Jump to content

സുഭാഷിതരത്നാകരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Subhashitaratnakaram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുഭാഷിതരത്നാകരം (കാവ്യം)
രചന:കെ.സി. കേശവപിള്ള (1905)
രണ്ടാം ഭാഗം
മഹാകവി കെ.സി. കേശവപിള്ള രചിച്ച് കൊല്ലവർഷം 1075 ൽ പ്രസിദ്ധീകരിച്ച വിശിഷ്ട ഗ്രന്ഥമാണ് സുഭാഷിത രത്നാകരം. സംസ്കൃതം, ഇംഗ്ളീഷ് മുതലായ ഭാഷകളിൽ നിന്ന് തർജമ ചെയ്തതും കവി സ്വന്തമായി നിർമ്മിച്ചതുമായ പദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഇതിൽ നിന്ന് നൂറു പദ്യങ്ങൾ പ്രത്യേകമെടുത്ത് "നീതിവാക്യങ്ങൾ " എന്ന പേരിൽ തിരുവിതാംകൂറിലെ വിദ്യാലയങ്ങളിൽ പാഠപുസ്തകമാക്കിയിരുന്നു. അക്കാലത്തു തന്നെ രണ്ടു പതിപ്പുകൾ പുറത്തിറക്കി. പദ്യങ്ങളിലധികവും നീതിവാക്യങ്ങൾ എന്ന പേരിൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പക്കൽ നിന്ന് കവിക്ക് ഈ കൃതിയുടെ പേരിൽ വീരശൃംഖല ലഭിച്ചിട്ടുണ്ട്.
[ 3 ]
ഇച്ഛ


വ്രണം കൊതിക്കുന്നിതു മക്ഷികൗഘം;
ധനം കൊതിക്കുന്നിതു ഭൂപരെല്ലാം;
രണം കൊതിക്കുന്നിതു നീചവർഗ്ഗം
ശമം കൊതിക്കുന്നിതു സജ്ജനങ്ങൾ.

ജന്മം


വിദ്വാനും മൂഢനും ശക്തിയുള്ളോനും ശക്തിഹീനനും
പ്രഭുവും ദീനനും പാരിൽ മൃത്യുവിന്നൊക്കെയൊന്നുപോൽ.

ദയ


അറിവില്ലാതെയൊരുത്തൻ
ചെയ്തൊരു തെറ്റിന്നു മാപ്പു നൽകേണം,
എല്ലാ വിഷയങ്ങളിലും
നല്ല പരിജ്ഞാനമാർക്കുമില്ലല്ലോ.

ദുർജനം


ഇഷ്ടം ചൊല്ലുകിലുംതെല്ലും ദുഷ്ടൻ വിശ്വാസ്യനല്ലതാൻ;
അവന്റെ നാവിൽ മധുവുണ്ടുള്ളിലോ ഘോരമാംവിഷം.
വിദ്വാനെന്നാകിലും ദുഷ്ടഹൃത്തായീടിൽ ത്യജിക്കണം
മണി ചൂടുന്നുവെന്നാലും ഫണിപാരം ഭയങ്കരൻ.
ദുഷ്ടൻ കാണിച്ചിടും സ്നേഹമൊട്ടും താൻ വിശ്വസിക്കൊലാ
കാര്യസിദ്ധികഴിഞ്ഞാലസ്നേഹം കണ്ണീർവരുത്തിടും.

[ 4 ]
മിത്രം


കണ്ണാടിയിൽ ഛായപോലെ
കാണുമ്പോൾ യാതൊരുത്തനിൽ
സുഖദുഃഖങ്ങൾപകരു-
ന്നുറ്റബന്ധുവവൻ ദൃഢം.

*


അറിയാംശൂരനെപ്പോരിൽ, ദുർഭാഗ്യേഭാര്യതന്നെയും,
അന്ത്യകർമത്തിൽ മകനെ, യാപത്തിൽ ബന്ധുതന്നെയും.

കാണുമ്പോഴുംതൊടുമ്പോഴും കേൾക്കുമ്പോളരുളുമ്പൊഴും
യാതൊന്നുള്ളം ദ്രവിപ്പിക്കും, സ്നേഹമായതുതാൻദൃഢം.

