ഐതിഹ്യമാല/തേവലശ്ശേരി നമ്പി
←കൊട്ടാരക്കരഗ്ഗോശാല | ഐതിഹ്യമാല രചന: തേവലശേരി നമ്പി |
ചില ഈശ്വരന്മാരുടെ പിണക്കം→ |
തേവലശ്ശേരി നമ്പിയുടെ ഭവനം തിരുവിതാംകൂറിൽ പ്രസിദ്ധപ്പെട്ട ചെങ്ങന്നൂർ ക്ഷേത്രത്തിൽനിന്നു സ്വല്പം തെക്കു മാറിയായിരുന്നു. ആ കുടുംബക്കാരെ "തേവലശ്ശേരിത്താൻ" എന്നും പറഞ്ഞിരുന്നു. ഇവർ അമ്പലവാസി വർഗ്ഗത്തിലുൾപ്പെട്ട ഒരു ജാതിക്കാരാണ്. ഇവർക്ക് പാരമ്പര്യമായിട്ടുള്ള കുലവിദ്യ മന്ത്രവാദമായിരുന്നു. ഇവരുടെ കുടുംബവകയായി ആറന്മുള വടക്കേക്കര നെടുംപ്രയാർ എന്ന ദേശത്ത് ഏതാനും സ്ഥാവരവസ്തുക്കളും ഒരു കളരിയുമുണ്ട്. ആ കളരിയിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മൂർത്തി ഭദ്രകാളിയാണ്. തേവലശ്ശേരി നമ്പിയുടെ ഗൃഹത്തിലുണ്ടാകുന്ന പുരുഷന്മാരെല്ലാവരും ഉപനയനവും സമാവർത്തനവും കഴിഞ്ഞാൽ അവിടെച്ചെന്ന് ഒരു സംവൽസരകാലം ഭജിച്ചു പാർക്കുക മുമ്പിനാലെ ഉള്ള പതിവാണ്. അക്കാലത്താണ് അവർ മന്ത്രവാദം പഠിക്കുകയും മന്ത്രദീക്ഷ നിർവ്വഹിക്കുകയും മന്ത്രസിദ്ധി വരുത്തുകയും പതിവ്. ആ കാലത്ത് അവരെ മന്ത്രവാദഗ്രന്ഥങ്ങൾ നോക്കിക്കുന്നതിന്നും പഠിപ്പിക്കുന്നതിനും ഉപദേശിക്കുന്നതിനും മറ്റുമായി ഗൃഹത്തിൽനിന്നു വയോവൃദ്ധന്മാരും വിദ്യാവൃദ്ധന്മാരുമായിട്ടുള്ളവരിൽ ഒരാൾ കൂടി അവിടെ ചെന്നു പാർക്കുകയും പതിവാണ്. ഇങ്ങനെ ആ സംവത്സരഭജനം കഴിഞ്ഞതിനു ശേഷം മാത്രമേ അവർ മന്ത്രവാദം ചെയ്തുതുടങ്ങാറുള്ളു.
തേവലശ്ശേരി കുടുംബത്തിൽ ഒടുവിൽ അവശേഷിച്ചിരുന്ന ആളായ ദാമോദരൻ നമ്പിയെക്കുറിച്ചാണ് ഇവിടെ വിവരിക്കാൻ ഭാവിക്കുന്നത്. ഇദ്ദേഹം പൂർവ്വാചാരപ്രകാരം നെടുമ്പ്രയാറ്റുകളരിയിൽ സംവൽസരഭജനവും മന്ത്രദീക്ഷയും നിർവിഘ്നം നിർവ്വഹിക്കുകയും മന്ത്രസിദ്ധി വരുത്തുകയും മന്ത്രവാദം സംബന്ധിച്ച് മന്ത്രസാരം, യന്ത്രസാരം, പ്രപഞ്ചസാരം, പ്രയോഗസാരം, ശാരദാതിലകം മുതലായ അനേകം ഗ്രന്ഥങ്ങൾനോക്കിപ്പഠിച്ചു ഹൃദിസ്ഥമാക്കുകയും പൂർവ്വികന്മാരോട് ഉപദേശവും അനുഗ്രഹവും വാങ്ങുകയും ചെയ്തിരുന്നതു കൂടാതെ സംസ്കൃതഭാഷയിൽ അപാരമായ പാണ്ഡിത്യവും സമ്പാദിച്ചിരുന്നു. ഇദ്ദേഹം മന്ത്രവാദം സംബന്ധിച്ച് പ്രവർത്തിച്ചിട്ടുള്ള കർമ്മങ്ങൾക്ക് അവസാനമില്ല. അദ്ദേഹത്തിന്റെ പ്രസിദ്ധി ഭൂലോകത്തിൽ സർവത്ര പ്രസരിച്ചിരുന്നു. രണ്ടാം ഭാഗത്തിൽ നാലേക്കാട്ടുപിള്ളമാരെക്കുറിച്ചു വിവരിച്ചിട്ടുള്ള 12-ആം ഉപന്യാസത്തിൽ യോഗീശ്വരൻ രാമൻപിള്ളയുടെ ഭാര്യയെ ബാധിച്ചിരുന്ന ഗന്ധർവനെ ഒഴിച്ചതായി പറയപ്പെട്ടിരിക്കുന്ന 'തേവലശ്ശേരിത്താൻ' ഈ മഹാൻ തന്നെയാണെന്നു വായനക്കാർ മനസ്സിലാക്കിക്കൊള്ളേണ്ടതാണ്.
ദാമോദരൻനമ്പിയുടെജനനം 930-ാമാണ്ടാണെന്നാണ് കേട്ടിട്ടുള്ളത്. ഇദ്ദേഹത്തിനു മന്ത്രവാദത്തിൽ മാത്രമല്ല, വൈദ്യം, ഇന്ദ്രജാലം മുതലായവയിലും അസാമാന്യമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ഇദ്ദേഹം നെടുംപ്രയാറ്റുകളരിയിലെ സംവൽസരഭജനം നിർവഹിച്ചതിന്റെ ശേഷം മൂന്നു സംവത്സരക്കാലം മൗനവ്രതമായി സ്വഗൃഹത്തിൽ നിലവറയിലിരുന്നു ഭഗവതിയെ സേവിച്ചു. അക്കാലത്ത് അദ്ദേഹത്തിന്റെ കുളി ഏഴരനാഴിക വെളുക്കാനുള്ളപ്പോഴും, അസ്തമിച്ചു പത്തു നാഴിക രാച്ചെന്നതിനു ശേഷവുമായിരുന്നു പതിവ്. ഈ മൂന്ന് സംവത്സരക്കാലത്തിനിടക്ക് അദ്ദേഹം സ്വന്തം ജ്യേഷ്ഠനെയും അമ്മയെയുമല്ലാതെ മറ്റാരെയും ദർശിക്കുകപോലുമുണ്ടായിട്ടില്ല. ഈ മൂന്നു സംവത്സരത്തെ മൗനവ്രതാനുഷ്ഠാനം കഴിഞ്ഞതിന്റെശേഷം ഇദ്ദേഹം നാൽപ്പത്തൊന്നുദിവസം ചെങ്ങന്നൂർ ക്ഷേത്രത്തിൽ പടിഞ്ഞാറെ നടയിലും ഭജനം നടത്തി. ഇത്രയുമൊക്കെ സാധിച്ചതിന്റെ ശേഷം പതിനെട്ടാമത്തെ വയസ്സിലാണ് അദ്ദേഹം മന്ത്രവാദം ചെയ്തു തുടങ്ങിയത്.
ഈ തേവലശ്ശേരി നമ്പി മന്ത്രവാദം ചെയ്തുതുടങ്ങിയ കാലത്ത് പരദേശത്തു നിന്ന് ഒരു സ്ത്രീ അച്ചൻകോവിലിൽ വന്നു ശാസ്താവിന്റെ ക്ഷേത്രത്തിൽ ഭജനമിരിക്കുന്നുണ്ടായിരുന്നു. ഒരു ബാധയുടെ ഉപദ്രവം ഒഴിക്കാനായിട്ടാണ് അവർ അവിടെ വന്നു ഭജനം തുടങ്ങിയത്. അവിടെ ഒരു സംവത്സരം ഭജിച്ചിട്ടും ബാധ ഒഴിഞ്ഞു പോകായ്കയാൽ ആ സ്ത്രീയുടെ ഉടമസ്ഥന്മാർ പിന്നെ മന്ത്രവാദികളെ അന്വേഷിച്ചു തുടങ്ങി. അപ്പോൾ തേവലശ്ശേരി നമ്പി വലിയ മന്ത്രവാദിയാണെന്നും അദ്ദേഹം ഏതു ബാധയെയും ഒഴിപ്പിക്കുമെന്നും മറ്റും ചിലർ പറഞ്ഞറിയുകയാൽ അവർ ആ സ്ത്രീയെയും കൊണ്ട് ചെങ്ങന്നൂർക്ക് പുറപ്പെട്ടു. അവർ നമ്പിയെക്കണ്ട് വിവരം പറഞ്ഞപ്പോൾ, "ആട്ടെ പന്ത്രണ്ടു ദിവസം ചെങ്ങന്നൂർ പടിഞ്ഞാറെ നടയിൽ ഭജനമിരിക്കട്ടെ. അതുകഴിഞ്ഞിട്ടു പിന്നെ എന്തെങ്കിലും വേണമെങ്കിൽ ചെയ്യാം" എന്നാണു അദ്ദേഹം പറഞ്ഞത്. അതിനാൽ ആ സ്ത്രീയെ പടിഞ്ഞാറെ നടയിൽ കൊണ്ടുപോയി ഭജനമിരുത്തി. ഭജനമായിപ്പാർത്ത പന്ത്രണ്ടു ദിവസവും ആ സ്ത്രീ സദാ ചിരിച്ചുകൊണ്ടുതന്നെ ഇരുന്നിരുന്നു. സന്ധ്യാസമയത്ത് നമ്പി പതിവായി തൊഴാൻ ചെല്ലുമ്പോൾ ആ സ്ത്രീ അദ്ദേഹത്തിന്റെ നേരെ നോക്കി കണ്ണുരുട്ടുകയും പതിവായിരുന്നു. പന്ത്രണ്ടാം ദിവസം സന്ധ്യയ്ക്ക് നമ്പി തൊഴാൻ ചെന്നപ്പോൾ ആ സ്ത്രീ പതിവിലധികം രൂക്ഷതയോടുകൂടി നമ്പിയുടെ നേരെ തുറിച്ചുനോക്കുകയും വിശേഷാൽ ചില ഗോഷ്ടികൾ കാണിക്കുകയും ചെയ്തു. ഉടനെ നമ്പി ശാന്തിക്കാരനെ വിളിച്ച്, "ഇന്നിന്ന മന്ത്രങ്ങൾകൊണ്ട് ഇത്രയിത്ര ഉരുവീതം പുഷ്പാഞ്ജലി ചെയ്യണം. അതു കഴിയുമ്പോഴേക്കും ഞാനൊന്നു പോയി വരാം" എന്ന് പറഞ്ഞു ചട്ടം കെട്ടീട്ട് അവിടെനിന്നു പോയി. നമ്പി സ്വഗൃഹത്തിൽച്ചെന്നു നിലവറയിലിറങ്ങി ചില മന്ത്രങ്ങൾ ജപിച്ചുകൊണ്ട് അവിടെ മൂന്നേമുക്കാൽ നാഴിക ഇരുന്നതിന്റെ ശേഷം താൻ പതിവായി വച്ചു പൂജിച്ചിരുന്ന ചൂരൽവടിയുമെടുത്തുകൊണ്ട് വീണ്ടും അമ്പലത്തിലെത്തി. നമ്പിയെക്കണ്ടപ്പോൾ ആ സ്ത്രീ പിന്നെയും തുറിച്ചു നോക്കുകയും ഗോഷ്ടികൾകാട്ടുകയും "എന്താ വടി കൊണ്ടുവന്നിരിക്കുന്നത്? എന്നെ അടിച്ചോടിക്കാമെന്ന് വിചാരിച്ചായിരിക്കും, അല്ലേ? എന്നാൽ അടികൊള്ളുന്നതും ഓടുന്നതുമാരാണെന്ന് ഒടുക്കം നമുക്കറിയാം" എന്നും മറ്റും പറയുകയും ചെയ്തു തുടങ്ങി. നമ്പി അതൊന്നും കണ്ടതായിട്ടും കേട്ടതായിട്ടും ഭാവിക്കാതെ അമ്പലത്തിനകത്തേക്ക് ചെന്നു. അപ്പോഴേക്കും പുഷ്പാഞ്ജലി കഴിഞ്ഞിരുന്നതിനാൽ പ്രസാദം (പുഷ്പാഞ്ജലി കഴിച്ച പൂവ്) വാങ്ങിക്കൊണ്ടു പുറത്തിറങ്ങി അമ്പലത്തിനു മൂന്നു പ്രദക്ഷിണം വച്ചു പടിഞ്ഞാറെനടയിലെത്തി. ആ സ്ത്രീ അപ്പോഴും ഗോഷ്ടികൾ കാട്ടുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു. നമ്പി പുഷ്പാഞ്ജലി പ്രസാദം ആ സ്ത്രീയുടെ ശിരസ്സിലിട്ടിട്ടു ചൂരൽവടി അവരുടെ കയ്യിൽകൊടുത്ത്. അവൾ തുള്ളിക്കൊണ്ട് ആ വടി വാങ്ങി തന്നെത്താൻ അടി തുടങ്ങി. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ആ സ്ത്രീ, "അയ്യോ ഞാൻപൊയ്ക്കൊള്ളാമേ. എന്റെ അമ്മ എന്നോടിങ്ങനെ ചെയ്യുമെന്ന് ഞാൻവിചാരിച്ചിരുന്നില്ല. എനിക്ക് നിവൃത്തിയില്ലാതെയായിരിക്കുന്നു. അതിനാൽ ഞാൻ ഇനിയൊരിക്കലും ഈ ദേഹത്തെ ബാധിക്കയില്ലെന്നു സത്യം ചെയ്തു ഒഴിഞ്ഞുപോയ്കൊള്ളാം" എന്ന് വിളിച്ചുപറഞ്ഞു തുടങ്ങി. ഉടനെ നമ്പി സത്യവാചകം പറഞ്ഞുകൊടുക്കുകയും ബാധ അപ്രകാരം സത്യം ചെയ്തു ഒഴിഞ്ഞുപോവുകയും സ്ത്രീ സ്വസ്ഥതയെ പ്രാപിക്കുകയും ചെയ്തു. ആ സ്ത്രീയുടെ ഭർത്താവ് അമ്പലത്തിൽ അനേകം വഴിപാടുകൾ നടത്തുകയും നമ്പിക്കു പട്ടുകളും മുണ്ടുകളും പണവും മറ്റുമായി അസംഖ്യം സമ്മാനങ്ങൾ കൊടുക്കുകയും മറ്റും ചെയ്തിട്ട് സ്ത്രീയെയും കൊണ്ട് പരിവാരസമേതം സ്വദേശത്തേക്കു മടങ്ങിപ്പോയി. നമ്പി പട്ടും പണവുമെല്ലാം ചെങ്ങന്നൂർ ഭഗവതിക്ക് വഴിപാടായി നടയ്ക്കു വച്ചിട്ട് മുണ്ടുകൾമാത്രം സ്വഗൃഹത്തിലേക്കു കൊണ്ടുപോവുകയും ചെയ്തു. ഈ മന്ത്രവാദം കഴിഞ്ഞപ്പോൾ നമ്പിയുടെ കീർത്തി പരദേശങ്ങളിലും പൂർവാധികം വ്യാപിച്ചു.
മന്ത്രവാദം സംബന്ധിച്ചു മോഹനം, സ്തംഭനം, ബന്ധനം, മാരണം, വിദ്വേഷണം, വശീകരണം, ആകർഷണം, ഉച്ചാടനം മുതലായ പ്രയോഗങ്ങളെല്ലാം നമ്പിക്കറിയാമായിരുന്നു. എന്നല്ല, അദേഹത്തിന് അറിഞ്ഞുകൂടാത്തതായി ഒന്നും തന്നെയില്ലായിരുന്നു എന്നു തീർച്ചയായും പറയാം. യക്ഷി, ഗന്ധർവൻ മുതലായവരെ വരുത്തി അദ്ദേഹം പലരെയും പ്രത്യക്ഷമാക്കി കാണിച്ചിട്ടുണ്ട്. അദ്ദേഹം ഒന്നാന്തരം വൈദ്യനും അദ്വിതീയനായ വിഷവൈദ്യനുമായിരുന്നു. സിംഹവ്യാഘ്രാദികളായ ക്രൂരമൃഗങ്ങളെപ്പോലും ആജ്ഞാനുസാരികളാക്കുന്നതിനുള്ള ശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. ദാമോദരൻനമ്പിയുടെ അത്ഭുത പ്രവർത്തനങ്ങൾക്ക് ഒരു കയ്യും കണക്കുമില്ല. വന്ധ്യകളെന്നു തീർച്ചപ്പെടുത്തപ്പെട്ടവരും വയോവൃദ്ധകളുമായ അനേകം സ്ത്രീകൾ നമ്പിയുടെ ചികിത്സയും മന്ത്രവാദവും കൊണ്ട് ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെ ജീവിപ്പിച്ചു കുറച്ചു ദൂരം നടത്താനും രണ്ടും മൂന്നും വാക്കുകൾ സംസാരിപ്പിക്കാനും കൂടി അദ്ദേഹത്തിനു കഴിയുമായിരുന്നു. ആകെപ്പാടെ വിചാരിച്ചാൽ നമ്പി അമാനുഷപ്രഭാവനായ ഒരു ദിവ്യനായിരുന്നു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
അത്യാവശ്യകാര്യങ്ങൾക്കായിട്ടല്ലാതെ നമ്പി സ്വഗൃഹത്തിലെ നിലവറ വിട്ടു പുറത്തിറങ്ങാറില്ല. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും രാവിലെ നെടുംപ്രയാറ്റു കളരിയിൽ പോയി വന്ദിക്കുകയും പ്രതിദിനവും കാലത്തും വൈകുന്നേരവും ചെങ്ങന്നൂർ പടിഞ്ഞാറെ നടയിൽചെന്ന് തൊഴുകയും അദ്ദേഹം ആജീവനാന്തം പതിവായി നടത്തിയിരുന്നു. മന്ത്രവാദത്തിനും മറ്റുമായി ദൂരസ്ഥലങ്ങളിൽ പോയാലും ഈ പതിവ് അദ്ദേഹം മുടക്കാറില്ല. എട്ടും പത്തും ദിവസത്തെ വഴിക്കപ്പുരത്തുള്ള സ്ഥലങ്ങളിൽപ്പോയി അദ്ദേഹം പത്തും പതിനഞ്ചും ദിവസം വീതം ചിലപ്പോൾ താമസിക്കാറുണ്ട്. അക്കാലങ്ങളിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും രാവിലെ കളരിയിലും കാലത്തും വൈകുന്നേരവും ചെങ്ങന്നൂർ പടിഞ്ഞാറെ നടയിലും അദ്ദേഹത്തെ പതിവായി കണ്ടിരുന്നു. ഇത് സാധാരണ മനുഷ്യർക്ക് സാധ്യമല്ലാത്ത കാര്യമാണല്ലോ.
