചാനതിലേ മുകുന്ദൻ;
ബുധന്റെ യത്നം സഫലാന്തമല്ലോ. 26

നയിച്ചുതദ് ദ്ദൃഷ്ടിയെ വൻമനസ്സിൽ
ക്രമേണ ശാഖാമൃഗപാദചിഹ്നം
പ്രപഞ്ചനാനാഗതിഹേതുരാശി-
വിമർശനം പണ്ഡിബുദ്ധിയെപ്പോൽ. 27

കാർമൂടമേളിച്ച കറുത്തവാവിൻ-
നിശീഥകാലത്തിലെഴും തമിസ്രം
വസിച്ചിടും ഗൂഢനികേതമെന്നു
നിനച്ചിതക്കന്ദരമന്നൻമാർ. 28

സനേത്രരായോരവർ വൻതമനസ്സാ-
ലനേത്രരാന്നോണമുടൻ ഭചിച്ചാർ,
സവിത്തരായോരതിലോഭമൂല-
മവിത്തഭാവം കലരുന്നപോലെ. 29

'വസിക്കുവാൻ നിങ്ങളിതിൻമുഖത്തിൽ,
ഗമിക്കുവേൻ കേവല ' മെന്നുചൊല്ലി
അവർക്കെഴും ചിത്തമൊടൊത്തിറങ്ങി-
ഗ്ഗുഹയ്ക്കകത്തേയ്ക്ക നടന്നു നാഥൻ. 30


മനസ്സിൽ മേവുന്ന തമസ്സിനേയും
മഹസ്സിനാൽ തീർക്കുവതെന്നുപണ്ടേ
യശസ്സെഴും കൃഷ്ണവപുസ്സിനുണ്ടോ
തമസ്സു തേജസ്സിവകൊണ്ടു ഭേദം . 31


കടന്നു മെല്ലെന്നിരുൾ കൊണ്ടൽവർണ്ണൻ
കണ്ടാൽ മഹാസൗധവിലാസഭംഗി
പടർന്ന മായാവികൃതിക്കു ശേഷം
പരപ്രകാശം യമിയെന്നപോലെ. 32

ചെമ്പൊന്മണിപ്രൗഢതരപ്രകാശം
ചേരും മതിൽക്കെട്ടുകൾ ഗോപുരൗഘം
വൻപൊത്തവെണ്മാളികയെന്നിതെല്ലാം
മുൻപിൽത്തെളിഞ്ഞമ്മുരവൈരി കണ്ടു. 33

ശ്രീരാമനാമങ്കിതമാം പതാകാ-
ജാലം ഗൃഹാഗ്രങ്ങളിൽ വാതലോലം
തന്നായകൻതന്നുടെ ഭക്തിസിന്ധു-
തരംഗമാലവിഭവം വഹിച്ചു. 34

പൂരപ്രതാപൻ പുരുഷോത്തമൻ തൽ-
പുരപ്രഭാവത്തിലതിപ്രസന്നൻ
തൽഗോപുരത്തിന്നകമേ ഗമിച്ചാൻ
തദീശപുത്രിശുഭലക്ഷ്മിയോടെ. 35

തൽപ്പാലകന്മർ ബത!ഭക്തിയാലോ
ഭയത്തിനാലോ കുതുകത്തിനാലോ
പ്രമത്തരായ് കാൽത്തളിർ കൂപ്പിമാറി-
ക്കൊടുത്തു പെട്ടെന്നു ഹരിക്കു മാർഗം. 36

ചിത്രാഭമാം ഭിത്തിയിലത്ര ചെമ്മേ
ചേർത്തുള്ള ചിത്രാവലി കണ്ടനേരം
ചിത്സാരമാം ചേതനനായകൻതൻ-
ചേതസ്സിലും ചേർന്നിതു ഹന്ത!ചിത്രം. 37

പുതാണവൃത്തപ്രതിപാദകങ്ങൾ
ചിത്രങ്ങളോരോന്നിഹ നോക്കിയപ്പോൾ
കവീന്ദ്രനോടുള്ളസമാനഭാവ-
മാലേഖ്യകാരന്നു നിനച്ചു ദേവൻ. 38

സ്വകീയമായുള്ള ചരിത്രവും നൽ-
ചിത്രങ്ങളായിട്ടഥ കാൺകയാലേ
നിജാഗമം നിഷ്ഫലമല്ലിതെന്നു
നിനച്ചു മോദിച്ചിതു നീരജാക്ഷൻ. 39


പീഠം മറിഞ്ഞങ്ങുരലിങ്കൽനിന്നും
പതിക്കവേ താഴെ,യതിന്നുമേലായ്
ചരിഞ്ഞ പാൽകുംഭമൊടാടിടുന്നോ-
രുറിക്കെഴും ചോടുപിടിച്ചു ഗാഢം, 40

ചുണ്ടും പൊളിച്ചിട്ടു കരഞ്ഞു കണ്ണീർ-
ചൊരിഞ്ഞു രുങ്ങീടിന തന്നെനോക്കി
യശോദയാൾ കൈവിരൽ മൂക്കിൽവച്ചു
നില്ക്കുന്നതായ് കണ്ടു രസിച്ചുശൗരി.[യുഗ്മകം] 41

