സുബ്രഹ്മണ്യശതകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
സുബ്രഹ്മണ്യശതകം

രചന:എൻ. കുമാരനാശാൻ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ
അണകവിയുന്നഴലാഴിയാഴുമെന്നിൽ
പ്രണയമുദിച്ചു കവിഞ്ഞ പാരവശ്യാൽ
അണികരമേകിയണഞ്ഞിടുന്ന നാരാ-
യണഗുരുനായകനെന്റെ ദൈവമല്ലോ.        1

നരകനലം നലമാടിയാടലേറും
നരരെ നതിക്കു കനിഞ്ഞു നാടിയാളും
സ്മരഹരമാമലയീന്നിറങ്ങി മേയും
കരികളഭം കരുണാസമുദ്രമല്ലോ.        2

പനിമലങ്ക പിടിച്ചു പാലു നൽകും
കനിവുരുവെന്നുകനിഞ്ഞു നിൽക്കുമെന്നിൽ
കനകനിറം കലരുന്ന കുഞ്ജരക്കു-
ഞ്ഞിനിയുമുണങ്ങിയിരങ്ങി നിൽക്കുമല്ലോ        3

പര പശ്യന്തി പടർന്ന മദ്ധ്യമാവൈ-
ഖരിയായും കളിയാടിടുന്ന ദേവീ!
പരിചിൽപ്പാമരനാകുമെന്നെയും നീ
പരിപാലിക്കുക പൈതലല്ലയോ ഞാൻ.        4

അടിമുടിയറ്റഖിലാണ്ഡകോടിയും ത-
ന്നടിയിലടക്കിയകന്നിടാതെ നിത്യം
നടനമാടിടും നഗസൂനുവായ പൊന്നിൻ-
കൊടി പടരും കുലദൈവമെന്നെയാളും.        5

അരുമറയുമറിഞ്ഞിടാതെയാന്ദവെള്ളം
പെരുകുമമരരാറിൻ പൈതലേ! കൈതൊഴുന്നേൻ
പെരുമയൊടു പുകഴ്ത്തിപ്പാടി നിൻ പ്രീതി നേടാൻ
വരുമൊരു വഴിമേലീ വാണി നാണിച്ചിടുന്നു.        6

മുരുക! പരമബന്ധോ! പോറ്റി! മുവാണ്ടു മുന്നം
വിരഹവിവശനായ് വാഴിച്ചതിൽ പറ്റി മുറ്റും
പരിഭവമൊടുതാനോ നിന്നെ ഞാൻ പാടുവാനായ്-
വരുമൊരു വഴിമേലീ വാണി നാണിച്ചിടുന്നു.        7

കരികടലൊടു കല്പക്കാറ്റുമക്കൊണ്ടലേഴും
പെരിയ മലകളെട്ടും പിന്നെ മറ്റുള്ളതേതും
അരമടിയിലടക്കിക്കുത്തിടുന്നെങ്കിലും നിൻ
പെരുമ പറയുവാനീ വാണി നാണിച്ചിടുന്നു.        8

പനിമതിമകുടാലങ്കാര! നീയേ സഹായം
ജനിമൃതിഭയമയ്യോ! നൊന്തിടുന്നന്തരംഗം
ഘനചരിതരസാബ്‌ധേ! നിന്നെയുന്നി സ്തുതിപ്പാൻ
തുനിയുമളവു തോന്നും വാണി നാണിച്ചിടുന്നു.       9

കരുമന കരണത്തിൽക്കാഞ്ഞു കേഴും ജനത്തിൽ-
ക്കരുണമഴ പൊഴിക്കും കൊണ്ടലേ! കൈവിടൊല്ലേ
പരവശത പൊലിപ്പാൻ നിൻപദം പാടിനിൽപ്പാൻ
വരവരെയരുതെന്നീ വാണി നാണിച്ചിടുന്നു.       10

അരിയ മുരുകനേയെന്നാദിയേയാദിതേയ-
പ്പരിഷയുമറിയാ നിൻ പാദമാം ദുർഗ്ഗമാർഗ്ഗേ
വരുമവരെ വിഴുങ്ങും വായുമായ് വാണിടും നിൻ-
തിരുവുരുവതു തീണ്ടാൻ നെഞ്ചമിന്നഞ്ചിടുന്നു.       11

