Jump to content

ഐതിഹ്യമാല/ചില ഈശ്വരന്മാരുടെ പിണക്കം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
ചില ഈശ്വരന്മാരുടെ പിണക്കം


ടിപ്പുസുൽത്താന്റെ ആക്രമണകാലത്തു ഗുരുവായൂരപ്പനെ അവിടെ നിന്ന് ഇളക്കിയെടുത്ത് അമ്പലപ്പുഴെയും പിന്നീട് മാവേലിക്കരെയും എഴുന്നള്ളിച്ചു കുടിയിരുത്തിയിരുന്നു എന്നുള്ളതു പ്രസിദ്ധമാണല്ലോ. ഗുരുവായൂരപ്പനും അമ്പലപ്പുഴ കൃ‌ഷ്ണസ്വാമിയും വാസ്തവത്തിൽ ആൾ ഒന്നുതന്നെയാണെങ്കിലും അവർ രണ്ടുപേരുംകൂടി അമ്പലപ്പുഴ താമസിച്ചിരുന്ന കാലത്തു പല പിണക്കങ്ങളും മൽസരങ്ങളുമുണ്ടായിട്ടുള്ളതായി അനേകം ഐതിഹ്യങ്ങളുണ്ട്.

ഗുരുവായൂരപ്പന്റെ പ്രീതിക്കായി നടത്തുന്ന നമസ്ക്കാരസ്സദ്യകൾക്കുള്ള കാളൻ മുതലായ സാധനങ്ങൾ വയ്ക്കുന്ന ഓട്ടുപാത്രങ്ങളിൽത്തന്നെ കിടക്കുകയല്ലാതെ, മറ്റു പാത്രങ്ങളിൽ പകരുക പതിവില്ലെന്നും എന്നാൽ ആ സാധനങ്ങൾക്കു ക്ലാവ്‌ ചുവ ഉണ്ടാകാറില്ലെന്നുമുള്ളതു പ്രസിദ്ധമാണല്ലോ. എങ്കിലും ഗുരുവായൂരപ്പൻ അമ്പലപ്പുഴ താമസിച്ചിരുന്ന കാലത്ത് നമസ്ക്കാരത്തിനായി വച്ചുണ്ടാക്കുന്ന കാളനും മറ്റും ക്ലാവ്‌ ചുവകൊണ്ടു മനു‌ഷ്യർക്കു ഉപയോഗിക്കാൻ നിവൃത്തിയില്ലാതായിത്തീർന്നു. ഇതിങ്ങനെ ആക്കിത്തീർത്തതു ഗുരുവായൂരപ്പനോടുള്ള സ്പർദ്ധ നിമിത്തം അമ്പലപ്പുഴെ കൃ‌ഷ്ണസ്വാമിയാണെന്നുള്ളതു വിശേ‌ഷിച്ചു പറയണമെന്നില്ലല്ലോ. ഇതിനുപകരം ഗുരുവായൂരപ്പനും ചിലതു പ്രവർത്തിക്കാതിരുന്നില്ല.

അമ്പലപ്പുഴ കൃ‌ഷ്ണസ്വാമിക്കു പ്രതിദിനം മുപ്പത്താറു പറ പാൽകൊണ്ടു പഞ്ചസാരപ്പായസം പതിവുണ്ടായിരുന്നു. അതിൽ ഗുരുവായൂരപ്പൻ അട്ടയും മറ്റും കാണിച്ചു നിവേദ്യത്തിനു കൊള്ളാത്ത വിധത്തിലാക്കിത്തീർത്തുതുടങ്ങി. ഇങ്ങനെ ഇവർ തമ്മിലുള്ള സ്പർദ്ധയും മത്സരവും നിമിത്തം രണ്ടുപേർക്കും പൂജാനിവേദ്യാദികൾ നടത്താൻ നിവൃത്തിയില്ലാതെ വന്നതിനാൽ ഗുരുവായൂരപ്പനെ ടിപ്പുസുൽത്താന്റെ ഉപദ്രവം ശമിക്കുന്നതുവരെ മാവേലിക്കരെ കൊണ്ടുപോയി ഇരുത്തേണ്ടതായിവന്നു. ഗുരുവായൂരപ്പനെ കുടിയിരുത്തിയിരുന്ന സ്ഥലവും അവിടുത്തെ വകയായി ഒരു കിണറും ഇപ്പോഴും അമ്പലപ്പുഴ കാൺമാനുണ്ട്.