മുൻകാലങ്ങളിൽ അടയ്ക്കാ കവു(കഴു)ങ്ങിന്മേൽ പഴുത്തു നിന്നാൽ സർക്കാരിലേക്ക് പറിപ്പിച്ചെടുക്കുകയല്ലാതെ കുട്ടികൾ പറിച്ചെടുത്തുകൂടാ എന്നൊരേർപ്പാടുണ്ടായിരുന്നു. ഒരിക്കൽ നമ്പിയുടെ പുരയിടത്തിൽ വളരെ അടയ്ക്കാ പഴുത്തുനിൽക്കുന്നതായി അറിഞ്ഞു പാർവത്യകാർ, മുന്നിലക്കാരൻ, ചേരുമാനക്കാരൻ മുതലായവർ പഴുക്കാ പറിപ്പിക്കുന്നതിനായി അവിടെ ചെന്നു. കവുങ്ങിന്മേൽ കയറുന്നതിനു വേറെ ആരെയും കിട്ടായ്കയാൽ ചേരുമാനക്കാരൻതന്നെ കയറിത്തുടങ്ങി. അപ്പോൾ നമ്പി നിലവറയിൽ തേവാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാൽ നമ്പിയുടെ അമ്മ നിലവറവാതിൽക്കൽച്ചെന്ന്, 'നമ്മുടെ പഴുക്കാപ്പാക്കെല്ലാം പറിച്ചു കൊണ്ടുപോകുവാൻ സർക്കാരാളുകൾ വന്നിരിക്കുന്നു. ചേരുമാനക്കാരൻ അടക്കാമരത്തിന്മേൽ കയറിത്തുടങ്ങി' എന്നു പറഞ്ഞു. അതുകേട്ട് നമ്പി ഒരു തിരിയും കൊളുത്തിയെടുത്ത് ഒരു കിണ്ടി വെള്ളവും കൊണ്ടു നിലവറക്കു പുറത്തുവന്നു. നടുമുറ്റത്തിറങ്ങി തിരിമേല്പോട്ട് എറിയുകയും വെള്ളം നടുമുറ്റത്ത് ഒഴിക്കുകയും ചെയ്തിട്ട് അമ്മയോട്, 'അവർ കയറുകയോ ഇറങ്ങുകയോ എന്തെങ്കിലും ചെയ്യട്ടെ. അമ്മ സ്വസ്ഥമായി ഇരിക്കണം. നമുക്കുള്ളതൊന്നും ആരും കൊണ്ടുപോവുകയില്ല' എന്നു പറയുകയും പിന്നെയും നിലവറയിൽത്തന്നെ പോയി ഇരിക്കുകയും ചെയ്തു. ചേരുമാനക്കാരൻ അടക്കാമരത്തിന്റെ മധ്യത്തിലായപ്പോൾ അതിന്റെ അഗ്രഭാഗത്തു തീ കത്തുന്നതു കണ്ടു ഭയപ്പെട്ടു കീഴ്പ്പോട്ടിറങ്ങിത്തുടങ്ങി. അപ്പോൾ അടിയിൽ വെള്ളം പൊങ്ങിവരുന്നതായിക്കണ്ടു. വെള്ളത്തിലിറങ്ങിയാൽ നീന്തി എവിടെയെങ്കിലും ചെന്നു രക്ഷപ്രാപിക്കാമെന്നു വിചാരിച്ച് കീഴ്പ്പോട്ടുതന്നെ ഇറങ്ങിനിലത്തുവന്നപ്പോൾ മുകളിൽ തീയും താഴെ വെള്ളവും കാണ്മാനില്ലായിരുന്നു. "ഇതു നമ്പിയുടെ ജാലവിദ്യകൊണ്ട് വെറുതെ തോന്നിയതാണ്. പഴുക്കാക്കുല പറിക്കുകതന്നെവേണം" എന്നു പറഞ്ഞു അയാൾ പിന്നെയും കയറിത്തുടങ്ങി. അപ്പോഴും യഥാപൂർവം മുകളിൽ തീ കത്തുന്നതും താഴെ വെള്ളം പോങ്ങിവരുന്നതും പൊങ്ങിവരുന്നതും കണ്ട് അയാൾ പിന്നെയും താഴെയിറങ്ങി. ഇങ്ങനെ നാലഞ്ചു പ്രാവശ്യം കയറുകയും ഇറങ്ങുകയും ചെയ്തിട്ട് ഒടുക്കം, "ആശാന്റെ (ആ ദിക്കുകാർ നമ്പിയെ ആശാനെന്നാണ് പറഞ്ഞുവന്നിരുന്നത്) പഴുക്കാ നമുക്കു വേണ്ടാ" എന്നു പറഞ്ഞു അവർ മടങ്ങിപ്പോയി. അതിൽപ്പിന്നെ പഴുക്കാ പറിക്കാൻ അവിടെ ആരും ചെല്ലാറില്ല.
പണ്ട് റാന്നിക്കർത്താവ് ദേശാധിപത്യമുള്ള ഒരിടപ്രഭുവായിരുന്നു. ആ ദേശത്തു കുഴിയിൽ വീഴുന്ന ആനകളുടെ ഉടമസ്ഥാവകാശം കർത്താവിനായിരുന്നു. അതിനാൽ കർത്താവ് തന്റെ മലകളിൽ ആനക്കുഴികളുണ്ടാക്കിക്കയും ആനകളെ പിടിക്കുകയും പതിവായിരുന്നു. ഒരാണ്ടിൽ കുഴിയിൽ വീഴേണ്ടുന്ന കാലത്ത് വീഴാതെയിരുന്നതിനാൽ അതിന്റെ കാരണമറിയുന്നതിനായി കർത്താവ് പ്രശ്നംവെപ്പിച്ചു നോക്കിച്ചു. അപ്പോൾ അച്ചൻകോവിൽ ശാസ്താവിന്റെ വിരോധം കൊണ്ടാണ് ആന കുഴിയിൽ വീഴാത്തതെന്നു പ്രശ്നക്കാരൻ വിധിച്ചു. ഈ വിരോധം തീരുന്നതിനു ചില പ്രതിവിധികൾ നിശ്ചയിച്ച് അയാൾ ഒരു ചാർത്തും എഴുതിക്കൊടുത്തു. ആ ചാർത്തിൻപ്രകാരമുള്ള പ്രതിവിധികളെല്ലാം ചെയ്തിട്ട് ആ ആണ്ടിൽ ആനകളെ പിടിക്കുന്ന കാര്യം അസാദ്ധ്യമായിരുന്നതിനാൽ കർത്താവിനു വളരെ മനസ്താപമുണ്ടായി. അങ്ങനെയിരുന്ന കാലത്ത് സമീപമൊരു സ്ഥലത്ത് മന്ത്രവാദത്തിനായി തേവലശ്ശേരി നമ്പി വന്നിട്ടുണ്ടെന്നു കേട്ട് കർത്താവും അവിടെച്ചെന്ന് നമ്പിയെക്കണ്ട് വിവരമെല്ലാം പറഞ്ഞു. അപ്പോൾ നമ്പി, "ഇതിനെക്കുറിച്ച് ഒട്ടും കുണ്ഠിതം വേണ്ടാ. കാര്യം ഞാൻസാധിപ്പിച്ചു തന്നുകൊള്ളാം. അങ്ങേക്ക് ഒമ്പതു കുഴികളല്ലേ ഉള്ളത്? അവയിലെല്ലാം ഇന്നു രാത്രിയിൽത്തന്നെ ആന വീഴും. നാളെ രാവിലെ ചെന്നു നോക്കിയാൽ കാണാം" എന്നു പറഞ്ഞു. ഇതു കേട്ടിട്ടു കർത്താവിനു നല്ല വിശ്വാസമായില്ല. "അച്ചൻകോവിൽ ശാസ്താവിന്റെ വിരോധം നമ്പിയുടെ ഈ വാക്കുകൊണ്ടു തീരുമോ" എന്നു സംശയിച്ചുക്കൊണ്ടു കർത്താവ് പോയി അത്താഴം കഴിച്ചു കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ കർത്താവു നല്ല വിശ്വാസത്തോടു കൂടിയല്ലെങ്കിലും മലയിൽചെന്നു കുഴികളിൽ നോക്കിയപ്പോൾ ഒമ്പതു കുഴികളിലും ഓരോ ആന വീതം വീണിട്ടുണ്ടായിരുന്നു. പക്ഷേ, ഒമ്പതും പിടിയാനകളായിരുന്നു. അതിനാൽ കർത്താവിന്റെ കുണ്ഠിതം മുഴുവനും വിട്ടുമാറിയില്ല. ആ ആനകളെ കുഴിയിൽ നിന്നു കയറ്റി കൂടുകളിലാക്കി അടക്കാൻ ഏർപ്പാടു ചെയ്തിട്ട് കർത്താവ് ചെന്നു പിന്നെയും നമ്പിയെ കണ്ടു. "എന്താ, കുഴികളിലൊക്കെ ആനകൾ വീണില്ലേ" എന്നു നമ്പി ചോദിച്ചു. "ആനകൾ വീണു പക്ഷേ, എല്ലാം പിടിയാനകളാണ്. രണ്ടു മൂന്നെണ്ണമെങ്കിലും കൊമ്പനായിരുന്നില്ലല്ലോ എന്നുള്ള മനസ്താപമേയുള്ളൂ" എന്നു കർത്താവു പറഞ്ഞു. അപ്പോൾ നമ്പി, "ഓ അതു സാരമില്ല. ഇന്ന് രാത്രിയിൽ വീഴുന്നതെല്ലാം കൊമ്പനായിരിക്കും; എന്നാൽ പോരേ?അങ്ങു പോയി കുഴികൾക്ക് അറ്റകുറ്റം വല്ലതും വന്നിട്ടുണ്ടെങ്കിൽ തീർത്ത് എല്ലാം ശരിയാക്കിയിടുവിക്കണം" എന്നു പറഞ്ഞു കർത്താവിനെ അയച്ചു. കർത്താവു പോയി കുഴികളെല്ലാം അറ്റകുറ്റങ്ങൾ തീർത്തു ശരിയാക്കിയിടുവിക്കുകയും ചെയ്തു.
അന്നു രാത്രിയിൽ കർത്താവു കിടന്നുറങ്ങിയപ്പോൾ ഒരു സ്വപ്നം കണ്ടു. "കുഴികളിലെല്ലാം ആനകൾ വീണിട്ടുണ്ട്. എല്ലാം കൊമ്പനാണ്. എങ്കിലും അഞ്ചാമത്തെ കുഴിയിൽവീണിരിക്കുന്ന ആ ആനയെ തേവലശ്ശേരിനമ്പി കൂടി വരാതെ കുഴിയിൽനിന്നു കരക്കു കയറ്റരുത്. അല്ലെങ്കിൽ ആപത്തുണ്ടാകും" എന്നായിരുന്നു സ്വപ്നത്തിന്റെ സാരം. പിറ്റേദിവസം രാവിലെ കർത്താവു മലയിൽച്ചെന്നു കുഴികളിൽ നോക്കിയപ്പോൾ എല്ലാ കുഴികളിലും ആനകൾ വീണിട്ടുണ്ടായിരുന്നു. എല്ലാം കൊമ്പനാനകളുമായിരുന്നു. അപ്പോൾ കർത്താവിനുണ്ടായ സന്തോഷം എത്രമാത്രമെന്നു പറയാൻപ്രയാസം. ഉടനെ താപ്പാനകളെയും മറ്റും വരുത്തി. നാല് കുഴികളിലെ ആനകളെ കയറ്റി കൂടുകളിലാക്കിയടച്ചു. അഞ്ചാമത്തെക്കുഴിയിലെ ആനയെക്കയറ്റാൻ നമ്പിയെക്കൂടി വരുത്തീട്ടാവാമെന്നു വിചാരിച്ചു കർത്താവു നമ്പി വന്നിരുന്ന സ്ഥലത്തേക്ക് പോയി. അവിടെ ചെന്നന്വേഷിച്ചപ്പോൾ നമ്പി ഒരു മന്ത്രവാദത്തിനായി പോയി എന്നും അവിടെ നിന്നു രണ്ടുമൂന്നാളുകൾ വന്നു നാലഞ്ചുദിവസം മുമ്പു മുതൽക്കുതന്നെ നിർബന്ധിച്ചുക്കൊണ്ടു കൂടിയിട്ടുണ്ടായിരുന്നുവെന്നും അറിയുകയാൽ കർത്താവു ഇച്ഛാഭംഗത്തോടുകൂടി മടങ്ങിപ്പോന്നു. അദ്ദേഹം അഞ്ചാമത്തെ കുഴിയുടെ സമീപത്തു ചെന്നു സൂക്ഷിച്ചുനോക്കിയപ്പോൾ മറ്റുള്ള ആനകളൊക്കെ പോയാലും ആ കുഴിയിൽ വീണിരിക്കുന്ന ആനയെ ഏതുവിധത്തിലും ക്ഷണത്തിൽ കുഴിയിൽനിന്നു കയറ്റി കൂട്ടിലാക്കി അടക്കണമെന്ന് അദ്ദേഹത്തിനു തോന്നി. സകല ലക്ഷണങ്ങളും പൂർണമായിത്തികഞ്ഞ ഒരൊന്നാന്തരം കൊമ്പനായിരുന്നു ആ കുഴിയിൽവീണിരുന്നത്. അഴകുകൊണ്ടും പുഷ്ടികൊണ്ടും ലക്ഷണങ്ങൾകൊണ്ടും മറ്റും ഇത്രയും യോഗ്യത തികഞ്ഞ ഒരാനയെ കർത്താവ് അതിനുമുമ്പ് ഒരിക്കലും ഒരിടത്തും കണ്ടിട്ടുണ്ടായിരുന്നില്ല. അതിനാൽ ഉടൻ ആ ആനയെ കുഴിയിൽനിന്നു കയറ്റാനുള്ള ശ്രമം തുടങ്ങി. ആ സമയം അതിഭയങ്കരമൂർത്തിയായ ഒരു വലിയ വ്യാഘ്രം പെട്ടെന്നു കാട്ടിൽനിന്നു ചാടിയിറങ്ങിവന്നു. കർത്താവിനെ കടിച്ചെടുത്തുകൊണ്ട് കാട്ടിലേക്കുതന്നെ കയറിപ്പോയി. അപ്പോൾ അവിടെയുണ്ടായിരുന്ന വേലക്കാരും മറ്റും ഭയം കൊണ്ടും പരിഭ്രമം കൊണ്ടും വ്യസനം കൊണ്ടും വിവശന്മാരായിത്തീർന്നുവെന്നുള്ളതു വിശേഷിച്ചു പറയണമെന്നില്ലല്ലോ. എല്ലാവരും അവിടെനിന്നു നാലുവഴിക്കുമായി ക്ഷണത്തിൽ ഓടിപ്പോയി.
ഇനി നമ്പി മന്ത്രവാദത്തിനു പോയ സ്ഥലത്തെ കഥ പറയാം. അവിടെ ഒരു സ്ത്രീക്ക് ഒരു ഗന്ധർവന്റെ ഉപദ്രവമായിരുന്നു. അനേകം മന്ത്രവാദികൾ ആ ഗന്ധർവനെ ഒഴിവാക്കാനായി പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചുനോക്കി. ഒന്നുകൊണ്ടും ഒരു ഫലവുമുണ്ടായില്ല. അക്കാലത്ത് "ഉശകാരാവുത്തർ"' എന്നു പ്രസിദ്ധനായ ഒരു മാന്ത്രികൻ തൊടുപുഴെ ഉണ്ടായിരുന്നു. മേൽപ്പറഞ്ഞ ഗന്ധർവബാധിതയായ സ്ത്രീയുടെ വീട്ടിനു സമീപം ഉശകാരാവുത്തരുടെ ചാർച്ചക്കാരനായ ഒരു മഹമ്മദീയൻ താമസിച്ചിരുന്നു. അവൻ മുഖാന്തരം രാവുത്തരെയും അവിടെക്കൊണ്ടു പോയി മന്ത്രവാദം ചെയ്യിച്ചു. രാവുത്തർ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചുനോക്കീട്ടും ഗന്ധർവനെ ഒഴിക്കാൻകഴിഞ്ഞില്ല. ഇനി വേറെ വല്ല മന്ത്രവാദികളും വന്നു ഈ ഗന്ധർവനെ ഒഴിക്കുകയാണെങ്കിൽ അതു തനിക്കു കുറച്ചിലായിത്തീരുമല്ലോ എന്നു വിചാരിച്ച് ആരു വിചാരിച്ചാലും ആ ഗന്ധർവനെ ഒഴിക്കാൻകഴിയാത്തവിധത്തിൽ ചില പ്രയോഗങ്ങൾ കൂടി ചെയ്യുകയും ഇനി ഈ വീട്ടുകാർ വല്ല മന്ത്രവാദികളെയും ഇവിടെ വരുത്തുന്നതായാൽ ഉടനെ ആ വിവരം തന്നെ അറിയിക്കണമെന്നു തന്റെ ചാർച്ചക്കാരനോടു പറഞ്ഞു ചട്ടംകെട്ടുകയും ചെയ്തിട്ടാണ് ഒടുക്കം രാവുത്തർ അവിടെനിന്നു മടങ്ങിപ്പോന്നത്. രാവുത്തരുടെ ഈ ഗൂഢപ്രയോഗങ്ങൾ ആരും അറിഞ്ഞുമില്ല. ഇങ്ങനെയിരുന്ന സമയത്താണ് ആ സ്ത്രീയുടെ ഉടമസ്ഥന്മാർ തേവലശ്ശേരി നമ്പിയെ അവിടെ കൂട്ടിക്കൊണ്ടുപോയത്. നമ്പിയെക്കൊണ്ടുവരാൻ ആൾ പോകുന്നു എന്നു കേട്ട ക്ഷണത്തിൽ രാവുത്തരുടെ ചാർച്ചക്കാരനായ മഹമ്മദീയൻ വിവരം രാവുത്തരെ അറിയിക്കുകയും നമ്പി അവിടെ എത്തുന്നതിനു മുമ്പുതന്നെ രാവുത്തർ ആ ചാർച്ചക്കാരന്റെ വീട്ടിലെത്തി താമസം തുടങ്ങുകയും ചെയ്തിരുന്നു. ഈ വിവരമൊന്നും അറിയാതെ നമ്പി അവിടെച്ചെന്നു ചേർന്നു. നമ്പി സൗന്ദര്യവും ദേഹപുഷ്ടിയും വസ്ത്രാഭരണാദ്യലങ്കാരപ്രൗഢിയും മെരട്ടും തട്ടിപ്പും ജാടയുമൊന്നുമില്ലാത്ത ആളായിരുന്നതിനാൽ അദ്ദേഹത്തെക്കണ്ടിട്ട് ആ ദിക്കുകാർക്ക് അത്ര ബഹുമാനമുണ്ടായില്ല. "ഉശകരാവുത്തർ മുതലായ യോഗ്യന്മാർ വിചാരിച്ചിട്ട് ഒഴിക്കാൻ കഴിയാത്ത ഗന്ധർവനെ ഈ ശോങ്കിയാണോ ഇനി ഒഴിക്കാൻപോകുന്നത്? ഇയാളെ ഇവിടെ വലിച്ചുകൊണ്ടു വന്നതുതന്നെ കേവലം അനാവശ്യവും വിഡ്ഢിത്തവുമായിപ്പോയി" എന്നും മറ്റും ചിലർ കുറേശ്ശെ പറയുകയും ചെയ്തു. അതൊക്കെ കുറേശ്ശെ നമ്പിയും കേട്ടു. എങ്കിലും അദ്ദേഹം അതൊന്നും കേട്ടതായി നടിച്ചില്ല. അന്യന്മാർ ഇങ്ങനെയൊക്കെ പറയുകയും വിചാരിക്കുകയും ചെയ്തുവെങ്കിലും ആ സ്ത്രീയുടെ ഭർത്താവ് മുതലായവർ നമ്പിയെ സാദരം സ്വീകരിക്കുകയും അദ്ദേഹത്തിനു ഭക്ഷണത്തിനും മറ്റും വെടിപ്പായി ഏർപ്പാടു ചെയ്തുകൊടുക്കുകയും ഈ ഗന്ധർവന്റെ ഉപദ്രവം നിമിത്തമുണ്ടായിട്ടുള്ള കഷ്ടനഷ്ടങ്ങളെക്കുറിച്ചും ഈ ബാധ ഒഴിക്കുന്നതിനായി ഓരോ മന്ത്രവാദികളെ വരുത്തി മന്ത്രവാദങ്ങൾ ചെയ്യിച്ച വിവരവും വിസ്തരിച്ചു പറയുകയും ഏതുവിധവും ഈ ഉപദ്രവം ഒഴിച്ചുകൊടുക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. നമ്പി, "പല യോഗ്യന്മാർ പരീക്ഷിച്ചിട്ടു സാധിക്കാത്തകാര്യം സാധിക്കാമെന്നു ഞാൻ ഉറപ്പു പറയുന്നില്ല. എന്നാൽ കഴിയുന്നതു ഞാനും ചെയ്തുനോക്കാമെന്നു മാത്രമേ പറയാൻ നിവൃത്തിയുള്ളൂ. എങ്കിലും ഭഗവതിയുടെ കാരുണ്യംകൊണ്ടു സാധിക്കാതെ വരുകയില്ലെന്നാണ് എൻറെ വിശ്വാസം. ഞാൻ ഒരു മന്ത്രവാദത്തിനു ചെന്നിട്ടു ബാധയൊഴിയാതെ ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ ഇതും ഒഴിയുമെന്നുതന്നെ വിചാരിക്കാം" എന്നു പറയുകയും വേണ്ടുന്ന ഉപകരണങ്ങൾക്കും മറ്റും ഒരു ചാർത്തെഴുതി കൊടുക്കുകയും ചെയ്തു. നമ്പിയുടെ മന്ത്രവാദത്തിനു അധികമായിട്ട് ഉപകരണങ്ങളൊന്നും പതിവില്ല. നമ്പി ആദ്യംതന്നെ പത്മമിട്ടു വിളക്കുവച്ചു ഭഗവതിക്ക് ഒരു പൂജ കഴിക്കും. പിന്നെ ഉമിച്ചാരം കൊണ്ട് ഒരു ചക്രം വരച്ചുവച്ച് അതിൽ പിണിയാളെ ഇരുത്തും. പിണിയാളുടെ അടുക്കൽ ഒരു ചൂരൽവടിയും ജപിച്ചു വയ്ക്കും. ഇത്രയും ചെയ്തിട്ട് നമ്പി കിടന്നുറങ്ങും. കുറച്ചു കഴിയുമ്പോൾ പിണിയാൾ തുള്ളി, ചൂരൽവടിയെടുത്തു തന്നെത്താൻ അടിച്ചുതുടങ്ങും. അങ്ങനെ കുറച്ചുനേരം കഴിയുമ്പോൾ തുള്ളുന്നയാൾ "അയ്യോ ഞാൻപൊയ്ക്കൊള്ളാമേ" എന്നു വിളിച്ചു പറഞ്ഞു തുടങ്ങും. അപ്പോൾ നമ്പി എണീറ്റു പിണിയാളെക്കൊണ്ട് പൊന്നും വിളക്കും പിടിപ്പിച്ചു സത്യം ചെയ്യിക്കും. ബാധ ഒഴിഞ്ഞു പോകുകയും ചെയ്യും. ഇത്രയുമല്ലാതെ നമ്പിയുടെ മന്ത്രവാദത്തിനു വലിയ വട്ടങ്ങളൊന്നും പതിവില്ല. എന്നാൽ ഇവിടെ അങ്ങനെയായാൽ പോരെന്ന് അദ്ദേഹം നിശ്ചയിച്ചു. തന്നെ കണ്ടിട്ടുതന്നെ പുച്ഛം തോന്നിയിരിക്കുന്നവർക്കു നിസ്സാരമായ ചാർത്തുകൂടി കണ്ടാൽ ആക്ഷേപമധികമാകും എന്നു വിചാരിച്ചു നമ്പി കെങ്കേമമായിട്ടാണ് ചാർത്തെഴുതിക്കൊടുത്തത്. എങ്കിലും ഉച്ചയായപ്പോഴേക്കും സകലവും ആ വീട്ടുകാർ തയ്യാറാക്കിക്കൊടുത്തു. മുറ്റത്തു കുത്തിമറച്ചു കെട്ടി വിതാനിച്ച് അലങ്കരിച്ച പന്തലിൽനമ്പി പഞ്ചവർണപ്പൊടികൾ കൊണ്ടു ഗന്ധർവന്റെ ഒരു കളം (രൂപം) എഴുതി. ജീവനുണ്ടെന്നു തോന്നത്തക്കവണ്ണം രസികനായ കളം കണ്ടപ്പോൾ നമ്പി നിസ്സാരനല്ലെന്നു ജനങ്ങൾക്കു തോന്നിത്തുടങ്ങി. കളം എഴുതിത്തീർന്നതിന്റെ ശേഷം അദ്ദേഹം പൂജയ്ക്കുള്ള പത്മമിടുകയും പിണിയാളെ ഇരുത്താനുള്ള ചക്രം വരക്കുകയും കളത്തിനടുക്കൽ സുരഭിലകുസുമങ്ങൾ കൊണ്ട് ഒരു പൂപ്പട കൂട്ടുകയും ചെയ്തു. അപ്പോഴേക്കും നേരം വൈകിത്തുടങ്ങിയതിനാൽ "ഇനി ശേഷമെല്ലാം സന്ധ്യാവന്ദനം കഴിഞ്ഞു വന്നിട്ടാവാം" എന്നു പറഞ്ഞു നമ്പി പുറത്തേക്കിറങ്ങിപ്പോയി. നാലഞ്ചുനാഴിക കഴിഞ്ഞിട്ടും നമ്പി മടങ്ങി വരായ്കയാൽ ചിലർ, "കഴിഞ്ഞു അയാളുടെ മന്ത്രവാദം. ഇത്രയേ ഉള്ളൂ. സാധു ഇവിടെ വന്നപ്പോഴാണ് ഇവിടെ സൂത്രം കൊണ്ടൊന്നും കാര്യം പറ്റുകയില്ലെന്നും വലിയ കെങ്കേമന്മാരൊക്കെ വിചാരിച്ചിട്ടു നടക്കാത്ത കാര്യമാണിതെന്നും മനസ്സിലാക്കിയത്. അയാൾ ഒളിച്ചുപോയതാണ്. അയാൾ വരാനായിട്ട് ഇനി കാത്തിരിക്കണമെന്നില്ല" എന്നും മറ്റും പറഞ്ഞുതുടങ്ങി.