കുലഗിരിമകളേന്തും കോമളപ്പൈതലേ1 നിൻ-
തലകളരിയതാറും തള്ളിയഞ്ചും തകർത്തോ
നിലയിലഖിലമായും നിന്നിതോ നിന്നെയും ഞാ-
നലമലമലമെന്നെൻ നെഞ്ചമിന്നഞ്ചിടുന്നു.       12

കലശഭവഗുരോ! മൽ കാർത്തികേയപ്രഭോ! നിൻ-
കുലിശധരനെയാളും കൗശലം കാണുമോ ഞാൻ
കലിയകലെയൊഴിപ്പാൻ കണ്ടതെല്ലാം കരേറി-
പ്പലപലവഴി പായും നെഞ്ചമിന്നഞ്ചിടുന്നു.       13

ഗതിയരുളുകെനിക്കും ഗായകൻതാനുമല്ലെൻ
മതിമകുടമണേ! ഞാൻ മാതപം ചെയ്തുമില്ലേ
ശിതിഗളശിശുവാം നീ ചെറ്റു ചുമ്മാ കനിഞ്ഞാൽ
മതിമതി മതിയെന്നെൻ നെഞ്ചമിന്നഞ്ചിടുന്നു.       14

മതി മതി ഗുഹമാഹാത്മ്യം മതിക്കുന്ന നേരം
മതിയിൽ മഹിതമൗനം വന്നു താനേ കരേറും
പതിതനഗതി ഞാനോ പാപി നീയല്ലയോയെൻ-
പതി പർമദയാലോ! പാഹിമാം ബാഹുലേയ!       15

അരുമപ്പൊൻകൊടിയെന്റെ ബാഹുലേയൻ
തിരുവുള്ളം കനിയാതിരിക്കിലും നീ
വരുമാറൊന്നു തുണക്ക വല്ലവണ്ണം
കരുണാശാലി കരേറിടുന്ന മൈലേ!       16

ചിരകും ചെറ്റു വിരിച്ചു ചാരുപീലി-
പ്പുറവും പൊക്കി നടിച്ചിടുന്ന നേരം
മറതേടു പൊരുളോടിവന്നു കേറും
തിറമോടപ്പൊഴുതിങ്ങു പോരെ മൈലേ!       17

പരിപാകം പരിചോടു പാർത്തിരിക്കും
പർമാനന്ദനെയൊന്നു കണ്ടുകൊൾവാൻ
വരുമാശക്കളവില്ല ബാഹുലേയ-
പ്പെരുമാളേറി വരുന്ന പൊന്നുമൈലേ!       18

തകുരുന്നുള്ളമെനിക്കു താപമയ്യോ!
നികരില്ലാതെ നമുക്കു നീ തുണച്ചാൽ
പകരം പാമരനെന്തു ചെയ്തിടുന്നെൻ
മകർന്ദക്കടലേറിടുന്ന മൈലേ!       19

പരിതാപം വൾരുന്ന പൈതലീ ഞാൻ
പരമാർത്ഥത്തിലെനിക്കു ബന്ധു നീയേ
തരവും താമസിയാതെയിന്നു തന്നെൻ
നിരയാരാതി വരുന്ന നീലമൈലേ!       20

അടിയൻ നിന്തിരുമേനിയെത്തൊഴുന്നേ
നടിയോടെന്നെയുമർപ്പണം തരുന്നേൻ
മുടിയിൽ തിങ്കളണിഞ്ഞ താമ്രചൂഡ
ക്കൊടിയൻ കേറിവരുന്ന കോലമൈലേ!       21

കുറമാതിന്നതികൗതുകം കൊടുക്കും
ചുറുഹാസം ചിതറുന്ന ചാരുശീലൻ
പറയാതുള്ളമറിഞ്ഞു നീ പറന്നെ
ന്നിരുകണ്ണേ! വരികിന്ദ്രനീലമൈലേ!       22

