കേശവീയം/ആറാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേശവീയം
രചന:കെ.സി. കേശവപിള്ള
ആറാം സർഗം

                   ആറാംസർഗം

ലോകാപവാദംഗണനീയമെന്ന-
ബോധംജഗത്തിന്നിയലും പ്രകാരം
സ്യമന്തകത്തെത്തിരയാൻ മുകുന്ദൻ
വനത്തിലേയ്ക്കായഥ യാത്റയായി.

കൃത്യാന്തരങ്ങൾക്കു വരുന്നവിഘ് നം
ഗണിച്ചതേയില്ല മുരാരി തെല്ലും
നിത്യം പ്രജാരഞ്ജനമോന്നുതന്നെ
നോക്കുന്നു സർവോപരി ഭൂമിപന്മാർ.

വിനിതനായ്ദാരുകനേറിമുൻപേ
സന്നദ്ധമ്ക്കീടിനതേരുതന്നിൽ
മനം ജനങ്ങൾക്കുകളുർക്കുമാറാമ്മ
ലേക്ഷണൻചെന്നുകരേറിമന്ദം
        
ജ്വലിച്ചനൽസ്വർണ്ണരഥത്തിനുള്ള
സ് ഫുരിച്ചുകാർവർണ്ണനഖണ്ഡശോഭം
ഉദിച്ചരാകാശശിതൻറ മദ്ധ്യേ
ലസിച്ചിടും ലാഞ്ഛനമെന്നപോലെ

കണ്ണൻറപൂമേനിയൊടുള്ളസംഗം
കലർന്നു ശോഭിട‌ച്ചുപരം ശതാംഗം
കസ് തൂരികാജിത്രകമാർന്നവിദ്യുൽ-
കമ്രാംഗിയാൾ തന്നുടെ നെറ്റിപോലെ

കിരീടനാനാമണിദീപ് തിചിന്നി-
പ്പടർന്നൊരക്കേശവകേശപാശം
പുരന്ദരൻതൻ ശരാസനശ്രീ
പുണർന്നപുത്തൻമുകിൽപോൽവിളങ്ങി

നിലാഭ ബാലേന്ദുവിനേകിയോററ-
ദ്ദീപത്തെ മദ്ധ്യത്തിലിണക്കിവച്ചാൽ
വെളുത്തനൽഗോപി ലസിക്കുവോര-
ന്നെററിത്തടത്തിന്നുപമാനമുണ്ടാം.

മുടക്കമെന്ന്യേ തിരുനെറ്റിയിങ്കൽ
മുരാന്തകൻ ഗോപി ധരിപ്പതോർത്താൽ
വളർത്തൊരഗ്ഗോപിയിലുളള നന്ദി
വെളിപ്പെടുത്തുന്നതിനെന്നുതോന്നും

വിളങ്ങി ഫാലത്തിനു മേലിലേററം
നതങ്ങളായോരളകങ്ങൾ കാന്ത്യാ
ഉയർന്ന ദിക്കിങ്കലിരുന്നിടുന്നോർ
വിനമ്രരായ് ത്താൻ വിലസുന്നുവല്ലോ

താപത്രയത്തെത്തരസാതുരത്തി-
ത്തളളുന്നൊരോമൽക്കുനു‌ചില്ലിരണ്ടും
താവും മുഖശ്രീജലരാശിതന്നിൽ
ത്തത്തിത്തിളങ്ങുന്ന തരംഗമത്രേ

കറുത്തുമിന്നീടിന പക്ഷ്മമാല-
കാന്തിച്ഛടയ്ക്കാസ്പദമായനേത്രം
കാരുണ്യമാകും കടലിന്റെ മദ്ധ്യേ
കളിച്ചുമേവും കരിമത്സ്യമാവാം

യാതൊന്നിനുളളപ്പരിണാമമാകും
നാനാസത്യയുഗ് മം നളിനാസ്ര‍രമ്യം
ക്ര‍മോന്നതോരുത്വമിയന്നിടുന്നോ-
രന്നാസികയ്ക്കളളഴകെന്നുചൊൽവൂ

കാതിൽത്തിളങ്ങും കമനീയമാകും
ഹീരപ്രകാണ്ഡംനിഴലിച്ചഗണ്ഡം
വിളങ്ങിസൂര്യപ്രതിബിംബമാളും
കളിന്ദകന്യാജലമെന്ന വണ്ണം

തൊണ്ടിപ്പഴംനൽത്തളിർതന്നിൽമേവും
മ്രദുത്വമാകുംഗുണമാളുമെങ്കിൽ
പൂമങ്കതൻപ്രേമരസംകളിക്കു-
മോമൽചൊടിക്കൊട്ടുസമാനമാക്കാം.