ഇങ്ങനെ ഓരോരുത്തർ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നപ്പോൾ നമ്പി വന്നുചേർന്നു. ഉടനെ അദ്ദേഹം ഭഗവതിയുടെ പൂജ ആരംഭിച്ചു. അപ്പോഴേക്കും നമ്പിയുടെ മന്ത്രവാദം കാണാനായി അസംഖ്യം ആളുകൾ അവിടെ വന്നുകൂടി. അക്കൂട്ടത്തിൽ ഉശകാരാവുത്തരുമുണ്ടായിരുന്നു. പിണിയാൾ തുള്ളാതിരിക്കുന്നതിനും തുള്ളിയാലും ബാധ ഒഴിയാതിരിക്കുന്നതിനുമായി ചില പ്രയോഗങ്ങൾ രാവുത്തർ മുമ്പേ തന്നെ ചെയ്തിരുന്നതുകൂടാതെ അപ്പോഴും ചിലതൊക്കെക്കൂടി ചെയ്തിട്ടാണ് അക്കൂട്ടത്തിൽ വന്നുകൂടിയത്. പൂജ കഴിഞ്ഞപ്പോൾ പിണിയാളെക്കൊണ്ടു വന്നു ചക്രത്തിലിരുത്തി. നമ്പി ഉടനെ പൂജയ്ക്കു പുഷ്പാഞ്ജലി ചെയ്തതിൽനിന്നു കുറെ പൂവും അക്ഷതവും (നെല്ലുമരിയും) കൂടിയെടുത്തു ജപിച്ചു പിണിയാളുടെ ശിരസ്സിലിട്ടു. നമ്പി പൂവും അക്ഷതവും ജപിച്ചിട്ടാൽ ഏതു ബാധയും ഉടനെ തുള്ളുകയാണ് പതിവ്. എങ്കിലും ഈ പിണിയാൾതുള്ളിയില്ല. അപ്പോൾത്തന്നെ അതിന്റെ കാരണം ഏകദേശം ഊഹിച്ചുക്കൊണ്ട് നമ്പി, "ഈ കൂട്ടത്തിൽ മന്ത്രവാദിയായിട്ടാരെങ്കിലുമുണ്ടോ?" എന്നു വിളിച്ചു ചോദിച്ചു. അപ്പോൾ അക്കൂട്ടത്തിൽനിന്നും ഒരാൾ "ഇല്ല" എന്നുത്തരം പറഞ്ഞു. അത് രാവുത്തരായിരുന്നു. ആ ആൾ ഇന്നാരാണെന്നു വ്യക്തമായിട്ടറിഞ്ഞില്ലെങ്കിലും ഈ പറഞ്ഞ ആളാണ് തന്റെ പ്രതിയോഗി എന്ന് ആ ശബ്ദം കൊണ്ടു തീർച്ചപ്പെടുത്തിക്കൊണ്ട് നമ്പി, "ഒടുക്കം നിങ്ങളൊരു മന്ത്രവാദിയാണെന്നു വന്നേക്കാം" എന്ന് പറഞ്ഞിട്ട് അദ്ദേഹം ഒരു കഷണം ഓലയെടുത്തു അതിൽ ഒരു മന്ത്രമെഴുതുകയും അത് ശകലം ശകലമായി കീറി മേൽപ്പോട്ടെറിയുകയും ചെയ്തു. അപ്പോൾ അവിടെ അടുത്തുനിന്നിരുന്ന കരിമ്പനയുടെ ചുവട്ടിൽ കിടന്നിരുന്ന വള്ളി തുള്ളിത്തുള്ളി കരിമ്പനയുടെ അഗ്രഭാഗം വരെ കയറുകയും ഉടനെ പനപൊട്ടിക്കീറി ഇഞ്ചനാരുപോലെയായി നിലത്തുവീഴുകയും ചെയ്തു. ആ വള്ളി നമ്പിയെ അകപ്പെടുത്താനായി രാവുത്തർ എന്തോ പ്രയോഗമൊപ്പിച്ചു ഇട്ടിരുന്നതായിരുന്നു എന്നു വിശേഷിച്ചു പറയണമെന്നില്ലല്ലോ. ഇത്രയും കഴിഞ്ഞപ്പോൾ രാവുത്തർ അവിടെനിന്നു പൊയ്കളഞ്ഞു. കുറച്ചുസമയം കഴിഞ്ഞപ്പോൾ നമ്പിയുടെ വയർ വല്ലാതെ വീർത്തുതുടങ്ങി. അതു വർദ്ധിച്ചുവർദ്ധിച്ച് അദ്ദേഹം ഇരിക്കാനും ശ്വാസോച്ഛ്വാസം ചെയ്യാനും വയ്യാതെ ഏറ്റവും വിവശനായിത്തീർന്നു. ഉടനെ നമ്പി ഒരു നാരായമെടുത്തുകൊണ്ട് പുറത്തേക്കിറങ്ങി, ആ നാരായം ജപിച്ച് ഒരു വാഴയിന്മേൽഒരു കുത്തുകൊടുത്തു, നാരായം കൊണ്ട ദ്വാരത്തിലൂടെ ഉടനെ വെള്ളം പ്രവഹിച്ചുതുടങ്ങി. അങ്ങനെ കുറെ വെള്ളം വാഴയിൽനിന്നു പോയപ്പോൾ നമ്പിയുടെ വയറൊട്ടുകയും അദ്ദേഹം യഥാപൂർവം സ്വസ്ഥശരീരനായിത്തീരുകയും ചെയ്തു. നമ്പിക്ക് ഈ അസ്വാസ്ഥ്യമുണ്ടായിത്തീർന്നതും രാവുത്തരുടെ ദുഷ്പ്രയോഗം കൊണ്ടാണെന്നുള്ളത് സ്പഷ്ടമാണല്ലോ. നമ്പിയെ അകപ്പെടുത്താനും അപമാനിച്ചയയ്ക്കാനുമായി രാവുത്തർ ഇങ്ങനെ പലതും പ്രയോഗിച്ചുനോക്കി. നമ്പി ഉടനുടൻ പ്രതിവിധികൾ ചെയ്തുകൊണ്ടിരുന്നതിനാൽ അദ്ദേഹത്തിനു ഒന്നും പറ്റിയില്ല. തന്റെ വിദ്യകളൊന്നും നമ്പിയുടെ അടുക്കൽ ഫലിക്കയില്ലെന്നു തീർച്ചയായപ്പോൾ രാവുത്തർ പിന്നെയും ജനക്കൂട്ടത്തിൽ വന്നു നിന്നു. അപ്പോൾ രാവുത്തരെ ഒന്ന് പറ്റിക്കണമെന്നും ആളെ അറിയിക്കാതെ ഒളിച്ചുവന്നു നിൽക്കുന്ന അയാളെക്കൊണ്ടുതന്നെ അയാളുടെ പേരു വിളിച്ചുപറയിക്കണമെന്നും നിശ്ചയിച്ച് നമ്പി കുറച്ചു ഭസ്മമെടുത്തു ജപിച്ച് ആൾക്കൂട്ടത്തിലേക്ക് ഊതിപ്പറപ്പിച്ചു. ആ ഭസ്മം ആരുടെയെല്ലാം ദേഹത്തിൽ പതിച്ചുവോ, അവരൊക്കെ ഉടനെ തുള്ളിത്തുടങ്ങി. ആ കൂട്ടത്തിൽ രാവുത്തരുമുണ്ടായിരുന്നു. ആ തുള്ളലിനിടയ്ക്കു നമ്പി ഗന്ധർവ്വന്റെ കളത്തിങ്കലും ഒരു പൂജ കഴിച്ചു. രാവുത്തരുടെ തുള്ളൽ മുറുകിയപ്പോഴേക്കും മറ്റുള്ളവരുടെ തുള്ളലെല്ലാം ശമിച്ചു. വലിയ തടിയനും കുടവയറനുമായിരുന്ന രാവുത്തർ രണ്ടുമൂന്നു നാഴിക നേരം ചാടിത്തുള്ളിയപ്പോഴേക്കും വിയർത്തൊലിച്ച് ഏറ്റവും പരവശനായിത്തീർന്നു. ഒരു നിവൃത്തിയുമില്ലെന്നായപ്പോൾ രാവുത്തർ, "അയ്യോ, എന്നെ രക്ഷിക്കണേ, ഞാൻ ഉശകാരാവുത്തരാണേ, അങ്ങയുടെ യോഗ്യത അറിയാതെയും എന്റെ അഹമ്മതിയും കഥയില്ലായ്കയും കൊണ്ടും അങ്ങയുടെ മന്ത്രവാദം ഫലിക്കാതെയിരിക്കുന്നതിനും പിണിയാൾ തുള്ളാതിരിക്കുന്നതിനും അങ്ങേക്കു ജീവഹാനി സംഭവിക്കുന്നതിനും ഞാൻ ചിലതൊക്കെ ചെയ്തുപോയി. അവയെല്ലാം വിഫലീഭവിക്കുകയും ചെയ്തു. എന്റെ തെറ്റുകളെല്ലാം ക്ഷമിച്ച് അവിടുന്നെന്നെ സദയം രക്ഷിക്കണം. ഇനിയും എന്നെ ഇങ്ങനെ തുള്ളിക്കുകയാണെങ്കിൽ ഞാൻ ഇവിടെത്തന്നെ വീണു മരിച്ചുപോകും. ഇനി ഞാൻഒരുകാലത്തും ഒരിടത്തും മന്ത്രവാദസംബന്ധമായി യാതൊന്നും ചെയ്യുകയില്ലെന്നു സത്യം ചെയ്യണമെങ്കിൽ അതും ചെയ്യാം. എന്നാലും എന്നെ കൊല്ലാതെ വിട്ടയയ്ക്കണമേ" എന്നു വിളിച്ചുപറഞ്ഞു. അതു കേട്ട് നമ്പി, "ഉശകാ രാവുത്തരോ? എന്നാൽ ഇവിടെ അടുത്തുവരാമല്ലോ" എന്നു പറഞ്ഞു. ഉടനെ രാവുത്തരുടെ തുള്ളൽ നിന്നു. അടുത്തുചെന്നപ്പോൾ നമ്പി "രാവുത്തർ അവിടെ ഇരിക്കുക. ഉശകാ രാവുത്തരെന്ന് ഞാൻകേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്നു കാണാനുള്ള ഭാഗ്യവും സിദ്ധിച്ചുവല്ലോ. വളരെ സന്തോഷമായി. രാവുത്തർ ഇവിടെയുള്ള സ്ഥിതിക്ക് ഈ ഗന്ധർവ്വനെ ഒഴിവാക്കാൻ രാവുത്തർതന്നെ വേണം" എന്നു വീണ്ടും പറഞ്ഞു. ഇത് കേട്ടിട്ട് ഇരിക്കാതെ വന്ദിച്ചുകൊണ്ട് രാവുത്തർ, "അവിടുന്ന് ഇനിയും എന്നെ അപമാനിക്കാൻ തുടങ്ങുന്നതു സങ്കടമാണ്. ഞാൻ പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചിട്ട് ഒഴിയാത്ത ഈ ഗന്ധർവ്വനെ ഒഴിക്കാൻ ഞാൻ ശക്തനല്ല. എന്നു മാത്രമല്ല, ഇത് ഒരിക്കലും ഒഴിയാതെയിരിക്കത്തക്കവണ്ണം ഞാൻ ചിലതൊക്കെ ചെയ്തുപോയിട്ടുമുണ്ട്."
നമ്പി:അതു സാരമില്ല. അങ്ങനെവല്ലതും ചെയ്തിട്ടുണ്ടെങ്കിൽ അതിനു പരിഹാരം ചെയ്താൽമതിയല്ലോ.
രാവുത്തർ: പരിഹാരമില്ലാത്ത പ്രവൃത്തികളാണ് ഞാൻചെയ്തു പോയിട്ടുള്ളത്.
നമ്പി: പരിഹാരമില്ലാത്ത പ്രവൃത്തി ഒന്നുമില്ല.
രാവുത്തർ: അവിടുന്നു വിചാരിച്ചാൽ എല്ലാത്തിനും പരിഹാരമുണ്ടാകും. എനിക്ക് അവിടുത്തെപ്പോലെ പഠിത്തവും പരിചയവും പാരമ്പര്യവുമില്ല. നിത്യവൃത്തിക്കു ഗതിയില്ലാത്ത ഞാൻ കാടുകേറി നടന്നപ്പോൾ ഒരാളിൽനിന്ന് ഒരു ഗ്രന്ഥം കിട്ടാനിടയായി. അതിൽനോക്കി ഞാൻ ചിലതൊക്കെ പ്രയോഗിക്കുകയും ചിലതൊക്കെ ഫലിക്കുകയും തന്നിമിത്തം ദൈവഗത്യാ പേര് കിട്ടുകയും ചെയ്തു എന്നല്ലാതെ എനിക്കു വാസ്തവത്തിൽ വലിയ പഠിപ്പൊന്നുമില്ല.
നമ്പി: അതൊന്നുമല്ല, രാവുത്തരെക്കുറിച്ചു ഞാൻ നല്ലപോലെ കേട്ടുമനസ്സിലാക്കിയിട്ടുണ്ട്. രാവുത്തർ ഒരു ഒന്നാന്തരം മന്ത്രവാദിയാണെന്ന് എനിക്കറിയാം. ഇതാ ഈ പൂവ് ആ പിണിയാളുടെ ശിരസ്സിലിടുക.
എന്നു പറഞ്ഞു നമ്പി ഗന്ധർവനു പൂജിച്ച പൂവു കുറച്ചെടുത്ത് രാവുത്തരുടെ കയ്യിൽകൊടുത്തു. അതു വാങ്ങി പിണിയാളുടെ ശിരസ്സിലിട്ടു. പിണിയാൾ തുള്ളിത്തുടങ്ങി. നമ്പിയുടെ ആജ്ഞപ്രകാരം രാവുത്തർ പിണിയാളെക്കൊണ്ടു പൊന്നും വിളക്കും പിടിപ്പിച്ചു സത്യം ചെയ്യിച്ചു. ഗന്ധർവ്വൻ ഒഴിഞ്ഞുപോവുകയും ചെയ്തു. ആ വീട്ടുകാർ പണമായും പണ്ടങ്ങളായും നമ്പിക്കു വളരെ സമ്മാനങ്ങൾകൊടുത്തു. നമ്പി അവയെല്ലാം കയ്യിൽ വാങ്ങീട്ടു "വാസ്തവത്തിൽ ഒടുവിൽ ഗന്ധർവ്വനെ ഒഴിച്ചതു രാവുത്തരാകുകയാൽ ഇവയ്ക്കൊക്കെ അർഹൻ രാവുത്തരാണ്" എന്ന് പറഞ്ഞ് അവയെല്ലാം രാവുത്തർക്കു കൊടുത്തു. രാവുത്തർ അവ വാങ്ങാൻ വളരെ മടിച്ചു. ഒടുക്കം നമ്പിയുടെ നിർബന്ധം കൊണ്ട് മനസ്സില്ലാമനസ്സോടെ അവയെല്ലാം രാവുത്തർ വാങ്ങി. എങ്കിലും എന്നെങ്കിലും നമ്പിയെ അകപ്പെടുത്തണമെന്നു തന്നെയായിരുന്നു പിന്നെയും അയാളുടെ വിചാരം.