തിരുനീറൻതിരുമേനികൊണ്ടിറക്കി-
ച്ചിറകും ചഞ്ചുവിനാൽ ചൊറിഞ്ഞു നീയും
അരികേതന്നെ വസിച്ചു വിശ്രമിക്കെ-
ന്നരയന്നം വരുമാദിമൂലമൈലേ!       23

പിടി മറ്റില്ല പെടുന്ന പാടിതെല്ലാ-
മടിയറ്റീടണമെന്നെയാളണം നീ
കൊടിയുംകുത്തിയിറിങ്ങിയംബരത്തെൻ
വടിവേലൻ വിളയാടിടുന്ന മൈലേ!       24

അവലംബം മമ നീ ഗുഹൻ ദിദൃക്ഷാ
വിവശൻ ഞാൻ വിനയേറിടുന്ന ബാലൻ
ഭവപാശത്തിനസിസ്വരൂപനാകും
ഭവസൂനുപ്രിയവാഹമായ മൈലേ!       25

മുരുക വിഭോ! മുഴുമൂലമേ മുകുന്ദൻ
തിരുവടിയും തൊഴുമാദിതേയമൗലേ
കരുതരുതാതൊരു നിന്റെ കേളിയെല്ലാ
മൊരുകുറിയെങ്കിലുമൊന്നു കാണുമോ ഞാൻ.       26

കുറമകൾ പൂശിയ കുങ്കുമക്കുഴമ്പിൻ
പരിമളകാന്തി പരന്നിടുന്നു പൂമെയ്
കരളു കനിഞ്ഞു കവിഞ്ഞ കണ്ണുനീരോ-
ടൊരുകുറിയെങ്കിലുമൊന്നു കാണുമോ ഞാൻ.       27

കനിമധുരക്കടലീന്നു കാന്തിതേടും
മുനിവരർ മുങ്ങിയെടുത്തിടുന്ന മുത്തേ
പനിമതി ചൂടിയ പൈതലെപ്പറന്നെൻ-
കനിവുരുവിൻ കഴലെന്നു കാണുമീ ഞാൻ.       28

കലിവലയിൽക്കലരാതെ കൈതൊഴുന്നെൻ-
കലുഷമകറ്റിയെടുത്തു കാത്തുകൊൾവാൻ
കലമൃദുവാണി മൊഴിഞ്ഞ കയ്യുമായെൻ-
കുലഗുരുവെന്നു വരുന്നു കാണുമോ ഞാൻ.       29

ഘടപടമേറി വരുന്ന കാലചക്ര-
ക്കടവു കടന്നു കലർന്നു നിന്നുകൊൾവാൻ
അടിമപെടും തുയരോർത്തു കാലകാലൻ
തടവിവിടും തിരുമേനിയെന്നു കാണാം.       30

സുരതടിനീസുത! സങ്കടം സഹിപ്പാ-
നരുതരുതെന്തു വിളംബമേവമയ്യോ!
ദുരിതമറുത്തിനി ദൈവമേ! കനിഞ്ഞെ-
ന്നിരുമിഴിമുമ്പെഴുന്നെള്ളുകില്ലയോ നീ.        31

സഗണമഹോ സനകാദി സിദ്ധരോടും
നഗസുതനാഗവിഭൂഷണാദിയോടും
ഖഗമതിലേറിവരുന്ന കാർത്തികേയൻ
ഗഗനവിലാസവുമെന്നു കാണുമീ ഞാൻ.        32

ഗഗനസരസ്സിൽ വിരിഞ്ഞ പൂവിറുപ്പാ-
നഗസുത പെറ്റവനോടിവന്നിടുമ്പോൾ
ഭഗവനനന്ത! ജയിക്കമെന്നുമോതീ-
ട്ടഗണിതമഞ്ജലിചെയ്തു ഞാൻ.        33

കുറിയ മുനിക്കു കനിഞ്ഞ കൗശക്കൈ-
യറിയണമിന്നകതാരിലാശയോടും
അറുമുഖദേവനിലാർന്ന ഭക്തി പാരം
മുറുകി മുറുകി മുതിർന്നു നിൽക്കുമോ ഞാൻ.        34