*


സുഖത്തിലുണ്ടാം സഖിമാരനേകം
ദുഃഖം വരുമ്പോൾ പുനരാരുമില്ലാ,
ഖഗങ്ങൾ മാവിൽ പെരുകും വസന്തേ,
വരാ ശരത്തിങ്കലതൊന്നുപോലും.

മൂഢൻ


കാവ്യശാസ്ത്രവിനോദത്താൽ
കാലംപോക്കുന്നു സത്തുക്കൾ
വ്യസനം കലഹം നിദ്ര-
യിവയാൽ മുർഖരും തഥാ.

*


സൽക്കുലത്തിൽ ജനിച്ചാലും മൂഢനാൽഫലമെന്തുവാൻ?
ദുഷ്കുലേ ജാതനായാലും വിദ്വാനഖിലവന്ദ്യനാം.

മഹിതസദസ്സിൽ ചെന്നാൽ
മാനം മന്ദന്നു മൗനമാണു ദൃഢം;
മിണ്ടീടാഞ്ഞാൽ മാവതിൽ
മേവും കുയിൽകാക ഭേദമാരറിവൂ!

വിദ്യ


വിദ്യയിൽ വിനയമതുളവാം;
സദ്യസമ്മതി വരുത്തിടും വിനയം;

[ 5 ]

സമ്മതിയാൽ ധന, - മതിനാൽ
ധർമ്മം, ധർമ്മത്തിനാൽവരും സുഖവും.

വിദ്വാൻ


ഒരു ഹംസമിരിക്കുമ്പോൾ സരസ്സിന്നുളവാംപ്രഭ
തീരം തിങ്ങി നിരന്നുള്ള ബകപംക്തികളാൽ വരാ.

മഹാനുഭാവസംസർഗം മഹത്ത്വം നൽകുമേവനും;
മുത്തുപോൽ വിലസീടുന്നു പത്മപത്രസ്ഥിതം ജലം.

വിനയം‌


ഒഴിഞ്ഞിട്ടുള്ള പാത്രങ്ങളുണ്ടാക്കുന്നു മഹാരവം;
നിറഞ്ഞുള്ളോരു പാത്രത്തിലുണ്ടാകാ ശബ്ദഡംബരം.       (സ്വ)

വിനയംകൂടാതുള്ളൊരു
വിദ്യനിതാന്തം വിശിഷ്ടയെന്നാലും
വിലസീടാതെ വിഗർഹണ-
വിഷയമതായിബ്ഭവിച്ചിടുംനൂനം.

മരങ്ങൾ താഴുന്നു ഫലങ്ങളാലേ;
ഘനങ്ങൾ താഴുന്നു ജലങ്ങളാലും;
ധനങ്ങളാൽ സാധുജനങ്ങളും, കേൾ,
ഗുണങ്ങളുള്ളോർകളിവണ്ണമത്രേ.

സജ്ജനം


മഹാനുപദ്രവിച്ചീടുന്നവനും ഗുണമേകിടും;
ദഹിക്കും ബാഡവാഗ്നിക്കും തൃപ്തിയേകുന്നു സാഗരം.

 
സത്യം


സത്യവും പ്രിയവും ചൊൽക;
ചൊൽകൊലാ സത്യമപ്രിയം;
കള്ളമായ് പ്രിയവും ചൊല്ലാ-
യ്കിതേ ധർമം സനാതനം.

[ 6 ]
സംസർഗം


കാകൻ കറുത്തോൻ; കുയിലും കറുത്തോൻ;
ഭേദം നിനച്ചാലിരുവർക്കുമില്ലാ;
വസന്തകാലം വഴിപോലണഞ്ഞാ-
ലറിഞ്ഞിടാമായവർതൻവിശേഷം.

പരിശ്രമം


പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാൻ കഴിവവുള്ളവണ്ണം
ദീർഘങ്ങളാം കൈകളെ നൽകിയത്രേ
മനുഷ്യരെപ്പാരിലയച്ചതീശൻ.[1]

ജീവിതം


രസമാർന്നിടും വചനം,‌
സതിയായ് സാപത്യയായിടും ഭാര്യാ,
ദാനസമേതം ധനമിവ,
യുള്ള പൂമാൻ തന്റെ ജീവിതം സഫലം.

ധനം (ലക്ഷ്മി)


വയോവൃദ്ധൻ തപോവൃദ്ധൻ ജ്ഞാനവൃദ്ധനുമങ്ങനെ
ധനവൃദ്ധന്റെ വാതുക്കൽ കാത്തുനില്ക്കുന്നു സർവദാ.