ഇപ്രകാരം തന്നെ വൈക്കത്തപ്പനും ഏറ്റുമാനൂർ ദേവനും തമ്മിലും ചില പിണക്കങ്ങളുണ്ടായിട്ടുണ്ട്. 973-ആമാണ്ടു നാടുനീങ്ങിയ രാമവർമ്മ മഹാരാജാവു തിരുമനസ്സുകൊണ്ട് വൈക്കത്തപ്പനു വഴിപാടായി ഏഴര (ഏഴു വലിയതും ഒന്നു ചെറിയതും) പൊന്നാനകളെ (പ്ലാവുകൊണ്ടു പണിയിച്ചു സ്വർണ്ണത്തകിടുകൊണ്ട് പൊതിയിച്ചു) തിരുവനന്തപുരത്തുനിന്ന് വൈക്കത്തേക്ക് കൊടുത്തയച്ചു. കൽപനപ്രകാരം ഹരിക്കാരന്മാർ പൊന്നാനകളെ വിരുത്തിക്കാരെക്കൊണ്ട് എടുപ്പിച്ചു കൊണ്ട് കരമാർഗ്ഗമായി പുറപ്പെട്ട് ഒരു ദിവസം ഏറ്റുമാനൂർ വന്നുചേർന്നു. പൊന്നാനകളെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തറയിലിറക്കിവച്ചു നട കാവൽക്കാരെ ഏൽപ്പിച്ചിട്ട് ഹരിക്കാരന്മാരും ചുമട്ടുകാരും കുളിക്കാനുമുണ്ണാനു പോയി. അവർ കുളിയും ഭക്ഷണവും കഴിഞ്ഞു വന്നു നോക്കിയപ്പോൾ പൊന്നാനകളുടെ തലയിൽ ഓരോ വലിയ സർപ്പങ്ങളിരിക്കുന്നതായി കണ്ടു. ആരെങ്കിലും അടുത്തു ചെന്നാൽ ആ ഭയങ്കര സർപ്പങ്ങൾ ഫണങ്ങൾ വിടർത്തിക്കൊണ്ട് ചീറ്റിത്തുടങ്ങും. അതിനാൽ എല്ലാവരും ഭയപ്പെട്ടു മാറിയതല്ലാതെ അടുത്തു ചെല്ലുന്നതിന് ആർക്കും ധൈര്യമുണ്ടായില്ല. പിന്നെ ഇതിനെപ്പറ്റി പ്രശ്നംവെപ്പിച്ചു നോക്കിയതിൽ, ഈ ആനകളെ താൻ വിട്ടയയ്ക്കുകയില്ലെന്നും ഇവ തനിക്കു വേണമെന്നുമാണ് ഏറ്റുമാനൂർ ദേവന്റെ അഭിപ്രായമെന്നു കാണുകയും ആ വിവരം തിരുമനസ്സറിയിക്കുന്നതിന് എഴുതി അയയ്ക്കുകയും പ്രശ്നത്തിൽ കണ്ടതുപോലെ തന്നെ മഹാരാജാവു തിരുമനസ്സിലേക്കു ഒരു ദർശനമുണ്ടാകുകയും ചെയ്തു. അതിനാൽ ആ പൊന്നാനകളെ ഏറ്റുമാനൂർ ദേവന്റെ ഭണ്ഡാരത്തിൽ എടുത്തുവച്ചുകൊള്ളുന്നതിനു കൽപിച്ചനുവദിച്ചു. ഇപ്പോഴും ഏറ്റുമാനൂർ ഭണ്ഡാരത്തിലിരിക്കുന്നവയും ഉത്സവകാലങ്ങളിൽ എഴുന്നള്ളത്തോടുകൂടി കൊണ്ട് നടക്കുന്നവയുമായ പൊന്നാനകൾ അവിടെ വന്നുചേർന്നതിപ്രകാരമാണ്.

വൈക്കത്തപ്പനു വഴിപാടായി നിശ്ചയിച്ച് ഉണ്ടാക്കിച്ചയച്ചവയായ പൊന്നാനകളെ ഏറ്റുമാനൂർ ദേവൻ ഇടയ്ക്കുവച്ച് തട്ടിയെടുത്തതിനാൽ വീണ്ടും ഏഴരപൊന്നാനകളെ ഉണ്ടാക്കിച്ചു വൈക്കത്തേക്കയയ്ക്കണമെന്ന് മഹാരാജാവു തിരുമനസ്സുകൊണ്ട് കൽപ്പിച്ചു നിശ്ചയിച്ചു. അപ്പോൾ ഒരു ദിവസം രാത്രിയിൽ തിരുമനസ്സിലേക്കു ഒരു ദർശനമുണ്ടായി. അതിന്റെ സാരം തനിക്കു പൊന്നാനയും മറ്റും വേണമെന്നില്ലെന്നും അതിന്റെ വില ചെലവാക്കി ഒരു സഹസ്രകലശം നടത്തിയാൽ മതിയെന്നുമായിരുന്നു. ഇതു വൈക്കത്തപ്പന്റെ കൽപനയാണെന്നു വിശ്വസിച്ചു മഹാരാജാവ് തിരുമനസ്സുകൊണ്ട് അപ്രകാരംതന്നെ അതികേമമായി വൈക്കത്ത് ഒരു സഹസ്രകലശം നടത്തിക്കുകയും ചെയ്തു. വൈക്കത്തപ്പനും ഏറ്റുമാനൂർ ദേവനും തമ്മിൽ ഇപ്പോഴും പിണക്കമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അതിനാൽ വൈക്കത്ത് അഷ്ടമി ദർശനത്തിന് ഇപ്പോഴും ഏറ്റുമാനൂർ ദേശക്കാരാരും പോകാറില്ല.