തുമന്ദഹാസച്ഛവി സുന്ദരാഭം
തുകുന്നഗോവിന്ദമുഖാരവിന്ദം
ജനങ്ങൾതൻകണ്ണുകളായിടുന്നോ-
രിന്ദിന്ദിരങ്ങൾക്കുനിപേയമായി

മയിൽക്കഴുത്തിൻനിറമാർന്ന മാറിൽ
പരം പ്രകാശം പരഭാഗമൂലം
കലർന്നൊരമ്മുത്തണികാണുവോർതൻ-
മനസ്സിനും മുത്തണിയായ് ചമ‍‍ഞ്ഞു


ഖലൻ ത്രണാവർത്തമഹാസുരൻതൻ-
കഴുത്തിനർക്കാത്മജപാശമായും
ഗോവർദ്ധനോർവീധരമായിടുന്ന
മഹാതപത്രത്തിനുദണ്ഡമായും

വന്ദാരുവാം ദീനജനത്തിനെല്ലാം
മന്ദാരഭ്രമീരുഹശാഖയായും
വിളങ്ങുമക്കേശവബാഹുവിൻറെ
മാഹാത്മ്യമോർത്തീടിലവർണ്ണനീയം

സരസ്സിൽനിന്നിട്ടൊരു ദന്തിതന്നെ
ക്കരയ്ക്കണച്ചാർത്തി ഹരിച്ചവണ്ണം
തരസ്സിനാൽ മറ്റൊരു ദന്തിതൻ
ശിരസ്സു് ഭേദിച്ചതുമിക്കരംതാൻ

വിശ്വങ്ങവളൊട്ടേറെയടക്കിയുള്ളിൽ
കാർശ്യംവഹിക്കുംഹരിമദ്ധ്യഭാഗം
ഒതുങ്ങിവാണീടുകതന്നെ യോഗ്യം
ലോകസ്ഥിതിക്കെന്നുരചെയ്തുനൂനം

പെരുത്തെഴുംപൊന്നരഞാൺ
പേരാർന്ന മഞ്ഞത്തുകിലിൻ ഭാസ്സും
തിരിച്ചുകാണ്മാൻ കഴിയാത്തവണ്ണം
തിമിർത്തു നേരിട്ടമർചെയ്തുതമ്മിൽ

യാതൊന്നു നന്നായറിയുന്നതിന്നായ്
വേദങ്ങളെല്ലാം തിരയുന്നിതൊന്നായ്
യാതൊന്നുപീയുഷരസൈകസൗഖ്യം
യോഗീന്ദ്രചേതസ്സിനുചേർത്തിടുന്നു

യാതൊന്നുകൈവല്യ മിയന്നവർക്കു
വാഴുന്നതിന്നുളള വിലാസഗേഹം
യാതൊന്നു ലോകത്തിനുമാനദണ്ഡം
യാതൊന്നു ദൈത്യന്നുശിരോവതംസം

ചേതസ്സിനാസേചനകംദയാർദ്രം
യാതൊന്നിനുലള്ളോരു മഹത്വസാരം
ചിന്തിച്ചു ദൈതേയപരാക്രമത്തെ
ത്രണീകരിക്കുന്നുസുരാധിരാജൻ

യാതൊന്നിലുണ്ടായപവിത്രമാകും
പാഥസ്സിനെപ്പൂമലർമാലപോലെ
മാനിച്ചുനിത്യംപരമേശ്വരൻതൻ
മൗലിസ്ഥലത്തിങ്കലണിഞ്ഞിടുന്നു

പത്മാകരം തന്നിൽവസിക്കയാലും
മിത്രാവനംകൊണ്ടുലസിക്കയാലും
പാഥോജസാദ്രശ്യമിരിക്കവേതാൻ
യാതൊന്നു രാജാദരമാർന്നിരുന്നു

യാതൊന്നിനുള്ളന്നഖമ‍‍‍ഞ് ജുളശ്രീ
യാളുന്നു പൂന്തിങ്കളുദിച്ചിടുമ്പോൾ
ഗോവിന്ദനുളളക്കഴലപ്പൊലഴുളളിൽ
താവുന്നമോദേനവണങ്ങിലോകം

നാഥൻഹ്രൽഭാവമറിഞ്ഞു സൂതൻ
നടത്തിനാൻതേരഥമന്ദ മന്ദം
എന്നാകിലുംതൽഗതിശീഘ്രമായ് പ്പോ-
യെന്നാണഹോ കാണികളോർത്തതുളളിൽ

നിമേഷമുണ്ടെന്നതുകൊണ്ടുമാത്രം
സുധാശനസ്രീകളിൽനിന്നുഗഭേദം
തത്രത്യനാരീമണിമാർക്കുജാതം
നശിച്ചിതക്കേശവദർശനത്തിൽ