മന്ത്രവാദമെല്ലാം കഴിഞ്ഞയുടനെ നമ്പി സ്വദേശത്തേക്ക് പുറപ്പെട്ടു. നമ്പി ഒരിക്കലും വാലിയക്കാരെ കൊണ്ടുനടക്കാറില്ല. വാലിയക്കാർക്കു പകരം അദ്ദേഹം ചില സേവാമൂർത്തികളെയാണ് ഉപയോഗപ്പെടുത്തുക പതിവ്. ഈ യാത്രയും അങ്ങനെത്തന്നെയായിരുന്നു. രാത്രിയായിരുന്ന തിനാൽ ചില മൂർത്തികൾ വിളക്കുമായി മുൻപേ നടന്നു. പിന്നാലെ നമ്പിയും പോയി. നമ്പി ചെങ്കോട്ട, തെങ്കാശി മുതലായ കിഴക്കൻ ദിക്കുകളിലേക്കു പോവുകയും മടങ്ങിവരുകയും ചെയ്യുന്നത് അച്ചൻകോവിൽ വഴിക്കാണ് പതിവ്. അതിനാൽ ഈ പ്രാവശ്യവും ആ വഴിക്കു തന്നെയാണ് പോയത്. രാത്രി ഏകദേശം ഒരുമണിയായപ്പോൾ അദ്ദേഹം അച്ചൻകോവിലിനു സ്വല്പം കിഴക്കുവന്നു. ആ സമയത്തു കറുത്ത് തടിച്ചു കൂറ്റനായ ഒരു പാണ്ടിപ്പിള്ള കാട്ടിൽനിന്ന് ഇറങ്ങിവന്ന്, "ഈ അസമയത്ത് ഇതിലേ കടന്നുപോകുന്നതാരാണ്" എന്നു ചോദിച്ചു. നമ്പി മറുപടി ഒന്നും പറഞ്ഞില്ല. അപ്പോൾ ആ പാണ്ടിപ്പിള്ള, "ഓഹോ, മനസ്സിലായി. അച്ചൻകോവിലിലയ്യപ്പനെ ജയിച്ചു റാന്നിക്കാർത്താവിന്റെ കുഴികളില് ആനകളെ വീഴിച്ചുകൊടുത്ത ആളാണ്, അല്ലേ? കർത്താവിനെ അയ്യപ്പന്റെ കാട്ടുനായ്ക്കൾ പിടിചുകൊണ്ടുപോയി. ഇത് അയ്യപ്പന്റെ കാട്ടുനായ്ക്കൾ ധാരാളമുള്ള ദിക്കാണ്, സൂക്ഷിച്ചു നടക്കണം" എന്നു വീണ്ടും പറഞ്ഞു. അതിനും നമ്പി മറുപടി യാതൊന്നും പറഞ്ഞില്ല. എങ്കിലും നമ്പി അയാളുടെ നേരെ തിരിഞ്ഞുനിന്ന് ഒരാകർഷണവും ബന്ധനവും ഒരുമിച്ചു കഴിച്ചുകൊണ്ടു പിന്നെയും നടന്നുതുടങ്ങി. നമ്പിയുടെ പിന്നാലെ പിള്ളയും നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ "ഹേ, അങ്ങെന്തിനാണ് എന്റെ കഴുത്തിൽ കയറിട്ടുകെട്ടി വലിച്ചുകൊണ്ടുപോകുന്നത്? എന്നെ വിട്ടയയ്ക്കണം. ഞാൻ അച്ചൻകോവിൽ അമ്പലത്തിൽ വിളക്കുവെപ്പുകാരനാണ്. ഭൈരവൻപിള്ള എന്നാണ് എന്റെ പേര്. എന്നെ വിട്ടയച്ചില്ലെങ്കിൽ ഞാൻ പോകും."
നമ്പി: പോകാനായി നിങ്ങൾ പല വിദ്യകൾ പ്രയോഗിച്ചു നോക്കിയല്ലോ. എന്നിട്ട് എന്താ പോകാഞ്ഞത്? ഇനി ചിലതൊക്കെക്കൂടി വിചാരിച്ചിട്ടുണ്ടല്ലോ. അവ കൂടിക്കഴിയട്ടെ. ഞാൻ നിങ്ങളുടെ കഴുത്തിൽ കയറിട്ടു കെട്ടിവലിക്കുന്നില്ല.
ഭൈരവൻപിള്ള: അങ്ങേക്കു കെട്ടിവലിക്കാൻ കയറും മറ്റും വേണമെന്നില്ലല്ലോ.
ഇങ്ങനെ പറഞ്ഞുകൊണ്ടു കുറച്ചുകൂടി നടന്നപ്പോൾ അസംഖ്യം വ്യാഘ്രങ്ങൾ വഴിയിൽ നിരന്നുനിൽക്കുന്നതായി കണ്ടു. ഇവയോടു നമ്പി മടങ്ങും, അപ്പോൾ തനിക്കു പോകാൻ മാർഗമുണ്ടാകും എന്നു ഭൈരവൻപിള്ളയും ഇവയെക്കൂടി കൊണ്ടുപോകണം എന്നു നമ്പിയും നിശ്ചയിച്ചു. വ്യാഘ്രങ്ങളെ കണ്ടിട്ടു നമ്പിക്കു സ്വല്പം പോലും ഭയവും കൂസലുമുണ്ടായില്ല. അദ്ദേഹം അവയുടെ അടുക്കൽക്കൂടി കടന്നുപോയി. നമ്പിയെ കണ്ട ക്ഷണത്തിൽ ഒരു വലിയ കടുവാ കാട്ടിലേക്ക് ഓടിപ്പോയി. ശേഷിച്ചുണ്ടായിരുന്നവ നമ്പിയുടെ പിന്നാലെ നടന്നുതുടങ്ങി. അവയുടെ പിന്നാലെ ഭൈരവൻപിള്ളയും നടന്നു.
അടുത്ത ദിവസം സന്ധ്യയ്ക്കു മുമ്പായി നമ്പി വ്യാഘ്രങ്ങളോടും ഭൈരവൻപിള്ളയോടും കൂടി റാന്നിയിൽ കർത്താവിന്റെ ഗൃഹത്തിലെത്തി. അപ്പോൾ അവിടെയുണ്ടായിരുന്നവരെല്ലാം കടുവാ പിടിച്ചുകൊണ്ടുപോയ കാരണവരുടെ പുല ആചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന കർത്താക്കന്മാർ കാരണവരുടെ മരണവൃത്താന്തം വിവരിച്ചു നമ്പിയോടു പറഞ്ഞുകൊണ്ടിരുന്ന അവസരത്തിൽ മുമ്പു നമ്പിയെ കണ്ട ക്ഷണത്തിൽ കാട്ടിലേക്കു കയറിപ്പോയ കടുവായുടെ കഴുത്തിൽക്കയറി, കാരണവൻ കർത്താവും അവിടെ എത്തി. അപ്പോൾ മുമ്പേ അവിടെ വന്നുനിന്നിരുന്ന വ്യാഘ്രങ്ങളെല്ലാം അവിടെനിന്ന് ഓടിപ്പോയി. അതു നമ്പി അവയെ ഉച്ചാടനം ചെയ്തിട്ടാണെന്നുള്ളത് പറയണമെന്നില്ലല്ലോ. ഇവയെല്ലാം കണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഭയാത്ഭുതപരവശന്മാരായിത്തീർന്നു. ആ സമയത്തും ഭൈരവൻപിള്ള നമ്പിയോട് "ഇനിയെങ്കിലും എന്നെക്കൂടെ വിട്ടയയ്ക്കണേ" എന്നപേക്ഷിച്ചു. അതിനു മറുപടിയായി നമ്പി, "എന്റെ മനസ്സോടുകൂടി ഇപ്പോൾ ഞാൻ നിങ്ങളെ വിട്ടയയ്ക്കുകയില്ല പോകാമെങ്കിൽ പൊയ്ക്കൊള്ളണം""എന്നാണു പറഞ്ഞത്. അപ്പോൾ കാരണവൻ കർത്താവ് ഭൈരവൻപിള്ളയെ കണ്ടിട്ട്, "എന്നെ കടുവാ പിടിചു കാട്ടിൽക്കൊണ്ടുപോയി താമസിച്ചിരുന്നപ്പോൾ എനിക്കു ഭക്ഷണവും മറ്റും തന്ന് എന്നെ രക്ഷിച്ചത് ഈ ഭൈരവൻപിള്ള തന്നെയാണല്ലോ. ഇദ്ദേഹം ഈ കടുവാക്കൂട്ടത്തിന്റെ ഒരു മേലാവാണ്"എന്നു പറഞ്ഞു. യൂഥത്തലവനായ ആ വലിയ കടുവാ ഭൈരവൻപിള്ളയുടെ പാദങ്ങളെ നക്കുകയും നമസ്ക്കരിക്കുകയും മറ്റും ചെയ്ത് അദ്ദേഹത്തെ അസാമാന്യമായി ബഹുമാനിക്കുന്നതും അപ്പോൾ എല്ലാവരും കണ്ടു .
അനന്തരം നമ്പി കർത്താവിനോട്, "ഇനി ഈയാണ്ടിൽ ആനകളെ പിടിക്കാൻ ശ്രമിക്കേണ്ടാ, നാലാമത്തെ കുഴിയിൽ വീണുകിട്ടിയ ആ കൊമ്പനെ അച്ചൻകോവിൽ ശാസ്താവിനു വഴിപാടായി അയച്ചുകൊടുത്തേക്കണം. ഞാൻ ഇപ്പോൾത്തന്നെ പോകുന്നു" എന്നു പറഞ്ഞു യാത്രയായി. "ഇപ്പോൾത്തന്നെ പോകുന്നതു വലിയ സങ്കടമാണ്. രണ്ടുദിവസമെങ്കിലും ഇവിടെ താമസിച്ചിട്ടു പോയാൽമതി" എന്നും മറ്റും കർത്താക്കന്മാർ ലൗകികം പറഞ്ഞു. എങ്കിലും നമ്പി അതൊന്നും അനുവദിച്ചില്ല. അദ്ദേഹം ഭൈരവൻപിള്ളയെ ആ വലിയ കടുവയുടെ കഴുത്തിൽക്കയറ്റി ഇരുത്തുകയും പിൻഭാഗത്തു താനും കയറിയിരിക്കുകയും ചെയ്തിട്ട്, "സന്ധ്യാവന്ദനത്തിനു അമാന്തം വരാത്തവിധത്തിൽ ചെങ്ങന്നൂരെത്തിക്കണം" എന്ന് കടുവായോട് പറഞ്ഞു. ഉടനെ കടുവായാത്രയാവുകയും നിശ്ചിതസമയത്തിനു മുൻപേതന്നെ ചെങ്ങന്നൂരെത്തുകയും ചെയ്തു. അനന്തരം നമ്പി ഒരു മണിയെടുത്തു ജപിച്ചു കടുവായുടെ കഴുത്തിൽ കെട്ടീട്ട് "നിനക്ക് ഞാൻ മണികണ്ഠൻ എന്നു പേരിട്ടിരിക്കുന്നു. ഇനിയും ഞാൻ വിചാരിക്കുന്ന സമയം എന്റെ അടുക്കൽവരണം. ഇപ്പോൾ നിനക്കു പോകാം" എന്നു കടുവായോട് പറയുകയും കടുവാ നമ്പിയെയും ഭൈരവൻപിള്ളയേയും നമസ്ക്കരിച്ചിട്ടു പോവുകയും ചെയ്തു. ആ സമയത്ത് ഭൈരവൻപിള്ള, ഇനിയെങ്കിലും എന്നെ വിട്ടയയ്ക്കണേ" എന്ന് നമ്പിയോടപേക്ഷിച്ചു. "നിങ്ങളെ അത്രയെളുപ്പത്തിൽ വിട്ടയയ്ക്കുകയില്ല" എന്നു നമ്പി അപ്പോഴും മറുപടി പറഞ്ഞു. അതിന്റെശേഷം നമ്പി കുളിയും നിത്യകർമ്മാനുഷ്ഠാനാദികളും അത്താഴവും കഴിക്കുകയും ഭൈരവൻപിള്ളയെ ഊണു കഴിപ്പിക്കുകയും ചെയ്തിട്ട് അവർ രണ്ടുപേരും ഒരു മുറിക്കകത്തു ചെന്നുകിടന്നു. അപ്പോൾ, ഭൈരവൻപിള്ള, "എന്നെ വെറുതെ ഇങ്ങനെ താമസിപ്പിക്കുന്നതെന്തിനാണ്? വിട്ടയയ്ക്കുന്നതിന് എന്താണ് വിരോധം?" എന്നു ചോദിച്ചു .
നമ്പി: "വിരോധമൊന്നുമില്ല. കുറച്ചു ദിവസം ഇവിടെ താമസിച്ചിട്ടു വിട്ടയച്ചേക്കാം."
ഭൈരവൻപിള്ള: ഇനിയും കുറച്ചുദിവസംകൂടി എന്നെ ഇവിടെ താമസിപ്പിക്കണമെന്നു വിചാരിക്കുന്ന പക്ഷം എനിക്കൊരാഗ്രഹമുണ്ട്; അതുംകൂടി സാധിപ്പിച്ചുതന്നാൽ കൊള്ളാം.
നമ്പി: ആഗ്രഹമെന്താണ്?
ഭൈരവൻപിള്ള: നിങ്ങളിൽനിന്നു കുറച്ചു മന്ത്രവാദം പഠിച്ചാൽ കൊള്ളാമെന്നാണ് എന്റെ ആഗ്രഹം.
നമ്പി: നിങ്ങൾ എന്നെക്കാൾ വലിയ മന്ത്രവാദിയും ശാസ്ത്രജ്ഞനുമാണെന്ന് എനിക്കറിയാം. പക്ഷേ, നിങ്ങൾക്കു രണ്ടു ദോഷങ്ങളുണ്ട്; അവ രണ്ടും ഉപേക്ഷിച്ചാൽ പിന്നെ നിങ്ങളെപ്പോലെ യോഗ്യനായ ഒരു മന്ത്രവാദി ലോകത്തിൽ വേറെ ഉണ്ടായിരിക്കയില്ല.
ഭൈരവൻപിള്ള: ആ ദോഷങ്ങൾ എന്തെല്ലാമാണ്?
നമ്പി: ചില ബാധകൾ തുള്ളുമ്പോൾ നിങ്ങളെ ആണും പെണ്ണും തിരിച്ചറിയാത്തവന്റെ മകൻ എന്നും മറ്റും പറയും. അത് കേൾക്കുമ്പോൾ നിങ്ങൾക്കു ലജ്ജയുണ്ടാകുന്നു. അതൊരു ദോഷമാണ്. പിന്നെ നിങ്ങൾക്ക് ആശ്രിതന്മാരിൽ അനുകമ്പയില്ല. അത് സർവ്വപ്രധാനമായ വലിയ ദോഷമാണ്.
ഭൈരവൻപിള്ള: ആശ്രിതന്മാരിൽ അനുകമ്പയില്ലാതെ ഞാൻ എന്താണു പ്രവർത്തിച്ചിട്ടുള്ളത്?
നമ്പി: റാന്നിക്കർത്താവു നിങ്ങളുടെ ഒരു ആശ്രിതനല്ലേ? അദ്ദേഹം എന്തോ തരാമെന്നു പറഞ്ഞിരുന്നത് ആ അവധിദിവസംതന്നെ തരാതെയിരുന്നതുകൊണ്ടല്ലേ അദേഹത്തിന്റെ കുഴികളിൽ ആനകൾ വീഴാതെയാക്കിയത്? എന്നാൽ അദ്ദേഹം അത് അവധിദിവസം തരാതെ യിരുന്നതെന്തുകൊണ്ടാണെന്നും അവധി തെറ്റിയാലും അദ്ദേഹം തരുന്ന ആളാണെന്നും നിങ്ങൾ വിചാരിക്കാതെയിരുന്നതെന്താണ്? ആ അവധി ദിവസം അദ്ദേഹത്തിനു അമ്മ മരിച്ച പുലയല്ലായിരുന്നുവോ? പിന്നെ എന്റെ മന്ത്രശക്തികൊണ്ട് ഞാൻ കുഴിയിൽ വീഴിച്ച കൊമ്പനാനകളിൽ നാലെണ്ണത്തിനെ കുഴികളിൽ നിന്നു കയറ്റിയതിന്റെ ശേഷം അഞ്ചാമത്തെ കുഴിയിൽ നിന്നു കർത്താവിനെയെടുപ്പിച്ചുകൊണ്ടുപോയി വലിയ ലഹള ഉണ്ടാക്കിത്തീർത്തതെന്തിനാണ് ?
ഭൈരവൻപിള്ള: ആ ഒൻപതാനകളിൽ വാസ്തവത്തിൽ നല്ല ലക്ഷണങ്ങളോടുകൂടിയ നാലെണ്ണമേ ഉണ്ടായിരുന്നുള്ളൂ. ശേഷമുണ്ടായിരുന്ന അഞ്ചാനകളും കണ്ടാൽ നല്ല ലക്ഷണയുക്തങ്ങളാണെന്നു തോന്നത്തക്കവയായിരുന്നെങ്കിലും വാസ്തവത്തിൽ അവ വിലക്ഷണങ്ങളായിരുന്നു. ആ ആനകളെ കയറ്റിക്കൊണ്ടു പോയിരുന്നുവെങ്കിൽ കർത്താവിന്റെ ഐശ്വര്യം നിശ്ശേഷം നശിക്കുകയും അദ്ദേഹത്തിന് അനേകമനർത്ഥങ്ങൾ ഉണ്ടായിത്തീരുകയും ചെയ്യുമായിരുന്നു. അങ്ങനെ വരരുതെന്നു വിചാരിച്ചാണ് ഞാൻഎന്റെ കാട്ടുനായയെ അയയ്ക്കുകയും മറ്റും ചെയ്തത്.
നമ്പി: ശരി, എന്നാൽ ഞാനിങ്ങോട്ടു പോന്നപ്പോൾ നിങ്ങൾ എന്റെ പിന്നാലെ വന്നതെന്തിനാണ്?
ഭൈരവൻപിള്ള: എന്റെ കാട്ടുനായ്ക്കളെ നിങ്ങൾ ഉപദ്രവിക്കാതിരിക്കാനായിട്ടും കർത്താവിന്റെ കാര്യം പറയാനായിട്ടുമാണ്.
നമ്പി: ശരി. നിങ്ങളിൽനിന്ന് അറിയാനുണ്ടായിരുന്നതെല്ലാം ഇപ്പോൾ ഞാനറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതിനാൽ ഇനി നിങ്ങൾക്കു പോകാം.
ഭൈരവൻപിള്ള: ഞാനാരാണെന്നുള്ളതും നിങ്ങൾ അറിഞ്ഞുവല്ലോ.
നമ്പി: ഓഹോ. അത് ആദ്യം പാണ്ടിപ്പിള്ളയുടെ വേഷത്തിൽ കണ്ടപ്പോൾത്തന്നെ മനസ്സിലാക്കി.
ഭൈരവൻപിള്ള: എന്നാൽ എനിക്കിനി ചില സംഗതികൾ കൂടി പറയാനുണ്ട്. മുൻകാലങ്ങളിൽ പരദേശങ്ങളിലുള്ളവർക്ക് വല്ല ബാധോപദ്രവമോ മറ്റോ ഉണ്ടായാൽ എന്റെ സന്നിധിയിൽവന്ന് എന്നെ ഭജിക്കുകയും ശരണം പ്രാപിക്കുകയും ഞാൻ അവരുടെ ഉപദ്രവങ്ങൾ നീക്കി സുഖപ്പെടുത്തി അയയ്ക്കുകയുമായിരുന്നു പതിവ്. നിങ്ങൾ പരദേശങ്ങളിലും പോയി മന്ത്രവാദം ചെയ്തുതുടങ്ങിയതിൽപ്പിന്നെ എന്റെ അടുക്കൽ ആരും വരാതെയായിരിക്കുന്നു, അതിനാൽ എനിക്കു മുമ്പുണ്ടായിക്കൊണ്ടിരുന്ന ആദായം ഇപ്പോൾ നിന്നുപോയിരിക്കുന്നതുകൊണ്ട് മേലാൽ നിങ്ങൾ പരദേശങ്ങളിൽപ്പോയി മന്ത്രവാദം ചെയ്കയില്ലെന്നു തീർച്ചപ്പെടുത്തണം. പരദേശികൾക്കു ബാധോപദ്രവമോ മറ്റോ ഉണ്ടായാൽ അവർ എന്റെ സന്നിധിയിൽ വരണമെന്നും അതു ധനുമാസത്തിൽ എന്റെ ഉത്സവകാലത്തായിരിക്കണമെന്നും വ്യവസ്ഥചെയ്യുകയും അക്കാലത്തു നിങ്ങളും അവിടെ ഉണ്ടായിരിക്കുകയും വേണം. അക്കാലത്ത് അവർക്കു വേണ്ടുന്ന മന്ത്രവാദം എന്റെ സന്നിധിയിൽവച്ചു നിങ്ങൾതന്നെ ചെയ്യുന്നതിനു വിരോധമില്ല. പരദേശികൾക്കു നിങ്ങൾ മന്ത്രവാദം ചെയ്യുന്നത് എന്റെസന്നിധിയിൽവച്ചും ഉത്സവകാലത്തുമായിരിക്കണമെന്നു മാത്രമേ എനിക്ക് നിർബന്ധമുള്ളൂ. അങ്ങനെയായാൽ അതും ഉത്സവത്തിന്റെ ആഘോഷങ്ങളിലൊന്നായിത്തീരുമല്ലോ. നിങ്ങൾ ആണ്ടുതോറും ധനുമാസം ഒന്നാം തിയ്യതി രാവിലെ അവിടെയെത്തുകയും ഉത്സവം കഴിയുന്നതുവരെ അവിടെത്താമസിക്കുകയും വേണം. നിങ്ങളെ അങ്ങോട്ട് കൊണ്ടുവരുന്ന തിനു നമ്മുടെ മണികണ്ഠനെ ഞാനിവിടെ അയച്ചുകൊള്ളാം. നിങ്ങളെ ഞാനും എന്റെ ആശാനായി സ്വീകരിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ അവിടെ വന്നാൽവേണ്ടുന്ന ആചാരോപചാരങ്ങളൊക്കെ ചെയ്യുന്നതിനു ഞാൻഏർപ്പാടു ചെയ്തുകൊള്ളാം.