ആറന്മുള ദേവനും ശബരിമലശാസ്താവും തമ്മിലും പിണക്കമാണെന്നാണ് ജനങ്ങളുടെ വിശ്വാസം. അതിനാൽ ആറന്മുളക്കാർ ശബരിമലയ്ക്കു പോകാറില്ല. പണ്ടൊരിക്കൽ ആറന്മുളക്കാരായ ചിലർ ശബരിമലയ്ക്കുപോകുന്നതിനു നിശ്ചയിച്ച് "നോയമ്പു" തുടങ്ങി. അപ്പോൾ അവർക്കു ആറന്മുളദേവൻ സ്വപ്നത്തിൽ പ്രത്യക്ഷമായി "എന്റെ ജനങ്ങൾ മല ചവിട്ടണമെന്നില്ല; സകലകാര്യസിദ്ധിക്കും എന്നെ സേവിച്ചുകൊണ്ടാൽ മതി" എന്നരുളിച്ചെയ്തു. എങ്കിലും അവർ അതിനെ വകവയ്ക്കാതെ യഥാകാലം ശബരിമലയ്ക്കു പോയി. ശബരിമലയ്ക്ക് പോകുന്നവർ "ശരണമയ്യപ്പോ" എന്നും "അയ്യപ്പസ്വാമിയേ ശരണം" എന്നും മറ്റും വിളിച്ചുപറഞ്ഞു കൊണ്ടാണല്ലോ പോകുക പതിവ്. എന്നാൽ ആറന്മുളക്കാർ "ആറന്മുള സ്വാമിയേ ശരണം" എന്നു വിളിച്ചുകൊണ്ടാണ് പോയത്. അവർ അയ്യപ്പസ്വാമിയുടെ നായ്ക്കൾ ശബരിമലയ്ക്കു സമീപമായപ്പോൾ (കടുവാകൾ) വായും പൊളിച്ചുകൊണ്ട് അവരുടെ നേരെ പാഞ്ഞുചെന്നു. അതുകണ്ട് ആറന്മുളക്കാർ ഭയപരവശന്മാരായി പൂർവാധികമുറക്കെ ആറന്മുളസ്വാമിയെ വിളിച്ചുതുടങ്ങി. അപ്പോൾ ആ വ്യാഘ്രങ്ങളുടെ വായിൽ അമ്പുകൾ വന്നു തറയ്ക്കുകയും അവ മടങ്ങിപ്പോവുകയും ചെയ്തു. ആ സമയം ശബരിമല ശാസ്താവിന്റെ വെളിപാടുണ്ടായി (വെളിച്ചപ്പാടു തുള്ളി) "ആറന്മുളക്കാർ എന്റെ നടയിൽ വരാൻ പാടില്ല" എന്നു കല്പിക്കുകയും ആറന്മുളക്കാർ അവിടെ ദർശനം കഴിക്കാതെ മടങ്ങിപ്പോവുകയും ചെയ്തു. അക്കാലം മുതൽക്കാണ് ആറന്മുളക്കാർ ശബരിമലയ്ക്കു പോകാതെയായത്. ആറന്മുള ദേവൻ മഹാവി‌ഷ്ണുവിന്റെ ഒരവതാരമായ ശ്രീകൃഷ്ണനാണെന്നാണല്ലോ സങ്കൽപം. അതിനാൽ ശബരിമലയയ്യപ്പന്റെ നായ്ക്കളുടെ നേരെ ശരമയച്ചത് ആ ദേവൻ തന്നെയാണെന്നാണ് വിശ്വാസം.

ഇങ്ങനെ കേരളത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള അനേകം ദേവന്മാർ തമ്മിൽ പല പിണക്കങ്ങളുമുണ്ടായിട്ടുള്ളതിനും ഇപ്പോഴും പിണക്കമാണെന്നുള്ളതിനും വളരെ ഐതിഹ്യങ്ങളുണ്ട്. ഇവയെല്ലാം മനു‌ഷ്യരുടെ സങ്കൽപത്തിൽനിന്നുണ്ടായിട്ടുള്ളവയായിരിക്കാനല്ലാതെ കാരണമില്ലല്ലോ.