കുറച്ചുതാൻസേനയകമ്പടിക്കായ്
കുറിച്ചിതീ യാത്രയിൽവാസുദേവൻ
ഫലത്തെനോക്കുംമതിശാലിമോടി
പ്പകിട്ടിലാസക്തികറയക്കുമല്ലോ.
                                             30
ഓടുന്നതിന്നാശുവിടായ്കകൊണ്ടു
ള്ളക്ഷാന്തിയാൽമുൻകാഴൽപൊക്കിവീണ്ടും
ചാടുംഹയത്തെക്കടിഞാൺപിടിച്ചു
നടത്തിനാർ സാദിജനങ്ങൾ മന്ദം. 31

അതിന്റെയോഷ്ഠങ്ങൾവെറുപ്പുകൈക്കൊ
ണ്ടത്യന്തമപ്പോളിളകുന്നതോർത്താൽ
അസത്യമോതീടിനയാദവൻതൻ
ധാർഷ്ട്യം പഴിച്ചീടുകയെന്നുതോന്നും . 32

അനുവ്രജിപ്പാനനുവാദമായോ
രനുഗ്രഹംകിട്ടിയപൗരവർഗം
തഴച്ചതൻപുണ്യവിശേഷവൃക്ഷം
ഫലിച്ചുവെന്നുള്ളിൽവഹിച്ചുമോദം. 33

ഹരിച്ചുരത്നംഹരിയെന്നുതന്നെ
ധരിച്ചലോകങ്ങളുമക്ഷണത്തിൽ
സ് ഫുരിച്ചൊരപ്പൂന്തിരുമേനികണ്ടി
ട്ടുരച്ചുപോയാർവിപരീതമായി. 34

തിക്കിത്തിരക്കിത്തിരുമേനികാണ്മാൻ
കടന്നുമുൻപോട്ടുകരേറിമാർഗേ
അടുത്തിടുന്നോരെയകർത്തിനിർത്താ
നെടുത്തുപാരംപണികിങ്കന്മാർ. 35

ഉയർന്നവൃക്ഷങ്ങളിലുററയത്നം
കലർന്നുപററിക്കരയേറിവേഗാൽ
പടർന്നപത്രങ്ങടെമർദ്ദനംപൂ
ണ്ടിരുന്നഭീഷ്ടംചിലർനിർവഹിച്ചു. 36

ഐശ്വര്യമെട്ടുംവശമായവർക്കും
യാതൊന്നുകണ്ടീടുകയാണുസാധ്യം
അമ്മേനികാണ്മാനിവരേവമെല്ലാ
മായാസമാർന്നെന്നതു യുക്തമത്രേ. 37

 വെടിഞ്ഞു മന്ദം നഗര പ്രഭാവം
ഗ്രാമത്വമാർന്നീടിന ദേശജാലം
ഓരോന്നുമുത്സാഹമിയന്നു കണ്ട-
സ്സരോജനേത്രൻ സസുഖം ഗമിച്ചു. 38

വഴിക്കെഴും ചാരു വിശാലഭാവം
ക്രമേണകണ്ടാൻ കുറയുന്നതായി
അനർഹവാഞ്ച് ഛയ്ക്കടിമപ്പെടുന്ന
നരന്റെ സത്തായ നടത്തപോലെ. 39

മനുഷ്യവാസം കുറയുന്നതാകും
മൈതാനമോരോന്നു കടന്നു വേഗാൽ
മഹാവനശ്രേണിയൊടുല്ലസിക്കും
മഹീദ്ധ്രദേശത്തിലണഞ്ഞു നാഥൻ. 40

കണ്ടിട്ടെഴുന്നേറെറതിരേല്പതിന്നായ്
കനിഞ്ഞു നേരിട്ടു വരുന്നവണ്ണം
ഉയർന്നടുത്തീടിന കാനനൗഘം
മുകുന്ദദൃഷ് ടിക്കഥ ലക്ഷ്യമായി. 41

അനന്തരം തേരതിൽനിന്നിറങ്ങീ-
ട്ടനന്തദേവൻ തുരഗത്തിലേറി
നിരന്തരം വൃക്ഷലതാദി തിങ്ങും
വനാന്തരത്തിന്നു തുടർന്നു യാനം. 42
അഹോ മധുദ്വേഷണനായിടുന്നോ-
രവൻ വനത്ത്ങ്കലണഞ്ഞനേരം
അതിപ്രസന്നത്വമിയന്നുചെന്ന-
ങ്ങാരാധനയ്ക്കായ് മധു കാത്തുനിന്നു. 43

