താൾ:സുഭാഷിതരത്നാകരം.djvu/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുഭാഷിതരത്നാകരം

ചേരുന്ന മന്ദനെയുമുന്നതനാക്കിവയ്ക്കും
സൂരിക്കെഴുന്ന മൊഴിതന്നുടെ മട്ടിവണ്ണം.

വിദ്യ


പൊന്നും നന്മണിജാലവും ഭവനവും
 ദ്രവ്യങ്ങളും തേടിവ-
ച്ചെന്നാലും നിലനിൽക്കയില്ലവ; യിതിൽ
 സന്ദേഹമില്ലേതുമേ;
മിന്നീടുന്നൊരു വിദ്യകൊണ്ടു വഴിപോ-
 ലാർജ്ജിക്ക പാരംയശ-
"സ്സെന്നെന്നേയ്ക്കുമതൊന്നു തന്നെ നിലനി-
 ല്ക്കും നീക്കമില്ലോർക്കുവിൻ.”

വിദ്വാൻ


അന്നം താമരയെപ്പോൽ
വിദ്വാൻ വിദ്വാനെയാഗ്രഹിക്കുന്നു;
കാകൻ ശവമെന്നോണം
മുഢൻ തിരയുന്നു മൂഢനെത്തന്നെ.

നന്നായാലോചിച്ചാൽ
മന്നനിലും മഹിമ ബുധനു കൂടുന്നു.

തന്നുടെദേശേമാത്രം
മന്നനു ബഹുമതി, ബുധന്നു സർവത്ര.

കൈതയ്ക്കകത്തുള്ളൊരു ചാരുപഷ്പം
മണത്തിനാൽ വണ്ടറിയുന്നപോലെ
വിദ്വാൻ പരന്മാരുടെ ഹൃൽഗതത്തെ-
ബ്ഭാവത്തിനാൽ തന്നെയറിഞ്ഞിടുന്നു.

പറഞ്ഞ കാര്യം പശുവും ഗ്രഹിച്ചിടും;
ഹയാദി ഭാരങ്ങളെടുപ്പതില്ലയോ?
പറഞ്ഞിടാതേയുമറിഞ്ഞിടും ബുധൻ;
പരേംഗിതജ്ഞാനമതിന്നു ബുദ്ധികൾ‌.

"https://ml.wikisource.org/w/index.php?title=താൾ:സുഭാഷിതരത്നാകരം.djvu/9&oldid=174602" എന്ന താളിൽനിന്ന് ശേഖരിച്ചത്