കേശവീയം/ഒൻപതാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേശവീയം
രചന:കെ.സി. കേശവപിള്ള
ഒൻപതാം സർഗം


ഒൻപതാം സർഗം

മണിഹരിപ്പതിനുന്നി മനോഹരൻ
മനുജപുംഗവനങ്ങണയുംവിധൗ
മധുരകോമളമായ മഹസ്സിനാൽ
മതിമറന്നവർ നിന്നിതു കാൽ ‍‍‍ക്ഷണം. 1

മനുജനേകനണഞ്ഞരികത്തിതാ!
മണിഹരിപ്പതിനായ് ത്തുനിയുന്നുതേ
ഇതി ഭയാകുലയായവളേററവും
നിലവിളിച്ചിതു മുക്തഗളം തദാ. 2



ദശമുഖന്റെ വധംമുതൽ നിദ്രപൂ-
ണ്ടതിസുഖേന കപീന്ദ്രഹൃദന്തരേ
മരുവിയോരരിശത്തിനു തൽക്ഷണം
കൊടിയ ഘട്ടനമായിതു തൽസ്വനം. 3
 


കടുതരം കപികണ്ഠതടത്തിൽനി-
ന്നുടനുദിച്ചിതൊരുച്ഛ് റിതമാം ധ്വനി
അതിനെയഗ് ഗുഹ നീട്ടി മുരാന്തക-
ന്നുദിതമായ കുരുഹലമോടലം. 4



വകതിരിച്ചറിയുന്നവരെൻഗുഹ-
യ്ക്കിഹ ദുരിച്ഛയൊടാഗതരായ് വരാ
വനചരപ്രകരത്തിലൊരുത്തനാ-
യമപുരപ്രഭ കാണ്മതിനിച്ഛ താൻ. 5



ഇതി മനസ്സിൽ വളർന്നൊരനാസ്ഥയാൽ
മിഴി തെളിപ്പതിനായ് ത്തുനിയാതവൻ
സപദി പുക്കു വെളിക്കു മിളൽസ്മിതം-
മരുവിടുന്ന മുകുന്ദനൊടോതിനാൻ. 6



"മനുജരായവരാലനവാപ്രമാം
മമഗ്രഹത്തിലിഹാഗതനായ തേ
മരണപീഡയിലില്ലൊരു ലേശവും
മനസി സാദ്ധ്വസമെന്നതു നിർണയം. 7



72

അലമലൗകികനായ് നില കൈവെടി-
ഞ്ഞസതിയാം പ്ര കൃതിക്കു വശൻ ഭവാൻ
അടവിൽ വന്നതസംശയമെന്റെ ന-
ല്ലടിയിൽ വീഴ്ച ലഭിക്കുവതിന്നു താൻ. 8


അഹഹ ! നിൻ ചരിതം നിരുപിക്കിലോ
നഹി നിനക്കഭിമാനലവം സഖേ!
അഗണനീയതയാർന്ന തവാഖ്യുയും
ജനനവും തിരയുന്നതു നിഷ് ഫലം. 9


ഇവിടെയിങ്ങനെ വന്നതു പാർക്കിൽ നീ
വലിയ മായികനില്ലൊരു സംശയം
അതുകൾ നില്ക്ക; നിനക്കഭിലാഷമെ-
ന്തതു കഥിക്ക; ലഭിക്ക ഫലം ജവാൽ.” 10
   


ഇദമവൻ ദമവന്മണിസേവ്യനോ-
ടരുളവേ നിലയത്തിനകത്തവൾ
കൊടിയ പേടിയപേതവിലാസമാ-
ർന്നൊരു കിശോരകനോടുടനോടിനാൾ. 11


പരമനാദരനായ് കപിനായകൻ
പരിഹസിച്ചുരചെയ്തൊരു വാണിയും
പരമനിൽ ബത! വസ്തുത തന്നെയായ്;
ദുരിതമെങ്ങനെ ഭക്തനിൽ, വന്നിടും? 12


"ഇവിടെ നീ ഗതനീതി കവർന്നൊരി-
മ്മഹിതമാം മണിയായ പരസ്വവും
തവ വളർന്നു വിളങ്ങിന ഗർവവും
മമ ഹരിക്കണമെന്നു മനോരഥം. 13



സുകൃതിയോ കൃതിയോ പുനരാകിലും
പകവരും കവരുന്നവനിൽ തുലോം,
ത്വരിതമായതിനാൽ മണി മൽകരേ
തരിക പോരിക പോററണമെങ്കിൽ നീ". 14