ഭൈരവൻപിള്ള പറഞ്ഞതെല്ലാം നമ്പി പൂർണ്ണമായി സമ്മതിക്കുകയും ഭൈരവൻപിള്ള അപ്പോൾത്തന്നെ അവിടെനിന്നു പോവുകയും ചെയ്തു. ഈ ഭൈരവൻപിള്ള സാക്ഷാൽ അച്ചൻകോവിൽ ശാസ്താവായിരുന്നു എന്നുള്ള വാസ്തവം ഇപ്പോൾ വായനക്കാർ ഊഹിച്ചറിഞ്ഞിരിക്കുമെന്നു വിശ്വസിക്കുന്നു.
ആ ആണ്ടിൽ ധനുമാസം ഒന്നാം തിയ്യതിയുടെ തലേദിവസം രാത്രിയിൽ അച്ചൻകോവിൽ ദേവസ്വക്കാർക്ക് ഒരു സ്വപ്നമുണ്ടായി. "നാളെ രാവിലെ തേവലശ്ശേരി നമ്പി ഇവിടെ വരും. അദ്ദേഹം എന്റെയും ഗുരുവാണ്. അതിനാൽ നിങ്ങൾ അദ്ദേഹത്തെ സാദരം എതിരേൽക്കുകയും സബഹുമാനം ആചാരോപചാരങ്ങൾ ചെയ്യുകയും വേണം. ബലിക്കൽപ്പുരയുടെ വടക്കേപ്പടിയിൽ വെള്ളയും കരിമ്പടവും വിരിച്ച് അദ്ദേഹത്തെ ഇരുത്തണം. അവിടെ ഒരു ചങ്ങലവട്ടക കൊളുത്തിവയ്ക്കുകയും വേണം. അദ്ദേഹം ഇവിടെത്താമസിക്കുന്ന ദിവസങ്ങളിലെല്ലാം തന്ത്രിയുടെ പതിവുപോലെ അരിക്കോപ്പുകളും പകർച്ചയും കൊടുക്കണം. അദ്ദേഹത്തിന്റെ പരിവാരങ്ങളെയും യഥായോഗ്യം ആദരിക്കണം" എന്നായിരുന്നു സ്വപ്നം. ധനുമാസം ഒന്നാം തിയ്യതിയുടെ തലേദിവസം വൈകുന്നേരം മണികണ്ഠൻ നമ്പിയുടെ അടുക്കൽ എത്തുകയും നമ്പി മണികണ്ഠന്റെ കഴുത്തിൽകയറി പരിവാരസമേതം പുറപ്പെട്ടു ധനുമാസം ഒന്നാം തിയ്യതി രാവിലെ അച്ചൻകോവിലിൽ ചെന്നുചേരുകയും ദേവസ്വക്കാർ സ്വപ്നപ്രകാരമെല്ലാം അദ്ദേഹത്തെ എതിരേറ്റ് സൽക്കരിക്കുകയും ചെയ്തു.
അച്ചൻകോവിലിൽ പ്രധാനമായിട്ടുള്ള നടവരവു നെയ്യാണ്. അതവിടെ ധാരാളമായി വരുകയും ചെയ്യും. എങ്കിലും വിളക്കിനും മറ്റും ഉപയോഗിക്കുകയല്ലാതെ അത് ആരും കൂട്ടി ഊണുകഴിക്കാറില്ല. അവിടെ നെയ്യുകൂട്ടിയൂണ് കഴിച്ചാൽ മാത്ര കഴിയുമ്പോൾ പനി തുടങ്ങുമെന്നുള്ള കാര്യം തീർച്ചയാണ്. അതുകൊണ്ട് അവിടെ തന്ത്രിക്കുപോലും പകർച്ചയ്ക്കു നെയ്യ് കൊടുക്കാറില്ല. എങ്കിലും തേവലശ്ശേരി നമ്പിക്കു പകർച്ച ക്കൂട്ടത്തിൽ ഒരു തുടം നെയ്യുകൂടി കൊടുക്കുകയും അദ്ദേഹം അതുകൂട്ടി ഉണ്ണുകയും ചെയ്തു. നമ്പിക്ക് അതുകൊണ്ട് പനിയെന്നല്ല, യാതൊരു സുഖക്കേടും ഉണ്ടായിട്ടില്ല. ഇതറിഞ്ഞപ്പോൾ തന്ത്രിക്ക് അപരിമിതമായ കുണ്ഠിതമുണ്ടായി. നെയ്യുകൂട്ടിയിട്ട് നമ്പിക്ക് സുഖക്കെടൊന്നും ഉണ്ടാകാതെയിരുന്നതു ശാസ്താവിന്റെ കരുണകൊണ്ടായിരിക്കണമെന്നും താൻ തന്ത്രിയായിരിക്കുന്ന സ്ഥിതിക്ക് തന്നെക്കുറിച്ചുള്ളതിലധികം കരുണ ശാസ്താവിനു മറ്റൊരാളുടെ പേരിലുണ്ടാകുന്നതു തനിക്കു കുറച്ചിലാ ണല്ലോ എന്നും മറ്റുമായിരുന്നു അദ്ദേഹത്തിന്റെ വിചാരം. അദ്ദേഹത്തിന് നെയ്യു കൂട്ടി ഉണ്ണണമെങ്കിൽ അവിടെ ഒരു പ്രയാസവുമുണ്ടായിരുന്നില്ല. എങ്കിലും പനി വന്നെങ്കിലോ എന്നുള്ള ഭയം നിമിത്തം അദ്ദേഹത്തിന് അതിനു ധൈര്യമുണ്ടായില്ല. ഏതെങ്കിലും ഇതിനൊരു തീർച്ചയുണ്ടായിട്ടല്ലാതെ ഇനി ഊണു കഴിക്കുകയില്ല"എന്നു നിശ്ചയിച്ച് അദ്ദേഹം പിറ്റേദിവസം ഉച്ചതിരിയുന്നതുവരെ ഉണ്ണാതെയിരുന്നു. തന്ത്രി ഉണ്ണാതെ താനുണ്ണുന്നത് വിഹിതമല്ലല്ലോ എന്നു വിചാരിച്ചു നമ്പിയും ഊണുകഴിച്ചില്ല. ഉച്ചതിരിഞ്ഞപ്പോൾ ശ്രീകോവിലിനകത്തുനിന്ന് "നമ്പിക്ക് ഒരു തുടം കൊടു, താഴമണ്ണിന് ഒരു തുടം ചുടു" എന്നൊരശരീരി വാക്കുണ്ടായി. ഇത് ശാസ്താവിന്റെ കല്പനയാണെന്ന് അവിടെയുണ്ടായിരുന്ന സകലരും വിശ്വസിച്ചു. എങ്കിലും ഇതിന്റെ അർത്ഥമെന്തെന്ന് സംശയിച്ച് ചിലർ നമ്പിയോടു ചോദിച്ചു. അപ്പോൾ നമ്പി, "ഇതിന്റെ അർത്ഥം എനിക്ക് ഒരു തുടം നെയ്യു തരണമെന്നും താഴമൺപോറ്റി (ഇദ്ദേഹമാണ് ഇവിടുത്തെ തന്ത്രി) നെയ്യു തുടത്തിലെടുത്ത് ചൂടുപിടിപ്പിച്ചു കൂട്ടിക്കൊള്ളണമെന്നുമാണ്" എന്നു പറഞ്ഞു. തന്ത്രി അപ്രകാരം നെയു കൂട്ടിയുണ്ടു. അദ്ദേഹത്തിനു പനി വന്നുമില്ല. പിന്നെ അതു പതിവായിത്തീർന്നു.
തേവലശ്ശേരി നമ്പി അദ്ദേഹത്തിന്റെ ജീവാവസാനം വരെ ധനുമാസം ഒന്നാം തിയ്യതിതോറും അച്ചൻകോവിലിൽ എത്തി ഉത്സവം കഴിയുന്നതു വരെ അവിടെ താമസിക്കുകയും അക്കാലത്തു ബാധോപദ്രവക്കാരായും മറ്റും അനേകം പരദേശികൾ അവിടെ വരുകയും നമ്പി അവിടെവച്ചു മന്ത്രവാദം ചെയ്ത് അവരുടെ ബാധകളെയും മറ്റും ഒഴിച്ചു സുഖപ്പെടുത്തി അയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു. അതിനാൽ അക്കാലത്തു വഴിപാടുകളായും മറ്റും ദേവസ്വത്തിലേക്കുള്ള വരവു വളരെ വർദ്ധിച്ചു. നമ്പി വിചാരിക്കുന്ന കാര്യങ്ങളെല്ലാം അച്ചൻകോവിൽ ശാസ്താവു സാധിപ്പിച്ചു കൊടുത്തുകൊണ്ടുമിരുന്നു.
കൊല്ലം 'തൊള്ളായിരത്തിൽപ്പരമൊരെഴുപതും മൂന്നുമാം കുംഭമാസേ' നാട് നീങ്ങിയ കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവു തിരുമനസ്സുകൊണ്ട് ഒരിക്കൽ മസൂരി ബാധിതനായിത്തീർന്നു. അപ്പോൾ തേവലശ്ശേരി നമ്പി മസൂരികാരോഗം ആകർഷിച്ചു മാറ്റുമെന്നുള്ളതു പ്രസിദ്ധമായിരുന്നതിനാൽ കൽപ്പന പ്രകാരം ആൾ വന്നു നമ്പിയെ തിരുവനന്തപുരത്തു കൊണ്ടുപോയി. രോഗം ഏറ്റവും കടുത്തവകയായിരുന്നതിനാൽ തിരുമനസ്സുകൊണ്ട് അത്യന്തം അവശനായി കിടപ്പുതന്നെയായിരുന്നു. നമ്പി ആ രോഗം ആകർഷിച്ചു തന്റെ ദേഹത്തിന്മേലാക്കി. ഉടനെ തിരുമനസ്സിലെ ദേഹത്തിന്മേലുണ്ടായിരുന്ന കുരുക്കളെല്ലാം കാണാതെയായിത്തീരുകയും തിരുമനസ്സിലേക്കു വളരെ സുഖം തോന്നുകയാൽ അവിടുന്ന് എഴുന്നേറ്റിരിക്കുകയും ചെയ്തു. എങ്കിലും നമ്പിയുടെ ദേഹത്തി ലെല്ലാം തൽക്ഷണം കുരുക്കൾ കാണപ്പെടുകയും നമ്പി ഏറ്റവും പരവശ നായി അവിടെത്തന്നെ വീഴുകയും ചെയ്തു. അപ്പോൾ നമ്പിയുടെ ആകൃതി കണ്ടിട്ടു തിരുമനസ്സിലേക്കു തന്നെ ഭയം തോന്നി. ഉടനെ "ഇത് എനിക്കും തനിക്കുമരുത്" എന്നു കൽപ്പിചു. അപ്പോൾനമ്പി, "പിന്നെ ആർക്കാകാമെന്നുകൂടി കല്പ്പിക്കണം" എന്നറിയിച്ചു. തിരുമനസ്സുകൊണ്ട് സ്വല്പം ആലോചിച്ചിട്ട്, "ഇവിടെനിന്ന് ഏകദേശം നാൽപ്പതു നാഴിക ദൂരം കിഴക്കു വഴിയരികിലായിട്ട് ഒരു കാവിൻകൂട്ടമുണ്ട്. അവിടെ രണ്ടു വലിയ പാലകൾ നിൽക്കുന്നുണ്ട്. അവയിൽ അനേകം ദുർദേവതമാർ വന്നുവാസമായിട്ടുണ്ട്. ആ ദേവതമാരുടെ ഉപദ്രവം നിമിത്തം പകൽസമയത്ത് പോലും ആ വഴിയെ ജനങ്ങൾക്കു സഞ്ചരിക്കാൻ നിവൃത്തിയില്ലാതായിരിക്കുന്നു. ഈ രോഗം ആകർഷിച്ച് ആ പാലകളിൽ ആക്കിയാൽ അവ നശിക്കുകയും അപ്പോൾ ആ ദുർദ്ദേവതമാർ അവിടം വിട്ടുപോവുകയും ആ വഴി ജനങ്ങൾക്കു സഞ്ചാരയോഗ്യമായിത്തീരുകയും ചെയ്യുന്നതാകയാൽ അതൊരു വലിയ ഉപകാരമായിരിക്കും. അതുകൊണ്ട് അങ്ങനെ ചെയ്താൽ കൊള്ളാം" എന്നരുളിച്ചെയ്തു. അപ്പോൾ നമ്പി, "എന്നാൽ എന്നെ ആ സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനുകൂടി കല്പനയുണ്ടാകണം. എനിക്കു നടന്നുപോകാൻ നിവൃത്തിയില്ലാതായിരിക്കുന്നു" എന്നറിയിച്ചു. ഉടനെ കല്പനപ്രകാരം ഏതാനുമാളുകൾവന്നു നമ്പിയെ ഒരു മഞ്ചലി ലാക്കിയെടുത്ത് ആ സ്ഥലത്തു കൊണ്ടുപോവുകയും നമ്പി ആ മസൂരി രോഗത്തെ തന്റെ ദേഹത്തിൽനിന്ന് ആകർഷിച്ച് ആ പാലകളിലാക്കുകയും ആ പാലകൾ ഏഴു ദിവസംകൊണ്ട് ഉണങ്ങിയൊടിഞ്ഞു നിലംപതിക്കു കയും ദുർദേവതമാരെല്ലാം അവിടം വിട്ടു പോവുകയും ആ വഴി ജനങ്ങൾക്കു സഞ്ചാരയോഗ്യമായിത്തീരുകയും നമ്പി സ്വസ്ഥശരീരനായി തിരിയെ തിരുവനന്തപുരത്തെത്തുകയും ചെയ്തു. അപ്പോഴേക്കു തിരുമനസ്സിലേക്കു ക്ഷീണവും മറ്റും തീർന്നു സുഖമാവുകയും ചെയ്തിരുന്നു. തിരുമനസ്സുകൊണ്ട് സന്തോഷിച്ചു നമ്പിക്കു പല സമ്മാനങ്ങൾ കല്പിച്ചുകൊടുത്തതു കൂടാതെ കൽപ്പന പ്രകാരം ഏതാനും വസ്തുക്കൾ കരമൊഴിവായി പതിച്ചുകൊടുക്കുകയും ചെയ്തു.
ഈ നമ്പി പ്രസിദ്ധ യുദ്ധവിദഗ്ദ്ധന്മാരായിരുന്ന കുഞ്ചിക്കുട്ടിപ്പിള്ള സർവാധി കാര്യക്കാർ, കുതിരപ്പക്ഷി, വൈക്കം പത്മനാഭപിള്ള എന്നിവർക്കു ചില ഉപദേശങ്ങൾ കൊടുക്കുകയും ശത്രുക്കളുടെ ആയുധം കൊണ്ടു മരിക്കാതെയിരിക്കുന്നതിനായി ചില മന്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്തിരുന്നു. വേലുത്തമ്പിദളവാ അവസാനകാലത്തു രക്ഷാമാർഗ്ഗമൊന്നുമില്ലാതായപ്പോൾ വിവരം നമ്പിയെ ഗ്രഹിപ്പിക്കുകയും തേവലശ്ശേരിയിൽ ചെന്നാൽ രക്ഷിച്ചുകൊള്ളാമെന്നു നമ്പി തമ്പിയെ അറിയിക്കുകയും ചെയ്തിരുന്നു. ദുഷ്ക്കാലശക്തി നിമിത്തം തമ്പിക്ക് അവിടെച്ചെന്നു ചേരാൻ സാധിക്കായ്കയാലാണ് ഒടുക്കം ആത്മഹത്യ ചെയ്യേണ്ടതായി വന്നത്. ഈ തേവലശ്ശേരി നമ്പിയുടെ കാലത്തുതന്നെ 'താമരശ്ശേരിനമ്പി' എന്നു പ്രസിദ്ധനായിട്ട് ഒരു മന്ത്രവാദി ആറന്മുളെയുണ്ടായിരുന്നു. താമരശ്ശേരിനമ്പി തേവലശ്ശേരി നമ്പിയുടെ സജാതീയനായിരുന്നുവെങ്കിലും അദ്ദേഹത്തിനു തേവലശ്ശേരി നമ്പിയെക്കുറിച്ചു പുച്ഛമായിരുന്നു. തന്നെ ജയിക്കത്തക്കവണ്ണമുള്ള യോഗ്യത തേവലശ്ശേരിക്കില്ലെന്നായിരുന്നു താമരശ്ശേരിയുടെ വിചാരം. അങ്ങനെ അദ്ദേഹം ചിലപ്പോൾ ചിലരോടു പ്രസംഗവശാൽ കുറേശ്ശെ പറയാറുമുണ്ടായിരുന്നു. ഇതിനെക്കുറിച്ചു തേവലശ്ശേരി നമ്പിയും അറിയാതെയിരുന്നില്ല. "തേവലശ്ശേരിയുമായി നേരിട്ടു കാണാനിടയാക്കരുത്.നേരിട്ടു കണ്ടാൽനാശമുണ്ടാകും" എന്ന് ആരോ തന്റെ അടുക്കൽ വന്നു പറഞ്ഞതായി താമരശ്ശേരി നമ്പി കൂടെക്കൂടെ സ്വപ്നം കാണാറുണ്ടായിരുന്നു. നേരിട്ടു കണ്ടാൽ നാശമുണ്ടാകുന്നതു തേവലശ്ശേരിക്കാണെന്നാണ് താമരശ്ശേരി നമ്പി ഈ സ്വപ്നം കൊണ്ടു മനസ്സിലാക്കിയത്. തേവലശ്ശേരിയേക്കാൾ യോഗ്യത തനിക്കുണ്ടെന്നുള്ള വിചാരം മനസ്സിലിരിക്കുമ്പോൾ അദ്ദേഹത്തിന് അങ്ങനെയല്ലാതെ തോന്നാൻതരമില്ലല്ലോ.