കലിമലദൂഷിതനു കഷ്ടമീ ഞാൻ
വിലപിടിയാതവനെങ്കിലും വിലാപം
അലിവുരുവിന്നവകർണ്ണനക്ഷണത്തിൽ-
ത്തലവിധിയും തകരാറുചെയ്യുമല്ലോ.        35

അനീകിനീനായനാദിനായകൻ
മനീഷിവന്ദ്യൻ മതിമാൻ മനോഹരൻ
മുനീശ്വരൻ മൂഷികവാഹനാനുജൻ
ധുനീസുതൻ വാഴുക സുന്ദരൻ ഗുഹൻ        36

ദുരന്തസംസാരസമുദ്രമേറുവാൻ
കരകന്തും കൺമണി കൃത്തികാസുതൻ
പരന്തപൻ പങ്കജയോനിവന്ദിതൻസ്
ചിരന്തനൻ വാഴുക ചിന്മയൻ ഗുഹൻ        37

അരിമന്ദൻ ദേവനഖണ്ഡനുച്യുതൻ
പുരന്ദരപ്രാഞ്ജലിപാത്രപാദുകൻ
ഇരന്നിടുന്നോരെയെടുക്കുവാനുടൻ
വരുന്നവൻ വാഴുക വാഹിനീസുതൻ!        38

പയോദമേ പങ്കജമേ പരാഗമേ!
വിയോഗമേ വേദവിശിഷ്ടയോഗഗമേ!
നിയോഗമേ നിർമ്മലനീതിസാരമേ!
ദയോദധേ വാഴുക ദേവ ദൈവമേ!        39

മലർന്ന പൂവേ മലമറ്റമരുവേ മേരുവേ!
പുലമ്പിടുന്നോർക്കു നിലിമ്പദാരുവേ!
കലങ്ങിടുന്നെൻകരണം കൃപാനിധേ!
കലേശമൗലേ! ഗുഹ! വാഴ്ക ദൈവമേ!        40

വിയന്നദീനന്ദന! വായുസാരമേ!
സ്വയംപ്രഭോ! സുന്ദരസോമശേഖരാ!
ദയാനിധേ! ദിവ്യമയൂരവാഹനാ!
ജയിക്ക നീ ജന്മവിനാശനാശനാ!        41

കലാപിയേറിക്കളിയാടുമോമന-
ക്കലാപമേ! യോഗകലാകലാപമേ!
കലേശകോടീഫമണേ! കലർന്നു ചി-
ദ്വിലാസമേ! വാഴുക വേദദീപമേ!        42

പുരാരിയെന്നും പുണരുന്ന പൈതലേ!
പുരാണമുള്ളിൽപ്പുലരുന്ന കാതലേ!
വിരാമമെന്യേ വിലസുന്ന ദീപമേ!
പുരാതനപ്പൂങ്കൊടിയേ! ജയിക്ക നീ.        43

അപാരസൗഭാഗ്യനിദാനഹേതുവേ!
കൃപാം‌ബു പായും കൃകവാകകേതുവേ!
ഉപാധിയും വിട്ടുയരുന്ന ദൈവമേ!
ജപാപ്രസൂനപ്രഭയേ! ജയിക്ക നീ.        44

ഇരക്കിലും നിന്നടിതാനിരിക്കണം
മരിക്കിലും ഞാൻ മറവാതിരിക്കണം
ഭരിക്കണം നിന്തിരുമേനിയേഴമേ-
ലിരിക്കമേറും ഗുഹനേ! ജയിക്ക നീ.        45

ആലമുണ്ടഴലുപോലെ മായയിൽ
മാലുകൊണ്ടു മതിയും മയങ്ങി ഞാൻ
കാലു തന്നു കനിയുന്നതെന്നു നീ
വേലുമേന്തി വിലസുന്ന ദൈവമേ!        46

സൂനവാടിയിലെഴുന്ന തെന്നലേ!
പീനമാമയിലിലേറുമോമലേ!
മാനമറ്റമലമായ ചെയ്യുമീ
ദീനമെന്നു തുലയുന്നു ദൈവമേ!        47

