ഉപയോക്താവ്:Vssun/test/അദ്ധ്യായം ഏഴ്
←അദ്ധ്യായം ആറ് | ഉപയോക്താവ്:Vssun/test രചന: അദ്ധ്യായം ഏഴ് |
അദ്ധ്യായം എട്ട്→ |
"അന്നേരം പല ദുശ്ശകുനങ്ങൾ
മുന്നിൽ പരിചൊടു കണ്ടുതുടങ്ങി
പ്രതിരോമത്തിനു ചുഴികാറ്റുതി-
പ്പൊടിപടലങ്ങൾ കണ്ണിൽ നിറഞ്ഞു."
ഇന്ദ്രരഥസമേതനായി എത്തിയ മാതലിയെ കണ്ടതുപോലുള്ള ഒരു മഹാഭാഗ്യം നമ്മുടെ ഉണ്ണിത്താനായ ഗ്രന്ഥസവ്യസാചിക്ക് അന്നു സമ്പ്രാപ്തമായി. ഉദ്യോഗശാലയിലെ കനക-രജത-താമ്രങ്ങളുടെ കിലുകിലാരവം കർണ്ണങ്ങളിൽ സംഘട്ടനം ചെയ്യുന്നതിനിടയിൽ ബബ്‌ലേശ്വരന്റെ ഒരു 'ചോബ്‌ദാർ' എത്തി. മഹമ്മദീയാചാരങ്ങളോടെ ഒരു സന്ദേശത്തെ സമർപ്പിച്ചു. കൊടന്ത ആശാനായ മാന്ദിയുടെ ഭയപ്പാടിനിടയിൽ, അജിതസിംഹരാജാവ് അന്നു വൈകുന്നേരംതന്നെ നന്തിയത്തുമഠത്തിൽ, ഗൃഹനായകനെ അഥവാ അവിടത്തെ സുന്ദരി യുഗ്മത്തെ-സന്ദർശിപ്പാൻ എത്തുമെന്നു ധരിപ്പിച്ചത് അയാളുടെ ദിഷ്ടവിശേഷത്താൽ ആ സന്ദേശം മുഖേന പരമാർത്ഥീഭവിച്ചു തന്റെ ഗൃഹത്തെ ഒരു മഹാരാജ്യാധിപൻ നഖവജ്രമരീചികൾകൊണ്ടു ഭൂസ്വത്താക്കാനെഴുന്നെള്ളുമ്പോൾ നന്തിയത്തുമഠം സാക്ഷാൽ ചിലമ്പിനഴിയമായിരുന്നു എങ്കിൽ ആ സല്ക്കാരമഹത്തെ ഒരു വിധം അന്തസ്സിൽ പര്യവസാനിപ്പിക്കാമായിരുന്നു എന്നുള്ള ക്ലേശപാരവശ്യത്തോടെ, ഉദ്യോഗകൃത്യത്തെയും കാലേക്കൂട്ടി അവസാനിപ്പിച്ചുകൊണ്ട്, ഉണ്ണീത്താൻ സ്വഭവനത്തിലേക്കു മടങ്ങി. ഇട്ടുണ്ണിക്കണ്ടപ്പൻ കാര്യക്കാരുടെ കല്പന അജിതസിംഹനു ബ്രഹ്‌മശാസനമായിരുന്നു എന്നു വായനക്കാർക്ക് ഈ സംഭവംകൊണ്ടു ബോദ്ധ്യമാകുമല്ലോ.
രാജാസല്ക്കാരകൻ ആയ ഉണ്ണിത്താൻ തന്റെ ജാമാതാവോടല്ലാതെ ഇതരജീവികളോടു ബന്ധമില്ലെന്നുള്ള നാട്യത്തിൽ നന്തിയത്തുമഠത്തിനകത്തു കാര്യനിർവ്വഹണം തുടങ്ങി. താൻ വീക്ഷണദാനംകൊണ്ടെങ്കിലും അനുഗ്രഹിച്ചിട്ടില്ലാത്തതായ തൂപ്പുകാരികൾ, വെള്ളംകോരികൾ മുതലായ ദാസവൃന്ദത്തെയും വരുത്തി, വൈവസ്വതമനുവിന്റെ കാലം