ഗോവിന്ദൻഗോക്കളോടൊത്തുകളിച്ചെന്നോർത്തുതാർമകൾ
ഗോസമന്മാരൊടൊത്തിന്നും കളിക്കുന്നു പതിവ്രതാ.

ധർമം


മരിച്ചിടുംനേരവുമാശു പിൻപേ
തിരിച്ചിടും ധർമമതാണു ബന്ധു;
മറ്റുള്ളതെല്ലാമിഹ ദേഹനാശം
പറ്റുന്നകാലത്തു നശിച്ചിടുന്നു.

അശക്തനത്രേ ബലശാലിതാനും,
ദരിദ്രനത്രേ ധനവാനുമപ്പോൾ,

[ 7 ]

മൂഢാശയൻ പണ്ഡിതനും ജഗത്തിൽ,
ധർമ്മാശയില്ലെന്നു വരുന്നതാകിൽ.

പരീക്ഷ


ആപത്തിങ്കൽ ബന്ധുപരീക്ഷാ;
യുദ്ധത്തിങ്കൽ ശൂരപരീക്ഷാ;
വിനയത്തിൽത്താൻ വംശപരീക്ഷാ;
യുവതിപരീക്ഷാ ധനഹീനനിലും.

പരോപകാരം


മറ്റുള്ളവർക്ക് ഹിതനായ സുമാനുഷൻ താ-
നറ്റീടിലും കരുതുകില്ല വിരോധമേതും;
ചുറ്റും മുറിക്കുമൊരു വെണ്മഴുവിൻ മുഖത്തിൽ
തെറ്റെന്നു ചന്ദനമരം മണമേറ്റിടുന്നു.

പൊന്നിൻ കുണ്ഡലമല്ല ശാസ്ത്രമതുതാൻ
കർണത്തിൽ നൽഭൂഷണം;
മിന്നും കങ്കണമല്ല ദാനമതുതാൻ
പാണിക്കു നൽഭൂഷണം;
ചിന്നീടും കൃപകൊണ്ടലിഞ്ഞവർകൾതൻ
ദേഹത്തിൽ നൽഭൂഷണം
നന്നായുള്ള പരോപകാരമതു താ;
നല്ലേതുമേ ചന്ദനം.

മരണം


ഒട്ടേറെനാൾ നിലവിളിച്ചു കരഞ്ഞുഖേദ-
പെട്ടാലുമിങ്ങു വരികില്ല മരിച്ച മർത്യൻ;
നൂനം നമുക്കുമതുതാൻഗതി; വാഴ്വുതുച്ഛം;
ദാനാനുഭോഗസുഖമാർന്നു വസിച്ചുകൊൾക.

മാതാവ്


ഇല്ല മാതൃസമം ദൈവ;മില്ല താതസമൻ ഗുരു;
കർമണാ മനസാ വാചാ തൽപ്രിയം ചെയ്ക സന്തതം.

[ 8 ]
മിത്രം


പ്രത്യക്ഷമായി പ്രിയമേറ്റമോതി
പ്പരോക്ഷമായ് ദൂഷണമാചരിക്കും
സുഹൃത്തിനെദ്ദൂരെ വെടിഞ്ഞിടേണം
മുഖത്തുപാലാർന്ന വിഷക്കുടം പോൽ.

മധ്യാഹ്നത്തിനു മുൻപിലുള്ള നിഴൽപോ-
ലാരംഭകാലത്തു താ-
നത്യന്തം വലുതായ്ക്രമേണ കുറയും
ദുഷ്ടർക്കെഴും സൗഹൃദം;
മധ്യാഹ്നത്തിനു പിൻപിലുള്ള നിഴൽപോ-
ലാരംഭകാലത്തിലി-
ങ്ങത്യന്തം ചെറുതായ് ക്രമേണ വലുതാം
സത്തർക്കെഴും സൗഹൃദം.

മൂഢൻ‌


ഗാത്രത്തെ നൽപ്പൊന്മയമാക്കിയാലും,
കൊക്കിങ്കൽ മാണിക്യമമുഴ്ത്തിയാലും,
പത്രങ്ങൾതോറും മണികെട്ടിയാലും,
കാകന്നു ഹംസപ്രഭ സംഭവിക്കാ.