അക്കാളിയൻതന്റെ ഫണത്തിലോമൽ-
ത്തൃക്കാലടിത്താരിണ ചേർത്തു ചെമ്മേ
നൃത്തം നടത്തുന്ന വിധംത്തിലുള്ള
ചിത്രത്തിനാൽ സത്രപനായ് മുകുന്ദൻ. 42

കാലിൽ ചവിട്ടീട്ടു നിവർത്തവേയ-
ക്കൂനിക്കെഴും കായമനോവികാരം
കാണിച്ചിടും കോമളമായ ചിത്രം
കൗതുഹലം പൂണ്ടഥ കണ്ടുകൃഷ്ണൻയ. 43

കടുത്ത കോപത്തൊടു കംസവത്സേ
കരേറി ഹിംസിപ്പൊരു തന്റെ ഭാവം
കണ്ണന്നു ചേർത്തോരനുകമ്പയെത്തൽ-
കർത്തവ്യതാബുദ്ധിയടക്കിമന്ദം. 44

കംസന്നു വിണ്ണേകിയണഞ്ഞ തന്നെ-
ഗ്ഗാഢം പുണർന്നക്കവിളിൽ സബാഷ്പം
വിലങ്ങെഴും കാലിനൊടുമ്മവയ്ക്കും
മാതാവു രോമാഞ്ചമവന്നു നല്കി. 45

എടുത്ത തൻപുത്രിയെ ഹർഷമുൾക്കൊ-
ണ്ടിടത്തുഭാഗത്തു വഹിച്ചമട്ടിൽ
പടുത്വമേറീടിന ജാംബവാൻതൻ-
പടത്തെ മോദിച്ചഥ കണ്ടു ശൗരി. 46

ആരോമാലായോരവൾതന്റെ കൊന്ന-
ത്താരോമനിക്കം തനുവിന്റെ രൂപം
ആനന്ദനിഷ്പന്ദതരാക്ഷനാക്കി
ശ്രീനന്ദജൻതന്നെ നിറുത്തിയല്പം. 47

കാണുന്ന ലോകങ്ങടെ കണ്ണിലെല്ലാം
കർപ്പൂരനീർ വീഴ് ത്തിയുമാത്തമോദം
പടങ്ങളോരോന്നിവ കണ്ടുകൊണ്ടും
പരൻ പുമാൻ പുക്ക പുരത്തിനുള്ളിൽ. 48

ചേണാർന്ന കണ്ണാടികണക്കു പാരം
ചേലോടു മിന്നം മണി ചത്വരത്തിൽ
കാണായിതപ്പോൾ കപിരാജബാലൻ
കളിച്ചു മേവുന്നതു ധാത്രിയോടെ. 49

കഥയിതറിവതിന്നായ് കൗതുകം പൂണ്ടവണ്ണം
ദിവസമണി തദാനീമത്ര വാനത്തുയർന്നും
യദൂവരമണി ബാലൻ തൻകളിക്കോപ്പതായും
യദുകുലമണിയിഷ്ടപ്രാപ്തിയാലും തെളിഞ്ഞു. 50

എറിഞ്ഞീടും ബാലൻ
    മണിയവളെടുത്തേകി-യിനിമേ-
ലെറിഞ്ഞീടൊല്ലായെ-
    ന്നരുളു, മവനോ വീണ്ടുമെറിയും,
കരഞ്ഞീടും നല്കാ-
    നവളഥ ഭയംപൂണ്ടു, മകനേ
കരഞ്ഞീടൊല്ലാ-യെ-
    ന്നരുളിയതെടുത്തേകുമുടനേ. 51

കണ്ട കണ്ടു മണിയംഗണാന്തമുൾ-
ക്കൊണ്ടിടും പ്രതിമകൊണ്ടു ബാലകൻ,
കൊണ്ടുചെന്നളവിലൊന്നു മാത്രമായ്'
കണ്ടു പാരമവനിണ്ടൽപൂണ്ടുതേ. 52

തറയിൽ വയ്ക്കുക യെന്നവൾ ചൊല്ലിനാ-
ളവനുങ്ങനെ ചെയ്തുതെളിഞ്ഞുതേ
അപര പ്പൊഴെടുക്കരുതാഞ്ഞഹോ
സപദി ചു ണ്ടു പൊളിച്ചിതു പിന്നെയും. 53

മണിയെടുത്തു കടുത്തു മുഖത്തൊട-
    മ്മഹിളയാളെയെറിഞ്ഞിതവൻ തദാ
അവൾ തടുത്തു പിടിച്ചു ചിരിച്ചുകൊ-
    ണ്ടനുനയങ്ങൾ പറഞ്ഞുതുടങ്ങിനാൾ. 54

'മണിയിതു ഹരിച്ചീടാനെന്താ -
    ണുപായ' - മവന്നു കൺ -
മണി ദ്യഢമിവൻ ബാലൻ ബാലാ-
    മ്യതാംശു മനോഹരൻ;
ഇതി കരുതിയാ, ലോകംമൂന്നും
    ത്രിപാദിയിലാക്കിയോ-
നതുപൊഴുതടുത്തീടാനായി -
    ത്തുടങ്ങി പതുക്കവേ . 55

"https://ml.wikisource.org/w/index.php?title=കേശവീയം/എട്ടാം_സർഗം&oldid=55594" എന്ന താളിൽനിന്ന് ശേഖരിച്ചത്