തേവലശ്ശേരി നമ്പി അന്യദേശങ്ങളിൽപ്പോയും സ്വദേശത്തുവച്ചും മന്ത്രവാദസംബന്ധമായി പ്രതിദിനമെന്നപോലെ ഓരോ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ കീർത്തി വർദ്ധിച്ചു വർദ്ധിച്ചു ഭൂലോകത്തിൽ സർവ്വത്ര വ്യാപിച്ചു. അതിനാൽ മന്ത്രവാദത്തിനായി താമരശ്ശേരി നമ്പിയുടെ അടുക്കൽ ആരും ചെല്ലാതെയും അദ്ദേഹത്തെ ആരും എങ്ങും കൊണ്ടുപോകാതെയുമായി. അപ്പോൾ താമരശ്ശേരി നമ്പിക്കു തേവലശ്ശേരി നമ്പിയെക്കുറിച്ചുള്ള അസൂയ സഹിക്കവയ്യാതായിത്തീർന്നു. തേവലശ്ശേരി നമ്പി ജീവിച്ചിരിക്കുന്ന കാലത്തു തന്റെ കീർത്തിക്ക് പ്രചാരമുണ്ടാകുന്ന കാര്യം അസാദ്ധ്യമാണെന്ന് തോന്നുകയാൽ ഏതുവിധവും തേവലശ്ശേരി നമ്പിയുടെ കഥ കഴിക്കണമെന്നു താമരശ്ശേരി നമ്പി തീർച്ചപ്പെടുത്തി. നേരിട്ടു കണ്ടാൽനാശമുണ്ടാകുമെന്നു സ്വപ്നമുണ്ടായിട്ടുണ്ടല്ലോ. അതിനാൽനേരിട്ടു കാണ്മാൻ മാർഗമുണ്ടാക്കണമെന്നു തന്നെ അദ്ദേഹമുറച്ചു. അതിനെന്താണ് വഴിയെന്നാലോചിച്ചപ്പോൾ തേവലശ്ശേരി നമ്പി ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും വെളുപ്പാൻകാലത്തു പതിവായി നെടുംപ്രയാറ്റു കളരിയിലേക്കു പോകാറുണ്ടെന്നും അത് ആറ്റിലൂടെയാണ് പതിവെന്നും അറിവ് കിട്ടി. അതിനാൽ അടുത്ത വെള്ളിയാഴ്ച വെളുപ്പാൻകാലത്തു ജലമാർഗ്ഗമായി ഒന്നു യാത്ര ചെയ്യണമെന്നു താമരശ്ശേരി നമ്പി നിശ്ചയിച്ചു. ഈ വിവരമെല്ലാം തേവലശ്ശേരി നമ്പി എങ്ങനെയോ മനസ്സിലാക്കുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന് അതുകൊണ്ടു കൂസലൊന്നുമുണ്ടായില്ല. അദ്ദേഹം പതിവുപോലെ വെള്ളിയാഴ്ച വെളുപ്പാൻകാലത്തു നെടുംപ്രയാറ്റെക്ക് പുറപ്പെട്ടു. തേവലശ്ശേരി നമ്പി ഒരരകല്ല് (അമ്മി) എടുത്തിട്ട് അതിന്മേൽക്കയറി, അതിന്റെ തലയ്ക്കൽ ഒരു പന്തവും കൊളുത്തിക്കുത്തിക്കൊണ്ടാണ് ആറ്റിൽക്കൂടി കിഴക്കോട്ടു പുറപ്പെട്ടത്. ആ സമയത്തുതന്നെ താമരശ്ശേരി നമ്പി കിഴക്കുനിന്നു പടിഞ്ഞാട്ടും പുറപ്പെട്ടു. താമരശ്ശേരി നമ്പി ഒരു തൂശനില വെള്ളത്തിലിട്ട് അതിന്മേൽക്കയറിയാണ് പുറപ്പെട്ടത്. താമരശ്ശേരി നമ്പി 'അത്തിമൂട്' എന്ന സ്ഥലത്തായപ്പോൾ പടിഞ്ഞാറ് അസാമാന്യമായ ഒരു തേജസ്സു കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ തേവലശ്ശേരി നമ്പിയുടെ വരവാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. ആ സമയം "ഒഴിഞ്ഞുപോയ്ക്കൊള്ളണം; അല്ലെങ്കിൽ ആപത്തുണ്ടാകും" എന്ന് ആരോ വിളിച്ചു പറഞ്ഞതായി താമരശ്ശേരി നമ്പിക്കു തോന്നി. ആ ദുർന്നിരീക്ഷ്യമായ തേജസ്സു കാണുകയും മേല്പറഞ്ഞ വാക്കുകൾകേൾക്കുകയും ചെയ്തപ്പോൾതാമരശ്ശേരി നമ്പിയുടെ ഹൃദയം വല്ലാതെ ഭയപരവശമായിത്തീർന്നു. എങ്കിലും അദ്ദേഹം പിന്നെയും മുമ്പോട്ടുതന്നെ പോയി. അപ്പോഴേക്കും തേവലശ്ശേരി നമ്പി വന്നടുത്തു കഴിഞ്ഞു. തേവലശ്ശേരി നമ്പിയുടെ മുഖത്ത് അപ്പോൾ അതിഭയങ്കരമായ ഒരു തേജസ്സു ജ്വലിച്ചുകൊണ്ടിരുന്നു. ആ മുഖം കണ്ടപ്പോൾ താമരശ്ശേരി നമ്പിയുടെ ഭയം ശതഗുണീഭവിച്ചു. അപ്പോൾ തേവലശ്ശേരി നമ്പി, "ഇത് ഒടുവിലത്തെ കാഴ്ചയാണ്" എന്നു പറയുകയും താമരശ്ശേരി നമ്പിയുടെ തൂശനിലക്ക് തീപിടിച്ച് അത് ഭസ്മമായിപ്പോവുകയും നമ്പി അവിടെയുണ്ടായിരുന്ന ഒരു നീർച്ചുഴിയിൽ അകപ്പെട്ടു താണുപോവുകയും ചെയ്തു. തേവലശ്ശേരി നമ്പി നേരെ കിഴക്കോട്ടു ചെന്നു നെടുംപ്രയാറ്റു കളരിയിലെത്തി. വന്ദിച്ചിട്ടുതിരിയെപ്പോയി ചെങ്ങന്നൂർ പടിഞ്ഞാറെ നടയിലും ദർശനം കഴിച്ചു സ്വഗൃഹത്തിലേക്കു പോവുകയും ചെയ്തു.
വെളുപ്പാൻകാലത്തു വെള്ളത്തിൽ മുങ്ങിപ്പോയ താമരശ്ശേരി നമ്പി പിറ്റേ ദിവസം ആറേഴുനാഴിക പുലർന്നപ്പോഴേക്കും ഒരു വിധത്തിൽ ആറന്മുള ക്ഷേത്രത്തിനു വടക്കുവശത്തുള്ള കടവിലെത്തി. അപ്പോൾ അദ്ദേഹത്തിനു വലിയ തരക്കേടൊന്നും പറ്റിയിരുന്നില്ല. കരയ്ക്കുകയറി സ്വല്പം നടന്നപ്പോഴേക്കും അദ്ദേഹം ബോധംകെട്ടു നിലത്തുവീണു. അതു കണ്ടു ചിലർകൂടി എടുത്ത് അദ്ദേഹത്തെ അദ്ദേഹത്തിന്റെ ഗൃഹത്തിൽ കൊണ്ടുചെന്നാക്കി. ഉടനെ പണി തുടങ്ങുകയും മൂന്നാം ദിവസം ദേഹത്തിൽ സർവ്വത്ര മസൂരിക്കുരു പുറപ്പെടുകയും പന്ത്രണ്ടാം ദിവസം അദ്ദേഹം മരിക്കുകയും അതോടുകൂടി ആ കുടുംബം അവസാനിക്കുകയും ചെയ്തു.
സാധാരണ മന്ത്രവാദികൾ കൈവിഷം ശർദ്ധിപ്പിച്ചും മറ്റുമാണല്ലോ കളയുക പതിവ്. എന്നാൽതേവലശ്ശേരി നമ്പി അങ്ങനെയൊന്നുമല്ല ചെയ്യാറുള്ളത്. കൈവിഷം ഭക്ഷിച്ചിട്ടുള്ളവർ അതു കളയുന്നതിനായി അദ്ദേഹത്തിന്റെ അടുക്കൽചെന്നാൽഒരു കരിക്കുചെത്തി തുളച്ചു വലിയ ദ്വാരമുണ്ടാക്കീട്ട് അത് ആ വിഷം ഭക്ഷിച്ചിട്ടുള്ള ആളുടെ വയറോടു ചേർത്തു പിടിച്ചുകൊണ്ടു അദ്ദേഹം ഒരു മന്ത്രം ജപിക്കും. അത് കഴിഞ്ഞ് കരിക്കെടുത്തു നോക്കിയാൽ കൈവിഷം ഏതു സാധനത്തിലാണ് അകത്ത് ചേർന്നിട്ടുള്ളതെന്നു വെച്ചാൽ ആ സാധനം ആ കരിക്കിൻവെള്ളത്തിൽ കാണും. അതോടുകൂടി കൈവിഷം ഭക്ഷിച്ച ആൾക്കു സുഖമാകുകയും ചെയ്യും. ഇങ്ങനെയാണ് നമ്പിയുടെ പതിവ്.
തേവലശ്ശേരി നമ്പി ഒന്നാന്തരം വിഷവൈദ്യനുമായിരുന്നു. ഒരു ദിവസം രാത്രിയിൽ അദ്ദേഹവും ഒരു വിഷവൈദ്യനും കൂടി ഒരു സ്ഥലത്തേക്കു പോയപ്പോൾ മധ്യേമാർഗ്ഗം ഒരാൾകൂടെ വന്നുകൂടി. അയാളുടെ തലയിൽ ഒരു പാത്രവും അതിൽ കുറച്ചു പായസവുമുണ്ടായിരുന്നു. മൂന്നുപേരും കൂടി കുറചുദൂരം പോയപ്പോൾ ആ പായസം തലയിൽ വച്ചുകൊണ്ടുപോയ ആളുടെ കാലിന്മേൽ ഒരു പാമ്പു കടിച്ചു. ഉടനെ അയാൾ, "അയ്യോ, ആശാനെ എന്റെ കാലിന്മേൽ ഏതാണ്ടു കടിച്ചുവലോ" എന്നു പറഞ്ഞു . അത് കേട്ടു നമ്പി, "ഓ, അതു സാരമില്ല. വിഷം ഇപ്പോൾ ഇറക്കിക്കളയാം" എന്നു പറഞ്ഞു അവിടെയിരുന്ന് ഒരു മന്ത്രം ജപിച്ചു വിഷമിറക്കിത്തുടങ്ങി. വിഷം സ്വല്പമിറങ്ങിയെങ്കിലും വീണ്ടും മേൽപ്പോട്ടു കേറിത്തുടങ്ങി. അപ്പോൾ വിഷബാധിതൻ, "അയ്യോ, ആശാനേ വിഷം മേൽപ്പോട്ടു കേറുകയാണെന്നാണല്ലോ തോന്നുന്നത്. ആദ്യം എന്റെ പാദത്തിന്മേലായിരുന്നു വേദന. അതിപ്പോൾ മുട്ടിന്മേലായിരിക്കുന്നു" എന്നു പറഞ്ഞു. ഇത് കേട്ടപ്പോൾ, കൂടെയുണ്ടായിരുന്ന വിഷവൈദ്യൻ തന്നെ പരീക്ഷിക്കാനോ അപമാനിക്കാനോ ആയിട്ട് എന്തോ കശൗലം പ്രയോഗിക്കുന്നുണ്ടെന്നു നമ്പി തീർച്ചയാക്കി. "എന്നാൽ മേല്പോട്ടുതന്നെ കേറട്ടെ" എന്ന് അദ്ദേഹം നിശ്ചയിക്കുകയും ചെയ്തു. വിഷം മുറയ്ക്ക് മേൽപ്പോട്ടു കേറിക്കൊണ്ടിരുന്നു. "ഇപ്പോൾ വേദനയെവിടെയാണ്, ഇപ്പോൾ എവിടെയാണ്" എന്നിങ്ങനെ നമ്പി കൂടെക്കുടെ ചോദിച്ചുകൊണ്ടും സർപ്പദഷ്ടനായ ആൾ, "ഇപ്പോൾ വയറ്റിൽ, ഇപ്പോൾ നഞ്ചിൽ, ഇപ്പോൾ നെറ്റിയിൽ" എന്നിങ്ങനെ പറഞ്ഞുകൊണ്ടുമിരുന്നു. ഒടുക്കം ദഷ്ടൻ, "ഇപ്പോൾ വേദന ഉച്ചി(നിറുക)യിലായിരിക്കുന്നു" എന്നു പറഞ്ഞപ്പോൾ നമ്പി "എന്നാൽ തലയിലിരിക്കുന്നതു ദൂരെക്കളഞ്ഞേക്കൂ" എന്നു പറഞ്ഞു. ദഷ്ടൻ തലയിലിരുന്ന പായസം ദൂരെ കളയുകയും ചെയ്തു. അപ്പോൾ നമ്പി, "ഇപ്പോൾ എവിടെയെങ്കിലും വേദന തോന്നുന്നുണ്ടോ" എന്നു ചോദിചു. "ഇല്ല സുഖമായി" എന്നു ദഷ്ടൻ പറഞ്ഞു. ഉടനെ നമ്പി, "എന്നാൽ പോയ്ക്കൊള്ളൂ. ഇനി ഭയപ്പെടാനൊന്നുമില്ല. വിഷമിറങ്ങി പ്പോയി" എന്നു പറയുകയും ദഷ്ടൻ അവിടെനിന്നു പോവുകയും ചെയ്തു. അപ്പോൾ ആ വിഷവൈദ്യൻ നമ്പിയോട്, "തലയിലിരുന്നതു ദൂരെക്കളയാൻ പറഞ്ഞതെന്തിനാണ്" എന്നു ചോദിച്ചു.
നമ്പി: വിഷം ശിരസ്സിലായി എന്നറിഞ്ഞപ്പോൾ ഞാനത് അവിടെനിന്ന് ആകർഷിച്ച് ആ പായസത്തിലാക്കി. പിന്നെ ആ പായസം ആരെങ്കിലും ഭക്ഷിച്ചാൽ മരിച്ചു പോകുമല്ലോ. അതുകൊണ്ടാണ് അതു ദൂരെക്കളഞ്ഞേക്കാൻ പറഞ്ഞത്.
വൈദ്യൻ: അതു ഞാൻ വിചാരിച്ചില്ല. വിഷം ശിരസ്സിൽ കയറിയാൽ പിന്നെ ഇറക്കാൻ സാധിക്കയില്ലല്ലോ, ദഷ്ടൻ മരിക്കുകയും ചെയ്യും എന്നായിരുന്നു എന്റെ വിചാരം.
നമ്പി: ഒന്നു വിചാരിച്ചാൽ അവസാനംവരെ വിചാരിക്കുകയും ഒന്നും ചെയ്താൽ അവസാനംവരെ ചെയ്യുകയും ചെയ്യാത്തവരെയാണ് ജനങ്ങൾ മുറിവൈദ്യന്മാർ' എന്നു പറയുന്നത്.
ഇതു കേട്ടു വിഷവൈദ്യൻ ഏറ്റവും ലജ്ജിക്കുകയും, "എല്ലാംകൊണ്ടും ആശാനോടു മടക്കംതന്നെ. ശിരസ്സിൽക്കയറിയ വിഷം അവിടെനിന്ന് ആകർഷിച്ചെടുത്തുകളയുക എന്നൊരു വിദ്യയുണ്ടെന്നു ഞാനിതുവരെ അറിയുകയും വിചാരിക്കുകയും ചെയ്തിരുന്നില്ല" എന്നു പറയുകയും ചെയ്തിട്ടു പോയി.
തേവലശ്ശേരി നമ്പിയുടെ ഗൃഹത്തിനു സമീപംതന്നെ ഒരു പോറ്റിയുടെ മഠത്തിൽ ഒരു പുത്തൻ തിരുവാതിരയ്ക്ക് (വേളി കഴിച്ചു വച്ചിട്ട് ആദ്യത്തെ ധനുമാസത്തിൽ തിരുവാതിരയ്ക്ക് സ്വജനങ്ങളുടെ മഠങ്ങളിൽനിന്നും ദേശക്കാരുടെ വീടുകളിൽനിന്നും സ്ത്രീകളാരും പോകരുതെന്നു വേറൊരു പോറ്റി വിരോധിച്ചു. അദ്ദേഹം ഒരു പ്രബലനായിരുന്നതിനാൽ അത് എല്ലാവരും സമ്മതിക്കുകയും ചെയ്തു. പുത്തൻ തിരുവാതിരയ്ക്ക് സ്ത്രീകൾ ധാരാളമായി കൂടുകയും തിരുവാതിര കളിക്കുകയുമാണല്ലോ പ്രധാനമായിട്ടു വേണ്ടത്. അതിനു സ്ത്രീകളാരും ചെല്ലുകയില്ലെന്നറിഞ്ഞപ്പോൾ പുത്തൻതിരുവാതിര നടത്തേണ്ടുന്ന മഠത്തിലെ പോറ്റിമാർക്കും അന്തർജ്ജനങ്ങൾക്കും വലിയ കുണ്ഠിതമായി. ഈ വിരോധിച്ച പോറ്റി അടിയന്തിരക്കാരൻപോറ്റിയുടെ ഒരു ചാർച്ചക്കാരനായിരിക്കുന്നു. ഈ അടിയന്തിരക്കാരൻ തിരുവാതിര ഏതെല്ലാം പ്രകാരമാണ് ആഘോഷിക്കേണ്ടതെന്ന് ആ ചാർച്ചക്കാരനുമായി ആലോചിക്കാതെയാണ് നിശ്ചയിച്ചത്. അത് ചാർച്ചക്കാരൻ പോറ്റിക്കു രസിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹം എല്ലാവരെയും വിരോധിച്ചത്. എന്നാൽ ഈ അടിയന്തിരക്കാരൻ പോറ്റി ചെന്നു മറ്റേ പോറ്റിയോട് ഒന്നു പറഞ്ഞാൽ എല്ലാവരെയും പറഞ്ഞയച്ചേക്കാം എന്ന് അദ്ദേഹത്തിനു സമ്മതമുണ്ടായിരുന്നു. എങ്കിലും അത് അടിയന്തിരക്കാരൻ പോറ്റിക്കു സമ്മതമായില്ല. "എന്തെല്ലാം ദോഷങ്ങൾ വന്നാലും അയാളെ ചെന്ന് ആശ്രയിക്കാൻ കഴികയില്ല" എന്നായിരുന്നു അടിയന്തിരക്കാരന്റെ വിചാരം. അതിനാൽ അദ്ദേഹം തേവലശ്ശേരി നമ്പിയുടെ അടുക്കൽ ചെന്നു വിവരമെല്ലാം ഗ്രഹിപ്പിക്കുകയും ഇതിലേക്ക് എന്തെങ്കിലും നിവൃത്തിയുണ്ടാക്കിക്കൊടുക്കണെമെന്ന് അപേക്ഷിക്കുകയും ചെയ്തു. അതു കേട്ടു നമ്പി, "ആട്ടെ പൊയ്ക്കൊള്ളു. കളി തുടങ്ങാനുള്ള സമയമാകുമ്പോൾ കളിക്കു വേണ്ടുന്നവരെല്ലാം അവിടെയുണ്ടായിരിക്കും"എന്നു പറഞ്ഞ് അദ്ദേഹത്തെ സമാധാനപ്പെടുത്തിയയച്ചു. നമ്പി പറഞ്ഞതുപോലെതന്നെ കളി തുടങ്ങാനുള്ള സമയമായപ്പോഴേക്കും ആ ദിക്കിലുണ്ടായിരുന്ന അന്തർജനങ്ങളും ദേശക്കാരുടെ വീടുകളിലെ സ്ത്രീജനങ്ങളും എല്ലാം അവിടെയെത്തുകയും ഉടനെ തിരുവാതിരകളി തുടങ്ങുകയും ചെയ്തു. പാട്ടുകേട്ട് അവിടെ അടുത്തുള്ള ഒരു മഠത്തിലെ ഒരു പോറ്റി അവിടെ ചെന്നു നോക്കിയപ്പോൾ ആ ദിക്കിലുള്ള സ്ത്രീജനങ്ങളെല്ലാം അവിടെ കളിക്കുന്നതായി കണ്ടു. എന്നുമാത്രമല്ല, കളിയിൽ പ്രാധാന്യം വഹിച്ചിരുന്നത് ആരും പോകരുതെന്നു വിരോധിച്ച പോറ്റിയുടെ അന്തർജ്ജനവുമായിരുന്നു. ഇതുകണ്ട്, ആ പോറ്റി ആ വിരോധിച്ച പോറ്റിയുടെ മഠത്തിലെത്തി അദ്ദേഹത്തെ കണ്ട്, "ഹേ, അങ്ങു നല്ല ചതിവാണല്ലോ പറ്റിച്ചത്. പുത്തൻതിരുവാതിരയ്ക്ക് ആരും പോകരുതെന്ന് അങ്ങു പറഞ്ഞതനുസരിച്ചാണല്ലോ ഞങ്ങളുടെ മഠത്തിൽനിന്ന് അന്തർജ്ജനങ്ങളാരും പോകാതിരിക്കുന്നത്. ഇവിടെനിന്നു അന്തർജ്ജനങ്ങളെയൊക്കെ പറഞ്ഞയയ്ക്കുകയും ചെയ്തു. ആ മഠക്കാർക്കു ഞങ്ങളോടു വെറുതേ വിരോധമുണ്ടാക്കിത്തീർക്കാനല്ലേ അങ്ങ് ഈ വിദ്യ പ്രയോഗിച്ചത്? ഇതൊട്ടും മര്യാദയായില്ല" എന്നും മറ്റും പറഞ്ഞു. അപ്പോൾ ആ മഠത്തിലെ അന്തർജ്ജനങ്ങളെല്ലാവരും അവിടെത്തന്നെ ഉണ്ടായിരുന്നതിനാൽ ആ പോറ്റി, "താനെന്താണ് അസംബന്ധം പറയുന്നത്" ഇവിടെയുള്ളവരൊക്കെ ഇവിടെത്തന്നെയുണ്ട്. അവരാരും എങ്ങുംപോയിട്ടില്ല" എന്നു പറഞ്ഞു. "അസംബന്ധമല്ല ഹേ ഇവിടുത്തെ അന്തർജ്ജനം അവിടെ തിരുവാതിര കളിക്കുന്നതു സത്യമായിട്ട് എന്റെ കണ്ണുകൊണ്ട് ഞാൻകണ്ടതാണ്" എന്നു മറ്റേ പോറ്റി പറഞ്ഞു. അപ്പോൾ ആ മഠത്തിലെ പോറ്റി താനറിയാതെ അന്തർജ്ജനങ്ങൾ പുത്തൻ തിരുവാതിര സ്ഥലത്തു പോവുകയും ക്ഷണത്തിൽ തിരികെ പോരുകയും ചെയ്തതായിരിക്കുമോ എന്നു സംശയിച്ച് അന്തർജ്ജനങ്ങളോടു ചോദിച്ചിട്ട് അവരാരും അന്നേദിവസം മഠത്തിൽനിന്നു പുറത്തിറങ്ങിയിട്ടില്ലെന്നു സത്യം ചെയ്തു പറഞ്ഞു. ആകെപ്പാടെ പോറ്റിമാർക്കു വലിയ സംശയമായിത്തീർന്നു. "എന്നാൽ നമുക്ക ആ തിരുവാതിരക്കളി നടക്കുന്ന സ്ഥലത്തുപോയി അന്വേഷിക്കാം" എന്നു പറഞ്ഞു പോറ്റിമാർ രണ്ടുപേരും കൂടി അങ്ങോട്ടുപോയി. അവിടെച്ചെന്നു നോക്കിയപ്പോൾ രണ്ടുപേരുടെ അന്തർജ്ജനങ്ങളും അവിടെ തിരുവാതിര കളിക്കുന്നുണ്ടായിരുന്നു. അവർ തിരിയ അവരുടെ മഠത്തിൽ ചെന്നപ്പോൾ അവരുടെ അന്തർജ്ജനങ്ങൾ എങ്ങും പോയിരുന്നില്ല. ആ രണ്ടു സ്ഥലത്തുമുണ്ടായിരുന്നു. ആ പോറ്റിമാർ പിന്നെ മറ്റു മഠങ്ങളിലും വീടുകളിലും പോയി അന്വേഷിച്ചു. ആരും എങ്ങും പോയിരുന്നില്ല. എല്ലാവരും അവരവരുടെ ഗൃഹങ്ങളിൽത്തന്നെ ഉണ്ടായിരുന്നു. വീണ്ടും പുത്തൻതിരുവാതിര സ്ഥലത്തു ചെന്നു നോക്കിയപ്പോൾ സ്വദേശത്തുള്ള സകല സ്ഥലങ്ങളിലെ അന്തർജ്ജനങ്ങളും മറ്റുള്ള സ്ത്രീജനങ്ങളും അവിടെ തിരുവാതിര കളിക്കുന്നതായിട്ടു കണ്ടു. ആകെപ്പാടെ ആ പോറ്റിമാർ അത്ഭുതപരവശന്മാരായിത്തീർന്നു. അവർ ഈ വിവരം ആ ദിക്കിലുള്ള മറ്റു ജനങ്ങളെയും അറിയിച്ചു. എല്ലാവരും അവരവരുടെ ഗൃഹങ്ങളിലുള്ള സ്ത്രീകൾ അവരവരുടെ ഗൃഹങ്ങളിലും തിരുവാതിരകളി സ്ഥലത്തും സ്ഥിതിചെയ്യുന്നതായി കണ്ടു വിസ്മയിച്ചു. ഒടുക്കം ഇതു തേവലശ്ശേരിനമ്പി തന്റെ ഇന്ദ്രജാലവിദ്യകൊണ്ടു ജനങ്ങളെ ഭ്രമിപ്പിക്കുന്നതാണെന്നറിഞ്ഞ് എല്ലാവരും സമാധാനപ്പെട്ടു.