ഇതിവചസ്സജനോതിടവേയതിൻ-
പ്രതിവചസ്സരുളാതൊരു വൻമരം
അതിവയസ്വി പറിച്ചലർമങ്കതൻ-
പതിവപുസ്സിലടിച്ചു ഭയാനകം. 15

മരമതാ രമ താമരമാലപോൽ
കരുതിടും ഹരിവാമകരത്തിനായ്
സദരമാദരമാർന്നു നമിച്ചുടൻ
കുശലമോതി മടങ്ങി യഥാഗതം. 16

സരഭസം ഹരി മുഷ്ടി ചുരുട്ടിയൊ-
ട്ടലിവൊടേകിയ ഘട്ടനമേല് ക്കവേ
തരളമായ കപീശ്വരഹൃത്തിൽ നി-
ന്നഥ ഗളിച്ചു പുളച്ചൊരനാദരം. 17

അതു കണക്കവനുൽക്കടരോഷനാ-
യധികമൂക്കൊടു ചെയ്തൊരു ഘട്ടനം
ഭൃശകുതൂഹലമേററു മുരാന്തകൻ
ഭൃഗുപദാഹതിയെന്നവിധം പുരാ. 18

ഒരു മടുപ്പുവരാതെതിരാളി,ത-
ന്നടി തടുപ്പതിലക്ഷമനായ് കപി
ഇടവിടാതെ ഭുജാപരിഘങ്ങളാൽ
കടുതരം പ്രഹരിച്ചുതുടങ്ങിനാൻ. 19

അമരവന്ദ്യനൊടേവമെതിർത്തണ-
ഞ്ഞമരവർണ്യതരം നിറവേററവേ
ദ്രുഹിണനന്ദനനാൽ നിജമാനസേ
നിഹിതമുന്നതമാകിയ വിസ്മയം. 20

ഹരിപദാംബുജദാസരിൽ മുൻപനായ്
പെരിയ പേരിയലും ബലിയായ ഞാൻ
ഒരു വനേചരനോടു മടുത്തുവെ-
ന്നൊരുവനോരുവതെന്തവമാനമാം! 21


ചിരവിയോഗവശാൽ പ്രിയ പോലെ മൽ-
സമരശൈലി മുഷിഞ്ഞു വസിക്കയോ?
പുരുമഹസ്സു ജരയ്ക്കിരയാകയോ?
പുനരഹസ്സിനു ജീവിതമെന്നപോൽ. 22

വിരഹകാരണമാം മുഷിവെങ്കിലോ
ചതുരലാളനകൊണ്ടു കളഞ്ഞിടാം;
ജരയതോ ഹൃദി നിർജരരാജരാ-
ട്ടധിവസിക്കുമെനിക്കു ഫലിക്കുമോ? 23

വരിക നൈപുണ ! രാവണദാരുണ-
പ്രഹരണൗഘതൃണീകരണോൽബണ!
തരിക മേ കരുണാമസൃണാശയം
വിജയബാന്ധവ ! നീ വിജയം ജവാൽ. 24

ഇതി നിനച്ചഭിമാനമയാഗ്നിയിൽ
കനകമെന്നവിധം നിജവിക്രമം
അവനുരുക്കി വിളക്കിയെതിർത്തിത-
ത്രിപുരവൈരിയൊടജ്ജുനനെന്നപോൽ . 25

ഘടഘടായിതമുഷ്ടിവിഘട്ടന-
സ്ഫുടിതപർവതമുൽക്കടവിക്രമം
ഉടൽ പൊടിഞ്ഞിടുമാറവർ തമ്മിലേ-
ററുടനിടഞ്ഞടർചെയ്തു കഠോരമായ്. 26

പ്രളയഘാരസമീരപരമ്പരാ-
പരിഭവത്തിനു പാത്രത പൂണ്ടപോൽ
പ്രകടമത്രപരസ്പരഘട്ടന-
പ്രതിഭയം നടമാടി തരുവ്രജം. 27

അടവിയിൽ കുടികൊണ്ട മൃഗങ്ങൾതൻ
ഘടകളാകെ വിജൃംഭിതസംഭ്രമം
ഝടിതി പുച്ഛമുയർത്തി മഹാതരു-
ച്ഛട തകർത്തു വിരണ്ടവ മണ്ടിനാർ. 28

വിഹഗസംഹതി വിണ്ണിലണഞ്ഞു തൻ-
നിലയമാലയമാളുകയാലുടൻ;
വനചരാധിപരാശിയുമക്ഷണം
സകുലമാകുലമായലമാധിയാൽ. 29