വനലർക്കൊടി കുലച്ച കോരകം
തേനൊലിച്ചു വിരിയുന്ന വേളയിൽ
സ്വാനമിട്ടളി മുഴക്കി മൗനമായ്
ഞാനിരിപ്പതിനിയെന്നു ദൈവമേ!        48

തീനെടുത്തിനി വെറുക്കുമെങ്കിലും
വാനടുത്ത വഴി കാണുമെങ്കിലും
കോനെടുത്തു കുടിവെക്കുമെങ്കിലും
ഞാനെടുത്ത ജനി നന്നു ദൈവമേ!        49

സ്ഥൂലമോ പൊരുളു സൂക്ഷ്മദേഹമോ
മൂലമോ മുടിവിലുള്ളതെന്നിയേ
കാലവൈഭമതിൽക്കലർന്നെഴും
ജാലമോ മുരുക! മൂലദൈവമേ!        50

പ്രാണനായക! ഭവൽപദാംബുജം
കാണുമാറു കരുതാതെ കശ്മലൻ
വീണനായി വളരുന്നുവെങ്കിലും
കാണി നീ കരുണചെയ്ക ദൈവമേ!        51

ഏണനേർമിഴികളോടു, മന്മഥൻ
ബാണവൈഭമെടുത്തടിക്കിലും
പ്രാണനുള്ളവണഞ്ഞിടാതെ കൺ-
കോണഴിഞ്ഞു കൃപചെയ്ക ദൈവമേ!        52

ആണവക്കടലിലാഴുമേഴ ഞാ-
നേണപാണിമകനെന്റെ തമ്പുരാൻ
വേണമെങ്കിലവനെന്നെയാളുമെ-
ന്നാണുറപ്പുമടിമക്കു ദൈവമേ!        53

നാറുമീയുടലു നിന്റെ മേനിയിൽ
കേറിയൻ‌പൊടു കലർന്നുകൊള്ളുമോ?
ചോറിരന്നു ചുണകെട്ടു ചീയുമോ?
കൂറഴിഞ്ഞു കവിയുമോ ദൈവമേ!        54

നീറിടുന്ന മനതാരു നിൻപദം
തേറിടുന്നതിനശക്തമെങ്കിലും
കൂറിടുന്നു തിരുമേനിയെന്നിയേ
വേറെനിക്കൊരുവരില്ല ദൈവമേ!        55

അടിയേ നമുക്കു ഗതിയെന്നു നിന്നിടു-
ന്നടിമയ്ക്കടുക്കുമഴലറ്റു നീറവേ
പിടിപെട്ടണച്ചു പുണരുന്നതെന്റെ കു-
ക്കുടകേതുവിന്റെ കുളിർമേനിയല്ലയോ?        56

ഇടരറ്റെഴുന്നൊരിടമേകിടുന്നതും
പിടിവിട്ടവർക്കു പിടിയായിടുന്നതും
പടുയോഗസിദ്ധി പലതും കടന്നതും
പടനായകന്റെ പടികാവലല്ലയോ?        57

അടലിന്നിറങ്ങുമളവംബരാന്തരം
പടഹം ധ്വനിച്ചു ഭടരങ്ങു ചൂഴവേ
പടവേലെടുത്തു പരിചിൽപ്പുറപ്പെടും-
പടി കണ്ടു കണ്ടു പടിയേറുമെന്നു ഞാൻ        58

തണലാകുനെന്റെ മുരുകന്റെ ചാരു ക-
ങ്കണമാർന്നിടുന്ന കരപാരിജാതകം
കണികണ്ടവർക്കു കനിവുള്ള കല്പക-
ത്തണലിന്നു നട്ട തരുവൃന്ദമല്ലയോ?        59

ഹരദേവി വാരിയലിവോടു മുത്തിടും
ഹരിചന്ദനപ്രചുരമഞ്ജരീകമേ!
കരയുന്ന കണ്ണിനൊരുപോതു കാണുവാൻ
വരികിന്നു വേല! വടിവേല! വൈകൊലാ.        60