ഒരിക്കൽ വിടനും രസികനുമായ ഒരു നമ്പൂരി തേവലശ്ശേരി നമ്പിയോട്, "യക്ഷികളുടെ ധ്യാനം പലവിധത്തിൽ കാണുന്നുണ്ട്. ആ ധ്യാനപ്രകാരം അവരെ കാണാൻ സാധിക്കുമോ? എന്നു ചോദിച്ചു.
നമ്പി: യക്ഷികളെ കാണാൻ സാധിക്കും. അവരുടെ സൗന്ദര്യം കണ്ടു ഭ്രമിച്ചാൽ അപകടമായിത്തീരുകയും ചെയ്യും.
നമ്പൂരി: എനിക്ക് അങ്ങനെയൊരു ഭ്രമവും മറ്റുമുണ്ടാകുകയില്ല. സാധിക്കുമെങ്കിൽ ഒരു യക്ഷിയെ കാണിച്ചുതന്നാൽ കൊള്ളാം.
നമ്പി: ഒന്നെന്നു വെയ്ക്കണ്ട, ധാരാളം കാണിച്ചുതരാം. ഇന്നു പത്തുനാഴിക ഇരുട്ടുമ്പോൾ കാണാം, പ്രതീക്ഷിച്ചിരുന്നുകൊള്ളുക. അപകടത്തിൽ ചാടാതെ പ്രത്യേകം സൂക്ഷിചുകൊള്ളണം.
നമ്പൂരി അത്താഴം കഴിഞ്ഞു ശയനഗൃഹത്തിലെത്തി കാത്തിരുന്നു. ഏകദേശം പത്തുനാഴിക രാത്രിയായപ്പോൾ ചില സുരഭിലകുസുകങ്ങളുടെയും കളഭം, കസ്തൂരി മുതലായവയുടെയും സരൗഭ്യം വരുന്നതായി നമ്പൂരിക്കു തോന്നി. ഉടനെ സർവാംഗ സുന്ദരിയും നവയവൗന യുക്തയുമായ ഒരു സ്ത്രീ വാതിൽ തുറന്നു മുറിക്കത്തേക്കു കടന്നു വരുന്നത് അദ്ദേഹം കണ്ടു. അപ്പോൾതന്നെ അദ്ദേഹം കാമപരവശനായിത്തീർന്നു. സ്വല്പം കഴിഞ്ഞപ്പോൾ ലാവണ്യസമ്പൂർണ്ണകളായ അനേകം യുവതികൾ പിന്നാലെ പിന്നാലെയായി അവിടെ ചെന്നു കയറി നമ്പൂരി ഇരുന്നിരുന്ന കട്ടിലിനു ചുറ്റും ചെന്നു നിൽപ്പായി. അദ്ദേഹം വല്ലാതെ കുഴങ്ങി. എന്താണ് ചെയ്യേണ്ടതെന്നറിയാതെ വിഷമിച്ചു. ഒടുക്കം അദ്ദേഹം വളരെ പ്രയാസപ്പെട്ട്, ആദ്യം വന്ന സ്ത്രീയോട്, "ഇവരൊക്കെ എന്തിനാണ് വന്നത്? ഇത്ര വളരെ ആളുകൾ ഇവിടെ ആവശ്യമില്ല. ഇവിടെ നീ മാത്രം മതി. മറ്റവരെയൊക്കെ പറഞ്ഞയയ്ക്കുക" എന്നു പറഞ്ഞു. നമ്പൂരി ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും പിന്നാലെ വന്ന സ്ത്രീകളെല്ലാം അദൃശ്യകളായിത്തീർന്നു. ആദ്യം വന്ന സ്ത്രീ മാത്രം പിന്നെയും അവിടെത്തന്നെ നിന്നുരുന്നു. അപ്പോൾ നമ്പൂരി, "ഈ കട്ടിലിൽ ഇരിക്കുക" എന്നു പറഞ്ഞ് ആ സ്ത്രീയെ പിടിച്ചിരുത്താനായി കൈ നീട്ടി. ആ സമയം ആ സ്ത്രീയുടെ മുഖഭാവം പെട്ടെന്നു മാറുകയും അവൾ അതിഭയങ്കരാകൃതിയായിത്തീരുകയും ഉറക്കെ അട്ടഹസിച്ചുകൊണ്ട് കൈനിവർത്തി നമ്പൂരിയുടെ ചെകിടത്ത് ഒരു അടിവച്ചു കൊടുത്തിട്ട് അവിടെനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. നമ്പൂരി അടികൊണ്ട ക്ഷണത്തിൽ ബോധരഹിതനായി നിലത്തുവീണു. നേരത്തോടുനേരം കഴിഞ്ഞിട്ടേ അദ്ദേഹത്തിനു ബോധം വീണുള്ളു. ബോധം വീണ് എഴുന്നേറ്റപ്പോൾ അദ്ദേഹത്തിന്റെ വായിൽ പല്ലൊന്നുമുണ്ടായിരുന്നില്ല. പല്ലെല്ലാം നിലത്തു കിടന്നിരുന്നു. എന്നാൽ രക്തം ഒരു തുള്ളിപോലും പോയിരുന്നില്ല. ബോധം വീണു കുറച്ചു കഴിഞ്ഞപ്പോഴാണ് നമ്പി പറഞ്ഞിരുന്നതു നമ്പൂരീ ഓർത്തത്. ആ സ്ത്രീകളെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ ബുദ്ധി വല്ലാതെ ഭ്രമിച്ചുപോയതിനാൽ നമ്പി പറഞ്ഞി രുന്നതും മറ്റും അദ്ദേഹം ഓർത്തില്ല. "പ്രായസ്സമാപന്നവിപത്തികാലേ ധിയോപി പുംസാം മലിനാ ഭവന്തി" എന്നുണ്ടല്ലോ.
ഒരിക്കൽ മണ്ണടിക്കാവിൽഭഗവതിയുടെ സങ്കേതത്തിലുൾപ്പെട്ട ഒരു ഗൃഹത്തിൽ ഒരു സ്ത്രീക്കു ചില ബാധോപദ്രവങ്ങൾ ഉണ്ടായിത്തീർന്നു. ഈ ഉപദ്രവങ്ങൾ നിമിത്തം ഗർഭം ധരിക്കാതെയും ഈ സ്ത്രീ പ്രസവിച്ചിട്ടല്ലാതെ ആ ഗൃഹത്തിൽ സന്താനമുണ്ടാകുന്നതിനു വേറെ മാർഗ്ഗം ഇല്ലാതെയും ഇരുന്നു. ആ സങ്കേതത്തിൽ ഉൾപ്പെട്ട സ്ഥലങ്ങളിൽ എവിടെയെങ്കിലും ആർക്കെങ്കിലും ബാധോപദ്രവങ്ങളുണ്ടായാൽ കാവിൽ ചെന്നു ഭഗവതിയെ ഭജിച്ചു പാർക്കുകയും കാമ്പിത്താൻ തുള്ളി ഭസ്മമിട്ടു ബാധകളെ ഒഴിക്കുകയുമല്ലാതെ അവിടെ ആരും മന്ത്രവാദികളെക്കൊണ്ടു ഒന്നു ചെയ്യിക്കുകയും മന്ത്രവാദികൾ അവിടെ ചെന്ന് എന്തെങ്കിലും ചെയ്യുകയും പതിവില്ല. അതിനാൽ മേൽപറഞ്ഞ വീട്ടുകാർ ഈ സ്ത്രീയെ കീഴ്മര്യാദപ്രകാരം കാവിൽക്കൊണ്ടുചെന്നു ഭജനമിരുത്തി. പന്ത്രണ്ടു ദിവസത്തെ ഭജനം കഴിഞ്ഞപ്പോൾ കാമ്പിത്താൻ തുള്ളിഭസ്മമിട്ട് ഓരോ ബാധകളെ പ്രത്യേകം പ്രത്യേകം സത്യം ചെയിച്ച് ഒഴിച്ചു. ഒടുക്കം ഒരു ബാധ മാത്രം ശേഷിച്ചു. അതൊരു ഗന്ധർവ്വനായിരുന്നു. കാമ്പിത്താൻ വളരെ ശ്രമിച്ചിട്ടും ആ ഗന്ധർവൻ ഒഴിഞ്ഞുപോയില്ല. ഒടുക്കം ആ സ്ത്രീ തുള്ളി, "ഞാനൊരു ഗന്ധർവ്വനാണ്. ഞാൻഈ ദേഹവും കൊണ്ടല്ലാതെ ഒഴിഞ്ഞുപോവുകയില്ല. എന്നെ ഒഴിച്ചുവിടാനായി ആരും ശ്രമിക്കേണ്ടാ. തേവലശ്ശേരി നമ്പി വന്നാലും എന്നെ ഒഴിച്ചുവിടാൻ സാധിക്കയില്ല" എന്നു പറഞ്ഞു. അപ്പോൾ തുള്ളികൊണ്ടു നിന്ന കാമ്പിത്താൻ, "എന്നാൽ തേവലശ്ശേരിയിൽത്തന്നെ കൊണ്ടു പോകണം. നമ്പി ഈ ഗന്ധർവനെ ഒഴിച്ചുവിടും" എന്നു കൽപ്പിച്ചു. ആ സ്ത്രീയുടെ വീട്ടുകാർ ആ വിവരം നമ്പിയെ അറിയിച്ചപ്പോൾ, " ആ സ്ത്രീയെ ഇവിടെ കൊണ്ടുവരേണ്ടാ. ഇവിടെവച്ചു ഗന്ധർവനെ ഒഴിക്കുന്ന കാര്യം അസാധ്യമാണ്, വേണമെങ്കിൽ ഞാനവിടെ വന്നു ശ്രമിച്ചുനോക്കാം" എന്നാണ് നമ്പി പറഞ്ഞത്. അപ്പോൾ ആ വീട്ടുകാർക്കു വലിയ സംശയമായി. മണ്ണടികാവിൽ ഭഗവതിയുടെ സങ്കേതത്തിൽവെച്ച് ആരെക്കൊണ്ടും മന്ത്രവാദം ചെയ്യിക്കാറില്ലല്ലോ. ആ സ്ഥിതിക്കു നമ്പിയെ അവിടെക്കൊണ്ടുപോയി മന്ത്രവാദം ചെയ്യിക്കുന്നതു ഭഗവതിക്കു ഹിതമാകുമോ എന്നായിരുന്നു അവരുടെ സംശയം. ഇതിനെക്കുറിച്ചു കൽപ്പന കേൾക്കുന്നതിനായി അവർ കാവിൽചെന്നു മുട്ടുപാടിരുന്നു. അപ്പോൾ കാമ്പിത്താൻ തുള്ളി, "എന്റെ സങ്കേതത്തിൽവച്ചു തേവലശ്ശേരി എന്തുചെയ്യുന്നതും എനിക്കു സമ്മതവും സന്തോഷവുമാണ്. മറ്റൊരു മന്ത്രവാദി ഇവിടെ വന്ന് ഒന്നും ചെയ്യാൻ പാടില്ലെന്നുമാത്രമേ എനിക്കു നിർബന്ധമുള്ളു" എന്നു കല്പിച്ചു. ആ വീട്ടുകാർ ഈ വിവരവും നമ്പിയെ അറിയിച്ചു. അപ്പോൾ അദ്ദേഹം ഒരു ചാർത്തെഴുതിക്കൊടുക്കുകയും ദിവസം നിശ്ചയിച്ചു പറഞ്ഞയയ്ക്കുകയും ചെയ്തു. വീട്ടുകാർ ചാർത്തിൻപ്രകാരമുള്ള ഉപകരണങ്ങളെല്ലാം ശേഖരിച്ചുവച്ചു. നിശ്ചിത ദിവസം വെളുപ്പാൻകാലത്തു നമ്പി അവിടെയെത്തി. പ്രായാധിക്യം കൊണ്ടു നടക്കാൻ പ്രയാസമായിരുന്നതിനാൽ മണികണ്ഠന്റെ കഴുത്തിൽ കയറിയാണ് അദ്ദേഹം അവിടെ എത്തിയത്. ചെന്നയുടനെ കുളിയും നിത്യകർമ്മാനുഷ്ഠാനാദികളും കഴിച്ചു നമ്പി കാവിലെത്തി ഭഗവതിയെ സേവിച്ചുകൊണ്ട് അവിടെയിരുന്നു. അന്നു പകലും രാത്രിയും മുഴുവൻ ക്ഷേത്രാപവാസമായി അവിടെത്തന്നെ ഇരുന്നതേയുള്ളു. അന്നു ജലപാനംപോലും അദ്ദേഹം കഴിച്ചില്ല. ഭഗവതിക്കു വഴിപാടായി ഒരു കൂട്ടുപായസനിവേദ്യവും പുഷ്പാഞ്ജലിയും നടത്തിക്കുകയും ചെയ്തു.