ഇടികൾതൻകഠിനധ്വനികൊണ്ടു ദിൿ-
തടിയടക്കി നടുക്കി നഭഃസ്ഥലേ
പൊടികൾ മാരി കണക്കു നിറച്ചിത-
ക്കൊടിയവീരർ ഘനാഘനാസന്നിഭം. 30

കപിവരന്റെ കരം ഹരിവിഗ്രഹ-
ഗ്രഹണലാലസയാലതിസാഹസം
അഥ മുതിർന്നു-തുടർന്നു ഗണിച്ചിടാ‌-
തപജയം നവയോഗി മനസ്സുപോൽ. 31

അജനവൻ നിജസന്നിധികൊണ്ടു തൽ-
ഭുജയതിന്നുരുചേഷ്ട കൊടുക്കിലും
മഹിമയാലതിലൊട്ടുമകപ്പെടാ-
തിഹ ലസിച്ചിതു മായയിലെന്നപോൽ. 32

തളിർ ശിലാതലമെന്ന വിചാരമ-
ക്കടൽമൾക്കരുളും ഹരിതന്നുടൽ
ശിലയഹോ തളിരെന്നു നിനപ്പതി-
ന്നിടവരുത്തി കപീന്ദ്രനു സംഗരേ. 33

സമരമീവിധമായവർതങ്ങളിൽ
സമരസോത്ഭടമായ് ത്തുടരും വിധൗ
പ്ലവഗവീരഗൃഹസ്ഥിതരാം ജന-
പ്രകരമാകരമായി രുജയ്ക്കലം. 34

കദനകാരണമാരണമാരവ-
പ്രതിഭയം മുതിരുന്നതു കാൺകയാൽ
അകലെ വാങ്ങിയൊതുങ്ങി നിയോജ്യരാ-
യവരതീവ സജീവശവങ്ങൾപോൽ. 35

തരുണിമാരണിമാലികമാളികാ-
തലമണഞ്ഞു കപീന്ദ്രകുമാരിയാൽ
കഠിനമാമടർ കണ്ടു ശപിച്ചു തൻ-
ജനകലോചനഗം വലിസഞ്ചയം. 36

അപജയം വരികില്ലിഹ കേശവ-
ന്നതിനു സംശയമില്ലൊരു ലേശവും;
അപരനോ രിപുതത്ത്വമറിഞ്ഞിടാ-
തപഭയം സ്വയമേററവനാണുതാൻ. 37

അവനഹോ മരിയാതെ മരിക്കുമീ-
യവസരം വര" മെന്നുനിനച്ചുടൻ
ചൊടിയെഴു സുരമാമുനി നാരദൻ
വടിവിലാടി വിലാസമൊടംബരേ. 38

ഉരുതരം രതി രണ്ടു ജനത്തിലും
കരുതവേ ജയലക്ഷ്മിസമാനമായ്
പൊരുതു നിന്നവരിങ്ങനെ പോക്കിനാ-
രിരുപതും പുനരെട്ടുമഹസ്സുകൾ. 39

'ചരണദാസവതം സമിവൻ തവ
സ്മരണ സന്തതമുളളവ ' നെന്നുടൻ
കരുണയാലുദിതൻ വിഭു വൃദ്ധനെ-
ദ്ധരണിയിൽ സുഖമായഥ വീഴ്ത്തിനാൻ. 40

അവനവേദനമാദ്യമിദം നിജം
പതനമോർത്തതിവിസ്മിതനായ് ഭ്രുതം
നയനമൊന്നു തെളിച്ചിടവേയതി-
ന്നയനമായിതൊരുജ്ജ്വലമാം ദ്യതി. 41

 ദ്യതിയിൽ മങ്ങിയ കണ്ണിണ പിന്നെയും
കൊതി കലർന്നതിനുള്ളിൽ നടക്കവേ
അതിമനോഹരമായ് വിലസും രമാ-
പതി വപുസ്സിലണഞ്ഞു സവിസ്മയം. 42

കൊടിയ കൂരിരുലളോടിടയുന്നൊര-
മ്മുടിയുമുജ്ജ്വലമായ കിരീടവും
നിടിലസീമ്നി നിരന്നതിഭംഗിയിൽ
പൊടിയണി‍ഞ്ഞരുളും കുരങ്ങളും. 43

അഴകിനാലയമായ് കരുണാമൃതം
പൊഴിയുമമ്മിഴിയും മൃദുഹാസവും
അടലിലേററ പരിഭ്രമണങ്ങളാ-
ലിടറി മാറിയ മാറണി മാലയും, 44