യശ്ശസ്സ്


അന്യനിൽ ചേർന്നിടും ലക്ഷ്മി; യന്യനിൽ ചേർന്നിടും മഹി;
അനന്യാശ്രയയായ് നിൽക്കും കീർത്തിതന്നെ പതിവ്രതാ

യുക്തി


യുക്തിയുള്ള വചനങ്ങൾ ബാലനോ
തത്തയോ പറവതും ഗ്രഹിച്ചിടാം;
യുക്തിഹീന മൊഴിയെ ഗ്രഹിക്കൊലാ
ദേവദേശികനുരച്ചുവെങ്കിലും.

വാക്ക്


നേരിട്ടെതിർക്കുമൊരു വാഗ്മിയെയും ക്ഷണത്തിൽ
നേരേയടക്കു,മതുപോലനുകൂലഭാഗേ

[ 9 ]

ചേരുന്ന മന്ദനെയുമുന്നതനാക്കിവയ്ക്കും
സൂരിക്കെഴുന്ന മൊഴിതന്നുടെ മട്ടിവണ്ണം.

വിദ്യ


പൊന്നും നന്മണിജാലവും ഭവനവും
ദ്രവ്യങ്ങളും തേടിവ-
ച്ചെന്നാലും നിലനിൽക്കയില്ലവ; യിതിൽ
സന്ദേഹമില്ലേതുമേ;
മിന്നീടുന്നൊരു വിദ്യകൊണ്ടു വഴിപോ-
ലാർജ്ജിക്ക പാരംയശ-
"സ്സെന്നെന്നേയ്ക്കുമതൊന്നു തന്നെ നിലനി-
ല്ക്കും നീക്കമില്ലോർക്കുവിൻ.”

വിദ്വാൻ


അന്നം താമരയെപ്പോൽ
വിദ്വാൻ വിദ്വാനെയാഗ്രഹിക്കുന്നു;
കാകൻ ശവമെന്നോണം
മുഢൻ തിരയുന്നു മൂഢനെത്തന്നെ.

നന്നായാലോചിച്ചാൽ
മന്നനിലും മഹിമ ബുധനു കൂടുന്നു.

തന്നുടെദേശേമാത്രം
മന്നനു ബഹുമതി, ബുധന്നു സർവത്ര.

കൈതയ്ക്കകത്തുള്ളൊരു ചാരുപഷ്പം
മണത്തിനാൽ വണ്ടറിയുന്നപോലെ
വിദ്വാൻ പരന്മാരുടെ ഹൃൽഗതത്തെ-
ബ്ഭാവത്തിനാൽ തന്നെയറിഞ്ഞിടുന്നു.

പറഞ്ഞ കാര്യം പശുവും ഗ്രഹിച്ചിടും;
ഹയാദി ഭാരങ്ങളെടുപ്പതില്ലയോ?
പറഞ്ഞിടാതേയുമറിഞ്ഞിടും ബുധൻ;
പരേംഗിതജ്ഞാനമതിന്നു ബുദ്ധികൾ‌.

[ 10 ]
വിധി


ഗ്രഹിക്കണം വന്നണയുന്നതെല്ലാം;
ത്യജിക്കണം പോവതുമപ്രകാരം;
രസിക്ക ദുഃഖിക്കയുമെന്തിനോർത്താൽ?
വിധിക്കു നീക്കം വരികില്ല തെല്ലും.

സജ്ജനം


നെല്ലിനുവിട്ടൊരുവെള്ളം
പുല്ലിനുമൊഴുകിത്തഴയ്പൂ നൽകുന്നു
നല്ലവനായ് പെയ്യും മഴ-
യെല്ലാവർക്കും ഫലം കൊടുക്കുന്നു.

വദനം പ്രസാദസദനം
സദയം ഹൃദയം, സുധാസമം വാക്യം,
കരണം പരോപകരണം;
പറയുന്നിവ പുരുഷന്റെ പാരമ്യം.

കുറിപ്പുകൾ

[തിരുത്തുക]
  1. ഇംഗ്ലീഷ് തർജമ
"https://ml.wikisource.org/w/index.php?title=സുഭാഷിതരത്നാകരം&oldid=62281" എന്ന താളിൽനിന്ന് ശേഖരിച്ചത്