കരുന്നനേരമിഹ കണ്ടുകൊള്ളുവാൻ
പെരുകുന്നു മോഹഭരമെന്റെ ദൈവമേ!
തിരുമേനി തീയനൊരുവേള കാണുവാൻ
വരികിലായോ വരദ,നെന്തു താമസം?        61

വെറുതേ വിളിച്ച വിളിയെന്നുവെച്ചു നീ
കുറുമാതിനോടു കഴയുന്ന വേളയോ?
പറവാനെനിക്കു പലതുണ്ടു തങ്ങളിൽ-
പ്പരിഹാസമല്ല വരികാശു ദൈവമേ!        62

അറിവറ്റ മൂഢനിവനോടു ചെന്നടു-
ത്തുറുതിപ്രസംഗമരുതെന്നുവയ്ക്കിലും
കുറവല്ലി കണ്ട കുളിർമേനി കാണുവാൻ
കറയില്ലെനിക്കു കുറയറ്റ ദൈവമേ!        63

കുറയറ്റ നിന്റെ കരുണാരസക്കടൽ-
ക്കരകണ്ടതാരു കമനീയരൂപമേ!
മുരുകൻ നമുക്കു മുതലെന്നുവെച്ചു ഞാൻ
വരികെന്റെ മുമ്പിലിനി ബാഹുലേയ! നീ.        64

അറിവോതിവന്ന മുനിമാരെയാളുമ-
പ്പിറവാലു ചൂടി വിലസും പിതാവിനും
മറയോതിടുന്ന മധുവാരിവാമലർ-
ത്തിറമോടുമെന്റെ മുരുകൻ വരുന്നിതോ!        65

സഞ്ചിതസാഗരമെന്നാൽ
വഞ്ചിക്കപ്പെടുവതിന്നു വടിവേലൻ
അഞ്ചിതനമലമേയൻ
കുഞ്ചിപാദൻ വരുന്നതെന്നയ്യോ!        66

പിഞ്‌ഛമയിൽപ്രിയനോടും
പഞ്ചാമൃതവാരിരാശിതൻ കരയിൽ
പഞ്ചാരപ്പുതുമണലിൽ
കൊഞ്ചിക്കളിയാടുന്നതെന്നയ്യോ!        67

ചേലാർന്ന നീലമയിലിൽ
കോലാഹലമാർന്നു കോമളസ്കന്ദൻ
വേലായുധനെന്നു വരും
താലോലിക്കുന്നതെന്നു ഞാനയ്യോ!        68

ബാലേന്ദുകലാചൂഡൻ
ബാലസഖൻ ബാഹുലേയനതിസുമുഖൻ
ഫാലന്തരപടുനയനൻ
നീലസ്കന്ദൻ വരുന്നതെന്നയ്യോ!        69

സിന്ദൂരരുചിരഗാത്രൻ
വൃന്ദാരകവൃന്ദവന്ദിതൻ വരദൻ
മന്ദാരമൃദുലമാലാ-
സുന്ദരവക്ഷസ്കനെന്നു വരുമയ്യോ!        70

കുന്ദദതീകുചകലശീ-
കന്ദുകലീലാവിനോദവിവശനവൻ
മന്ദസ്മിതമുഖമുരുകൻ
മന്ദം മന്ദം വരുന്നതെന്നയ്യോ!        71

ഉൾപ്പേന്തേനൊലി നുകരും
ഷഡ്‌പദമായെന്റെ മുമ്പിലൊരു കയ്യിൽ
കല്പാന്തക്കനലേന്തും
ചിൽപ്പുരുഷനെന്നു വന്നിടുന്നയ്യോ!        72

കല്പവികല്പവിഹീനൻ
കല്പിതശില്പൻ ഹരിൽപതിപ്രണുതൻ
കല്പകകല്പനനല്പൻ
തല്പരമുരുകൻ വരുന്നതെന്നയ്യോ!        73

ഞാനില്ലാതെ ഞരുങ്ങി-
ത്താനേ നിന്നാടിടുന്ന തനിമുരുകൻ
ഭാനൈകമാനനമലൻ
മാനാതീതൻ വരുന്നതെന്നയ്യോ!        74