ചെറിയ മുത്തു നിരത്തിയിണക്കിയു-
ളളരിയ നീലശിലയക്കിയലും മദം
കുറയുമാറു വിയർപ്പുകണോൽക്കരം
നിറയുമുജ്ജ്വലമാം തിരുമേനിയും, 45

ഉദയമാർന്നുയരുന്ന രവിക്കെഴും
ദ്യുതിയിൽ മുങ്ങിവിളങ്ങിടുമാടയും
ശിലയെ മാനിനിയാക്കിയ പാംസുവിൻ-
നിലയമായ് വിലസീടിന പാദവും, 46

തഴുകിയോരു വലീമുഖമൗലിതൻ-
മിഴികൾ രണ്ടമനർഗളമായുടൻ
ഒഴുകുമശ്രുവിലാത്മഗമാമഘം
കഴുകിയാശു കളഞ്ഞു തെളിഞ്ഞുതേ. (കുളകം) 47

കലഹമൊന്നു കഴിഞ്ഞതു കണ്ടതിൽ
കൊതിയതീവ കലർന്നവിധം തദാ
കദനമോദമഹാഭടർ തങ്ങളിൽ
കപിമനസ്സിൽ നടത്തി രണാന്തരം . 48

നിജബലത്തിൽ നിറുത്തിയ നിന്ദയെ-
ക്കപിവരൻ പരമാർത്ഥമറിഞ്ഞുടൻ
നിജവിവേകവിഹീനതയിൽ ത്രപാ-
നിഹതമാനസനായ് നിലനിർത്തിനാൻ. 49

ഝടിതി സംഭ്രമോടെഴുനേററഥ
സ്ഫുടിതമാനസനാം കപിനായകൻ
തടികണക്കു പതിച്ചു മുരാരിത-
ന്നടിയിണയ്ക്കു പിടിച്ചു വിനീതനായ്. 50

കപികുലാധിപനപ്പൊഴുതംഘ്രിയെ-
ക്കഴുകിയില്ലൊഴുകുംമിഴിവാരിയാൽ
ഹരി നിജാശ്രുകണോക്ഷിതമൗലിയാ-
മവനെയപ്പൊഴുയർത്തി കരങ്ങളാൽ. 51

വിമാലമാനസനാം നിജഭക്തനെ-
ക്കമലമാനിനി മേവിന മാറതിൽ
പരനണച്ചു പുണർന്നഥ ഗാഢമായ്
പരമസൗഖ്യസുഖാബ്ധിയിൽ മുക്കിനാൻ. 52


മണിമയാസനമാശൂ കപിച്ഛടാ-
മണി മുകുന്ദനു നല്കിയിരിക്കുവാൻ
അവനെ മുൻപിലിരുത്തിയുടൻ രമാ-
ധവനുമൻപിലിരുന്നരുളീടിനാൻ. 53

സ്വഭവനേ ഭവനേതൃതയാർന്നിടും
വിഭുവണ‌ഞ്ഞതിനാൽ ചരിതാർത്ഥനായ്
അവനമാ വനമാലിയിൽ വിന്യസി-
ച്ചവനമന്ദമിവണ്ണമുണർത്തിനാൻ:- 54

"കരുണയുള്ള വിഭുക്കളിൽ നീയുമ-
ച്ചരണദാസരിൽ ഞാനുമതേവിധം
പ്രഥമതയ്ക്കവകാശികളാകയാൽ
വ്യഥ മനസ്സിനെ വേർപിരിയുന്നു മേ. 55

ഇവിടെ നിന്തിരുമേനി വരുന്നവാ-
റിവനു ചിന്തനമില്ല കിനാവിലും,
തവസമാഗമമാമമൃതത്തിനി-
ന്നവരണം വരണം മഥനോപമം. 56

അനഘ! നിന്നിൽ വളർന്നൊരു ഭക്തിയാ-
ലനുപമപ്രമദാതിശയാന്ധനായ്
അടിമകാട്ടിയ ചേഷ്ടിതമാകെ നി-
ന്നടിമലർക്കു സമർച്ചനമാകണം. 57

മറകൾതൻ പൊരുളായി വിളങ്ങുമി-
മ്മഹിതമാം തിരുമേനിയിൽ മേല്ക്കുമേൽ
കരമയച്ച മഹാകപിചാപലം
കരുണയോടും പൊറുത്തരുളേണമേ. 58

തലമറന്നെതിരാളിയെ നോക്കിടാ-
തലമുയർന്നു ഞെളിഞ്ഞു കളിക്കുകിൽ
ഫലമിതെന്നൊരു ചാരുവിവേകമി-
ക്കലഹമിന്നരുളുന്നു മുകുന്ദ! മേ. 59