വിരിഞ്ഞ പത്മങ്ങൾ ചൊരിഞ്ഞ രേണു-
വ്രജങ്ങൾ തൻമെയ്യിലണിഞ്ഞു ഗാഢം
വനങ്ങളുല്ലാസമിയന്നു നന്നായ്
വണങ്ങവേ സൗമ്യത പൂണ്ടു കാമം. 44

നിരന്ന മാകന്ദമരങ്ങൾതോറും
ചുരന്ന താർവൃന്ദമരന്ദമേന്തി
വരുന്ന കാററിന്റെ വിരുന്നിനാലുൾ-
ക്കുരുന്നു ദേവന്നു വിടുർന്നു പാരം (യുഗ്മകം) 45

സമീര ചഞ്ചദ്ദലമായ് ലസിക്കും
ദ്രുമവ്രജം പക്ഷിരവങ്ങളാലേ
ചൊന്നീലയീ ഞങ്ങൾ തവാപവാദ-
മെന്നീശനോടോതി ഭയന്നു നൂനം. 46

വിടർന്ന പുഷ് പങ്ങൾ നിറഞ്ഞു ചൂഴും
വിളങ്ങിയക്കിംശുകരാശി നീളെ
ചുവന്ന നൽത്തീമലർ നാലുപാടും
ചിന്നും കഴിപ്പൂനിരയെന്നപോലെ. 47

കത്തുന്ന കാന്തിച്ഛടപൂണ്ടനല്പം
ശോഭിച്ച ചാമ്പേയസുമങ്ങൾ കണ്ടാൽ
വനീവസന്തോപയമത്തിനുളള
ഹോമാനലജ്വാലകളെന്നുതോന്നും. 48

രസിച്ചു ചുററും മധുവാസ്വദിച്ചു
രമിച്ചീടും വണ്ടുകളാൽ നിതാന്തം
ലസിച്ചുനിന്നുളള രസാലവൃന്ദം
വദിച്ചുധന്യന്റെ വദാന്യഭാവം. 49

പരേക്ഷണത്തിൽ പരപുഷ് ടജാലം
പ്രസന്നരായ് പാടിയതിന്റെ സാരം
വൃഥാപവാദം പലരോതിയാലും
ഫലിക്കയില്ലെന്നതുതന്നെനൂനം. 50

സുമാന്തരംതോറുമെഴും മരന്ദം
നുകർന്നിരുന്നോരുമിളിന്ദവൃന്ദം
മുരാന്തകൻതൻ തിരുമേനി തേടി,-
പ്പറന്നു,-പിന്നാലെയണഞ്ഞുകുടി. 51

പൊൽത്താമരത്താരിലെഴും പരാഗം
പുരണ്ട മെയ്യാണ്ട മധുവ്രതങ്ങൾ
പീതാംബരംപൂണ്ട മുരാരിതന്നെ-
യനുവ്രജിച്ചെന്നതു യുക്തമത്രേ. 52

അശോകമശ്ശോകഭരം സുമത്താ
കാമിക്കു നല്കുന്നതു പാര്ത്തനേരം
അമായനായ് മായയെ വീക്ഷണത്താൽ
ചമച്ചിടും തന്നെ നിനച്ചു കൃഷ്ണൻ 53
 
 മധുവ്രതം ചേർന്നൊരു കർണണികാര
പ്രസൂനജാലം പരമുല്ലസിച്ചു
വനസഥലിക്കുളള വലാരിരത്നം
പതിച്ച പൊൽത്താലികളെന്നപോലെ. 54
 
ഭൃംഗാളി നൽച്ചെന്തളിർവെണ‍മപാരം
പുലർന്ന പൂമൊട്ടിവ പൂ‍ണ്ടു കാന്ത്യാ
വിളങ്ങിടും മാധവി മാധവങ്കൽ
പ്റസാദവും സാദവുമത്രചേർത്തു. 55
  
വസന്തസമ്പത്തിതു കണ്ടുകൊണ്ടും
വാഹത്തെ വേഗത്തിൽ നയിച്ചുകൊണ്ടും
വാഘ്രദിജന്തുക്കൾ വസിച്ചിടുന്ന
വൻകാനനത്തിന്നുകടന്നുദേവൻ. 56
 
നീരുണ്ടിരുണ്ട പുതുകൊണ്ടലിനിണ്ടലേകം
നീലപ്രഭാപടലമങ്ങനെ നാലുപാടും
പാരംചൊരിഞ്ഞു വിലസും വിപിനം സ്യതുല്യം
പാരിന്നധീശനഥ കണ്ടതിമോദമാണ്ടു 57
        
          വനഗമനം എന്ന
            ആറാം സർഗം
               സമാപ്തം.

"https://ml.wikisource.org/w/index.php?title=കേശവീയം/ആറാം_സർഗം&oldid=81126" എന്ന താളിൽനിന്ന് ശേഖരിച്ചത്