ആനന്ദവല്ലി പടരും
ജ്ഞാനമരം ഞാൻ കുറിച്ചിടും ജ്ഞേയം
മൗനത്തേൻ‌കനി ചൊരിയും
വേനത്തണലെന്നു വന്നിടുന്നയ്യോ!        75

സേനാമുഖത്തിലുയരുന്നൊരു വാദ്യഭേദം
നാനാവിധം മധുരമിന്നു മുഴങ്ങിടുന്നു
ആനന്ദമാമയിലിലേറിയലങ്കരിച്ചു
വാനാളുമെന്റെ വടിവേലനിതാ വരുന്നു!        76

ഓംകാരവാദമതിലാത്മഭവന്നുദിച്ചൊ-
രാങ്കാരശൈലശതകോടിയമർത്ത്യനാഥൻ
സാങ്കേതികം സകലവും നിജ താതനോതു-
മോംകാരമാകുമൊളിവേലനിതാ വരുന്നു!        77

മോദിച്ചുനിന്നു മയിലേറിയ മാമരുന്നിൻ-
പാദം നിനച്ചു പലനാൾ പണിചെയ്തിവണ്ണം
ഖേദിച്ചിടേണ്ട മനമേ! കരയേണ്ട നിന്റെ
വേദാന്തമൂലവടിവേലനിതാ വരുന്നു!        78

മാതാവെടുത്തു മടിമേലിരിയെന്നണച്ചു
കോതിത്തുടച്ചു കുചകുംഭമഴിച്ചിടുമ്പോൾ
മീതെ മറിഞ്ഞു മുറയിട്ടമൃതാസ്വതിക്കും
ചേതോഹരൻ ചെറിയ വേലനിതാ വരുന്നു!        79

വാമാക്ഷി വല്ലിയൊടണഞ്ഞു വിനോദമോതി
പ്രേമപ്പെടുത്തുമളവിൽപ്പുലയൻ വരുമ്പോൾ
പൂമേനി പണ്ടു പുലർമാമരമായ കള്ള-
ക്കാമാതുരൻ കനകവേലനിതാ വരുന്നു        80

പേടിച്ചിടേണ്ട മനമേ! പരിപന്ഥിവർഗ്ഗം
ചാടിപ്പിടിക്കുമിനിയെന്നു ചലിച്ചിടേണ്ട
ഓടിപ്പിടിച്ചമരരെപ്രതി ദൈത്യയൂഥം
പാടേ മുടിച്ച പറവേലനിതാ വരുന്നു!        81

വീചീഭയങ്കരസമുദ്രമെടുത്തു മോന്തി
പ്രാചീനകീർത്തിപെറുമമ്മുനിതന്റെ മുമ്പിൽ
ശ്രീചിദ്വിലാസകരമുദ്രയുമായടുക്കു-
മാചാര്യനാദിയരുൾവേലനിതാ വരുന്നു!        82

ഹിംസാദിദോഷമകലത്തു കളഞ്ഞു തന്റെ
സംസേവികൾക്കു സതതം സകലം കനിഞ്ഞു
സംസാരസാഗരമെടുത്തു കടത്തിടുന്ന
ഹംസാധിപപ്രബലവേലനിതാ വരുന്നു!        83

എന്താവതാധികളറുപ്പതിനെന്നു നിന്നു
ചന്താവശേന മനമേയിനി മേവിടേണ്ടാ
എന്തമ്പുരാനെളിയവർക്കലിയുന്നൊരെന്റെ
സന്താനസാരസുരവേലനിതാ വരുന്നു!        84

പറ്ററ്റുനിന്നു പണിയും പണിയാളർതന്നി-
ലുറ്റിറ്റഴിഞ്ഞ മിഴിനീരിഴിയുന്നനേരം
പറ്റിപ്പിടിച്ചു പുണരും പരമാർത്ഥമായ
പറ്ററ്റ പള്ളിവടിവേലനിതാ വരുന്നു!        85

"https://ml.wikisource.org/w/index.php?title=സുബ്രഹ്മണ്യശതകം&oldid=35843" എന്ന താളിൽനിന്ന് ശേഖരിച്ചത്