പിറ്റേദിവസം വെളുപ്പാൻകാലത്തെ കുളിയും നിത്യകർമ്മാദികളും കഴിച്ചു നമ്പി മന്ത്രവാദത്തിനു നിശ്ചയിച്ചിരുന്ന സ്ഥലത്തെത്തി. ആ വീട്ടുകാരുടെ വക ഒരു മഠത്തിൽവച്ചാണ് മന്ത്രവാദം നടത്താൻ നിശ്ചയിച്ചിരുന്നത്. നമ്പി അവിടെ ചെന്നയുടനെ ഒരു ത്രികാലപൂജയ്ക്കു പത്മമിട്ടു വിളക്കുവച്ചു. പൂജ ആരംഭിക്കുകയും അഷ്ടദ്രവ്യം കൂട്ടി ഒരു ഗണപതിഹോമം കഴിക്കുകയും ചെയ്തു. ഉചപ്പൂജയായപ്പോൾ ആ സ്ത്രീ തുള്ളി, "എന്നെ ഒഴിച്ചുവിടാനായി ശ്രമിക്കരുത്. ഞാൻഈ ശരീരത്തോടു കൂടിയല്ലാതെ ഒഴിഞ്ഞുപോവുകയില്ല. അങ്ങനെയല്ലാതെ എന്നെ ഒഴിച്ചാൽ ഞാൻശപിക്കും" എന്നു മറ്റും പറഞ്ഞുതുടങ്ങി. നമ്പി അതൊന്നും കേട്ടതായി ഭാവിക്കപോലും ചെയ്തില്ല. ഉചപൂജയും പുഷ്പാഞ്ജലിയും കഴിഞ്ഞപ്പോൾ നമ്പി വീട്ടുകാരോട്, "വൈകുന്നേരത്തെ പൂജയ്ക്ക് നിവേദ്യത്തിനു മുപ്പത്താറിടങ്ങഴിപ്പാലും മുപ്പത്താറു പലം പഞ്ചസാരയും കൂടി വേണം" എന്നു പറഞ്ഞു. അപ്പോൾ വീട്ടുകാർ, "അതൊക്കെ ഉണ്ടാക്കം. അവിടുന്ന് ഊണു കഴിക്കണം. ഇന്നലെത്തന്നെ ആഹാരമൊന്നും കഴിച്ചിട്ടില്ലല്ലോ. ഭക്ഷണത്തിനു വേണ്ടതെലാം ബ്രാഹ്മണരെക്കൊണ്ടു തയ്യാറാക്കിച്ചിട്ടുണ്ട്. അവിടുന്ന് ഈ വയസ്സുകാലത്ത് ഇവിടെ വന്നു പട്ടിണി കിടക്കുന്നതു ഞങ്ങൾക്കു വലിയ സങ്കടമാണ്" എന്നു പറഞ്ഞു. നമ്പി അതിന്, "ഞാൻ ഉണ്ണാനായിട്ടല്ലല്ലോ ഇവിടെ വന്നിരിക്കുന്നത്. നിങ്ങൾ എന്നെ വരുത്തുകയും ഞാനിവിടെ വരുകയും ചെയ്തിരിക്കുന്നതിന്റെ ഉദ്ദേശ്യം സാധിച്ചല്ലാതെ ഞാൻ ഊണു കഴിക്കയില" എന്നാണ് മറുപടി പറഞ്ഞത്. അദ്ദേഹം ആഹാരമൊന്നും കഴിക്കാതെ തന്നെ ജപിച്ചുകൊണ്ടിരുന്നു. നേരം വൈകിയപ്പോൾ നമ്പി പോയിക്കുളിച്ചു. സന്ധ്യാവന്ദനാദികളെല്ലാം കഴിച്ചു വന്നു. പൂജയ്ക്കു ആദ്യം നിശ്ചയിച്ചിരുന്ന നിവേദ്യങ്ങളും മൂപ്പത്താറിടങ്ങഴി പാൽകാച്ചി പഞ്ചസാരയിട്ട് അതും തയ്യാറാക്കിവച്ചു. പൂജയ്ക്കു വിളക്കു വച്ചിരുന്ന മുറിയുടെ വാതിൽക്കൽ പുറത്തായി ഉമിച്ചാരംകൊണ്ടു ഒരു ചക്രം വരച്ച് അതിൽ പിണിയാളെ (ബാധോപദ്രവ മുള്ള സ്ത്രീയെ) ഇരുത്തീട്ട് അദ്ദേഹം മുറിക്കകത്തു കയറി വാതിലടച്ചി രുന്നു പൂജ തുടങ്ങി. ഏകദേശം ഏഴര നാഴികയിരുട്ടിയപ്പോഴേക്കും പൂജയും പുഷ്പാഞ്ജലിയും കഴിഞ്ഞു നമ്പി മുറിയുടെ വാതിൽ തുറന്നു. ഉടനെ അദ്ദേഹം കുറെ തീർത്ഥവും പ്രസാദവും അക്ഷതവുംകൂടിയെടുത്തു ഭയങ്കരമായ ഒരു ഹുങ്കാരത്തോടുകൂടി പിണിയാളുടെ മുഖത്തെക്കെറിഞ്ഞു. ഉടനെ പിണിയാൾ തുള്ളിത്തുടങ്ങി. അപ്പോഴേക്കും കാവിൽനിന്നു കാമ്പിത്താനും തുള്ളിക്കൊണ്ട് അവിടെയെത്തി. പിണിയാൾ (ഗന്ധർവൻ) അപ്പോൾ, "അയ്യോ എനിക്കു ദാഹിക്കുന്നു" എന്നു പറഞ്ഞു. നമ്പി, കാച്ചി പഞ്ചസാരയിട്ടുവച്ചിരുന്ന പാലെടുത്തു പിണിയാളുടെ അടുക്കൽ വച്ചുകൊടുത്തു. പിണിയാൾ ആ മുപ്പത്താറിടങ്ങഴി പാൽ മുഴുവനും കുടിച്ചുകഴിഞ്ഞപ്പോൾ, "ഇപ്പോൾ ഇതുമതി, തൃപ്തിയായി, സന്തോഷമായി. എങ്കിലും ഞാൻഈ ദേഹത്തെ വിട്ടൊഴിഞ്ഞു പോവുകയില്ല. അതിനായിട്ടു നിർബന്ധിക്കുകയുമരുത്" എന്നു പറഞ്ഞു. അപ്പോൾ കാമ്പിത്താൻ, "എന്റെ നമ്പിയെ പരീക്ഷിക്കേണ്ടാ. ക്ഷണത്തിൽ ഈ ദേഹത്തിൽനിന്നു ഒഴിഞ്ഞുപോവുകയാണ് നല്ലത്. അലെങ്കിൽ നമ്പി ഉപദ്രവിക്കും. ഒടുക്കം സന്താപത്തോടും അപമാനത്തോടും കൂടി പോകേണ്ടതായി വരും. ഇപ്പോളാണെങ്കിൽ സന്തോഷത്തോടും ബഹുമാനത്തോടുംകൂടി പോകാം" എന്നു കൽപ്പിചു. ഉടനെ പിണിയാൾ (ഗന്ധർവൻ) "നമ്പി അത്ര യോഗ്യനോ?" എന്നാൽ അതൊന്നറിയണമല്ലോ" എന്നു പറഞ്ഞിട്ടു മന്ത്രസാരം, യന്ത്രസാരം, പ്രയോഗസാരം, പ്രപഞ്ചസാരം മുതലായവയിലുള്ള ചില ഗൂടന്മാർത്ഥങ്ങളെപ്പറ്റി നമ്പിയോടു ചോദ്യം തുടങ്ങി. ഗന്ധർവന്റെ ചോദ്യങ്ങൾക്കെല്ലാം നമ്പി ശരിയായിട്ടുത്തരം പറഞ്ഞു. അപ്പോൾ ഗന്ധർവൻ, "ഇത്രയും പഠിപ്പും മറ്റു യോഗ്യതകളും തികഞ്ഞ ഒരു മന്ത്രവാദി ഒരഞ്ഞൂറു സംവൽസരത്തിനിപ്പുറം ഭൂലോകത്തിലുണ്ടായിട്ടില്ലെന്നുള്ളതിനു സംശയമില്ല. ഇപ്രകാരം യോഗ്യനായിരിക്കുന്ന ഇദ്ദേഹവുമായി പിണങ്ങേണ്ടതായിവന്നിരിക്കന്നതിൽ എനിക്കു വളരെ മനസ്താപമുണ്ട്. അതിനാൽ ഇദ്ദേഹം എന്നെ ഉപദ്രവിച്ചോടിക്കാനുദ്യമിക്കാതെ മടങ്ങിപ്പോവുകായാണു വേണ്ടത്. അഥവാ എന്നെ ഉപദ്രവിക്കാൻതന്നെ ഭാവിക്കുകയാണെങ്കിൽ ഞാൻശപിക്കും. ഈ ദേഹത്തെവിട്ടു ഞാൻപോകുകയുമില്ല" എന്നു പറഞ്ഞതിന്റെ ശേഷം കർണ്ണാനന്ദകരമാകും വണ്ണം ചില ദിവ്യരാഗങ്ങൾ ആലപിക്കുകയും മനോഹരങ്ങളായ ചില ഗീതങ്ങൾ പാടുകയും ഇടയ്ക്കിടെ പുഞ്ചിരിയിടുകയും മറ്റും ചെയ്തു തുടങ്ങി.
നമ്പി: ഈവക വിദ്യകൾ കൊണ്ടു വിരണ്ടുപോകുന്നവനല്ല ഞാൻ. എനിക്കു ശാപത്തെക്കുറിച്ചും മറ്റും ലേശംപോലും ഭയമില്ല. ഈശ്വരവിധിപോലെയല്ലാതെ ഒന്നും വരുകയില്ലെന്നു എനിക്കു നല്ല നിശ്ചയമുണ്ട്. എന്റെ ശിരസ്സിലെഴുത്തിനെ മാറ്റാൻ ഇനി ആരു വിചാരിച്ചാലും സാധിക്കുകയില്ലല്ലോ. അതിനാൽ വേഗത്തിൽ ഈ ദേഹത്തെ വിട്ടു പൊയ്ക്കൊള്ളുകയാണു നലത്. മനസ്സോടുകൂടി പോകാത്ത പക്ഷം ഞാനയയ്ക്കും.
ഗന്ധർവൻ: അയ്യോ ഇതു സങ്കടമാണ്. ഞാൻപോകണെമെന്നു നിർബന്ധമാണെങ്കിൽ ഒരു മൂന്നു സംവൽസരത്തെ അവധി എനിക്കുതരണം. മൂന്നു സംവൽസരം കഴിഞ്ഞാൽ ഈ ദേഹം വിട്ട് ഞാൻ പൊയ്ക്കൊള്ളാം; അതിനനുവദിക്കണം.
നമ്പി: അനുവദിക്കയില്ല; മൂന്നു സംവൽസരമെന്നല്ല, മൂന്നു നാഴികപോലും ഇനി ഈ ദേഹത്തിലിരിക്കാൻ പാടില്ല.എന്നു പറഞ്ഞു നമ്പി ഉമിചാരംകൊണ്ട് അവിടെ ഒരു ചക്രം വരചിട്ട് ഒരു ചൂരൽ വടിയെടുത്തു ജപിച്ച് ആ ചക്രത്തിൽ മൂന്നടി അടിച്ചു. അപ്പോൾ ഗന്ധർവൻ, "അയ്യോ ഞാൻപൊയ്ക്കൊള്ളാമേ. അങ്ങയുടെ മന്ത്രശക്തിയെ തടുക്കുന്നതിനു സഹിക്കുന്നതിനും ഞാൻശക്തനല്ല. നിർബന്ധപൂർവ്വം എന്നെ ഇങ്ങനെ ദണ്ഡിപ്പിച്ചയയ്ക്കുന്നതുകൊണ്ട് അങ്ങേക്കു സന്തതിയുണ്ടാവാതെ പോട്ടെ; അങ്ങയുടെ വംശം അങ്ങയുടെ കാലാവസാനത്തോടുകൂടി നശിച്ചു പോട്ടെ; എന്നു പറഞ്ഞു.
നമ്പി: ഈ ശാപം ഒരനുഗ്രഹമാണെന്നാണ് ഞാൻവിചാരിക്കുന്നത്. ഇതുവരെ ഞാൻവിവാഹം കഴിച്ചിട്ടില്ല. എനിക്കിപ്പോൾ വയസ്സ് എഴുപത്തഞ്ചായിരിക്കുന്നു. ഇതുവരെ നിത്യബ്രഹ്മചാരിയായി ജീവിച്ച ഞാൻഇനി വിവാഹം കഴിക്കണമെന്നോ സന്തതിയുണ്ടാകണമെന്നോ വിചാരിച്ചു എന്നു വരുന്നതല്ലല്ലോ. എന്റെ കുടുംബത്തിൽ ഇപ്പോൾ ഞാനല്ലാതെ ആരുമില്ലതാനും. അതിനാൽ വിചാരിച്ചിരിക്കാത്ത ആപത്തൊന്നും ഈ ശാപംകൊണ്ട് എനിക്കുണ്ടായിട്ടില്ല ഇനി സത്യം ചെയ്ത് ഒഴിഞ്ഞുപോയ്ക്കൊള്ളുക. പോകുന്നില്ലെങ്കിൽ ഇനിയും ഞാൻ ചില വിദ്യകൾ കൂടി പ്രയോഗിക്കും.
ഗന്ധർവൻ: അയ്യോ വേണ്ടാ, ഞാൻപൊയ്ക്കൊള്ളാം. ഞാൻ ഇതാ ഈ ദേഹത്തിൽനിന്നു വിട്ടുമാറുന്നു. ഇനി ഒരു കാലത്തും ഞാൻ ഈ ദേശത്തെയും ഈ കുടുംബത്തെയും ബാധിക്കുകയില്ലെന്നു മാത്രമല്ല, ഈ ദേശത്തു കടക്കുകപോലും ചെയ്കയില്ല ഇതു സത്യം, സത്യം, സത്യം.
സത്യം ചെയ്തുകഴിഞ്ഞതോടുകൂടി പിണിയാൾ പിന്നാക്കം മലർന്നുവീണു. ഉടനെ ആ ഗൃഹത്തിലുണ്ടായിരുന്ന പടിപ്പുരയും പുറത്തേക്കു മറിഞ്ഞുവീണു. അതു ഗന്ധർവൻ പോയ പോക്കിനു തട്ടിയിട്ടതാണെന്നുള്ളതു പറയേണ്ടതില്ലല്ലോ. ഗന്ധർവൻ പോയപ്പോൾ കാമ്പിത്താന്റെ തുള്ളലും നിന്നു. ആ വീട്ടുകാർ നമ്പിക്ക് ആയിരം പണം ദക്ഷിണയും മറ്റനേകം സമ്മാനങ്ങളും കൊടുത്തു. ആ പണം മുഴുവനും നമ്പി മണ്ണടിക്കാവിൽ ഭഗവതിക്കു വഴിപാടായി കാമ്പിത്താനെ ഏൽപ്പിച്ചുകൊടുത്തിട്ടു മണികണ്ഠന്റെ കഴുത്തിൽക്കയറി അപ്പോൾത്തന്നെ സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു. ഗന്ധർവൻ ബാധിച്ച സ്ത്രീക്കു ബാധ ഒഴിഞ്ഞതിന്റെ ശേഷം രണ്ടുമുന്നു ദിവസത്തേക്കു വലിയ ക്ഷീണമുണ്ടായിരുന്നു. ക്രമേണ അതു ഭേദമാവുകയും ആ സ്ത്രീ ഗർഭം ധരിച്ചു പ്രസവിച്ചു കാലക്രമേണ ആ ഗൃഹത്തിൽ ധാരാളം സന്തതികളുണ്ടാവുകയും ചെയ്തു. നമ്പിയുടെ കാലം കഴിയുന്നതുവരെ ആ വീട്ടുകാർ അദ്ദേഹത്തെ ഈശ്വരനിർവിശേഷമായി ബഹുമാനിച്ചുകൊണ്ടിരുന്നു.
തേവലശ്ശേരി നമ്പുയോടു മൽസരിച്ചു ജയിക്കാനായി അനേകം മന്ത്രവാദികൾ ഉദ്യമിച്ചിട്ടുണ്ട്. അവരെല്ലാവരും തോറ്റ് ഒടുക്കം അദ്ദേഹത്തിന്റെ ശിഷ്യന്മാരായിത്തീരുകയാണ് ചെയ്തിട്ടുള്ളത്. ആവക കഥകളും നമ്പിയുടെ അത്ഭുതകർമ്മങ്ങളും പറഞ്ഞവസാനിപ്പിക്കാൻ ആരാലും കഴിയുന്നതല്ല. അതിനാൽ അതിനായിത്തുനിയുന്നില്ല. അദ്ദേഹത്തിന്റെ അവസാനത്തെക്കുറിച്ചുകൂടി പറഞ്ഞിട്ട് ഈ ഉപന്യാസം സമാപിക്കാമെന്നേ വിചാരിക്കുന്നുള്ളൂ.
ഒരിക്കൽ ഒരു നമ്പൂരി ഉശകാരാവുത്തരുടെ അടുക്കൽച്ചെന്നു ഒരു കാര്യം സാധിപ്പിചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അതിലേക്ക് ഇന്നതു പ്രതിഫലം കിട്ടണമെന്നു രാവുത്തർ പറഞ്ഞതിനെ നമ്പൂരി സമ്മതിക്കുകയും ചെയ്തു. എങ്കിലും രാവുത്തർ വളരെ ശ്രമപ്പെട്ടിട്ടും അതു സാധിപ്പിച്ചുകൊടുക്കാൻ കഴിഞ്ഞില്ല. അതിനാൽ നമ്പൂരി ഇച്ഛാഭംഗത്തോടു കൂടി അവിടെനിന്നു പിരിയുകയും വിവരം തേവലശ്ശേരി നമ്പിയെ അറിയിക്കുകയും നമ്പി പ്രതിഫലേച്ഛകൂടാതെ കാര്യം നിഷ്പ്രയാസമായി നമ്പൂരിക്കു പെട്ടെന്നു സാധിപ്പിച്ചുകൊടുക്കുകയും ചെയ്തു. രാവുത്തർ പൂർവവൈരം നിമിത്തം നമ്പിയെ അകപ്പെടുത്താനായി ചില ഗൂടന്മപ്രയോഗങ്ങൾ ചെയ്തുകൊണ്ടാണിരുന്നിരുന്നത്. പക്ഷേ, നമ്പിയുടെ മുൻകരുതലുകൾകൊണ്ട് അതൊന്നും ഫലിച്ചിരുന്നില്ല. അങ്ങനെയിരുന്നപ്പോളാണ് ഈ സംഗതിയുണ്ടായത്. ഇതു കേട്ടപ്പോൾ രാവുത്തർക്കുണ്ടായിരുന്ന വൈരം ദ്വിഗുണീഭവിച്ചു. ഏതുവിധവും നമ്പിയെ താമസിയാതെ അപായപ്പെടുത്തണമെന്ന് അയാൾ അപ്പോൾ തീർച്ചപ്പെടുത്തുകയും അതിനൊരുപായം കണ്ടുപിടിക്കുകയും അതു തയ്യാറാക്കിവയ്ക്കുകയും ചെയ്തു. അങ്ങനെയിരിക്കുന്ന കാലത്തു രാവുത്തരും പണ്ടത്തെ നമ്പൂരിയും തമ്മിൽ കാണുന്നതിനിടയായി. അപ്പോൾ പ്രസംഗവശാൽ നമ്പൂരി "രാവുത്തരു വിചാരിച്ചിട്ടു സാധിക്കാത്ത കാര്യം തേവലശ്ശേരി നമ്പി എനിക്കു സാധിച്ചുതന്നു" എന്നു പറഞ്ഞു. രാവുത്തർ അതു മുമ്പേ തന്നെ അറിഞ്ഞിരുന്നുവെങ്കിലും അതു പറയാതെയും ഭാവിക്കാതെയും അപ്പോൾ മാത്രമേ അറിഞ്ഞുള്ളു എന്നുള്ള ഭാവത്തിൽ അത്ഭുതവും സന്തോഷവും നടിച്ചുകൊണ്ട്, "അതുവ്വോ സന്തോഷമായി, തേവലശ്ശേരി നമ്പി സാമാന്യനല്ല. അദ്ദേഹത്തെപ്പോലെ സമർത്ഥനായിട്ട് ഒരു മന്ത്രവാദി ഇപ്പോൾ ഭൂലോകത്തിലില്ല. അവിടെക്കു ആ കാര്യം സാധിപ്പിച്ചുതന്നതിൽ എനിക്കുള്ള അപാരമായ സന്തോഷത്തെ കാണിക്കുന്നതിനായി ഞാൻ തരുന്ന സമ്മാനം അവിടുന്നുതന്നെ നമ്പിക്കു കൊണ്ടുചെന്നു കൊടുത്തു ഞാൻതന്നയച്ചതെന്നു പറയണം" എന്നു പറഞ്ഞ്, അയാളുടെ കൈവിരലിന്മേൽ കിടന്നിരുന്ന ഒരു സ്വർണ്ണമോതിരമൂരി കൊടുത്തിട്ട്, "എന്റെ കാര്യം സാധിപ്പിചുതന്നതിൽ ഉശകാരാവുത്തർക്കുള്ള സന്തോഷത്തെ പ്രദർശിപ്പിക്കാനായി ഇതു രാവുത്തർ തന്നയച്ചതാണ്" എന്നു പറഞ്ഞു. അതു കേട്ടപ്പോൾത്തന്നെ ഇതു തന്നെ അകപ്പെടുത്താനുള്ള വിദ്യയാണെന്നു നമ്പിക്കു മനസ്സിലായി. അതു കയ്യിൽ വാങ്ങിപ്പോയതിനാൽ പിന്നെ പരിഹാരമൊന്നുമിലതെയിരുന്നതുകൊണ്ട്, "ഇത് ഈശ്വരവിധി തന്നെ" എന്ന് അദ്ദേഹം തീർച്ചപ്പെടുത്തി. എങ്കിലും തനിക്ക് അബദ്ധം പറ്റിപ്പോയി എന്നുള്ള വിവരം ഭാവിക്കുകയും പറയുകയും ചെയ്യാതെ അദ്ദേഹം ഒരു സന്തോഷഭാവത്തിൽ നമ്പൂരിയോട്, "രാവുത്തരിൽനിന്ന് ഒരു സമ്മാനം കിട്ടാനിടയായതുകൊണ്ട് എനിക്കു വളരെ സന്തോഷമുണ്ട്. അത് ഇവിടെക്കിട്ടിയ വിവരത്തിനു ഞാനൊരെഴുത്തു തരാം അത് അങ്ങുതന്നെ കൊണ്ടുചെന്നു രാവുത്തർക്കുകൊടുക്കണം" എന്നു പറഞ്ഞു നമ്പി ഒരോലക്കഷണമെടുത്ത് അതിൽ, "ഇത് എന്നെങ്കിലുമുണ്ടാകുമെന്നു ഞാൻവിചാരിച്ചിരുന്നതാണ്. ഇതുവരെ കർമ്മവും കാലവുംകൂടി ഒത്തുവന്നില്ല. ഇപ്പോൾ രണ്ടുമൊത്തു. ആട്ടെ, വിരോധമില്ല. എനിക്ക് നാൽപത്തൊന്നാണെങ്കിൽ നിനക്കു പന്ത്രണ്ട്" എന്നെഴുതി നമ്പൂരിയുടെ കയ്യിൽ കൊടുത്തു. നമ്പൂരി അതു കൊണ്ടു ചെന്ന് രാവുത്തർക്കും കൊടുത്തു. അതിന്റെ പന്ത്രണ്ടാംദിവസം രാവുത്തരും മോതിരം കയ്യിൽ വാങ്ങിയതിന്റെ നാൽപത്തൊന്നാംദിവസം നമ്പിയും മരിച്ചു. അപ്പോൾ നമ്പിക്കു പ്രായം എഴുപത്തേഴു വയസ്സായിരുന്നു. അദ്ദേഹത്തോടുകൂടിത്തന്നെ അദ്ദേഹത്തിന്റെ വംശവും തീർന്നു എന്നുള്ളതു പറയണമെന്നില്ലല്ലോ.