കരുണവിട്ടു പുരാ തവ ദൃഷ്ടി തെ-
ല്ലരുണമാം പൊഴുതാശു ഭയാന്ധനായ്
വരുണനെത്തി വണങ്ങിയതിന്നുമെൻ-
സ്മരണയി‍‌‌ങ്കൽ വരുന്നു മഹാമതേ ! 60


അരിയ വാമനനെന്നു പുകഴ്ന്ന നി-
ന്നടികൾ മുന്നിലടങ്ങി ജഗത്ത്രയം
 ഉറിതൊടുന്നതിനെത്തരുതാതെക-
ണ്ടുഴറിയുള്ളൊരു വാമനനും ഭവാൻ. 61
                                                                                     
                                                                                   
വിപുലമായ് വിലസും തവ വൈഭവം
വിഷയമോ ധിഷണയക്ക ? ജഗൽഗുരോ!
കടലിലുള്ള മഹാജലമണ്ഡലം
കരപുടത്തിലടങ്ങുവതെങ്ങനെ ? 62


കരുതിയാലഥവാ ഭുവനം നിറ-
ഞ്ഞരുതഹംകൃതിയെന്നതിഗൗരവാൽ
അരുളിടും തവ വൈഭവമാർക്കുതാ-
നരുതു കാണ്മതിനമ്മതിദൃഷ്‍ടിയാൽ ? 63


പ്രബലമാകിയ നിന്നുടെ വൈഭവം
പ്രകൃതിയെന്നരുളുന്നു മഹത്തുകൾ ,
കരുതിയാലതു ചെയ് വൊരു ചേഷ്ടിതം
കരതലാമലകം ഭവദീഹിതം . 64



പൊതുവിൽ നന്മവരുന്നൊരു വൃത്തിയാ -
ണതു നടത്തുവതെന്നതതിസ്ഫുടം
അതിനു തൃപ്തിവരുന്ന നടത്തതാ-
നതിമഹത്വമെഴും തവ പൂജനം. 65


അതുകൾനില്ക്ക - യെനിക്കു മണിക്കെഴും
കഥകൾ കേൾക്കയിലാഗ്രഹമെത്രയും ;
കനിവുദിയക്കണമൊക്കെയുരയക്കുവാൻ
കരളിലിക്കപിയിൽക്കരുണാനിധേ! 66


അമരകൾക്കുമതീവ ദുരാപമാ-
മനഘമിക്കഴലാമലർ ചൂടുവാൻ
മമ ഗുഹയ്ക്കുരുഭാഗ്യ മണച്ചതി-
മ്മഹിതഭാസ്സിയലും മണിയല്ലയോ! 67


അഥ കപികുലമൌലിക്കത്ഭുതം ഹാസ്യമേററം
വ്യഥ ബഹുമതിയേവം ഭാവമോരോന്നു വീണ്ടും
മനതളിരിലുദിക്കുംമട്ടിൽ മാഹാത്മ്യമേറും
മണിയുടെ കഥയെല്ലാം മല്ലനേത്രൻ പറഞ്ഞാൻ. 68


മണിയൊടു മകളാകും ജാംബവത്യാഖ്യകന്യൈ-
മണിയെയഥ മുകുന്ദന്നേകിനാൻ വാനരേന്ദ്രൻ;
വരമണിയുടെ ലാഭംകൊണ്ടു പാരം കൃതാർത്ഥൻ
നവരമണിയെ നാഥൻ ഹന്ത; മോദാൽ ഗ്രഹിച്ചു 69



ലക്ഷണഗുണങ്ങളോടുചേർന്നു വിലസും നൽ-
കന്യകയൊടൊത്ത കമലേക്ഷണനുദാരൻ
വ്യഞ് ജനയൊടൊത്തധികമഞ്ജുളതയാളും
കാവ്യമൊടു തുല്യമതിഭംഗിയിൽ വിളങ്ങി. 70



കപിവസതിയിൽനിന്നും കന്യയെ സ്വീകരിച്ചി-
ട്ടതിനഭിനവകീർത്തിശ്രീയെ നല്കി പ്രസന്നൻ
സപദി ദിവസകൃത്യം സർവവും നിർവഹിച്ച-
സ്സകലപതി തുനിഞ്ഞാനാത്മഗേഹം ഗമിപ്പാൻ. 71
“ദ്വന്ദ്വയുദ്ധം" എന്ന ഒൻപതാംസർഗം സമാപ്തം.

"https://ml.wikisource.org/w/index.php?title=കേശവീയം/ഒൻപതാം_സർഗം&oldid=81131" എന്ന താളിൽനിന്ന് ശേഖരിച്ചത്